മഞ്ജുവാരിയർ ഫോട്ടോ-ബിനീഷ് ചന്ദ്ര
Columns

സ്ത്രീ എന്ന വാക്ക്,മാതർസംഘം,കുടുംബശ്രീ...പിന്നെ നീലാകാശവാതിലുള്ള വീടും പെൺസൂര്യമുഖങ്ങളും

അതിലേക്കുനോക്കുമ്പോൾ ആകാശത്തിന്റെ ഒരു കീറ് ആ കെട്ടിടത്തിൽ ഒട്ടിച്ചുവച്ചപോലെ തോന്നും. വാതിലിനപ്പുറത്തുനിന്നുള്ള ചിലങ്കയുടെ ശബ്ദം മേഘങ്ങളിൽ നിന്ന് പുറപ്പെട്ടുവരുംപോലെയും...'പിന്നെയും പിന്നെയും' ഭാ​ഗം-5

മഞ്ജുവാരിയര്‍

ഇന്നോളം എഴുതിയവയിൽ ആത്മാവുകൊണ്ടെഴുതിയ വാചകം ഏതായിരുന്നുവെന്ന് ചോദിച്ചാൽ ഒരുപക്ഷേ ആദ്യം മനസ്സിലേക്ക് വരിക അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഏതെങ്കിലും ഒരെണ്ണം തന്നെയായിരിക്കും. അവരാണ് എന്നും ഏതിന്റെയും ആദ്യത്തെ അക്ഷരവും അക്ഷരമാലയും. ആ വാചകം ഞാനൊരിക്കൽ ഏതോ കലോത്സവ ഓർമക്കുറിപ്പിനെഴുതിയതായിരുന്നുവെന്ന് തോന്നുന്നു. അത് ഇങ്ങനെയായിരുന്നു-എന്റെ ചിലങ്കകൾ അച്ഛന്റെയും അമ്മയുടെയും വിയർപ്പുതുള്ളികൾ കൊരുത്തെടുത്തതായിരുന്നു...

എപ്പോൾ ചിലങ്കയെടുത്തു നോക്കുമ്പോഴും എനിക്ക് അങ്ങനെയായിരുന്നു അനുഭവപ്പെട്ടിരുന്നത്. അതിലെ മുത്തുമണികൾ ഞാനെന്നോ അച്ഛന്റെയോ അമ്മയുടെയോ നെറ്റിത്തടത്തിൽ കണ്ടപോലെ. നൃത്തം ചെയ്യുമ്പോൾ അതിലേതെങ്കിലുമൊന്ന് തെറിച്ചുപോകും. പണ്ട് അച്ഛന്റെയും അമ്മയുടെയും മുഖത്തുനിന്ന് ഒരു തുള്ളി നിലത്തേക്കടർന്നു വീണിരുന്നപോലെ. അതുകൊണ്ടുതന്നെ ചിലങ്കയിൽ തൊടുമ്പോൾ ഞാനൊരു തണുപ്പനുഭവിച്ചു. കുഞ്ഞുന്നാളിൽ അച്ഛന്റെയും മുഖമമർത്തുമ്പോൾ കിട്ടിയിരുന്ന കുളിർമപോലെ...

എന്നായിരുന്നു ഞാൻ ആദ്യമായി ചിലങ്കയുടെ ശബ്ദം കേട്ടത്? ഓർമകൾ വീണ്ടും നാ​ഗർകോവിലിലേക്ക് പോകുന്നു. കുട്ടിക്കാലത്തെ ഏറ്റവുമധികം തൊട്ടുനില്കുന്ന അനുഭവങ്ങൾ അവിടെയായതുകൊണ്ടാണ് ആ ദേശം ഇങ്ങനെ എന്റെ കുറിപ്പുകളിൽ ആവർത്തിക്കപ്പെടുന്നത്. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള നാട് എന്റെ ഓർമകളുടെയും ഒരറ്റത്ത് എന്നും മലകളും പാടങ്ങളും കൽമമണ്ഡപങ്ങളുമായി നിലകൊള്ളുന്നു. നാ​ഗർകോവിലിലെ ഏതോ ഒരു വൈകുന്നേരമാണ് ഞാൻ ചിലങ്കയുടെ ശബ്ദം ആദ്യം കേട്ടത്. ഒന്നല്ല,ഒരുപാട് ചിലങ്കകൾ ഒരുമിച്ച് കിലുങ്ങുമ്പോഴുള്ള ശബ്ദം. അതിന് അനുപദമായി ത..തെയ്..ത..തെയ്...എന്ന ശീലുകൾ.

