കഴിഞ്ഞ ഭാഗത്തിൽ മമ്മൂക്ക കണ്ടിന്യുവിറ്റികാര്യത്തിൽ എന്നോട് എങ്ങനെയാണ് പെരുമാറിയതെന്നാണ് പറഞ്ഞത്. ഇത്തവണ അതിന്റെ തുടർച്ചയായി മറ്റൊരാളെക്കുറിച്ച് പറയാം. പഴയകാല നടന്മാരെല്ലാം അസിസ്റ്റന്റ് ഡയറക്ടർമാരെ പലവിധത്തിൽ റാഗ് ചെയ്യുന്നവരായിരുന്നു. ചിലർ പരസ്യമായി ചീത്തവിളിക്കും,മറ്റുചിലർ പരിഹസിക്കും. വേറെ ചിലർ കുസൃതികാണിച്ച് കുഴപ്പത്തിലാക്കും. അതിലൊരാളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.-അടൂർ ഭാസിച്ചേട്ടൻ.
സീൻ എടുക്കുമ്പോൾ അടൂർ ഭാസിച്ചേട്ടന്റെ ചലനങ്ങൾ നോക്കാൻ വേണ്ടി മാത്രമായി പണ്ടൊക്കെ ഒരു അസിസ്റ്റന്റ് ഡയറക്ടർ വേണമെന്ന നിലയായിരുന്നു. കാരണം അദ്ദേഹം നമ്മളെക്കുഴപ്പിക്കാൻ എന്തെല്ലാമാണ് കാണിക്കുകയെന്ന് അറിയില്ല. ഒരു കണ്ണടയെടുത്ത് തുടച്ചുകൊണ്ട് സംസാരിക്കുന്ന സീൻ ആണ് എടുക്കുന്നതെന്നിരിക്കട്ടെ. ഇടംകൈയിൽ കണ്ണട പിടിച്ച് വലംകൈയിലെ മുണ്ടിന്റെ തുമ്പുകൊണ്ട് തുടച്ചുകൊണ്ടായിരിക്കും ഡയലോഗ് പറയുന്നത്. ഡയറക്ടർ കട്ട് എന്ന് പറഞ്ഞയുടൻ അടൂർഭാസിച്ചേട്ടൻ ഇടതുകൈയിലെ കണ്ണട വലതുകൈയിലേക്ക് മാറ്റിക്കളയും. അടുത്ത ഷോട്ടെടുക്കുമ്പോൾ എല്ലാവരും കേൾക്കെ നിഷ്കളങ്കമായി ചോദിക്കും: 'അസിസ്റ്റന്റ് ഡയറക്ടറോട് ചോദിക്കൂ... ഞാനേതുകൈയിലാ കണ്ണട പിടിച്ചിരുന്നതെന്ന്...!'
നമ്മൾ വലതുകൈയിലെന്ന് പറഞ്ഞാൽ തീർന്നു. അതുവച്ച് നമ്മളെ കളിയാക്കും. അദ്ദേഹത്തിന് അതൊരു രസമായിരുന്നു. പിന്നെ ചീത്തവിളി ഡയറക്ടറുടെ വകയാണ്. നോട്ടം തെറ്റിയാൽ കണ്ടിന്യുവിറ്റി പോകും. പരിഹാസവും ചീത്തവിളിയും കിട്ടും. അതുകൊണ്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് അടൂർഭാസിച്ചേട്ടന്റെ സീനെടുക്കുമ്പോൾ ഞാൻ അതീവ ജാഗ്രതയോടെ നിന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കൈകൾ ശ്രദ്ധിച്ചു. അതായിരുന്നു വിക്രിയയുടെ പ്രധാന ഉപകരണം.
സിനിമയുടെ പേര് ഓർമ കിട്ടുന്നില്ല. 'പാവം പൂർണിമ' തന്നെയാണെന്ന് തോന്നുന്നു. അതിൽ ചമ്മന്തി ചെല്ലപ്പൻപിള്ളയെന്നോ മറ്റോ ആയിരുന്നു ഭാസിച്ചേട്ടന്റെ കഥാപാത്രത്തിന്റെ പേര്. ഒരു ഷോട്ടെടുത്തു,അടുത്തതിനുള്ള ലൈറ്റിങ് നടക്കുകയാണ്. അതിനിടയ്ക്ക് പതിവുപോലെ സെറ്റ് പ്രോപ്പർട്ടിയെടുത്തിട്ട് അദ്ദേഹം നിഷ്കളങ്കമായി ചോദിച്ചു: 'അസിസ്റ്റന്റ് ഡയറക്ടറോട് ചോദിക്കൂ..ഞാൻ കഴിഞ്ഞഷോട്ടിൽ ഏതുകൈയിലാണ് ഇതുപിടിച്ചിരുന്നതെന്ന്...?'
