മമ്മൂക്ക ഇല്ലാത്ത കല്യാണച്ചടങ്ങിനായി ഞാൻ പതിയെ മനസ്സുകൊണ്ട് തയ്യാറെടുത്തുതുടങ്ങി. പക്ഷേ ആ സത്യം എത്ര ശ്രമിച്ചിട്ടും എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. ആലോചിക്കുമ്പോൾ തന്നെ ശ്വാസം കിട്ടാത്തപോലെ. മമ്മൂക്ക 'കിങ് ആന്റ് കമ്മീഷണറി'ന്റെ ഷൂട്ടിലായിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. മമ്മൂക്കയ്ക്കൊപ്പം പ്രവർത്തിച്ച ചില സംവിധായകരോട് എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. പ്രത്യേകിച്ച് കമൽ സാറിനോട്. 'കറുത്തപക്ഷി'കളുടെ സമയത്ത് തുടങ്ങിയ ബന്ധമാണത്. പിന്നെ അദ്ദേഹമൊരു കുടുംബസുഹൃത്തായി മാറി. മമ്മൂക്ക വരുമോ എന്ന ആശങ്കയും എന്റെ മാനസികാവസ്ഥയും ഞാൻ അദ്ദേഹത്തോട് ചർച്ച ചെയ്യാറുണ്ടായിരുന്നു. 'മമ്മൂക്ക വരേണ്ടതാണ്. പക്ഷേ ഷൂട്ടിങ്ങിന്റെ കാര്യം അറിയാമല്ലോ..അദ്ദേഹം പകുതി ദിവസത്തോളം മാറിനിന്നാൽ അതുണ്ടാക്കുന്ന നഷ്ടം വലുതായിരിക്കും. ഞാനാണ് ഡയറക്ടറെങ്കിൽ പോകാൻ അനുവദിക്കില്ല..'-കമൽ സാർ പറഞ്ഞതിങ്ങനെ.
അതുകൂടി കേട്ടതോടെ എന്റെ അവസാന പ്രതീക്ഷയും മങ്ങി. ആരാധകൻ എന്ന നിലയിലും മമ്മൂക്കയുടെ പി.ആർ.ഒ ആയി ജോലി നോക്കുന്നയാളെന്ന നിലയിലും എന്റെ കല്യാണത്തിന് അദ്ദേഹമുണ്ടാകണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷേ കമൽസാറിന്റെ വാക്കുകൾ കേട്ടതോടെ ഞാൻ കാരണം മമ്മൂക്കയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥ വരരുത് എന്നായി പ്രാർഥന. എന്റെ അഭിമാനത്തേക്കാൾ വലുതാണല്ലോ പത്തുനൂറുപേർ ജോലിയെടുക്കുന്ന ഒരു ലൊക്കേഷനിൽ ഷൂട്ടിങ് തടസ്സപ്പെടുന്നതുകൊണ്ടാകുന്ന നഷ്ടവും ആശയക്കുഴപ്പങ്ങളും. അതുകൊണ്ടുതന്നെ പിന്നീട് മമ്മൂക്കയെ വിളിച്ച് കൂടുതലായി നിർബന്ധിക്കാൻ മനസ് അനുവദിച്ചില്ല.
പക്ഷേ,കല്യാണത്തിന് മമ്മൂക്കയുടെ വീട്ടിൽ നിന്ന് എല്ലാവരും വരുമെന്ന് എനിക്കുറപ്പായിരുന്നു. മമ്മൂക്കയുടെ ഭാര്യാപിതാവ് അബൂബക്കർ,ഭാര്യാസഹോദരൻ കോയമോൻ ഇവരൊക്കെയുണ്ടാകും. അതുപോലെ ജോർജേട്ടനും ആന്റോച്ചേട്ടനും കുടുംബവുമെല്ലാം തീർച്ചയായും വരും. പക്ഷേ മമ്മൂക്ക എന്ന അസാന്നിധ്യം ഉണ്ടാക്കുന്ന ശൂന്യത നികത്താൻ അവരാരും പര്യാപ്തരായിരുന്നില്ല. മമ്മൂക്ക വരുമോ എന്ന ചോദ്യം അതിന്റെ പരകോടിയിലെത്തിയപ്പോൾ ഞാൻ പറഞ്ഞുതുടങ്ങി: 'പിന്നീട് റിസപ്ഷൻ എറണാകുളത്ത് വയ്ക്കുന്നുണ്ട്,അതിന് മമ്മൂക്ക വരും..'