മഞ്ജുവാരിയർ നൃത്തപരിശീലനത്തിനിടെ

അത് ഞങ്ങളുടെ വീടനടുത്തായുള്ള ഒരു ചെറിയ കെട്ടിടത്തിൽ നിന്നായിരുന്നു. നീലനിറമായിരുന്നു അതിന്റെ വാതിലിന്. പക്ഷേ എനിക്ക് എന്നും ഇഷ്ടം അതിനെയൊരു നീലനിറമുള്ള വീടായി സങ്കല്പിക്കാനാണ്. അതിലേക്കുനോക്കുമ്പോൾ ആകാശത്തിന്റെ ഒരു കീറ് ആ കെട്ടിടത്തിൽ ഒട്ടിച്ചുവച്ചപോലെ തോന്നും. വാതിലിനപ്പുറത്തുനിന്നുള്ള ചിലങ്കയുടെ ശബ്ദം മേഘങ്ങളിൽ നിന്ന് പുറപ്പെട്ടുവരുംപോലെയും...

ആ നീലവാതിലുള്ള കെട്ടിടം,അല്ല വീട്... നാ​ഗർകോവിലിലെ കസ്തൂർബ മാതർസംഘത്തിന്റെ ഓഫീസാണ്. രാമവർമപുരത്ത് കളക്ടറേറ്റ് ജങ്ഷനിൽ. തമിഴിൽ മാതർ സംഘം എന്നും മലയാളത്തിൽ മാതൃസംഘം എന്നും പറയും. അടുക്കളയിൽ ഒതുങ്ങിനില്കാതെ അവനവന്റെയുള്ളിലെ അരങ്ങുകളെ കണ്ടെത്തിയ കുറേ സ്ത്രീകളുടെ കൂട്ടായ്മയായിരുന്നു മാതർസംഘം. അവരിൽ ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം, എല്ലാവരും തലയുയർത്തിയായിരുന്നു നടന്നിരുന്നത് എന്നായിരുന്നു. ഇത് എടുത്തുപറയാൻ കാരണം അക്കാലത്തിന്റേതായ യാതൊരുവിധ അസ്വാതന്ത്ര്യങ്ങളും അവർ അനുഭവിച്ചിരുന്നില്ല എന്നത് സൂചിപ്പിക്കാനാണ്. അത് 1980കൾ ആയിരുന്നു. അന്നൊക്കെ പലയിടങ്ങളിലും വീട്ടിനുള്ളിൽ നിന്ന് പുറത്തെ അന്തരീക്ഷത്തിലേക്ക് തലനീട്ടി ശുദ്ധവായു ശ്വസിക്കാൻ സ്ത്രീകൾക്ക് അവസരം കിട്ടുന്നതുതന്നെ അപൂർവം അവസരങ്ങളിലായിരുന്നു. അടുക്കളിൽ പുലർന്ന് അവിടെത്തന്നെ അസ്തമിച്ചിരുന്നു അന്ന് അവരുടെ പകലുകൾ. അവിടത്തെ പുക അവരുടെ നെഞ്ചിനുള്ളിലിരുന്ന് എന്നും പ്രാവുപോലെ കുറുകിക്കൊണ്ടേയിരുന്നു..

