'സമ്മർ ഇൻ ബത് ല​ഹേമി'ന്റെ ക്ലൈമാക്സ് രം​ഗത്തിൽ നിരഞ്ജനായി മോഹൻലാലും അഭിരാമിയായി മഞ്ജു വാരിയരും അറേഞ്ച്ഡ്
Columns

നിരഞ്ജനിൽ നിന്ന് ലാലേട്ടനിലേക്കുള്ള ഒറ്റയടിപ്പാത

മഞ്ജു വാരിയർ ആദ്യമായി എഴുതുന്ന വെബ് കോളം 'പിന്നെയും പിന്നെയും' ഭാ​ഗം-14

മഞ്ജുവാരിയര്‍

കഴിഞ്ഞതവണ എഴുതിനിർത്തിയത് ഒകിനാവയെക്കുറിച്ചും അവിടത്തെ ആനന്ദജീവിതത്തെക്കുറിച്ചും പറയാൻ ബാക്കിവെച്ചാണ്. ഇത്തവണ അതേപ്പറ്റി വിശദമായി പറയാമെന്നാണ് കരുതിയതും. പക്ഷേ അത് മാറ്റിവച്ച്, ഒകിനാവഓർമകളിൽ നിന്ന് ഒരിടവേളയെടുത്ത് മറ്റൊരു മനോഹരമായ ദ്വീപിലേക്ക് യാത്ര പോകുകയാണ്. നാലുവശവും ആൾക്കൂട്ടത്താൽ ചുറ്റപ്പെട്ടുകിടക്കുമ്പോഴും ഏകാകിയാകാനാകുമെന്ന് പറയുന്നൊരു ഒറ്റത്തുരുത്ത്. ഓരോ നിമിഷവും ഓരോ കാഴ്ചയായി തോന്നിപ്പിക്കുന്ന ഒരിടം. ഒരു തവണ കണ്ടാൽ പിന്നെയും പിന്നെയും ക്ഷണിച്ചുകൊണ്ടേയിരിക്കുന്ന, എന്നാൽ എത്ര കണ്ടാലും മതിവരാത്ത സഥലം. വസന്തം എന്ന ഒറ്റ ഋതു മാത്രമുള്ള ഭൂപ്രദേശം. അങ്ങനെ, അലങ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും അഭിനയസിദ്ധിയുടെയും അപാരമായ ജീവിതദർശനങ്ങളുടെയും മഹാസമുദ്രങ്ങൾക്കുനടുവിലെ ആ ദ്വീപിനെ നമ്മൾ മോഹൻലാൽ എന്നു വിളിക്കുന്നു.

ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ അത്യുന്നതിയിൽ ലാലേട്ടൻ നില്കുന്ന ഈ നിമിഷം മറ്റെല്ലാ യാത്രാഓർമകളും മാറ്റിവച്ച് ആ വിസ്മയമനുഷ്യനിലേക്കേല്ലാതെ ഏങ്ങോട്ടേക്കാണ് പോകാനാകുക! ഓരോ മലയാളിയുടെയുമെന്നപോലെ എന്റെയും അഭിമാനമുഹൂർത്തമാണിത്. നമുക്കിടയിൽ നിന്നൊരാൾ ഇന്ത്യൻ സിനിമയുടെ ഏറ്റവും ഉയരംതൊട്ടു എന്നത് സിനിമയെ സ്നേഹിക്കുന്ന ഏതൊരാളെയും പോലെ എന്നെയും ആഹ്ലാദിപ്പിക്കുന്നു,ആവേശഭരിതയാക്കുന്നു.

