പ്രമോദിന്റെ പഴയൊരു ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ ചിത്രം ചേർത്തുവച്ചുണ്ടാക്കിയത് പപ്പപ്പ
Columns

'എനിക്കുറപ്പാണ്,ആ നിമിഷവും അവന്റെ മനസ്സിൽ മമ്മൂക്കയായിരുന്നിരിക്കണം..'

അത് ഒരു ആരാധകന് മാത്രം മനസ്സിലാകുന്ന വേദനയാണ്. അത്തരം മൃദുലവികാരങ്ങളാണ് ഒരു യഥാർഥ ആരാധകന്റെ ആത്മാവിൽ നിറയെ-'മധുരം മമ്മൂട്ടി' ഭാ​ഗം-7

റോബര്‍ട്ട് കുര്യാക്കോസ്‌

ജീവിതത്തിലെ എല്ലാ നല്ല സൗഹൃദങ്ങളുടെയും തുടക്കം കോളേജ് കാലത്തായിരിക്കും. പക്ഷേ അത് പലപ്പോഴും കാമ്പസിൽ തന്നെ അവസാനിക്കുകയും ചെയ്യും. അവിടെ വിരിഞ്ഞ് അവിടെത്തന്നെ കൊഴഞ്ഞുവീഴുന്ന മനോഹരമായ ദിനങ്ങളും സൗഹൃദങ്ങളും. പണ്ട് പൂർവവിദ്യാർഥിക്കൂട്ടായ്മകളില്ല; മൊബൈൽഫോണും. അതുകൊണ്ടാണ് കാമ്പസ് സൗഹൃദങ്ങൾ തുടർന്നുകൊണ്ടുപോകാൻ പലർക്കും സാധിക്കാതിരുന്നത്.

എന്നാൽ പ്രമോദുമായുള്ള എന്റെ കൂട്ട് അങ്ങനെയായിരുന്നില്ല. ഡി​ഗ്രി കഴിഞ്ഞതോടെ അവൻ ജോലികിട്ടി ഹൈദ്രാബാദിന് പോയി. പാ​ര​ഗണിലായിരുന്നു അവന് ജോലി. ഞാൻ പി.ജിക്ക് ചേർന്നു. പക്ഷേ കോളേജിൽ പഠിച്ചിരുന്ന കാലത്തെപ്പോലെ തന്നെ കത്തുകളിലൂടെയും ഇടയ്ക്കിടയ്ക്കിടെയുള്ള ഫോൺവിളികളിലൂടെയും ഞങ്ങൾ പഴയ മമ്മൂക്കഫാൻസുകാർ തന്നെയായി തുടർന്നു. വർത്തമാനങ്ങളിൽ പതിവുപോലെ തന്നെ ഏറിയപങ്കും മമ്മൂക്കയും പുതിയ സിനിമകളും തന്നെ വിഷയം. ഇടയ്ക്ക് മാത്രം മറ്റുള്ളകാര്യങ്ങൾ.

കോളേജിൽ നിന്ന് വിനോദയാത്രപോയപ്പോൾ എടുത്ത പ്രമോദിന്റെ ഫോട്ടോകളിലൊന്ന്

പ്രമോദിന്റെ വിളികളിലെ പ്രധാന സങ്കടം മമ്മൂക്കയുടെ പുതിയ സിനിമകൾ കാണാനാകാത്തതിനെക്കുറിച്ചായിരുന്നു. ഇന്നത്തെപ്പോലെ ഹൈദ്രാബാദിൽ മലയാളസിനിമകളുടെ റിലീസില്ല. അതുകൊണ്ടുതന്നെ പല സിനിമകളും അവന് കാണാനായില്ല. റിലീസ് ദിനത്തിൽ 'രാജമാണിക്യം' കാണാനാകാതെ പോയതായിരുന്നു അവനെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത്. അന്ന് അവൻ ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി. റിലീസ് ദിനത്തിൽ ഒരു സിനിമകാണാനാകാത്തതിൽ കരച്ചിൽ വരുന്നവർ മറ്റുള്ളവർക്ക് കൗതുകമായേക്കാം. അത്രയൊക്കെ വേദനിക്കുമോ എന്ന് സംശയിക്കുകയും ചെയ്തേക്കാം. പക്ഷേ അത് ഒരു ആരാധകന് മാത്രം മനസ്സിലാകുന്ന വേദനയാണ്. അത്തരം മൃദുലവികാരങ്ങളാണ് ഒരു യഥാർഥ ആരാധകന്റെ ആത്മാവിൽ നിറയെ.