അങ്ങനെയൊരു കാലത്താണ് തമിഴ്നാട്ടിലൊരിടത്ത് കുറേ സ്ത്രീകൾ ഒത്തുചേർന്ന് നൃത്തം ചെയ്യാൻ തുടങ്ങിയതും തലയുയർത്തി തെരുവുകളിലൂടെ നടന്നതും. അവരെല്ലാം ആ കെട്ടിടത്തിനകത്തും പുറത്തും ആഹ്ലാദവതികളായി നടന്നു. ആ നീലവാതിലനരികെ നില്കുമ്പോൾ അവരുടെയെല്ലാം മുഖം നട്ടുച്ചയിലെ സൂര്യനെപ്പോലെ പ്രകാശിച്ചു. തെളിനീലയിൽ കുറേ പെൺസൂര്യമുഖങ്ങൾ...

അവിടെ നൃത്തം മാത്രമായിരുന്നില്ല. ചിലർക്കത് പാചകത്തിന്റെ പുതിയ രുചിക്കൂട്ടുകൾ കണ്ടെത്തുന്നതിനുള്ള പരീക്ഷണശാലയായിരുന്നു. മറ്റുചിലർ അതിനകത്ത് തയ്യൽ പഠിച്ചു. അവർ തുന്നിയിട്ട തൂവാലകളിൽ നിന്ന് കിളികൾ പറന്നു,അവരുടെ സ്വാതന്ത്ര്യപ്രഖ്യാപനം പോലെ. മറ്റുചിലർ ഒരിടത്ത് കൂട്ടം കൂടിയിരുന്ന് പല വിഷയങ്ങൾ ചർച്ച ചെയ്തു. സാഹിത്യം മുതൽ സം​ഗീതവും സ്പോർട്സും വരെ. ഈ കാഴ്ചകളുടെ പശ്ചാത്തലത്തിലായിരിക്കും പലപ്പോഴും ചിലങ്കകളുടെ ശബ്ദവും ത..തെയ്..ത..തെയ് ശീലുകളും.

ആ പെൺവീടിന്റെ മുന്നിലൂടെ പോകുമ്പോൾ കണ്ണുകളൊരുനിമിഷം അങ്ങേട്ടേക്കാകും. ആ ചിലങ്കകളുടെ ശബ്ദം എന്നെ കൊതിപ്പിച്ചു. നൃത്തം പഠിപ്പിക്കണമെന്ന് ആശിപ്പിച്ചു. പക്ഷേ ഞാനപ്പോൾ അച്ഛനെയോർത്തു,പിന്നെ കണ്ണും കാതുംപിൻവലിച്ച് മുന്നോട്ടേക്ക് നടന്നു. എന്നെപ്പോലെ അമ്മയും ആശിച്ചിരിക്കണം ആ സ്ത്രീകളിലൊരാളാകാൻ. പക്ഷേ ഞങ്ങൾ അച്ഛനൊരു അധികഭാരം കൊടുക്കാൻ ആ​ഗ്രഹിച്ചില്ല. അപ്പോൾ തന്നെ ഞങ്ങളെയും മുകളിലിരുത്തി മുന്നോട്ടോടുമ്പോഴും ഇടയ്ക്കിടെ കിതയ്ക്കുന്ന ഒരു പാവം കുതിരയായിരുന്നു അച്ഛൻ.

എനിക്കുതോന്നുന്നു, മാതർസംഘത്തിലെ സ്ത്രീകൾക്ക് മനസ്സറിയാനുള്ള ശേഷിയുമുണ്ടായിരുന്നെന്ന്. തങ്ങൾക്കിടയിലേക്ക് കടന്നുവരാൻ കൊതിച്ച ഒരു പെൺഹൃദയത്തിന്റെ മിടിപ്പ് അവർ കേട്ടു,അതിന്റെ തീവ്രത അളന്നു. അങ്ങനെ അമ്മയെ അവർ സന്തോഷപൂർവം മാതർസംഘത്തിലേക്ക് ക്ഷണിച്ചു. പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസം അവിടെയില്ലായിരുന്നു. ആരും ആരെയും ഭരിച്ചില്ല. എല്ലാവർക്കും ഒരേ പരി​ഗണന,സ്ഥാനം,അഭിപ്രായപ്രകടനസ്വാതന്ത്ര്യം. മുകൾനിലയിൽ നിന്നുള്ള കാഴ്ചപോലെ ഞാൻ ഉയരത്തിൽ,നീ താഴത്ത് എന്ന ഭാവവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതൊരു മാവേലിനാടോ,സമ്പൂർണസോഷ്യലിസ്റ്റ് റിപ്പബ്ലിക്കോ ഒക്കെയായിരുന്നു.