നമ്മൾ മലയാളികൾ നമ്മുടേത് എന്ന കരുതി നെഞ്ചോടുചേർക്കുന്ന ചുരുക്കം ചിലതിലുള്ളതാണ് മമ്മൂക്കയും ലാലേട്ടനും. ഞാറ്റുവേലപോലെ, ചുണ്ടൻവള്ളംകളിപോലെ,ഓണവും ഓണവില്ലുംപോലെയുള്ള അപൂർവം ചിലതിൽ ഉൾപ്പെടുന്നവർ. അവരെ നമ്മൾ വിളിക്കുന്ന പേരിൽപോലും നിറയുന്നത് വീട്ടിലെ ഒരാളോടുള്ള സ്നേഹമാണ്. ഇവർ രണ്ടുപേരെയും ഓർക്കാത്ത ഒരുദിവസം പോലും ഒരുപക്ഷേ മലയാളികളുടെ ജീവിതത്തിലുണ്ടാകില്ല. ഒരു സിനിമാപോസ്റ്ററായോ,പാട്ടായോ,ദൃശ്യമായോ അല്ലെങ്കിൽ പുതുകാലത്ത് റീലുകളായോ എല്ലാം ദിവസത്തിൽ ഒരുതവണയെങ്കിലും അവർ നമ്മെ വന്നുതൊടുന്നു. അതുകൊണ്ടാണ് ലാലേട്ടന്റെ നേട്ടം മലയാളികൾ ഇത്രമാത്രം ആഘോഷിക്കുന്നതും.

ലാലേട്ടനൊപ്പം ഞാൻ ആദ്യമായി അഭിനയിക്കുന്നത് 'ആറാംതമ്പുരാനി'ലാണ്. മമ്മൂക്കയെക്കുറിച്ചുള്ള കുറിപ്പെലെഴുതിയ പോലെ മമ്മൂക്കയുടെ സിനിമകൾ കുട്ടിക്കാലത്ത് എന്നെ ഏറെയും കരയിച്ചപ്പോൾ ലാലേട്ടന്റെ സിനിമകൾ ചിരിപ്പിക്കുകയായിരുന്നു. തോളുചരിച്ചുനടന്നും തലകുത്തിമറിഞ്ഞും കണ്ണുകൾകൊണ്ട് കുസൃതികാണിച്ചും മരംചുറ്റിയോടിയും മനസ്സുകീഴടക്കിയ മോഹൻലാലിനെയാണ് ഞാനും കണ്ടുവളർന്നത്. അദ്ദേഹത്തിന് മുന്നിൽ ചെന്നുനിന്നത് ആ അഭിനയമാന്ത്രികത അടുത്തുനിന്ന് കാണാമല്ലോ,അതുകണ്ട് പഠിക്കാമല്ലോ എന്ന് കൂടി കൊതിച്ചാണ്. അതിനൊപ്പം ലേശം പേടിയും ഉള്ളിലുണ്ടായിരുന്നു. 'ആറാംതമ്പുരാനു'ശേഷം എല്ലാ അഭിമുഖങ്ങളിലും എനിക്ക് നേരിടേണ്ടി വന്ന ചോദ്യം 'മോഹൻലാലിനൊപ്പമുള്ള അഭിനയം എങ്ങനെയായിരുന്നു' എന്നാണ്. പക്ഷേ ആ സിനിമയിൽ ലാലേട്ടൻ പറയും പോലെ എനിക്കിന്നും ഉത്തരംകിട്ടാത്ത ചോദ്യമാണത്.

'ആറാം തമ്പുരാനി'ൽ മോഹൻലാലും മഞ്ജുവാരിയരും

ആദ്യദിവസങ്ങളിലൊക്കെ ഒപ്പമുള്ള രംഗങ്ങളിൽ ലാലേട്ടൻ അഭിനയിക്കുകയാണെന്ന് തോന്നിയില്ല. എന്റെ കൂടെ അഭിനയിക്കാനുള്ള താത്പര്യക്കുറവുകൊണ്ടായിരിക്കും എന്നാണ് വിചാരിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും മാറ്റമൊന്നുമില്ല. ഞാൻ പ്രതീക്ഷിച്ച ആ 'അഭിനയം' അദ്ദേഹത്തിൽ എവിടെയും കാണുന്നില്ല. കാലങ്ങളായി സ്ക്രീനിൽ കണ്ട് അദ്ഭുതപ്പെട്ട മോഹൻലാൽ ഇതായിരുന്നോ എന്നുപോലും ചിന്തിച്ചുപോയി. പക്ഷേ സിനിമ കണ്ടപ്പോഴാണ് ഞെട്ടിയത്. ലാലേട്ടനതാ പഴയ മോഹൻലാലിനെപ്പോലെ തന്നെ. ഓരോ അണുവിലും നിറയുന്ന എന്തെല്ലാംതരം ഭാവലോകങ്ങൾ...അരികെനിന്നുകൊണ്ട് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ കാണിച്ചിരുന്നുവോ എന്ന് സംശയിച്ചുപോയി. അഭിനയത്തെക്കുറിച്ചുള്ള എന്റെ അബദ്ധധാരണകളെയൊക്കെ തിരുത്തിത്തന്നുകൊണ്ട്, സ്വഭാവികമായ പെരുമാറ്റമാകണം അഭിനേതാവിന്റേത് എന്ന് പറഞ്ഞുതരികയായിരുന്നു ലാലേട്ടൻ.

ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹം ചെയ്യുന്നതൊക്കെ സ്ക്രീനിൽവരുമ്പോൾ മറ്റൊന്നായി മാറുന്നു. അതാണ് ശരിക്കും ലാൽമാജിക്. തനിക്കും തീയറ്ററിലെ ‌വെള്ളനിറത്തിലുള്ള പ്രതലത്തിനുമിടയിൽ അദ്ദേഹം തനിക്ക് മാത്രം അറിയാവുന്ന എന്തോ ഒരു ഇന്ദ്രജാലം കാണിക്കുന്നു. തൊപ്പിക്കുള്ളിൽ പൂവിനെക്കാണിച്ച് പിന്നെയതിനെ പ്രാവായി വിടർത്തിവിടുംപോലെയുള്ള ജാലവിദ്യ. അഭിനയം മാത്രമാണ് എനിക്ക് അറിയാവുന്ന ജോലി എന്ന് സഹപ്രവർത്തകരോടെല്ലാം എപ്പോഴും പറയുന്ന ലാലേട്ടനെ സിനിമ തിരിച്ച് വല്ലാതെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാകാം അദ്ദേഹം അഭിനയിക്കുമ്പോൾ ചെയ്യുന്നതിനെ പതിന്മടങ്ങാക്കി സിനിമയെന്ന കലാരൂപം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. അത് ലാലേട്ടനും സിനിമയ്ക്കുമിടയിൽ സംഭവിക്കുന്ന മറ്റൊരു മാന്ത്രികവിനിമയം.

മോഹൻലാലും മഞ്ജുവാരിയരും

നായകരിൽ ലാലേട്ടനോടൊപ്പമാണ് ഞാൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. 'എമ്പുരാൻ' കൂടിയായതോടെ ഒമ്പത് സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. ഇതിൽ എല്ലാവരും എപ്പോഴും പറയാറുള്ളത് 'ആറാം തമ്പുരാനെ'യും 'കന്മദ'ത്തെയും കുറിച്ചാണ്. പക്ഷേ അവയേക്കാളേറെ വ്യക്തിപരമായി ഇഷ്ടം ലാലേട്ടൻ എനിക്കൊപ്പം വെറും ഒമ്പതുമിനിട്ടുകൾ മാത്രമുള്ള ആ സിനിമയാണ്-'സമ്മർ ഇൻ ബത് ലഹേം'. അതിലെ നിരഞ്ജനാണ് എന്റെ ഇക്കാലംവരേയ്ക്കുമുള്ള ഏറ്റവും പ്രിയപ്പെട്ട നായകൻ. ആ നഷ്ടനായകൻ എന്നെ ഇന്നും പിന്തുടരുന്നു,ഓർക്കുമ്പോഴൊക്കെ ഉള്ളാലെ കരയിക്കുന്നു,പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞുതരുന്നു...ഞാനപ്പോൾ അഭിരാമിയായി മാറുന്നു...