പി.ജി കഴിഞ്ഞപ്പോൾ എനിക്കും ജോലിയായി; അങ്കമാലിയിലെ ലിറ്റിൽഫ്ളവർ ആശുപത്രിയിൽ. അതോടെ സ്വാതന്ത്ര്യം കിട്ടിയപോലെയായിരുന്നു. സ്വന്തമായി ശമ്പളം,ഇഷ്ടം പോലെ സിനിമകാണാം. എന്നിലെ മമ്മൂക്കാആരാധകൻ ആ ദിനങ്ങൾ ആസ്വദിച്ചു. പക്ഷേ അതിന്റെ വിശേഷങ്ങൾ പറയുമ്പോൾ ഫോണിന്റെ അങ്ങേത്തലയ്ക്കൽ പ്രമോദ് നിശബ്ദനായി. അവന് അതെല്ലാം കിട്ടാതെപോയ സൗഭാ​ഗ്യങ്ങളായിരുന്നു. പക്ഷേ ജീവിതം എന്ന വലിയ കൊടുമുടി താണ്ടാനുള്ള ഓട്ടപ്പാച്ചിലിനിടെ ഇങ്ങനെ ഇഷ്ടങ്ങൾ മാറ്റിവയ്ക്കേണ്ടിവന്ന എത്രയോ ആരാധകർ. തന്റെ നായകന്റെ സിനിമ റിലീസ് ആകുന്ന ദിവസം ലോകത്ത് എവിടെയായിരുന്നാലും-അത് ചിലപ്പോൾ മരുഭൂമിയിലായേക്കാം,പട്ടാളക്യാമ്പിലായേക്കാം,കപ്പലിലോ ബസിലോ എതെങ്കിലും കെട്ടിടത്തിന്റെ തുഞ്ചത്തോ ആയേക്കാം-അവിടെയിരുന്ന് അവർ മനസ്സുകൊണ്ട് തീയറ്ററിലെത്തും,കൈയടിക്കും, ആർപ്പുവിളിക്കും. അതും ഒരു ആരാധകന് മാത്രം മനസ്സിലാകുന്ന മാനസികാവസ്ഥയാണ്.

ജീവിതം താണ്ടാനുള്ള യാത്രയ്ക്കിടെ പ്രമോദും അങ്ങനെ ഹൈദ്രാബാദിലെ ഏതോ ലോഡ്ജ് മുറിയിലോ ഓഫീസ് മുറിയിലോ ഇരുന്ന് മമ്മൂക്കയുടെ സിനിമകൾ മനസ്സിൽ കണ്ട് സമാധാനിച്ചു,ആരും കാണാതെ കൈയടിച്ചു. പക്ഷേ അതൊക്കെയും താത്കാലികമായ സന്തോഷങ്ങൾ മാത്രമാണല്ലോ. ഏറ്റവും പ്രധാനം ജീവിതം എന്ന മഹാനാടകം തന്നെയാണ്. അതിൽ ആരോ നിശ്ചയിച്ചുവച്ച വേഷങ്ങളണിഞ്ഞ് അരങ്ങത്ത് നില്കേണ്ടിവരുന്നവരാണല്ലോ നമ്മൾ. ഒരു നീണ്ട ബെൽ മുഴങ്ങുന്നതുപോലെ ഒരു നീണ്ട കരച്ചിലിൽ തുടങ്ങി മറ്റൊരു നീണ്ടബെൽപോലെയുള്ള നീണ്ട കരച്ചിലിൽ അവസാനിക്കുന്ന നാടകം. അതിനിടയിൽ ആടിത്തിമിർക്കേണ്ട വേഷം. അത് ഭം​ഗിയാക്കാനുള്ള അധ്വാനം.

