പുണ്യം ചെയ്തവർക്കേ ചിരിപ്പിക്കാനും ചിരിക്കാനും സാധിക്കൂ. അതിന് പ്രത്യേക സിദ്ധി വേണം. സാക്ഷാൽ അടൂർ ഭാസി പറഞ്ഞ വാചകങ്ങളാണിത്. ഈ വാക്കുകൾ ഏറ്റവും യോജിക്കുന്നത് എന്റെ അമ്പിളിക്കാണ്. ശ്രീകുമാർ എന്ന ജഗതിക്ക്.
1976-ൽ ആണ് ഞാൻ ആദ്യം കാണുന്നത്. മാതൃഭൂമിയിൽ ജോലിക്ക് കയറിയ അതേമാസം. മാതൃഭൂമി ജീവനക്കാരനായ വി.ബി.മേനോന്റെ(വി.ബാലഗോപാല മേനോൻ) കോഴിക്കോട് തിരുവണ്ണൂരിലെ ഏറാടി മഠത്തിൽ വച്ച്. കൂടെ മല്ലികയും. ഞാൻ അവിടെ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. രാവിലെ കാപ്പി കുടിക്കുമ്പോൾ കൂടെയിരുന്നു. അത്രമാത്രം. ഓഫീസിൽ പോയി മടങ്ങിയെത്തിയപ്പോഴേക്കും ആരും അറിയാതെ, ഇരുവരും ഒരു കഥ പോലെ വീടുവിട്ടു പോയിരുന്നു.
അന്നു രാത്രിയാണ് മേനോന്റെ മകൻ രാജഗോപാലൻ അമ്പിളിയുടെ കഥ പറയുന്നത്. നാടകകൃത്തും ഓൾ ഇന്ത്യ റേഡിയോയിലെ ഉദ്യോഗസ്ഥനായിരുന്ന ജഗതി എൻ.കെ. ആചാരിയുടെ മകനാണ് അമ്പിളി എന്ന ശ്രീകുമാർ. തിരുവനന്തപുരത്ത പ്രശസ്തമായ കൈനിക്കര കുടുംബത്തിലെ മാധവൻ പിള്ളയുടെ മകളാണ് മല്ലിക. പഞ്ചപാണ്ഡവർ എന്നറിയപ്പെടുന്ന കൈനിക്കര പത്മനാഭപിള്ള, കൈനിക്കര കുമാരപിള്ള, കൈനിക്കര കൃഷ്ണപിള്ള, കൈനിക്കര ഗോവിന്ദപിള്ള, കൈനിക്കര മാധവൻ പിള്ള. ഇതാണ് മല്ലികയുടെ കുടുംബം.
കോട്ട പൊളിച്ച അമ്പിളി മല്ലികയെ സ്വന്തമാക്കി. അതിന്റെ പശ്ചാത്തലം നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ പിന്നീട് വിവരിച്ചുതന്നു. ബാലചന്ദ്രമേനോൻ അന്ന് യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ. വി.ജെ.ടി ഹാളിൽ ആദ്യമായി ഒരു നാടക മത്സരം. മാർഇവാനിയോസ് കോളേജിനെ ജഗതിയായിരുന്നു നയിച്ചത്. വിമൻസ് കോളേജിനെ മല്ലികയും. മത്സരത്തിൽ മികച്ച നടൻ ജഗതിയും നടി മല്ലികയും. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്.
ഇനി കല്യാണാനന്തരം.... രക്ഷപ്പെടാൻ ഒരു മാർഗമേയുള്ളൂ. തിരുവനന്തപുരത്തു നിന്ന് എന്നും അഞ്ചരയ്ക്ക് പുറപ്പെടുന്ന കണ്ണൂർ ഡീലക്സ് എന്ന പച്ച ബസ്. 'കണ്ണൂർ ഡീലക്സ്' സിനിമയിൽ നസീറും ഷീലയും കയറിയ അതേ ബസ്. അതിൽ ജഗതിയും മല്ലികയും കയറിപ്പറ്റി. കോഴിക്കോട്ട് സ്റ്റാൻഡിൽ എത്തിയപ്പോൾ കൈയോടെ പൊക്കാൻ ശ്രീകുമാറിന്റെ അച്ഛൻ സാക്ഷാൽ ജഗതി എൻ.കെ. ആചാരി. നേരത്തെ പറഞ്ഞ വീട്ടിലെത്തിച്ച് ജഗതി എൻ.കെ. ആചാരി 'മാതൃഭൂമി' ജീവനക്കാരനായിരുന്ന ബി.പി. മേനോനെയാണ് അവരെ ഏല്പിച്ചത്. ജഗതി എൻ.കെ ആചാരിയും ഭാര്യയും വി.ബി.മേനോന്റെ വീടിന് തൊട്ടടുത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അവിടെ സൗകര്യം കുറവായതിനാൽ മേനോന്റെ വീട്ടിലാക്കുകയായിരുന്നു. മദിരാശി എന്ന സിനിമ ലോകത്തേക്ക് ജഗതിയും മല്ലികയും യാത്ര പുറപ്പെട്ടതും അങ്ങനെയാണ്. 'ചട്ടമ്പി കല്യാണി'യിലൂടെ അമ്പിളി ആദ്യമായി ജഗതി ശ്രീകുമാർ ആയപ്പോൾ 'ഉത്തരായന'ത്തിലൂടെ മല്ലിക അഭിനയത്തിലേക്ക് കടന്നു.