അമ്മ മാതർസംഘത്തിലൊരാളായതോടെ എനിക്കു മുന്നിലും തുറന്നു,അതിന്റെ നീലവാതിൽ. എന്റെ ഉള്ളിലാണപ്പോൾ ചിലങ്കകൾ കിലുങ്ങിയത്. ഞാനാ നീലവാതിലിലൂടെ ആകാശത്തിലേക്കെന്നവണ്ണം കാലെടുത്തുവെച്ചു.

സെലിൻകുമാരി ടീച്ചറാണ് മാതർസംഘത്തിൽ നൃത്തം പഠിപ്പിച്ചിരുന്നത്. അവിടെവച്ചാണ് ഞാൻ ആദ്യമായി ചിലങ്കയണിഞ്ഞതും. എനിക്കവിടം നൃത്തം പഠിക്കാനുള്ള സ്ഥലം മാത്രമായിരുന്നില്ല. ഞാൻപോലുമറിയാതെ മറ്റുചില പാഠങ്ങൾ കൂടി എന്റെയുള്ളിൽ പതിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ത്രീ എന്ന വാക്കിന്റെ ശക്തിയും സൗന്ദര്യവുമായിരുന്നു. എന്താണ് സ്ത്രീയുടെ സൗന്ദര്യം അല്ലെങ്കിൽ കരുത്ത് എന്ന ചോദ്യം ചിലപ്പോഴൊക്കെ നേരിട്ടിട്ടുണ്ട്. എനിക്കുതോന്നുന്നു, ആ വാക്കുതന്നെയാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യവത്തായ കാഴ്ചയും ഏറ്റവും കരുത്തുറ്റ പദവും എന്ന്. അത് മനസ്സിലാക്കിത്തുടങ്ങിയത് മാതർസംഘത്തിൽ വച്ചാണ്.

നൃത്താധ്യാപിക സെലിൻകുമാരിക്കൊപ്പം മഞ്ജു വാരിയരും അമ്മ ​ഗിരിജാവാരിയരും

അവിടെ ഡോ.ഇന്ദിരാസുരേന്ദ്രൻ എന്ന ഇന്ദിരയാന്റിയുണ്ടായിരുന്നു,ശാന്താ ബാലകൃഷ്ണൻ എന്ന ശാന്തയാന്റിയുണ്ടായിരുന്നു...അവരുടെയെല്ലാം മുഖങ്ങളും ചലനങ്ങളും ഇന്നലെയെന്നപോലെ ഓർമയിലുണ്ട്. ഇന്ദിരയാന്റി അന്നത്തെ ഫാഷൻസിംബൽ എന്ന് വേണമെങ്കിൽ വിളിക്കാവുന്ന സ്ലീവ് ലെസ് ബ്ലൗസ് ധരിക്കുമായിരുന്നു. ഈ വരികൾ വായിക്കുമ്പോൾ ചിലർക്കെങ്കിലും സുകുമാരിയാന്റി ചില സിനിമകളിൽ ചെയ്ത സൊസൈറ്റി ലേഡി വേഷങ്ങൾ ഓർമവരുമായിരിക്കും. അവർക്കുവേണ്ടി പറയട്ടെ,അങ്ങനെയൊരാളേയല്ലായിരുന്നു ഇന്ദിരയാന്റി. മാതർസംഘം ഒരിക്കലും പൊങ്ങച്ചം പറയുന്ന സ്ത്രീകളുടെ ക്ലബ്ലുമായിരുന്നില്ല. ലോകത്തിലെ ഏറ്റവും പുതിയ ചലനത്തെപ്പോലും അറിയുകയും അതിനെ സ്വന്തം ശരീരത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നിടത്തോളം വിശാലമായിരുന്ന ആ സ്ത്രീകളുടെ ലോകം എന്ന് മാത്രം കരുതുക.

