ആന്റണി പെരുമ്പാവൂർ 'നരസിംഹ'ത്തിന്റെ നിർമാതാവായ കഥ
ആന്റണിയുടെ ജാതകം പരിശോധിച്ച ജ്യോത്സൻ പറഞ്ഞത്
പ്രൊഡക്ഷൻ കൺട്രോളർ സച്ചിദാനന്ദനെന്ന ദു:ഖം
വിജയങ്ങൾ സ്വന്തമാക്കിക്കൊണ്ടേയിരിക്കുന്നവരെ കാണുമ്പോൾ വിശ്വാസികളായ ചിലർ പലപ്പോഴും അദ്ഭുതത്തോടെ സ്വയംപറയുന്നതോ കൂടെയുള്ളവരോട് പങ്കുവയ്ക്കുന്നതോ ആയ ഒരു വാക്യമുണ്ട്. 'ഹോ..ഇവരുടെയൊക്കെ ജാതകം...'സിനിമയിലെ സഹപ്രവർത്തകരിൽ ചിലരെക്കുറിച്ച് മറ്റുള്ളവർ അങ്ങനെ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കുറപ്പാണ്,ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും സിനിമയിലും പുറത്തുമുള്ളവർ ആയിരം തവണയെങ്കിലും അതിശയത്തോടെ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകണം. പക്ഷേ 'നരസിംഹ'ത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും വരെ ആന്റണിക്ക് ജാതകമുണ്ടായിരുന്നില്ല എന്നതാണ് സത്യം! പക്ഷേ ഒരാൾ ജാതകമില്ലാതെ ആന്റണിയുടെ ജീവിതവിജയം പ്രവചിച്ചിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. 'നരസിംഹം' ആന്റണിയുടെ 'ജാതകം തിരുത്തിയെഴുതി' എന്നുവേണമെങ്കിൽ പറയാം.
ഞാൻ പൂർണമായും ഈശ്വരവിശ്വാസിയാണ്. ഏതു സിനിമ തുടങ്ങുമ്പോഴും ഈശ്വരനിൽ അർപ്പിച്ചുതുടങ്ങുക എന്നതാണ് രീതി. ഒരു സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് സമയം നോക്കിക്കുക എന്നത് കാലങ്ങളായി വിശ്വാസികളായ സംവിധായകർ പിന്തുടർന്നുവരുന്ന സമ്പ്രദായമാണ്. പക്ഷേ എന്റെയോ തിരക്കഥാകൃത്തിന്റെയോ നായകന്റെയോ സമയമല്ല ഞാൻ ജ്യോതിഷവിധിപ്രകാരം നോക്കാറുള്ളത്. പകരം പണംമുടക്കുന്ന നിർമാതാവിന്റേതാണ്. അങ്ങനെയാകണം എന്ന് പറഞ്ഞുതന്നത് ജ്യോതിഷത്തിൽ അഗാധപാണ്ഡിത്യമുള്ള തിരുവനന്തപുരം സ്വദേശിയായ പ്രൊഫ.വിജയപ്രകാശ് ആണ്. പണിക്കർ സാർ എന്നാണ് ഞങ്ങളൊക്കെ അദ്ദേഹത്തെ വിളിക്കുക. വഴുതക്കാട് ആയിരുന്നു അദ്ദേഹം ആദ്യം താമസിച്ചിരുന്നത്. ഇപ്പോൾ പൂജപ്പുരയിൽ.