സെറ്റിലുള്ള ബാക്കിയുള്ളവരെല്ലാം എന്നെ നോക്കി. എന്നെയിപ്പോൾ ചമ്മന്തിയാക്കും എന്ന ഭാവമാണ് എല്ലാവരുടെയും മുഖത്ത്. ഞാൻ പറഞ്ഞു: 'ഇടതുകൈയിലാണ് പിടിച്ചിരുന്നത്...'
അപ്പോൾ അടൂർ ഭാസിച്ചേട്ടൻ: 'എന്നാരു പറഞ്ഞു?'
'ഞാൻ പറഞ്ഞു...'-അതായിരുന്നു എന്റെ ഉത്തരം. ഉള്ളിലെ തന്റേടി വെളിയിൽ വന്ന നിമിഷം.
അദ്ദേഹം എന്നെ രൂക്ഷമായി നോക്കി. ഞാൻ വിട്ടുകൊടുത്തില്ല.
'എന്തുതെളിവെന്ന് എനിക്ക് പറയാൻ പറ്റില്ല. അത് കാണിക്കണമെങ്കിൽ പ്രിന്റടിച്ച് നോക്കണം.'
അടൂർഭാസിച്ചേട്ടന്റെ നോട്ടം ഡയറക്ടർ ബാലുകിരിയത്തിനു നേർക്കായി. അദ്ദേഹം ആ നോട്ടത്തിന്റെ തീക്ഷ്ണത സ്വന്തം കണ്ണുകൊണ്ട് എന്റെ നേർക്ക് തിരിച്ചുവിട്ടു.
'ഞാൻ പറഞ്ഞു സാറിന് വേണമെങ്കിൽ രണ്ടുടേക്ക് എടുക്കാം. ഇടതുകൈയിൽ വച്ചും വലതുകൈയിൽ വച്ചും...പക്ഷേ ഇടതുകൈയിൽ തന്നെയാണ് അത് പിടിച്ചിരുന്നതെന്ന് എനിക്കുറപ്പാണ്. സംശയമുണ്ടെങ്കിൽ നമുക്ക് പ്രിന്റടിച്ചുനോക്കാം. ആ പ്രിന്റടിക്കുന്ന കാശ് ഞാൻ തരാം..'
ഭാസിച്ചേട്ടനെ കേൾപ്പിക്കാൻ വേണ്ടി ഞാൻ ലേശം ശബ്ദമുയർത്തിയാണ് ബാലുകിരിയത്തിനോട് അങ്ങനെ പറഞ്ഞത്. അത്ര ഉറപ്പോടെ ഞാൻ നിന്നപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി. അതോടെ ഭാസിച്ചേട്ടൻ ഒന്നയഞ്ഞു.
ഷോട്ട് കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു: 'എവിടെയാ വീട്...?'
ഞാൻ പറഞ്ഞു: 'തിരുവനന്തപുരം..'
പിന്നെ എന്റെ വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. അച്ഛൻ എൻജിനീയറാണെന്നൊക്കെ കേട്ടപ്പോൾ അദ്ദേഹത്തിന് മനസ്സിലായി ഇവൻ ചുമ്മാ സിനിമയെന്ന് പറഞ്ഞ് കോടമ്പാക്കത്തേക്ക് തീവണ്ടികയറിയവനല്ലെന്ന്...
ഇതിന്റെ ആന്റി ക്ലൈമാക്സ് പിന്നീട് കുറേനാളുകൾ കഴിഞ്ഞാണ്.
അച്ഛന്റെ ഏതോ സൈറ്റിൽ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. അതിൽ അടൂർഭാസിച്ചേട്ടനും അഭിനയിക്കുന്നുണ്ട്. സൈറ്റിലെ പതിവുപരിശോധനയ്ക്കിടെ അച്ഛൻ ഷൂട്ടിങ് നടക്കുന്ന ഭാഗത്തുമെത്തി. അവിടെവച്ച് ഭാസിച്ചേട്ടനെ പരിചയപ്പെട്ടു. അപ്പോൾ അച്ഛൻ പറഞ്ഞു: 'എന്റെ മോനും സിനിമയിലാണ്. ഇപ്പോൾ മദ്രാസിലുണ്ട്...'
അപ്പോൾ ഭാസിച്ചേട്ടൻ ചോദിച്ചു: 'ആരാണ്...?'
അടുത്ത കട്ട്
മാസങ്ങൾക്കുശേഷം ഞാൻ തിരുവനന്തപുരത്തെ വീട്ടിലെത്തുന്നു.