പ്രമോദും അങ്ങനെ തന്നെയായിരുന്നു. ഒരു ദിവസം വിളിച്ചപ്പോൾ അവൻ പറഞ്ഞു:'അളിയാ കോളുവന്നു....'ഞാൻ അതിനെ എന്തോ വലിയ കോളെന്നും അവനതിനെ വിളിയെന്നുമാണ് അർഥമാക്കിയത്. അതുകൊണ്ട് ഞാൻ ചോദിച്ചു: 'എന്തുകോളാടാ..?'അപ്പോഴാണ് അവൻ വിശദീകരിച്ചത്. അവന്റെ ബന്ധുക്കളെല്ലാം ജർമനിയിലാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അക്കൂട്ടത്തിലുള്ള അമ്മാച്ചൻ അവനെ ജർമനിക്ക് വിളിച്ചിരിക്കുന്നു. 'ഞാൻ ജർമനിക്ക് പോകുവാടാ...അമ്മാച്ചൻ വിളിച്ച് എല്ലാ ഏർപ്പാടും ചെയ്തിട്ടൊണ്ട്. പക്ഷേ അതിനുമുമ്പ് നമുക്ക് മമ്മൂക്കയെപോയി ഒന്നുകാണണം..'-അവൻ പറഞ്ഞു.

പ്രമോദ് വിനോദയാത്രക്കിടെ കോളേജിലെ സഹപാഠികൾക്കൊപ്പം

അങ്ങനെ പറയാൻ ഒരു കാരണമുണ്ടായിരുന്നു. അവൻ ഒറ്റയ്ക്ക് മമ്മൂക്കയ്ക്കൊപ്പം നിന്ന് ഒരു ഫോട്ടോ അതുവരെ എടുത്തിട്ടില്ല. പണ്ട് ഫാൻസുകാർ എല്ലാം ചേർന്നുനിന്ന് ​ഗ്രൂപ്പായി എടുത്തതേയുള്ളൂ. ഒറ്റയ്ക്ക് മമ്മൂക്കയ്ക്കൊപ്പം ഒരു ഫോട്ടോ. അത് അവന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു.

അത് സാധിച്ചുകൊടുക്കാമെന്ന് ഉറപ്പുപറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. കാരണം മമ്മൂക്കയോട് അത്രയടുത്തൊരു ബന്ധമൊന്നും അന്ന് ആയിട്ടില്ല. പക്ഷേ ജോർജേട്ടനോട്(മമ്മൂക്കയുടെ പഴ്സണൽ മേക്കപ്പ് മാനും സന്തതസഹചാരിയുമായ എസ്.ജോർജ്) പറയാനുള്ള അടുപ്പമുണ്ട്. അങ്ങനെ വേണമെങ്കിൽ കാര്യം സാധിക്കാം. ആ വിശ്വാസത്തിൽ ‍ഞാനവനോട് പറഞ്ഞു: 'നമുക്ക് ജോർജേട്ടനോട് പറയാമെടാ...'

എന്റെ വാക്കുകൾ അവനെ ഏറെ സന്തോഷിപ്പിച്ചു. അവന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലൊന്ന് സാധ്യമാകുമെന്നൊരാൾ പറയുകയാണ്. അതിന്റെ ആവേശത്തിൽ അവൻ എന്നോട് ഒരു ഡേറ്റ് പറഞ്ഞു. ജർമനിക്ക് പോകുംമുമ്പ് ആ ദിവസം അവൻ ഹൈദ്രാബാദിൽ നിന്ന് ട്രയിനിൽ എറണാകുളത്ത് വരും. എന്നിട്ട് ബസുകയറി അങ്കമാലിയിൽ എന്റെ അടുത്തേക്ക്. അന്ന് എനിക്കൊപ്പം താമസിച്ച് പിറ്റേദിവസം മമ്മൂക്കയെ കാണാൻ പോകാം.