അങ്ങനെ കല്യാണദിവസത്തിന്റെ തലേദിവസമായി. മധുരംവയ്പ് ആണ് അന്നത്തെ പ്രധാന ചടങ്ങ്. മമ്മൂക്കയുടെ മേക്കപ്പ് മാൻ സലാം അരൂക്കുറ്റിയും കുക്ക് ലിനീഷും അതിൽ പങ്കെടുക്കാൻ വന്നു. മമ്മൂക്ക വരുന്ന കാര്യം വല്ലതും അറിയാമോ എന്ന് എനിക്ക് അവരോട് ചോദിക്കണമെന്നുണ്ട്. അവർക്ക് ഷൂട്ടിങ് കാര്യങ്ങളും യാത്രപ്ലാനുകളുമൊക്കെ അറിയാമായിരിക്കുമല്ലോ. പക്ഷേ ചോദിക്കാൻ ധൈര്യം വന്നില്ല. 'ഇല്ല' എന്നാണുത്തരമെങ്കിൽ ഒരുപക്ഷേ പിറ്റേന്ന് മിന്നുകെട്ടാൻ പോലും ശേഷിയുണ്ടാകില്ല, ശരീരത്തിനും മനസ്സിനും. അത്രത്തോളം തളർന്നുപോകും.
ജോർജേട്ടൻ രാവിലെ തന്നെ വരുമെന്ന് അറിയിച്ചിട്ടുണ്ട്. പിറ്റേന്ന് ജോലിയുള്ളതിനാൽ സലാമും ലിനീഷും രാത്രി തന്നെ മടങ്ങാനൊരുങ്ങി. പോകുംമുമ്പ് സലാം പറഞ്ഞു: 'മമ്മൂക്ക വന്നില്ലെങ്കിൽ ആകെ കുളമാകുമല്ലേ....'നേരാണ്. അങ്ങനെ തന്നെ സംഭവിക്കും. അതാലോചിച്ചപ്പോൾ ശരീരം പതിയെ തളർന്നു തുടങ്ങി. എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാൻ അവസാനമായി ഒരുവട്ടം എറണാകുളത്ത് വിളച്ചന്വേഷിച്ചു. ഇല്ല. മമ്മൂക്കവരുന്നില്ല. പിറ്റേന്ന് ഷൂട്ടിങ് രാത്രിവരെ നീളും. അതോടെ എന്റെ അവശേഷിച്ച ധൈര്യവും ചോർന്നുതുടങ്ങി.
പക്ഷേ പ്രത്യാശയുണ്ടാക്കുന്ന ചില സൂചനകൾ കോയമോനിൽ നിന്ന് കിട്ടിയിരുന്നു. 'ചേച്ചി പറയുന്നതുകേട്ടു, ജിൻസിന്റെ കല്യാണത്തിന് പോകണമെന്ന് മമ്മൂക്ക പറയുന്നുണ്ടെന്ന്...' എന്ന് കോയമോൻ പറഞ്ഞു. 'എന്തുവന്നാലും പോകാതിരിക്കാൻ പറ്റത്തില്ല എന്നാണ് അളിയൻ വീട്ടിൽ പറഞ്ഞത്' എന്നൊരു പ്രത്യാശകൂടി കോയമോൻ ആ വാചകത്തോട് ചേർത്ത് എനിക്ക് തന്നു. പക്ഷേ അതൊരു സ്വപ്നം പോലെയായിട്ടാണ് എനിക്ക് തോന്നിയത്. സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ലെന്നാണല്ലോ. അതുകൊണ്ട് ഞാൻ ആരോടും അക്കാര്യം പറഞ്ഞില്ല.
ഇതിനിടെ നാട്ടിൽ പലതും സംഭവിക്കുന്നുണ്ടായിരുന്നു. (അതൊക്കെ പിന്നീട് പലരും പറഞ്ഞാണ് ഞാൻ അറിയുന്നത്) രാത്രി ഏകദേശം എട്ടുമണിയായിക്കാണും. എക്സൈസിന്റെ ഒരു ജീപ്പ് അതിവേഗം വന്ന് കവലയിൽ ബ്രേക്കിട്ടു. അതുകണ്ടതും ആ കടക്കാരൻ പിറകിലേക്കിറങ്ങി ഓടി. എക്സൈസുകാർ പക്ഷേ ആ കാഴ്ച കണ്ടില്ല. ഇറങ്ങിവന്ന ഉദ്യോഗസ്ഥൻ ആ കടയിലുണ്ടായിരുന്ന ഒരാളോട് എന്തോ ചോദിച്ചിട്ട് തിരികെ ജീപ്പിലേക്ക് പോയി. അതുപോയിക്കഴിഞ്ഞപ്പോൾ കടക്കാരൻ കിതപ്പോടെ കടയിലേക്ക് വന്നു ചോദിച്ചു: 'അവരെന്താ അന്വേഷിച്ചത്?' കടയിലുണ്ടായിരുന്നയാളുടെ മറുപടി: 'മമ്മൂട്ടിയുടെ പി.ആർ.ഒ റോബർട്ടിന്റെ വീടേതാ എന്നാ ചോദിച്ചേ..' കടക്കാരൻ ഒന്ന് നിശ്വസിച്ചിട്ട് പറഞ്ഞത്രേ: 'റോബർട്ടോ...ഏതാണാ *&^*& ...അവൻകാരണം മനുഷ്യന്റെ മൂന്നുഫുള്ളാ വെള്ളത്തിപ്പോയേ...'