ചെന്നൈയിലെ ഏതോ കെട്ടിടത്തിലായിരുന്നു 'സമ്മർ ഇൻ ബത് ലഹേമി'ന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. അതിലേക്കുള്ള കോണിപ്പടികൾ കയറിപ്പോയത് ഇന്നും ഓർമയുണ്ട്. ആ കോണിപ്പടികൾ ഇതെഴുതുമ്പോൾ വീണ്ടും എന്നെ നിരഞ്ജന് മുന്നിൽ കൊണ്ടുചെന്നുനിർത്തുന്നു. ഞങ്ങളെല്ലാവരും അത്രയും നേരം അഭിനയമെന്ന പേരിൽ അധ്വാനിച്ചതിനെയൊക്കെ കേവലം പത്തുനിമിഷം കൊണ്ട് ലാലേട്ടൻ ഇല്ലാതാക്കിക്കളയുകയായിരുന്നു. സൂക്ഷിച്ചുനോക്കിയാലറിയാം, നടന്നുവന്നതിനുശേഷം ആ അഴികൾക്ക് പിന്നിലുള്ള ഇത്തിരിപ്പോന്ന സ്ഥലത്തുനിന്നുകൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്,അല്ല നിരഞ്ജനായി പെരുമാറുന്നത്... ജീവിക്കുന്നത്. ഒരു ജയിൽപ്പുള്ളിയുടെ എല്ലാ അസ്വാതന്ത്ര്യങ്ങളും ആ അഭിനേതാവിനുമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അതിനുമീതേ വികാരവായ്പോടെ സ്വതന്ത്രനായി വിഹരിച്ചുനിന്നു. അഭിരാമിയുടെ കൈകളിൽ നിന്ന് താലിവാങ്ങുന്ന നേരം ഒരു പ്രാവ് ചിറകുകുടയുംപോലെ ചുമലൊന്നിളക്കിയും,പിന്നെ അഴികളിൽ തൊട്ടുനിന്നും പിന്നോട്ടൊന്ന് മാറി പ്രാണനറ്റുപോയ ഒരു പിഞ്ചുകുഞ്ഞിന്റെ ചോരപുരണ്ടഓർമയെ കൈവിരലുകളിലേക്ക് തിരികെക്കൊണ്ടുവന്നും, ഡെന്നീസിനോട് 'ഐ ബെഗ് യൂ' എന്ന് തൊണ്ടയിൽകുരുക്കിയിട്ട ഒരു ശ്വാസക്കാറ്റിലൂടെ കെഞ്ചിയും...അങ്ങനെയങ്ങനെ എന്തെല്ലാമാണ് ആ മനുഷ്യൻ തെല്ലിടകൊണ്ട് ചെയ്തുവെച്ചത്!

'സമ്മർ ഇൻ ബത് ലഹേമി'ൽ മോഹൻലാൽ,മഞ്ജുവാരിയർ,സുരേഷ് ​ഗോപി എന്നിവർ

പക്ഷേ അഭിനയത്തിനുമപ്പുറം നിരഞ്ജൻ എന്റെ പ്രിയനായകനാകുന്നത് അതിൽ എവിടെയൊക്കയോ ലാലേട്ടനുള്ളതുകൊണ്ടുകൂടിയാണ്. കടന്നുപോയ പാതകളും ജീവിതാനുഭവങ്ങളും തിരിച്ചറിവുകളും കൊണ്ട് പരുവപ്പെട്ടയാളായി നിന്നാണ് നിരഞ്ജൻ അഭിരാമിയോടും ഡെന്നീസിനോടും സംസാരിക്കുന്നത്. അതൊരു സന്യാസതുല്യമായ അവസ്ഥയാണ്. അത് പിന്നീട് പലപ്പോഴും ഞാൻ ലാലേട്ടനിൽ നേരിട്ടുകണ്ടിട്ടുണ്ട്. ചിലനേരങ്ങളിൽ അദ്ദേഹം സംസാരിക്കുന്നത് കേട്ടിരിക്കുമ്പോൾ മുന്നിൽ നിരഞ്ജനാണ് എന്ന് തോന്നിപ്പോയിട്ടുമുണ്ട്.