പില്കാലത്ത് അമ്മ പറഞ്ഞാണ് മാതർസംഘത്തിന്റെ ചരിത്രം അറിഞ്ഞത്. ശാന്തയാന്റിക്ക് പാരമ്പര്യമായി കിട്ടിയതാണ് ഇത്തരം പുരോ​ഗമനപരമായ ചുവടുവയ്പുകൾക്കുള്ള ധൈര്യം. ആന്റിയുടെ അച്ഛൻ അ‍ഡ്വ.ശങ്കരപ്പിള്ള സ്വാതന്ത്ര്യസമരസേനാനിയും കോൺ​ഗ്രസ് നേതാവുമായിരുന്നു. അമ്മ ഭാർ​ഗവിയമ്മയാണ് മാതർസംഘത്തിന്റെ തുടക്കക്കാരിലൊരാൾ. അവരുടെ സഹോദരിയുടെ പേര് സരളാദേവി എന്നായിരുന്നു. പൂർണമായും ​ഗാന്ധിമാർ​ഗത്തിലൂടെ സ‍ഞ്ചരിച്ച ഒരു സ്ത്രീ. ​ഗാന്ധി​ഗ്രാമിൽ നിന്ന് പരിശീലനം നേടിയ സരളാദേവിയാണ് മാതർസംഘത്തിന്റെ ആശയങ്ങൾ രൂപപ്പെടുത്തിയത്. അമ്മയും ഇളയമ്മയും ചേർന്ന് സൃഷ്ടിച്ച ഒരു മഹത്തായ പ്രസ്ഥാനത്തെ വളർത്തിയെടുക്കുകയായിരുന്നു ശാന്തയാന്റി. ഭാർ​ഗവിയമ്മയ്ക്ക് സരളാദേവി എപ്രകാരമാണോ കൂട്ടായത് അതുപോലെ ആന്റിക്കൊപ്പം സഹോദരി അഡ്വ.വസന്തകുമാരിയുമുണ്ടായിരുന്നു. അവർ രണ്ടുപേരും ചേർന്ന് മാതർസംഘത്തെ ജാതിമതഭേദമില്ലാത്ത ഒരിടമാക്കി മാറ്റി. അവിടേക്കെത്തിയ ഒരു സ്ത്രീപോലും പിന്നെ ജീവിതവഴിയിൽ തളർന്നിരുന്നില്ല. അമ്മ പോലും കൂടുതൽ ധീരയായിത്തീർന്നത് മാതർസംഘത്തിലെത്തിയതിനുശേഷമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

അവിടത്തെ അമ്മമാർ പരസ്പരം ചേർത്തുപിടിച്ചു. തോളോടുതോൾ ചേർന്ന് മുന്നോട്ടുനടന്നു. കാലത്തിന്റെ മാറ്റങ്ങളെ നേരിൽ കണ്ടു. അതിനനുസരിച്ച് സ്വയം മാറിക്കൊണ്ടേയിരുന്നു. അന്ന് അവരിലൊരാളുടെ സ്വപ്നം എല്ലാവരുടേതുമായിരുന്നു. ഒരാൾക്ക് നൊന്തപ്പോൾ എല്ലാവർക്കും നൊന്തു. ഒരാൾ ചിരിച്ചപ്പോൾ എല്ലാവരും ചിരിച്ചു. പക്ഷേ അവരിലൊരാൾ പോലും ഒരിക്കലും കരഞ്ഞില്ല...അത് കരച്ചിലുകളില്ലാത്ത വീടായിരുന്നു...