സംഭവിച്ചത് ഇതാണ്. മമ്മൂക്ക വരില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചതിനാലും പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ ധാരാളം പൊതുപരിപാടികളുള്ളതിനാലും എക്സൈസ് മന്ത്രി കെ.ബാബു മധുരംവയ്പ് ചടങ്ങിൽ പങ്കെടുക്കാൻ വരുന്നു. അദ്ദേഹത്തിന് പൈലറ്റ് വന്ന എക്സൈസുകാരുടെ ജീപ്പായിരുന്നു അത്. വഴിചോദിച്ച കടയിൽ ആവശ്യക്കാർക്ക് 'ഫുള്ള്' വില്പനയുണ്ട്. എക്സൈസുകാർ റെയ്ഡിന് വന്നതാണോർത്ത് കടയിലുണ്ടായിരുന്ന 'ഫുള്ള്' കുപ്പികളുമായാണ് കടക്കാരൻ പുറത്തേക്കോടിയത്. രക്ഷപ്പെടാനായി അത് തോട്ടിലെറിയുകയും ചെയ്തു...അതിന്റെ പാപഭാരം ഈയുള്ളവന്റെ തലയിലും!
കല്യാണദിനം. ഞാനും വീട്ടുകാരും ചേർന്ന് വിളിച്ചത് ആയിരത്തോളം പേരെയാണ്. പക്ഷേ പള്ളിയിൽ തടിച്ചുകൂടിയത് അതിന്റെ ഇരട്ടിയോളം പേരാണ്. എല്ലാവരും മമ്മൂക്കയെ കാണാൻ വന്നവർ. ആൾത്തിരക്ക് കണ്ട് ഞാനും ഗീതുവും ഞങ്ങളുടെ വീട്ടുകാരും ഞെട്ടി. ഭക്ഷണമൊക്കെ എന്താകും എന്നായിരുന്നു ചിന്ത. ഇതിനിടയ്ക്ക് കാറ്ററിങ് തൊഴിലാളികളുടെ സമരം കൂടിയായതോടെ വിളമ്പലൊക്കെ ആകെ അലമ്പലായി. ഒപ്പം കൊടുംമഴയും. പക്ഷേ അതിനിടയിലും നനഞ്ഞുകുതിർന്ന് ആളുകൾ പള്ളിയിൽ തടിച്ചൂകൂടി നിന്നു. എല്ലാവർക്കും കാണേണ്ടത് ഒരേയൊരാളെ...വിവാഹം കഴിയുന്നതുവരെ അവർ കാത്തിരിപ്പ് തുടർന്നു.
പക്ഷേ അവർ കാത്തിരുന്നയാൾ വരുന്നില്ല. പതിയെ കുശുകുശപ്പുകൾ തുടങ്ങി. മഴയ്ക്കൊപ്പം അത് കാറ്റായി പതിയെ ഓരു കാതിൽനിന്ന് മറ്റൊരു കാതിലേക്കും പിന്നെ ആൾക്കൂട്ടത്തിലേക്കും വ്യാപിച്ചു. 'ഇവൻ പറഞ്ഞതൊക്കെ നൊണയാ...മമ്മൂട്ടിക്ക് ഇവനെയൊന്നും അറിയത്തില്ല..'പെണ്ണുകെട്ടി നിന്ന എനിക്കുനേരെ ചിലർ അർഥംവെച്ച് നോക്കി. എനിക്കതിന്റെ അർഥം എളുപ്പം പിടികിട്ടി. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുഹൂർത്തത്തിൽ ഞാൻ ആൾക്കാരുടെ മുന്നിൽ പരിഹാസ്യനായി നിന്നു. പക്ഷേ അപ്പോഴും എനിക്ക് പ്രതീക്ഷതന്നത് കോയമോൻ പറഞ്ഞ കാര്യമാണ്. 'എന്തുവന്നാലും പോകാതിരിക്കാൻ പറ്റത്തില്ല' എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മമ്മൂക്ക വന്നിരിക്കും..
