മോ​ഹൻലാലും ഷാജി കൈലാസും  അറേഞ്ച്ഡ്
Columns

'അന്ന് ലാൽ ചോദിച്ചു: വീട്ടിലൊക്കെ പറഞ്ഞിട്ടാണോ ഇറങ്ങിയത്...?'

'ഒരു ഷാജി കൈലാസ് വർത്തമാനം' ഭാ​ഗം-15

ഷാജി കൈലാസ്

ഏറ്റവും പ്രിയപ്പെട്ട ലാലിനെക്കുറിച്ചുള്ള എഴുത്ത് 'വരവി'ന് ശേഷമാകാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ എങ്ങും ലാൽ മാത്രം നിറയുമ്പോൾ,എവിടെയും അയാളെക്കുറിച്ച് മാത്രം ചർച്ചയാകുമ്പോൾ വിരലുകൾക്ക് എങ്ങനെ അടങ്ങിയിരിക്കാനാകും? എഴുതിപ്പോകും. കാരണം 'ഇത് അയാളുടെ കാലമല്ലേ...!'

അങ്ങനെ എഴുതിത്തുടങ്ങുന്നതാണിത്. എവിടെ നോക്കിയാലും ഇപ്പോൾ ലാൽമയമാണ്. ഇൻസ്റ്ററീലുകൾ പഴയലാൽ ചിത്രങ്ങൾ അടക്കിഭരിക്കുന്നു. മുണ്ടുമടക്കിക്കുത്തി മീശ പിരിച്ച ലാൽ മുതൽ സുകുമാരിച്ചേച്ചിയുടെ തോളിൽ കൈവച്ചുനില്കുന്ന ലാൽ വരെയുള്ള എത്രയോ കഥാപാത്രങ്ങൾ മലയാളികൾക്ക് മുന്നിലൂടെ 'റീലു'കളായി ഓടിക്കൊണ്ടിരിക്കുന്നു. ലാൽ സൃഷ്ടിച്ച,തകർത്ത ബോക്സ് ഓഫീസ് റെക്കോഡുകളെക്കുറിച്ചുള്ള ചർച്ച ഒരു ഭാ​ഗത്ത്. മറ്റൊരിടത്ത് അയാൾ കെട്ടിയാടിയ അനേകമനേകം വേഷങ്ങളെക്കുറിച്ചുള്ള സംവാ​ദങ്ങൾ. കുറച്ചുകാലമായി 'തുടരു'ന്ന ലാൽതരം​ഗം ദാദാ സാഹിബ് ഫാൽക്കേ അവാർഡോടെ അതിന്റെ പരകോടിയിലെത്തി. 'ഇനിയെന്ത്' എന്ന ചോദ്യം ഇപ്പോൾ ലാലിനെയും കുഴക്കുന്നുണ്ടാകണം. ഫാൽക്കെ അവാർഡ് കിട്ടിയപ്പോൾ ലാലിനെ അഭിനന്ദിച്ചെഴുതിയ കുറിപ്പിലെ വരികൾ ആവർത്തിക്കാനാണ് തോന്നുന്നത്:

'പ്രിയപ്പെട്ട ലാൽ...ഈ നിമിഷം ലോകമെങ്ങുമുള്ള അനേകകോടി മലയാളികളിലൊരുവനായി ഞാനും കൈകൂപ്പുന്നു. ഞങ്ങൾ താങ്കളോട് കടപ്പെട്ടിരിക്കുന്നു. ഇത്രയും കാലം തന്ന ആനന്ദനിമിഷങ്ങൾക്ക്..അഭിനയവിസ്മയങ്ങൾക്ക്...ചിരികൾക്ക്..ഇത് ഞാനാണല്ലോ എന്ന് തോന്നിപ്പിച്ച വെള്ളിത്തിരയിലെ കണ്ണീരിന്..ഏറ്റവുമൊടുവിൽ മലയാളത്തിന്റെ മുറ്റത്തേക്ക് ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരം എത്തിച്ചതിന്....ഈ യാത്രയിലെവിടെയോ താങ്കൾക്കൊപ്പം ഉണ്ടായിരുന്നതിൽ അഭിമാനിക്കുന്നു. അഭിനയത്തിന്റെ ആറാംതമ്പുരാനായി രാജ്യം താങ്കളെ ആദരിക്കുമ്പോൾ അതുകണ്ട് മാറിനിന്നു സന്തോഷിക്കുകയാണ് ഞാൻ. ചലച്ചിത്രയാത്രയിൽ സഹയാത്രികനായി ഒപ്പം ചേർത്തതിനും എന്റെ ക്യാമറയ്ക്ക് മുന്നിൽ ഇതിഹാസങ്ങൾ സൃഷ്ടിച്ചുതന്നതിനും നന്ദി.'