പണം മുടക്കുന്നയാൾക്ക് അത് തിരിച്ചുകിട്ടും എന്നാണ് ജ്യോത്സ്യവിധിയിൽ തെളിയുന്നതെങ്കിൽ പടം ഹിറ്റ് എന്നർഥം. ഹിറ്റ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് തിയേറ്റർ വിജയം മാത്രമല്ല,സിനിമ ആത്യന്തികമായി പ്രൊഡ്യൂസർക്ക് ലാഭം നേടിക്കൊടുത്താൽ അതിനെ ഹിറ്റ് എന്നു വിളിക്കാം. ഒരു സിനിമയുടെ പ്രൊഡ്യൂസറുടെ ജാതകം കറക്ട് എങ്കിൽ അതിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരുടെയും ജാതകം കറക്ട് ആയിരിക്കും എന്നാണ് എന്റെ തോന്നൽ. പടം തിയേറ്ററിൽ ചിലപ്പോൾ പരാജയമായിട്ടുണ്ടാകാം. പക്ഷേ സാറ്റലൈറ്റ് ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകൾകൊണ്ട് മുടക്കിയപണത്തേക്കാൾ അധികം കിട്ടും. ആ പടം അപ്പോൾ വിജയം തന്നെയാണ്. ഇതെല്ലാം വിശ്വാസങ്ങളാണ്. ഇതുവായിച്ച് പുച്ഛിക്കുന്നവരോ,എന്നെ കളിയാക്കുന്നവരോ ഉണ്ടായേക്കാം. പക്ഷേ ഞാൻ എന്റെ വിശ്വാസങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നു. ഓരോരുത്തർക്കും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ടല്ലോ. ഞാൻ വിശ്വസിക്കുന്നു,അത്രയേ ഉള്ളൂ. നിങ്ങൾക്ക് വിശ്വസിക്കാം,വിശ്വസിക്കാതിരിക്കാം.
മോഹൻലാൽ പറഞ്ഞതുപോലെ ആന്റണിക്കും സച്ചിയെന്ന സച്ചിദാനന്ദനും വേണ്ടിയുള്ള സിനിമയായാണ് 'നരസിംഹം' ആരംഭിച്ചത്. കഥ ഏകദേശ രൂപമായതോടെ പ്രീ പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു. അത് ചെന്നൈയിൽ ഭംഗിയായി പുരോഗമിക്കുന്നു. ഇനി പൂജയും ഷൂട്ടിങ്ങുമാണ്. അതിനുമുമ്പ് മുമ്പായി പതിവുപോലെ സമയം നോക്കണം. ഞാൻ ആന്റണിയോട് വിവരം പറഞ്ഞു. ജാതകം വച്ചിട്ടാണ് സമയം കുറിക്കുക. പക്ഷേ ആന്റണിയുടെ ജാതകം എഴുതിയിട്ടുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു,'സാരമില്ല..ജനനത്തീയതിയും സമയവും സ്ഥലവും തന്നാൽ മതി' എന്ന്. സച്ചിക്ക് പക്ഷേ ജാതകമുണ്ടായിരുന്നു. അങ്ങനെ സച്ചിയുടെ ജാതകവും ആന്റണിയുടെ ജനനവിവരങ്ങൾ കുറിച്ച കടലാസുമായി ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറി. സമയം കുറിച്ച് പിറ്റേന്നുതന്നെ മടങ്ങിവരണം.
ഞാൻ പണിക്കർ സാറിന്റെ അടുത്തെത്തി. 'ഇദ്ദേഹത്തിന് ജാതകമില്ല' എന്നു പറഞ്ഞുകൊണ്ട് ആന്റണിയുടെ ജനനവിവരങ്ങൾ കുറിച്ച കടലാസ് കൊടുത്തു. ജനനത്തീയതിയും സമയവും സ്ഥലവും അറിഞ്ഞാൽ ജ്യോതിഷപണ്ഡിതർക്ക് ഒരാളുടെ ഭാവി പറയാനാകും. ജാതകം തയ്യാറാക്കുന്നതും ആ വിവരങ്ങൾ വച്ചിട്ടാണല്ലോ. പണിക്കർ സാർ ആ കടലാസ് വാങ്ങി. അതിൽ ഒന്നുനോക്കിയിട്ട് അദ്ദേഹം ചോദിച്ചു: 'ഇദ്ദേഹം എന്താണ് ചെയ്യുന്നത്?' ഞാനൊന്ന് തപ്പിത്തടഞ്ഞു. ആന്റണി മോഹൻലാലിന്റെ മാനേജറെപ്പോലെ നിന്ന് കാര്യങ്ങൾ നോക്കുന്നയാളാണ്. അത് ഒരു തൊഴിൽ എന്നു പറഞ്ഞുകൂടല്ലോ. അതുകൊണ്ട് മറുപടി പറഞ്ഞു: 'ബിസിനസ്.'
ഇനി പറയുന്ന കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഞാനതിനെ നിയോഗമെന്നോ ഈശ്വരനിശ്ചയമെന്നോ എന്നുവിളിക്കാനാണ് ആഗ്രഹിക്കുന്നത്.