വർഷങ്ങൾ പോയി. ജഗതി തിരക്കേറിയ നടനായി. അഭിനേതാക്കളുടെ പട്ടികയെഴുതുമ്പോൾ പ്രധാന നടന്റെയും നടിയുടെയും പേർ കഴിഞ്ഞാൽ മൂന്നാമനായി ജഗതി. എസ്.പി. ആശാനും ഭാസിയും ബഹദൂറും തുറന്നുവിട്ട ചിരിക്കുടുക്കയെ തന്റേതായ ശൈലിയിൽ ജഗതി കൂടുതൽ ചിരിനിറച്ച് വളർത്തി. ജഗതിയില്ലാത്ത ഒരു സിനിമ ആലോചിക്കാൻ പറ്റാത്ത അവസ്ഥ.
ക്ഷിപ്രകോപി. ആരെയും കൂസാത്ത പെരുമാറ്റം. അച്ഛൻ പകർന്നടിയ ഭാവാഭിനയം. ഉയർന്ന നടന് കിട്ടുന്ന ബഹുമാനവും സ്ഥാനവും കൂലിയും തനിക്കും അർഹതപ്പെട്ടതാണ് എന്ന് ശബ്ദമുയർത്തിയ ആദ്യ വ്യക്തി. 'അമ്മ'യും അച്ഛനും ഇല്ലാത്ത അക്കാലത്തെ മലയാള സിനിമയെ മുതലാളിയുടെ 'പണപ്പെട്ടി' നിയന്ത്രിച്ചിരുന്ന വ്യവസ്ഥയിൽ നിന്ന് ജഗതിയാണ് പാടേ മാറ്റിയെടുത്തത്.
1995. നാഗർകോവിലിൽ 'തോവാളപ്പൂക്കൾ' എന്ന സിനിമയുടെ ഷൂട്ടിങ്. ഞാൻ ആദ്യമായി ജഗതിയുടെ ചിത്രം എടുക്കുന്നു. മൺപാത്ര തൊഴിലാളികളുടെ കഥ. 'ചിത്രഭൂമി'ക്ക് വേണ്ടി ചിത്രമെടുക്കാൻ ചെന്നതാണ്. രണ്ടുദിവസം താമസം ഒന്നിച്ച്. ആ ബന്ധം വളരെ വലുതായി. എത്ര തിരക്കിലും തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം 'അമൃത' ഹോട്ടലിൽ വച്ച് കാണും. സത്യനും നസീറും കിടന്നുറങ്ങിയ 'അമൃത' ജഗതിയുടെ സ്ഥിരം താവളമായിരുന്നു.
ബാറിന്റെ കവാടത്തിൽ 'നില്പനായി' നില്കുവാൻ ഇഷ്ടപ്പെടുന്ന ജഗതിയെ വരുന്നവരും പോകുന്നവരും പൊതിയും. അമ്പലത്തിലേക്ക് കയറുമ്പോഴെന്ന പോലെ, കയറുന്നവരും ഇറങ്ങുന്നവരും തൊഴും; ഇഷ്ടദേവനെ കണ്ടപോലെ.
ജഗതിയുമായി ബന്ധപ്പെട്ട് ഇനിയും ഓർമകളൊരുപാട്. അതിൽ മനസ്സിൽ ഇന്നും തങ്ങിനില്കുന്നത് മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെ മലയാള സിനിമാലോകം മുഴുവൻ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനിറങ്ങിയ ദിവസത്തേതാണ്.
(തുടരും)