ലാലിനെ ആദ്യമായി കാണുന്നത് തിരുവനന്തപുരം എം.ജി.കോളേജിന്റെ ഇടനാഴികളിൽ വച്ചാണ്. ദൂരെ നിന്നുള്ള കാഴ്ചയായിരുന്നു അത്. ഞാൻ പ്രീഡി​ഗ്രിക്ക് ചേരുമ്പോൾ ലാൽ അവിടെ ബിരുദത്തിന് പഠിക്കുകയാണ്. അതുപോലെ തന്നെ ക്ലാസുള്ള ദിവസങ്ങളിലെല്ലാം രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ ലാലും സംഘവുമുണ്ടാകും. അവർ അവിടെനിന്നാണ് ബസ് കയറി കോളേജിലേക്ക് പോകുന്നത്. നമ്മൾ മോണിങ് ട്യൂഷനൊക്കെ കഴിഞ്ഞ് ബസ് കയറാനെത്തുമ്പോൾ ലാലിനെയും കൂട്ടുകാരെയും കാണും. പൊക്കമുള്ളതിനാൽ അവരുടെ കണ്ണിൽ ഞാനും പെട്ടിരുന്നു. പക്ഷേ അപ്പോഴൊന്നും തമ്മിൽതമ്മിൽ ഒന്നും സംസാരിക്കാറില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ സൗഹൃദം സംഭവിച്ചതുമില്ല.

എം.ജി.കോളേജിലെ സംഘത്തിൽ പെട്ടവരൊക്കെത്തന്നെയായിരുന്നു ലാലിന്റെ ആദ്യസിനിമയായ 'തിരനോട്ട'ത്തിനു പിന്നിൽ. ആ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ ലാലിന്റെ വിജയയാത്ര തുടങ്ങി. അത് ടോപ് ​ഗിയറിൽ നില്കുമ്പോഴാണ് നമ്മളൊക്കെ സിനിമയിലേക്ക് പ്രവേശിക്കുന്നത്. ബാലുകിരിയത്തിന്റെ അസിസ്റ്റന്റായി മദിരാശിയിൽ ചെല്ലുമ്പോൾ ലാൽ അന്നത്തെ ഏറ്റവും തിരക്കുള്ള നായകനടനായി മാറിക്കഴിഞ്ഞിരുന്നു. ഒരുവർഷം മുപ്പതും മുപ്പത്തിയഞ്ചും പടങ്ങളിലൊക്കെയാണ് അഭിനയിക്കുന്നത്. പലതരത്തിലും വലിപ്പത്തിലുമുള്ള കഥാപാത്രങ്ങൾ. രാപകലില്ലാതെ അഭിനയം മാത്രം. കൊച്ചിയിൽ നിന്ന് മദിരാശിയിലേക്കും, തിരിച്ചും പറന്നുനടക്കുകയായിരുന്നു അക്കാലത്ത് ലാൽ. ഒരുമാസത്തെ ദിവസങ്ങൾ പല ചിത്രങ്ങൾക്കായി വീതിച്ചുകൊടുത്തിട്ടുണ്ടാകും. അതിന്റെയെല്ലാം ഷൂട്ടിങ്ങുകൾ പലയിടങ്ങളിൽ. ഒരു വേഷത്തിന്റെ മേക്കപ്പ് തുടച്ചുമാറ്റുംമുമ്പ് മറ്റൊരിടത്ത് എത്തി അഭിനയം.