ആന്റണി ബിസിനസ് ചെയ്യുന്നുവെന്ന് കേട്ടപ്പോൾ പണിക്കർ സാർ ഉടൻ ചോദിച്ചത് 'എന്തു ബിസിനസ്' എന്നാണ്. പെട്ടെന്നൊരു ഉത്തരം നാവിൽ വന്നില്ല. ഒരു സെക്കന്റ് സ്തംഭിച്ചശേഷം ഞാൻ പറഞ്ഞു:'ബൾബിന്റെ ബിസിനസ്...!'പെട്ടെന്ന് മനസ്സിൽതോന്നിയത് അങ്ങനെ പറയാനാണ്. എന്തുകൊണ്ടാണ് മറ്റുബിസിനസുകളൊന്നും പറയാതെ ബൾബിന്റെ ബിസിനസ് എന്നു പറയാൻ തോന്നിയതെന്നും എനിക്ക് ഇന്നും അറിയില്ല. പണിക്കർ സാർ അപ്പോൾ പറഞ്ഞു:'ഓ...പ്രകാശമാണല്ലോ...'
പിന്നെ ഏതാണ്ട് അരമണിക്കൂറോളം നീണ്ട കണക്കുകൂട്ടലുകൾ. ആന്റണിയുടെ ജനനവിവരങ്ങൾ വച്ച് ഗണിച്ചുനോക്കിയശേഷം പണിക്കർസാർ അല്പസമയം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്നിട്ടു ചോദിച്ചു: 'ഈ ജാതകൻ ഇപ്പോൾ എവിടെയുണ്ട്?' ആ ചോദ്യത്തിന്റെ അർഥമെന്താണെന്ന് മനസ്സിലായില്ല. എങ്കിലും ഞാൻ പറഞ്ഞു: 'എറണാകുളത്തുണ്ട്,വീട്ടിലാണ്'. നെഞ്ചിടിപ്പോടെയിരിക്കെ പണിക്കർസാർ പറഞ്ഞു: 'ങ്ഹാ...ഇത് ഭയങ്കര ജാതകമാണ്. ശൂന്യതയിൽ നിന്ന് കോടികൾ ഉണ്ടാക്കും ഇയാൾ. ഇയാളെവച്ച് പടം ചെയ്താൽ മതി..അതിഗംഭീര വിജയമായിരിക്കും..'
ഞാൻ ബൾബിന്റെ ബിസിനസ് എന്നുപറഞ്ഞതു വച്ചല്ല,പണിക്കർസാർ ആന്റണിയുടെ ജാതകം ഗണിച്ചെടുത്തത്. പക്ഷേ ഞാനങ്ങനെ പറഞ്ഞത് ഒരു നിമിത്തമായിരുന്നു. ജ്യോതിഷത്തിൽ ഇത്തരം നിമിത്തങ്ങൾക്ക് വലിയ പ്രധാന്യമുണ്ട്. എനിക്ക് വേറെ ഒരുപാട് ബിസിനസുകൾ പറയാമായിരുന്നു. പക്ഷേ നാവിൽ വന്നത് വെളിച്ചമുള്ള ഒന്നിന്റെ പേരാണ്. അത് എന്നെക്കൊണ്ട് പറയിച്ചത് ആരെന്നറിയില്ല. അതാണ് നിമിത്തം,നിയോഗം.
ആന്റണി പെരുമ്പാവൂർ എന്ന, ഇന്നത്തെ ഏറ്റവും വിജയശ്രീലാളിതനായ നിർമാതാവിന്റെ ജാതകം എഴുതപ്പെടുകയായിരുന്നു അവിടെ. ആന്റണിയുടെ ജാതകത്തിൽ വലിയവിജയങ്ങൾ നേരത്തെതന്നെ ഗ്രഹങ്ങളാൽ കുറിച്ചുവയ്ക്കപ്പെട്ടതാണ്. പണിക്കർസാർ അത് കണ്ടെത്തിപ്പറഞ്ഞുവെന്നേയുള്ളൂ. അതിലേക്കുള്ള 'വെളിച്ച'മായി മാറുക മാത്രമായിരുന്നു എന്റെ നിയോഗം. ഞാൻ അതിന് 'നിമിത്ത'മായി എന്നും പറയാം.