രഞ്ജിയേട്ടൻ അതിമനോഹരമായി എഴുതിക്കൊടുത്ത വരികൾ ലാലേട്ടൻ ആവർത്തിക്കുകമാത്രമായിരുന്നു എന്നുപറഞ്ഞ് വേണമെങ്കിൽ നിങ്ങൾക്ക് ഞാൻ ഇപ്പറഞ്ഞതിനെ തിരുത്താം. പക്ഷേ സിനിമയിലല്ലാതെ ലാലേട്ടൻ സംസാരിക്കുന്നതും, എഴുതുന്നതും ശ്രദ്ധിച്ചുനോക്കൂ..അപ്പോഴും എല്ലാ വികാരങ്ങളെയും അതിജീവിച്ച ഒരാളുടെ ഉൾക്കാഴ്ചകളുടെ ഋഷിതുല്യമായ പ്രകാശം നിങ്ങൾക്കതിൽ കാണാനാകും.

മോഹൻലാലും മഞ്ജുവാരിയരും. മോഹൻലാലിന്റെ സെൽഫി

'സുഖം' എന്ന വാക്കിലാണ് നിരഞ്ജൻ തുടങ്ങുന്നത്. എല്ലാ മനുഷ്യനും അന്വേഷിക്കുന്ന ജീവിതാവസ്ഥ. തൂക്കുമരത്തിലേക്ക് പോകാൻ തുടങ്ങുമ്പോഴും,മനസ്സ് പിടയുമ്പോഴും ഞാൻ സ്വയം ജയിക്കാൻ ശ്രമിക്കുകയാണ്,നീയെന്നെ തോല്പിക്കാൻ ശ്രമിക്കരുത് എന്നയാൾ പറയുമ്പോൾ എന്താണ് ജീവിതം,എന്താണ് പ്രണയം എന്നത് നമ്മൾ കൂടി മനസ്സിലാക്കിത്തുടങ്ങുന്നു. അതിനൊടുവിൽ ആമിയെ ഡെന്നീസിനെ ഏല്പിക്കുകയാണ് നിരഞ്ജൻ. അത് പ്രണയത്തിന്റെ കൈമാറ്റം കൂടിയാണ്. സ്നേഹിച്ചുകൊണ്ടുതന്നെ വിട്ടുകൊടുക്കാം എന്ന് കാണിച്ചുതരികയാണയാൾ. 'നിരഞ്ജൻ ഒരു തെറ്റാണ്' എന്ന അയാളുടെ വാചകം തിരുത്തി ഞാൻ പറയട്ടെ...'അല്ല നിരഞ്ജൻ..നിങ്ങൾ വലിയൊരു ശരി തന്നെയാണ്...'

'തിരിഞ്ഞുനോക്കില്ല ഞാൻ' എന്നു പറഞ്ഞ്,അന്ന് നടന്നകന്നശേഷമുള്ള പകലിൽ,രാത്രിയിൽ, തൂക്കുമരത്തിന് മുന്നിൽ നില്കുന്ന നിമിഷത്തിൽ നിരഞ്ജൻ എന്താണ് ചിന്തിച്ചിരിക്കുക എന്ന് 'സമ്മർ ബത് ലഹേമി'ലെ ആ രംഗം കാണുമ്പോഴൊക്കെ ഞാൻ ആലോചിച്ചുനോക്കിയിട്ടുണ്ട്. അതിന് ഉത്തരം കിട്ടിയത് ആമി എന്നുതന്നെ പേരുള്ള പ്രിയ മാധവിക്കുട്ടിയമ്മ(ക്ഷമിക്കുക,അങ്ങനെയാണ് എഴുതിയും പറഞ്ഞും ശീലിച്ചിട്ടുള്ളത്)യുടെ 'ഒറ്റയടിപ്പാത' വായിച്ചപ്പോഴാണ്. അതിലൊരിടത്ത് ഇങ്ങനെ പറയുന്നുണ്ട്:'എന്റെ സ്നേഹം ഇളം വെയിലാണ്,വേനൽമഴയാണ്,നിലാവാണ്,എന്റെ സ്നേഹം ലഭിച്ചവരോട് എനിക്കുതന്നെ അസൂയതോന്നുന്നു. സ്നേഹിക്കപ്പെട്ട ആ ഹ്രസ്വകാലം സ്വർലോക സംതൃപ്തി അവർക്കു കൊടുത്തിരിക്കണം...'