ജോർജേട്ടൻ കുടുംബസമേതം കല്യാണത്തിന് വന്നിട്ടുണ്ട്. അതുകണ്ട് ഞാൻ സന്തോഷിക്കുകയല്ല,ഉള്ളിൽ സങ്കടപ്പടുകയാണ് ചെയ്തത്. കാരണം ആ സാന്നിധ്യം വലിയൊരു അസാന്നിധ്യത്തിന്റെ സൂചനയായിത്തോന്നി. ജോർജേട്ടിനില്ലാതെ മമ്മൂക്ക അങ്ങനെ ഒരുചടങ്ങിനും പോകാറില്ല. ജോർജേട്ടൻ വന്നു എന്നുണ്ടെങ്കിൽ മമ്മൂക്ക വരുന്നില്ല എന്നർഥം. ഞാൻ മഴയത്തും വിയർത്തു.
ചടങ്ങുകളെല്ലാം കഴിഞ്ഞു. മമ്മൂക്ക വന്നില്ല. മമ്മൂക്കയെ കാണാൻ വന്ന ആൾക്കൂട്ടം പരദൂഷണം പറഞ്ഞുപിരിഞ്ഞു. കഥകൾ പലതും മഴയ്ക്കൊപ്പം പെയ്തു. ഉമ്മൻചാണ്ടിസാറിനക്കുറിച്ചെഴുതിയപ്പോൾ പരാമർശിച്ച പള്ളിക്കത്തോട്ടിലെ കോൺഗ്രസ് നേതാവ് ബാബുജോസഫിനോട് നാട്ടിലെതന്നെ മറ്റൊരു. നേതാവ് പറഞ്ഞു: 'മമ്മൂക്കയുടെ കൂടെ ഒരു റോബർട്ട് ഉണ്ട് എന്നത് നേരാ..എനിക്കറിയാം..പക്ഷേ അത് ഈ റോബർട്ടല്ല...വേറെ ഒരാളാ...അയാളുടെ പേരിൽ ഇവൻ ആളുകളിച്ച് ആളെപ്പറ്റിക്കുന്നതാ...'
ഞാൻ അപ്പോൾ 'കഥപറയുമ്പോൾ' സിനിമയിലെ ബാർബർ ബാലനായി മാറുകയായിരുന്നു. മേലുകാവിന് പകരം പള്ളിക്കത്തോട്. അശോക് രാജിന് പകരം മമ്മൂക്ക.
'അവർ പണ്ട് മുതലേ സുഹൃത്തുക്കളാണ് സാർ' എന്ന് ബാർബർ ബാലനെയും അശോക് രാജിനെയും പറ്റി പോലീസ് സ്റ്റേഷനിൽ വച്ച് കോട്ടയം നസീറിന്റെ കഥാപാത്രം പറയുമ്പോൾ സാദിഖ് അവതരിപ്പിച്ച ഇൻസ്പെക്ടർ ചോദിക്കുന്നു: 'തെളിവ്...? '
ബാലനെക്കുറിച്ച് പിന്നീട് ഇൻസ്പക്ടർ പറയുന്ന വാചകങ്ങൾ എന്റെ വിവാഹദിവസം ഉച്ച മുതൽ നാട്ടുകാർ പറഞ്ഞുതുടങ്ങി. ഈ ബാലനൊരു വിരുതനാകാനാണ് സാധ്യത. അശോക് രാജിന്റെ സുഹൃത്തായി അഭിനയിച്ച് നിങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു വിരുതൻ. കെഴങ്ങന്മാരായ നിങ്ങളെ അവൻ നന്നായി വിഴുങ്ങുകയായിരുന്നു...
ഈ വാചകങ്ങളിൽ ബാലൻ എന്നയിടത്ത് എന്റെ പേരും അശോക് രാജിന്റെ സ്ഥാനത്ത് മമ്മൂക്കയുടെ പേരും ചേർത്തുവച്ചാൽ അത് എന്റെ കല്യാണക്കഥയായി.അങ്ങനെയെങ്കിൽ ആ 'കഥപറയുമ്പോൾ' അതിന്റെ ക്ലൈമാക്സും 'കഥ പറയുമ്പോൾ' സിനിമയുടേത് പോലെ ആകണമല്ലോ..
അങ്ങനെയായിരുന്നോ എന്ന് അടുത്ത ഭാഗത്തിൽ...!
(തുടരും)