തിരിച്ച് ചെന്നൈയിലെത്തി ആന്റണിയോട് സംഭവിച്ചതെല്ലാം പറഞ്ഞു. പക്ഷേ വലിയൊരു ദു:ഖം ഇതിനിടയ്ക്ക് ഉണ്ടായി. സിനിമ തുടങ്ങും മുമ്പുതന്നേ സച്ചി അസുഖബാധിതനായി. അതിന്റെ ചിത്രീകരണം പൂർത്തിയാകും മുമ്പേ ലോകത്തോട് വിടപറയുകയും ചെയ്തു. അങ്ങനെ ആന്റണിയുടെ പേരിലാണ് സിനിമ തുടങ്ങിയത്. ഈ നിമിഷം പ്രിയപ്പെട്ട സച്ചിയെ വീണ്ടും ഓർമിച്ചുപോകുന്നു. സെറ്റുകളിൽ ഉത്സാഹത്തോടെ ഓടിനടന്നിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ. ആന്റണി പെരുമ്പാവൂരിനൊപ്പം 'നരസിംഹ'ത്തിന്റെ ക്രെഡിറ്റ് കാർഡിൽ 'സച്ചിദാനന്ദൻ(സച്ചി)'എന്ന പേരുണ്ടാകണം എന്ന് ഞങ്ങളെല്ലാം ആഗ്രഹിച്ചു. പക്ഷേ നമ്മൾ ആഗ്രഹിക്കുന്നതുപോലയല്ലല്ലോ ദൈവനിശ്ചയം.
ജാതകവശാലുള്ള നേട്ടങ്ങൾ മാത്രമല്ല ആന്റണിക്ക് സ്വന്തമായത്. അതിനുപിന്നിൽ അദ്ദേഹത്തിലെ അത്യധ്വാനിയായ ഒരു ബിസിനസുകാരന്റെ ബുദ്ധിയും പ്രയത്നവുമുണ്ട്. ജാതകത്താൽ നിശ്ചയിക്കപ്പെട്ടത് ആന്റണിയുടെ ബുദ്ധിയിലൂടെയും അധ്വാനത്തിലൂടെയും സത്യമായി. ആദ്യസിനിമ തൊട്ടേ മികച്ച പ്രൊഡ്യൂസറാണ് ആന്റണി. ചെയ്യുന്ന ബിസിനസ് നന്നായി അറിയുക എന്നാണ് വിജയത്തിലേക്കുള്ള വഴി. ആന്റണിക്ക് സിനിമ നന്നായി അറിയാം. താൻ ചെയ്യുന്ന ബിസിനസിനെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. അത് അദ്ദേഹത്തിന് ജന്മനാ കിട്ടിയതല്ല. മോഹൻലാലിന്റെ നിഴലായി വർഷങ്ങളോളം സഞ്ചരിച്ച്, പല പ്രൊഡ്യൂസർമാരിൽ നിന്ന് ഗ്രഹിച്ചും പഠിച്ചുമാണ് ആന്റണി സിനിമയെ അറിഞ്ഞത്.
തന്റെ പ്രൊഡക്ഷനിലെ ഓരോ പൈസയും എങ്ങനെ പോകുന്നു എന്ന് ആന്റണിക്ക് മന:പാഠമാണ്. ഏത് പാതിരാത്രിയിൽ ചോദിച്ചാലും കണക്കുകൾ ഹൃദിസ്ഥം. ചെലവാക്കുന്ന പൈസ തിരിച്ച് എങ്ങനെയാണ് തന്നിലേക്ക് തന്നെ വരുത്തേണ്ടത് എന്നും അദ്ദേഹത്തിനറിയാം. 'കീൻ,കാൽക്കുലേറ്റഡ് പ്രൊഡ്യൂസർ' എന്നുവിളിക്കാം ആന്റണിയെ. അതുകൊണ്ടാണ് ആന്റണി, ആന്റണി പെരുമ്പാവൂർ ആയതും വിജയങ്ങൾ മാത്രം കൊയ്യുന്ന നിർമാതാവായതും; പണിക്കർ സാർ ആ ജാതകത്തിൽനിന്ന് കണ്ടെടുത്ത് പറഞ്ഞതുപോലെ ശൂന്യതയിൽ നിന്ന് കോടികൾ സൃഷ്ടിക്കുന്നതും...
(തുടരും)