നിരഞ്ജനെ വിട്ടുപോന്നതിനുശേഷം ആമിയോ..? ആ ചോദ്യത്തിനും 'ഒറ്റയടിപ്പാത'യിലെ ഒരു വാചകം ഞാൻ എടുത്തെഴുതുന്നു:'ജീവിക്കുന്നവരെ സ്നേഹിക്കുന്നതുപോലെ മരിച്ചവരെയും എനിക്ക് സ്നേഹിക്കുവാൻ അറിയാം. ശരീരമില്ലാത്തവരെ സ്നേഹിക്കുന്നതിൽ ഒരു പ്രത്യേക ലഹരിയുണ്ട്..'

മോഹൻലാൽ പകർത്തിയ മഞ്ജു വാരിയരുടെ ചിത്രം

നിരഞ്ജനിൽനിന്നുള്ള ഒറ്റയടിപ്പാതയിലൂടെ ഇറങ്ങിനടന്ന് ലാലേട്ടനരികിലേക്കെത്തട്ടെ. ലാലേട്ടൻ എഴുതിയിരുന്ന ബ്ലോഗുകളിൽ നിന്ന് ചില വാചകങ്ങൾ ഞാൻ കുറിച്ചുവയ്ക്കാറുണ്ടായിരുന്നു. 'സ്വകാര്യത' എന്ന എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യത്തെക്കുറിച്ച് ലാലേട്ടൻ എഴുതിയത് ഇങ്ങനെയാണ്:'സ്വകാര്യം എന്ന പദം കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർഥമായ അവസ്ഥയല്ല. മറിച്ച് ആൾക്കൂട്ടങ്ങളിലും ബഹളങ്ങളിലും പെട്ട്, തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പാഞ്ഞ് പാഞ്ഞ് നമുക്കുതന്നെ നഷ്ടപ്പെട്ടുപോയ നമ്മെ തിരിച്ചുപിടിക്കുക എന്ന നല്ല അർഥത്തിലാണ്..'

പ്രണയത്തെക്കുറിച്ചുള്ള കുറിപ്പിൽ ലാലേട്ടൻ പറയുന്നു:'വ്യക്തികളിലേക്ക് മാത്രം ഒതുങ്ങുന്നതല്ല എന്റെ പ്രണയം. അത് മരങ്ങളിലേക്കും പുഴകളിലേക്കും പക്ഷികളിലേക്കും നക്ഷത്രങ്ങളിലേക്കും പ്രകൃതിയുടെ സൂക്ഷ്മസ്പന്ദനങ്ങളിലേക്കും വരെ പ്രവഹിക്കുന്നു. അതിനെ അത്തരത്തിൽ വികസിപ്പിച്ചെടുത്തവനാണ് ഞാൻ. ആർക്കും അത് സാധിക്കും. അപ്പോൾ നിങ്ങളിൽ നിന്ന് അസൂയ, വൈരം, നിന്ദ, ദ്രോഹബുദ്ധി, അശുഭചിന്തകൾ, എല്ലാം ഒഴിഞ്ഞുപോകുന്നതുകാണാം..ഇതാണ് എന്റെ അനുഭവം. പ്രണയം നഷ്ടപ്പെട്ടതാണ് നമ്മുടെ ഇന്നത്തെ പലകലഹങ്ങൾക്കും കാരണം..'

'എന്നും എപ്പോഴും' സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലും മഞ്ജു വാരിയരും