എല്ലാം ഒറ്റനിമിഷം കൊണ്ട് അവൻ നിശ്ചയിച്ചുറപ്പിച്ചു. മമ്മൂക്ക അന്ന് 'ബസ് കണ്ടക്ടറു'ടെ ഷൂട്ടിലാണ്,കോഴിക്കോട്. അങ്കമാലിയിൽ നിന്ന് കോഴിക്കോട്ടുപോയി മമ്മൂക്കയെ കാണാനായിരുന്നു ഞങ്ങളുടെ പ്ലാൻ. മമ്മൂക്കയെ കാണാൻപോകുന്നതിന്റെ സന്തോഷത്തിലും ഉത്സാഹത്തിലുമാണ് അവൻ അന്ന് ഫോൺസംഭാഷണം അവസാനിപ്പിച്ചത്.

പ്രമോദ്(മധ്യത്തിൽ) വിനോദയാത്രക്കിടെ കോളേജിലെ സഹപാഠികൾക്കൊപ്പം

പക്ഷേ പറഞ്ഞ ദിവസം അവൻ വന്നില്ല. അന്ന് മൊബൈൽഫോൺ‍ സജീവമായിട്ടില്ല. അവനെ ബന്ധപ്പെടാൻ യാതൊരു വഴിയുമില്ല. ലീവ് കിട്ടാത്തതുകൊണ്ടോ മറ്റെന്തെങ്കിലും അസൗകര്യം കൊണ്ടോ ആയിരിക്കാം എന്നാണ് ഞാൻ വിചാരിച്ചത്. അവൻ വിളിക്കുമെന്നോർത്ത് ഞാനിരുന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ആശിഷ് വിളിച്ചു. അവന് മുംബൈയിലാണ് ജോലി. ആശിഷ് പറഞ്ഞു: 'എടാ നീയറിഞ്ഞോ?...പ്രമോദ് പോയി..'

അതുശരി. എന്നോട് ഒരുവാക്ക് പറയാതെ അവൻ ജർമനിക്ക് പോയോ. അതെങ്ങനെയാ ശരിയാകുക..അവനല്ലേ പറഞ്ഞത് മമ്മൂക്കയെ കാണാൻ വരുന്നെന്ന്. അപ്പോ കാണാതെ പോയ്ക്കളഞ്ഞോ...കൊള്ളാല്ലോ..

ഇത് മനസ്സിൽവച്ച് ഞാൻ ചോദിച്ചു: അതെങ്ങനെയാ പോകുക..?അവൻ എന്നോട് പറഞ്ഞതല്ലേ ഇവിടെ വന്നിട്ട് 'ബസ് കണ്ടക്ടറു'ടെ ലൊക്കേഷനിൽ പോകാം, മമ്മൂക്കയെ കാണാം, ഫോട്ടെയെടുക്കാം എന്ന്...എന്നിട്ട് ഫോട്ടെയെടുക്കാതെ പൊയ്ക്കളഞ്ഞോ..?

ആശിഷ് അപ്പോൾ ഒന്ന് തേങ്ങി. 'അങ്ങനെയല്ലെടാ...അവൻ നമ്മളെയെല്ലാം വിട്ടിട്ട് പോയി...'

ആശുപത്രിയിലാണ് ജോലിയെന്നതുകൊണ്ട് ആ വാചകത്തിന്റെ അർഥം എനിക്ക് മറ്റാരേക്കാൾ പെട്ടെന്ന് മനസ്സിലാകും. മിക്കവാറും കേൾക്കുന്ന വാചകം. അതുകൊണ്ട് എന്റെ ചിന്തയുടെ കുഴപ്പമായിരിക്കും,ആശുപത്രി ഭാഷയിലുള്ള അർഥമല്ല ആശിഷ് പറഞ്ഞതിന്ന് എന്ന് ഞാൻ സമാധാനിക്കാൻ നോക്കുമ്പോൾ ആശിഷിന്റെ തേങ്ങൽ വലിയ കരച്ചിലായി മാറി.

അവൻ പറഞ്ഞു: 'ബൈക്കപകടമായിരുന്നു....'

പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്റെ കണ്ണുകളിൽ ഇരുൾ വന്നുമൂടി. പണ്ട് 'സന്ദർഭം' സിനിമയുടെ ക്ലൈമാക്സ് കണ്ടപ്പോഴെന്നപോലെ...