മോ​ഹൻലാലും ഷാജി കൈലാസും

ബാലുകിരിയത്തിന്റെ 'വാ കുരുവി വരൂ കുരുവി' എന്ന സിനിമയെക്കുറിച്ച് ഞാൻ മുമ്പ് പറഞ്ഞിരുന്നു. പിന്നീട് 'നായകൻ' എന്ന പേരിൽ തിയേറ്ററിലെത്തിയ ചിത്രം. പി.എച്ച്. റഷീദ് ആണ് പ്രൊഡ്യൂസർ. ഷൂട്ടിങ് മദ്രാസിൽ തുടങ്ങി. കുറിച്ചുദിവസം കഴിഞ്ഞേ ലാൽ സെറ്റിൽ ജോയിൻ ചെയ്യൂ. ഒരു ദിവസം ബാലുകിരിയത്ത് പറഞ്ഞു,'വൈകീട്ട് ലാൽ വരും..പെട്ടെന്ന് എല്ലാം സെറ്റ് ചെയ്യണം...'നൈറ്റ് ഷൂട്ട് കഴിഞ്ഞ് രാവിലെ തന്നെ ലാലിന് പോകണം. നേരത്തെ പറഞ്ഞ തിരക്കിന്റെ പ്രതിഫലനം. ചിലപ്പോൾ രാവിലെ ഫ്ളൈറ്റിൽ വന്ന് പകൽമുഴുവൻ അഭിനയിച്ച് വൈകീട്ട് കേരളത്തിലേക്ക്. അല്ലെങ്കിൽ വൈകീട്ട് എത്തി രാത്രി മുഴുവൻ അഭിനയിച്ച് രാവിലെ തിരിച്ചുപറക്കാൽ. ഇതായിരുന്നു ലാലിന്റെ രീതി.

ലാൽ വരുന്നുവെന്നറിഞ്ഞതോടെ സെറ്റ് മുഴുവൻ ഉഷാറായി. പറഞ്ഞതുപോലെ തന്നെ വൈകീട്ട് ലാൽ എത്തി. ഞങ്ങൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ ഓരോ ഫ്രെയിമും ഇന്നും എന്റെ മനസ്സിലുണ്ട്. എടുക്കാൻപോകുന്ന സീൻ വിശദീകരിക്കാനായി ഞാൻ ലാലിനരികിൽ. അദ്ദേഹം സോക്സ് ഇട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെ എന്നെയൊന്ന് തലയയുർത്തി നോക്കുന്നു. വീണ്ടും സോക്സ് വലിച്ചുകയറ്റുന്നു. രണ്ടാംവട്ടം തലയയുർത്തിയിട്ട് ലാൽ എന്റെ കണ്ണുകളിലേക്ക് നോക്കി ലാൽ ചോദിച്ചു: 'വീട്ടിലൊക്കെ പറഞ്ഞിട്ടാണോ ഇറങ്ങിയത്...?'

നായകൻ‍ പോസ്റ്റർ

അന്ന് സിനിമാ മോഹവുമായി ചെറുപ്പക്കാർ മദിരാശിയിലേക്ക് കള്ളവണ്ടി കയറുന്ന കാലമാണ്. കോളേജ് പഠനം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ അത് പാതിവഴിയിൽ അവസാനിപ്പിച്ചിട്ടോ അഭിനയിക്കാനും സംവിധായകനാകാനുമെല്ലാം ഇറങ്ങിപ്പുറപ്പെടുന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു, തിരുവനന്തപുരം-ചെന്നൈ മെയിൽ. ഞാനും അങ്ങനെ ആരോടും പറയാതെ ഒളിച്ചോടി സിനിമയിലേക്ക് വന്നയാളായിരിക്കും എന്നുകരുതിയാകും 'വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്' എന്ന് ലാൽ ചോദിച്ചത്. തിരുവനന്തപുരത്തെ കോളേജ് കാലത്ത് കണ്ടുപരിചയിച്ച ആളായതുകൊണ്ടുള്ള സ്നേഹപ്രകടനവുമായിരുന്നിരിക്കാം. ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു: 'എല്ലാം വീട്ടിൽ അറിയിച്ചിട്ടു തന്നെയാണ് വന്നിരിക്കുന്നത്...'