എന്തുകൊണ്ടാണ് ലാലേട്ടൻ ആരോടും ദേഷ്യപ്പെടാത്തത്,ശരീരം നോവിക്കുന്നവരോട് പോലും കയർക്കാത്തത് എന്നതിനുള്ള ഉത്തരം ഇതിലുണ്ട്. ഇങ്ങനെ അഭിനേതാവിനുമപ്പുറത്ത് സ്വന്തം ചിന്തകളും പ്രവൃത്തിയും കൊണ്ടുകൂടി ലാലേട്ടൻ നമ്മെ സ്വാധീനിക്കുന്നു. അദ്ദേഹം നല്കുന്ന 'പോസിറ്റിവിറ്റി' ചുറ്റുമുള്ളവർക്ക് ഒരൗഷധം പോലെയാണ്. അടുത്തിടെ കണ്മുന്നിലൂടെ മിന്നിമാഞ്ഞുപോയ ഒരു റീലിൽ ഒരാൾ ലാലേട്ടനെക്കുറിച്ച് പറയുന്നു: 'എന്റെ മാനസികാരോഗ്യത്തെ ബാലൻസ് ചെയ്യാൻ നിങ്ങൾ എത്രമാത്രം സഹായിക്കുന്നുണ്ട് എന്ന് നിങ്ങളറിയുന്നുണ്ടോ മനുഷ്യാ....!' ഇതിനെ നമുക്ക് സിനിമയ്ക്ക് പുറത്തുള്ള ലാൽമാജിക് എന്ന് വിളിക്കാം.

ലാലേട്ടന്റെ ദർശനങ്ങൾ എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഞാൻപോലുമറിയാതെ അവ എന്നിലേക്ക് ചിത്രശലഭത്തെപ്പോലെ വന്നൊട്ടിനില്കുന്നു. ഒരു സുഹൃത്തിനെ എല്ലാ കുറവുകളോടെയും സ്നേഹിക്കുക, സുഹൃത്തായി സൂക്ഷിക്കുക എന്ന അദ്ദേഹത്തിന്റെ ചിന്ത ഞാൻ എപ്പോഴും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ഒന്നാണ്. പരിഹാസങ്ങളോടുള്ള ലാലേട്ടന്റെ സമീപനത്തിലുമുണ്ട് നമുക്ക് പഠിക്കാൻ, പലത്. ചേമ്പിലയിലെ വെള്ളമെന്നോണം അവയൊന്നും അദ്ദേഹത്തിൽ തങ്ങിനില്കാതെ താഴേക്കൊഴുകിവീഴുന്നു.

എപ്പോഴും ഉള്ളിലൊരു കൊച്ചുകുട്ടിയെ സൂക്ഷിക്കാനാകുക എന്നത് നിസാര കാര്യമല്ല. ലാലേട്ടനത് സാധിക്കുന്നു. സാധന കൊണ്ടും ജീവിതദർശനങ്ങൾകൊണ്ടുമാണ് കുട്ടിത്തം എന്ന അവസ്ഥയിലേക്ക് എത്തിപ്പെടാനാകുക. വല്ലാത്ത വെണ്മയുള്ളൊരു മാനസികനിലയാണത്. 'എമ്പുരാന്റെ' പത്രസമ്മേളനങ്ങൾക്കായി വിവിധ നഗരങ്ങളിലേക്ക് പ്രത്യേകവിമാനത്തിലാണ് ഞങ്ങൾ സഞ്ചരിച്ചത്. കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഞാൻ ഒറ്റക്കാതിൽ മാത്രമായി ഒരു കമ്മൽ ഇട്ടിരുന്നു. അതുകണ്ട് കൊച്ചുകുട്ടിയെപ്പോലെ ലാലേട്ടൻ ചോദിച്ചു: 'ആ കമ്മലെനിക്ക് തരുമോ...?' ഞാൻ ഊരിക്കൊടുത്തപ്പോൾ സ്വന്തം കാതിനോട് ചേർത്തുവച്ചു. പിന്നെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ തിരികെത്തന്നുകൊണ്ട് പറഞ്ഞു: 'വേണ്ട...ഞാൻ വെറുതെ ചോദിച്ചതാ..' പ്രകാശ് വർമ ചെയ്ത പരസ്യത്തിൽ ആഭരണങ്ങളണിഞ്ഞുനില്കുന്ന ലാലേട്ടനെ കണ്ടപ്പോൾ ഞാൻ ആ വിമാനനിമിഷം ഓർത്തു.