കണ്ടപാടെ അച്ഛൻ: 'നീയെന്തിനാടാ ആ അടൂർഭാസിയുടെ അടുക്കലൊക്കെ പ്രശ്നമുണ്ടാക്കാൻ പോകുന്നത്..?'
ഞാൻ പറഞ്ഞു: 'പ്രശ്നമൊന്നുമുണ്ടാക്കിയില്ല..'
പിന്നെ നടന്നതൊക്കെ വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവസാനം അച്ഛൻ പറഞ്ഞു.
'ങ്ഹാ..അങ്ങേർക്കെന്തായാലും നിന്നെക്കുറിച്ച് നല്ല അഭിപ്രായമാ...മിടുക്കനാ എന്നാ പറഞ്ഞത്...'
സിനിമ എല്ലാക്കാലവും കല്ലും മുള്ളും നിറഞ്ഞ ഒരു പാതയാണ്. ഞാൻ സിനിമാജീവിതം തുടങ്ങുന്ന കാലത്ത് അത് അങ്ങേയറ്റം കഷ്ടപ്പാട് നിറഞ്ഞ യാത്രയായിരുന്നു. ഇന്നലെകളിൽ ആ കഠിനപാത താണ്ടിവന്നവരായിരുന്നു അന്നത്തെ പലതാരങ്ങളും. അവർ തുടങ്ങിയ കാലത്ത് ഒരുപാട് പരിഹാസവും ചീത്തവിളിയും കേട്ടു. പഴയകാലത്ത് സംവിധായകരായിരുന്നു സർവ്വപ്രതാപികൾ. ഷോട്ടു തെറ്റിച്ചാൽ അവർ കണ്ണുപൊട്ടുന്ന ചീത്തവിളിക്കും. റീടേക്ക് എടുക്കേണ്ടിവന്നാൽ എല്ലാവരുടെയും മുമ്പിലിട്ട് അപഹസിക്കും. പുതുതായി സിനിമയിലേക്ക് വന്ന അഭിനേതാക്കളെ അങ്ങേയറ്റം റാഗ് ചെയ്യും. ഇതൊക്കെ സഹിച്ചുവളർന്നവർ ഒരു നിലയിലെത്തുമ്പോൾ പോയകാലത്ത് അവർ അനുഭവിച്ചതിന്റെ രോഷവും ആത്മനിന്ദയും മുഴുവൻ അന്നത്തെ തുടക്കക്കാരുടെ മുകളിൽ തീർക്കും. ഈ പ്രക്രിയ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു,അന്നും ഇന്നും..
പക്ഷേ ഇത്തരം സാഹചര്യങ്ങൾ ക്രൂരമെന്ന് പറയാമെങ്കിലും നമുക്ക് എന്തുംനേരിടാനുള്ള ഒരു മനക്കരുത്ത് സമ്മാനിക്കും. ജീവിതത്തിൽ എന്തെങ്കിലും തിരിച്ചടിയുണ്ടാകുമ്പോൾ പെട്ടെന്നുതളർന്നുപോകുന്ന സ്വഭാവം മാറും. പൂവിരിച്ച പാതയിലൂടെ വന്നാൽ നമ്മൾ ചില അപ്രതീക്ഷിത സാഹചര്യങ്ങളിൽ പകച്ചുപോകും. പക്ഷേ കല്ലും മുള്ളും താണ്ടിവന്നരാണെങ്കിൽ കാലിന് മാത്രമല്ല,മനസ്സിനും നല്ല ബലമുണ്ടാകും. എന്റെ തലമുറയിൽ പെട്ടവർ പലരും അങ്ങനെ വന്നവരാണ്.
അന്നൊക്കെ മനസ്സുകൊണ്ട് പലരെയും ചീത്തവിളിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ആലോചിക്കുമ്പോൾ തോന്നുന്നു,അതൊക്കെയും ഒരു ദുർഗുണപരിഹാരപാഠശാലയിലെ ട്രെയിനിങ് പോലെയായിരുന്നുവെന്ന്. നമ്മളെ വരുംകാലത്തേക്ക് പരുവപ്പെടുത്താനായി ജീവിതം എന്നു പറയുന്ന വലിയ സംവിധായകൻ കണ്ടുപിടിച്ച ഒരു പോംവഴി..അങ്ങനെ കരുതിയാൽ പിന്നെ പണ്ടുകേട്ട പരിഹാസവും ചീത്തവിളിയുമൊക്കെ ഇന്ന് ഒരു ഉൾച്ചിരിയോടെ നമുക്ക് ആസ്വദിക്കാനാകും...
(തുടരും)