എം.ജി.കോളേജിന്റെ ഇടനാഴികളിലോ സെക്രട്ടറിയേറ്റിന് മുന്നിലോ വച്ച് കണ്ട സമയത്ത് ഇങ്ങനെയൊരു മുഖാമുഖം ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സിനിമയുടെ ഏതെങ്കിലും ഒരു നാൽക്കവലയിൽവെച്ച് കണ്ടുമുട്ടാൻ മാത്രം സിനിമാമോഹം ഞങ്ങൾക്കുള്ളിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിപ്പെട്ടവരായിരുന്നു ഞങ്ങൾ രണ്ടുപേരും.

ഷാജി കൈലാസ്,കെ.മധു,മോഹൻലാൽ

ആ സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. 'വാ കുരുവി വരൂ കുരുവി'ക്ക് ശേഷം ഞങ്ങൾ പല കൊമ്പുകളിലേക്ക് പറന്നു. ലാൽ സൂപ്പർസ്റ്റാറായി. 'ന്യൂസി'ലൂടെ സംവിധാനം ചെയ്തു തുടങ്ങിയ ഞാൻ സുരേഷ് ​ഗോപിക്കൊപ്പമുള്ള സിനിമകളിലൂടെ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറുകളുടെ ഒരു പാത കണ്ടെത്തി അതിലൂടെ പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് ഞാനും രഞ്ജിത്തും ചേർന്ന് ഒരു സിനിമ ചെയ്തു-'അസുരവംശം'. മനോജ് കെ.ജയനും ബിജുമേനോനുമായിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷോ​ഗൺ ഫിലിംസ് ആയിരുന്നു നിർമാണം. അതിനടുത്ത ചിത്രവും തനിക്കുവേണ്ടി ചെയ്യണമെന്ന് ​ഷോഗൺ ഫിലിംസിന്റെ ​ഗുഡ് നൈറ്റ് മോഹൻ ചേട്ടൻ ‍ഞങ്ങളോട് പറഞ്ഞിരുന്നു. അതനുസരിച്ച് ഞാനും രഞ്ജിത്തും കഥാചർച്ചയ്ക്കായി മദ്രാസിലെത്തി.

രഞ്ജിത്തിന്റെ മനസ്സിൽ ഒരു ത്രെഡ് ഉണ്ട്. രണ്ട് സുഹൃത്തുക്കളുടെ തീവ്രസൗഹൃദത്തിന്റെയും ആഴത്തിലുള്ള ആത്മബന്ധത്തിന്റെയും കഥ. ഇനി ആ ത്രെഡ് വികസിപ്പിച്ച് തിരക്കഥരൂപത്തിലാക്കണം. മനോജ് കെ.ജയനും ബിജു മേനോനുമായിരുന്നു ഞങ്ങളുടെ മനസ്സിൽ. സൂപ്പർതാരങ്ങളൊന്നും ആലോചനയിലേ ഇല്ലായിരുന്നു.

ഷാജി കൈലാസ്,രഞ്ജിത്

മോഹൻചേട്ടന്റെ ​ഗസ്റ്റ്ഹൗസിൽ താമസിച്ച് ഞങ്ങൾ ചർച്ച തുടങ്ങി. മെല്ലെ അതൊരു കഥാരൂപത്തിലേക്കെത്തുന്നതിനിടെ ഒരു ദിവസം മണിയൻ പിള്ള രാജു ചേട്ടൻ വിളിച്ചു. അദ്ദേഹം ഏതേ സിനിമയുടെ ഡബ്ബിങ്ങിന് വന്നതാണ്. 'ഇന്നു വൈകീട്ട് ഫ്രീയാണോ...എന്നാൽ നമുക്കെല്ലാവർക്കും കൂടി വെറുതെ ഒന്ന് പാം​ഗ്രൂവ് ഹോട്ടലിൽ ഇരിക്കാം..'-രാജു ചേട്ടൻ പറഞ്ഞു.

ഞാനറിഞ്ഞില്ല, എന്റെയും മോഹൻലാലിന്റെയും സൗഹൃദത്തെയും സിനിമാജീവിതത്തെ വഴിതിരിച്ചുവിടാനുള്ള ക്ഷണമാണ് അതെന്ന്..

(തുടരും)