ഞാൻ ആദ്യമായി നൃത്തം അവതരിപ്പിച്ചപ്പോൾ അണിയാനുള്ള ആഭരണങ്ങൾ കടംതന്നത് ഇന്ദിരയാന്റിയാണ്. സ്വന്തം മകളുടെ ആഭരണങ്ങളാണ് ആന്റി എടുത്തുനല്കിയത്. പക്ഷേ അതിലൊരു കടത്തിന്റെ ഔദാര്യം പുരണ്ടുനിന്നില്ല. തന്റെ മകൾക്കുള്ളതിനെ ഇല്ലാത്ത മറ്റൊരു മകൾക്കായി പങ്കുവയ്ക്കുകയായിരുന്നു ആന്റി. അതിൽ നിറയെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിളക്കമായിരുന്നു. കാലമെത്ര കഴിഞ്ഞിട്ടും ചിലങ്കയെടുക്കുമ്പോൾ അച്ഛനെയും അമ്മയെയും ഓർമിക്കുംപോലെ ഞാൻ മാതർസംഘത്തിലേക്കും ഇന്ദിരയാന്റിലേക്കും ആ നീലവാതിലുള്ള വീട്ടിലേക്കും മനസ്സുകൊണ്ട് സഞ്ചരിക്കും.

ശാന്താബാലകൃഷ്ണനൊപ്പം മഞ്ജു വാരിയരും അമ്മ ​ഗിരിജാവാരിയരും

സ്ത്രീകളുടെ കൂട്ടായ്മകളെക്കുറിച്ച് ചിന്തിക്കുന്നതുപോലും അസാധ്യമായിരുന്ന നാളുകളിലായിരുന്നു രാജ്യത്തിന്റെ ഒരു കോണിൽ ചിലർ മാതർസംഘം എന്ന വിത്തുപാകിയതും അതിനെയൊരു മരമാക്കി വളർത്തിയതും. ആറുവർഷം മുമ്പ് അതിന് മുക്കാൽ നൂറ്റാണ്ട് പ്രായമായപ്പോൾ ഞാനും അഭിമാനിച്ചു,ഒരു ചെറു ഇലയാകാൻ കഴിഞ്ഞതിൽ.

മാതർസംഘത്തിന്റെ മാതൃകയിൽ സ്ത്രീകളുടെ കൂട്ടായ്മ ഇന്നും പലയിടങ്ങളിലുമുണ്ട്. കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന് അതിന്റെ നല്ല ഛായയുണ്ട്. വലിപ്പച്ചെറുപ്പങ്ങളില്ലാതെ സ്ത്രീകൾ ഒരുമിച്ചുകൂടുന്ന കുടുംബശ്രീഅയൽക്കൂട്ടങ്ങൾ ഓരോന്നും നീലവാതിലുള്ള മാതർസംഘത്തപ്പോലെയാണ്. കുടുംബശ്രീയുടെ പ്രവർത്തനങ്ങളുമായി പലവിധത്തിൽ സഹകരിച്ചപ്പോഴൊക്കെ ഞാൻ മാതർസംഘത്തിന്റെ മുറ്റത്ത് പ്രകാശിച്ചിരുന്ന പെൺസൂര്യമുഖങ്ങളെയാണ് വീണ്ടും നേരിൽക്കണ്ടത്. എല്ലാവരുടെയും മുഖത്ത് എന്തൊരു തെളിച്ചം,അഭിമാനം. വർഷങ്ങൾക്കപ്പുറത്ത് നാ​ഗർകോവിലിലെ നിരത്തിലും ആ വീടിന്റെ ഇടനാഴികളിലും കണ്ട സ്ത്രീകളെപ്പോലെ അവരും തല ഉയർത്തിപ്പിടിച്ചുതന്നെയാണ് നിന്നത്.