പ്രമോദിന്റെ പഴയൊരു ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ ചിത്രം ചേർത്തുവച്ചുണ്ടാക്കിയത്

ജോലി രാജിവച്ചശേഷം സുഹൃത്തുക്കൾ പ്രമോദിനൊരു യാത്രയയപ്പ് ഒരുക്കിയിരുന്നു. അതുകഴിഞ്ഞ് ഹോട്ടലിൽ നിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങിയതും ദിശതെറ്റിച്ചുവന്ന ലോറി പിറകിൽനിന്ന് അവനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അവൻ മരിച്ചു.

ഇടത്തീ വന്ന് ശിരസ്സിൽവീണതുപോലെയാണ് എനിക്ക് അപ്പോൾ അനുഭവപ്പെട്ടത്. അതിനുമുമ്പോ ശേഷമോ അത്തരം ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല. മറ്റൊരു മരണവും എന്നെ ഇങ്ങനെ നോവിച്ചിട്ടില്ല,കരയിച്ചിട്ടില്ല. അടുത്തകാലത്ത് ഭാര്യാപിതാവിന്റെ വേർപാടിലാണ് പിന്നെ അതിന് സമാനമായ വേദനയുണ്ടായത്. മരണം ഒരാളുടെ ജീവിതത്തിൽ എന്തുമാത്രം ശൂന്യതയുണ്ടാക്കും എന്ന് എനിക്ക് പറഞ്ഞുതന്ന ആദ്യത്തെ മരണം പ്രമോദിന്റെ മരണമായിരുന്നു.

എനിക്കുറപ്പാണ്,ആ ലോറി വന്നിടിക്കുന്ന നേരവും അവൻ സ്വപ്നം കണ്ടിരുന്നത് മമ്മൂക്കയ്ക്കൊപ്പമുള്ള ഫോട്ടോയും അതിനായി അദ്ദേഹത്തോട് ചേർന്നുനില്കുന്ന നിമിഷവുമായിരിക്കണം. അത് സാധിക്കാതെ അവൻ പോയി. കോളേജിലെ ഇടനാഴികളിൽ കേട്ട 'മമ്മൂട്ടീീീീ' എന്ന വിളി വീണ്ടും എന്റെ കാതിലേക്ക് വന്നുവീഴുന്നു. നീലഷർട്ട് ടക്ക് ഇൻ ചെയ്യാതെ ഒരു പൊടിമീശക്കാരൻ എന്റെ നേർക്ക് നടന്നുവരുന്നു. അവൻ കൈനീട്ടി എന്നോടുപറയുന്നു.

'ഞാൻ പ്രമോദ് ജോർജ് മച്ചുകാട്...'

ഞാൻ ചോദിച്ചു: 'എന്താ എല്ലാരും മമ്മൂട്ടീന്ന് വിളിക്കുന്നത്..?'

അവൻ: 'ഞാൻ ജനിച്ചപ്പോ മുതൽ മമ്മൂട്ടി ഫാനാാാ...'

അഭിനേതാക്കൾ ആരാധകർക്ക് താരങ്ങളാണ്. ആകാശത്ത് മിന്നിനില്കുന്നവർ. ആ താരങ്ങൾക്കിടയിൽ ഇപ്പോൾ എന്റെ പ്രമോദുമുണ്ടാകും. ഏതുരാത്രിയിൽ നോക്കിയാലും എനിക്കാ നക്ഷത്രത്തെ കാണാം. ഭൂമിയിലെ മമ്മൂട്ടി എന്ന നക്ഷത്രത്തെ നോക്കി ആകാശത്തൊരു നക്ഷത്രം.

ഇപ്പോളവൻ എന്നോട് ചോദിക്കുന്നത് എനിക്ക് കേൾക്കാം. 'ഒടുവിൽ നീയെന്റെ കഥ പറഞ്ഞല്ലേടാ...'

അതേടാ...ഞാൻ നിന്റെ കഥ പറഞ്ഞവസാനിപ്പിക്കുകയാണ്...എനിക്ക് കരയാൻ തോന്നുന്നെടാ...അല്ലെടാ..ഞാൻ കരയുന്നെടാ...

(തുടരും)