മഞ്ജു വാരിയർ നായികയായി അഭിനയിച്ച 'മോഹൻലാൽ' എന്ന സിനിമയുടെ പോസ്റ്റർ

ലാലേട്ടനെ ആദ്യമായി സിനിമയിലെത്തിച്ചതുമുതൽ കാലത്തിന് അദ്ദേഹത്തെക്കുറിച്ച് കൃത്യമായ പദ്ധതികളുണ്ടെന്ന് തോന്നിയിട്ടുണ്ട്. 'തിരനോട്ടം' എന്ന ആദ്യ സിനിമ പുറത്തുവന്നില്ല. പക്ഷേ ആ പേര് തിരയിലേക്ക് മോഹൻലാലിന്റെ നോട്ടം കൂടിയായിരുന്നു. അല്ലെങ്കിൽ കഥകളിയുടെ തുടക്കത്തിലേതുപോലെ, വരാനിരിക്കുന്ന അനേകമനേകം രസഛായകളുടെ പ്രതീകമായ ഒന്നായിരുന്നു. ആദ്യസിനിമയുടെ പേര് 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ..'എത്ര കാല്പനികമായ,അർഥവത്തായ ഒന്ന്. കാലം മഞ്ഞിൽ വിരിയിച്ച ആ പൂവ് പിന്നീട് എത്രെയത്ര ഗന്ധങ്ങളിൽ,നിറങ്ങളിൽ,ഇതളുകളിൽ പൂത്തുവിടർന്നു... ഇന്നും വിരിഞ്ഞുകൊണ്ടേയിരിക്കുന്നു...അതിന്റെ ഏറ്റവും പുതിയ പുഷ്പിക്കലാണ് ഫാൽക്കേ അവാർഡ് എന്ന സ്വപ്നതുല്യമായ കൊടുമുടിക്ക് മീതേ സംഭവിച്ചത്.

നടൻ എന്ന നിലയിൽ മാത്രമല്ല.ഒരു മനുഷ്യൻ എന്ന നിലയിലും ലാലേട്ടൻ എനിക്ക് പ്രിയപ്പെട്ടൊരാളാണ്. എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം നിറഞ്ഞു. അതിന് കടപ്പാടുകൂടിയുണ്ട്,എക്കാലത്തേക്കുമായി. അദ്ദേഹത്തിന്റെ പേരിലുള്ള സിനിമയിൽ നായികയാകാനും അതിൽ, മോഹൻലാലിനോട് മലയാളികൾക്കുള്ള ആരാധനയുടെ അടയാളമാകാനും സാധിച്ചത് നേരത്തെ പറഞ്ഞ കാലത്തിന്റെ ഉദാരതകളിലൊന്നുമാത്രം.

വിമാനത്തിൽവെച്ച് മോഹൻലാൽ മഞ്ജു വാരിയരെ മൊബൈൽ ക്യാമറയിൽ പകർത്തിയപ്പോൾ

ഇങ്ങനെയൊരാൾ മുന്നിലുള്ളതുകൊണ്ടാണ് പലരെയും പോലെ ഞാനും ജീവിതത്തെ പ്രകാശഭരിതമായി നോക്കിക്കാണുന്നത്. സ്വയം ജ്വലിച്ചും മറ്റുള്ളവർക്ക് വെളിച്ചമേകിയും ഇലകളെയും പൂക്കളെയും തളിർക്കാൻ തുണച്ചും അസ്തമിക്കാതെ തുടരുന്ന സൂര്യന് മുന്നിൽ നമസ്കാരം ചെയ്ത് നിർത്തട്ടെ. ലാലേട്ടന്റെ അറുപതാം പിറന്നാളിന് കുറിച്ച ആശംസാ വാചകങ്ങളിൽ ചിലത് എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കുന്നു.

'മോഹൻലാൽ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓർമിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടൽ...ആകാശംതൊടുന്ന കൊടുമുടി....തപോവനത്തിലെ വലിയ അരയാൽ...മഞ്ഞിൽ വിരിഞ്ഞൊരു പൂവ്....എന്റെ മനസിൽ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതുപാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനില്കാൻ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം. ആ ഒഴുക്കിനൊത്ത് നീങ്ങാൻ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക,ലാലേട്ടാ....നിരന്തരം....ഒരുപാട് കാലം....'