സിനിമയിലേക്ക് തിരിച്ചുവന്ന സമയത്ത് കുടുംബശ്രീയുടെ ബ്രാൻഡ് അംബാസിഡറാകാൻ ക്ഷണിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ അത് സ്വീകരിച്ചത് എന്റെയുള്ളിൽ പഴയ മാതർസംഘകാലം ഉണ്ടായിരുന്നതുകൊണ്ടുതന്നെ. മട്ടുപ്പാവ് കൃഷിയെന്ന ചെറിയ സംരംഭത്തിലൂടെ വലിയൊരു സന്ദേശത്തിന്റെ കായ്കനികൾ സമ്മാനിച്ച 'ഹൗ ഓൾഡ് ആർ യു' കണ്ട് ഏറ്റവും കൂടുതൽ എന്നെ വിളിച്ചതും നല്ലവാക്കുകൾ പറഞ്ഞതും കേരളമെങ്ങുമുള്ള കുടുംബശ്രീ അം​ഗങ്ങളാണ്. പിന്നീട് 'പ്രതി പൂവൻകോഴി' എന്ന സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ തിരുവനന്തപുരത്ത് അത് കണ്ടത് നൂറോളം കുടുംബശ്രീ പ്രവർത്തകർക്കൊപ്പമാണ്. അവരിൽ ഞാൻ ഒരുപാട് ഇന്ദിരയാന്റിമാരെയും ശാന്തയാന്റിമാരെയും കണ്ടു. സ്ത്രീ എന്ന വാക്കിന്റെ സൗന്ദര്യവും കരുത്തും തൊട്ടറിഞ്ഞു.

അതുകൊണ്ടുതന്നെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഏറെ താത്പര്യത്തോടെ ശ്രദ്ധിക്കാറുമുണ്ട്. അഭിനയത്തിൽ താത്പര്യമുള്ളവർക്കായി തുടങ്ങിയ രം​ഗശ്രീ പോലെയുള്ള ദൗത്യങ്ങൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന ആ വിഖ്യാതമായ പ്രയോ​ഗത്തിന്റെ സാക്ഷാത്കാരം തന്നെയാണ്. ആ അരങ്ങുകളിൽ ജനിക്കട്ടെ,അടുക്കളപുകയ്ക്കുള്ളിൽ ശ്വാസംമുട്ടിമരിക്കുമായിരുന്ന അനേകം അഭിനേത്രിമാർ...അവരുടെ നെഞ്ചിനുള്ളിൽ നിന്ന് പുറത്തേക്ക് പറക്കട്ടെ അനേകമനേകം വെൺപിറാവുകൾ...

കുടുംബശ്രീ ലോ​ഗോ

തളർന്നുവെന്ന് തോന്നുമ്പോൾ പണ്ട് അമ്മയ്ക്കും കൂട്ടുകാരികൾക്കും മാതർസംഘം തുണയായതുപോലെ ഇന്ന് സ്ത്രീകൾക്ക് കുടുംബശ്രീയുടെ സ്നേഹിത എന്ന സംരംഭത്തിന്റെ കൂട്ടുണ്ട്. കേരളത്തിലെ പതിനാല് ജില്ലകൾക്കും പിന്നെ അട്ടപ്പാടിക്ക് മാത്രമായും ആകെ 15 സ്നേഹിത ജൻഡർ ഹെൽപ് ‍ഡസ്കുകൾ. വിദൂരസ്ഥലങ്ങളിലുള്ളവർക്കായി എക്സ്റ്റൻഷൻ സെന്ററുകളുമുണ്ട്. സ്നേഹിത- ആ വാക്കുതന്നെ എത്രമനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്! തനിച്ചല്ല,ഞാൻ കൂട്ടുകാരിയായുണ്ട് എന്നൊരാൾ പറയുകയാണ്. സ്നേഹിതയുടെ ഫോൺനമ്പറിനപ്പുറത്ത് വെറും മാനസികപിന്തുണ മാത്രമല്ല,ഏത് പാതിരാത്രിയിലും കയറിച്ചെല്ലാവുന്ന ഒരു അഭയകേന്ദ്രം കൂടിയാണുള്ളത്. അതിന്റെ വാതിലുകൾ ഒരിക്കലും അടയ്ക്കാറില്ല. ഇതിനൊപ്പം പോലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് എ.സി.പി-ഡി.വൈ.എസ്.പി ഓഫീസുകളിൽ ആഴ്ചയിൽ രണ്ടുപ്രാവശ്യം സ്ത്രീകൾക്ക് കൗൺസലിങ് സൗകര്യം കൂടി ഏർപ്പെടുത്തിക്കൊണ്ട് സ്നേഹിത സമ്മാനിക്കുന്നുണ്ട് ഞാൻ പണ്ടുകണ്ട നീലവാതിലുള്ള അമ്മവീടിന്റെ സാന്ത്വനം.

പ്രിയപ്പെട്ട കുടുംബശ്രീ അം​ഗങ്ങളോട് ഒരുകാര്യം കൂടി പറയട്ടെ...ആഴ്ചയിലൊരിക്കൽ അയൽക്കൂട്ടങ്ങളായി ഒത്തുകൂടുമ്പോൾ നിങ്ങൾക്ക് കുറച്ചുസമയം നിങ്ങൾക്കുള്ളിലെ പാട്ടുകാരിക്കോ നർത്തകിക്കോ എഴുത്തുകാരിക്കോ ആയി മാറ്റിവച്ചുകൂടേ..? അങ്ങനെ ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് എന്റെ കൂപ്പുകൈ. ഏറ്റവുമടുത്ത സൗഹൃദവലയത്തിലാകും ചിലർ പാടുക,അല്ലെങ്കിൽ ചുവടുവയ്ക്കുക,അല്ലെങ്കിൽ കവിത ചൊല്ലുക. അങ്ങനെ നിങ്ങളുടേതായ പാട്ടും നൃത്തവും കഥയും കവിതയും കൊണ്ട് കൂടുതൽ ആ​ഹ്ലാദഭരിതവും സം​ഗീതാത്മകവുമാകട്ടെ അയൽക്കൂട്ടസായാഹ്നങ്ങൾ. യാതൊരു സങ്കോചവുമില്ലാതെ ഏറ്റവുമടുത്ത കൂട്ടുകാരികൾക്ക് നടുവിലെന്നോണം നിങ്ങൾ കുറച്ചുനേരം പാടുക,നൃത്തം ചെയ്യുക,കവിത ചൊല്ലുക,കഥ പറയുക..ആനന്ദിക്കുക....അങ്ങനെ കേരളമെമ്പാടും ഓരോ ആഴ്ചയിലും സൃഷ്ടിക്കപ്പെടട്ടേ ഒരായിരം ആനന്ദക്കൂട്ടങ്ങൾ.....ഒരായിരം ആഹ്ലാദവൈകുന്നേരങ്ങൾ...

അങ്ങനെ നൃത്തം ചെയ്യുമ്പോഴോ പാട്ടുപാടുമ്പോഴോ കവിത ചൊല്ലുമ്പോഴോ നിങ്ങളുടെ വാതിലനപ്പുറത്ത് ചിലപ്പോൾ ഒരു പെൺമുഖം കൗതുകത്തോടെ പ്രത്യക്ഷപ്പെട്ടേക്കാം. ചിലപ്പോൾ അതൊരു കുട്ടിയായിരിക്കാം...അല്ലെങ്കിൽ നിങ്ങൾക്കൊപ്പം ഇടം കിട്ടാതെ പോയ ഒരു സ്ത്രീ..അതുമല്ലെങ്കിൽ ഒരു അമ്മൂമ്മ...അവരെയും ക്ഷണിക്കുക...അവർക്കായി തുറന്നിടുക, നിങ്ങളുടെ ആകാശത്തിന്റെ നീലവാതിൽ...

കാരണം,അത്തരമൊരു വാതിൽതുറക്കുന്നതും കാത്ത് പണ്ടൊരു പെൺകുട്ടി നിന്നിരുന്നു....അവളുടെ വരികളാണ് നിങ്ങൾ ഇത്രയും നേരം വായിച്ചത്....

(തുടരും)