പ്രമോദും കൂട്ടുകാരും കോട്ടയത്തെ എം.ടി.സെമിനാരി സ്കൂളിൽ നിന്ന് പ്രീഡിഗ്രിക്ക് വന്നവരാണ്. എല്ലാം നല്ല കാശുകാര് പിള്ളേരും. പരിചയപ്പെടലിനുശേഷം പ്രമോദും ഞാനും കൂടുതലടുത്തു. അഥവാ മമ്മൂക്ക എന്ന മധ്യസ്ഥൻ ഞങ്ങൾക്കിടയിൽ പാലമായി വർത്തിച്ചു.
പ്രമോദ് അവന്റെ വീട്ടുവിശേഷങ്ങൾ പറഞ്ഞു. അവന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. അമ്മയും സഹോദരിയും മാത്രമേയുള്ളൂ. പിന്നെ മനസ്സിൽ നിറയെ മമ്മൂക്കയും. കുടുംബക്കാരെല്ലാം ജർമനിയിലാണ്. അങ്ങനെ ഓരോന്നും പറഞ്ഞുപറഞ്ഞുവന്നതിനിടെ എനിക്ക് മനസ്സിലായി ഞാൻ ബാബുക്കുട്ടനിൽ നിന്ന് കേട്ടുമാത്രം പരിചയിച്ച സിനിമകളെല്ലാം അവൻ വീട്ടിലെ വിസിആറിൽ കണ്ടുകഴിഞ്ഞിരിക്കുന്നുവെന്ന്. മമ്മൂക്കയെക്കുറിച്ച് പ്രമോദിന് അറിയാൻ പാടില്ലാത്തതായി ഒന്നുമില്ല. അതിനേക്കാൾ എന്നെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. അവന് മമ്മൂക്കയുടെ മിക്ക ഡയലോഗുകളും കാണാപ്പാഠം പറയാനറിയാം. സ്കൂളിൽ ടീച്ചർമാർ സൂത്രവാക്യങ്ങൾ ചോദിക്കുമ്പോൾ ഒന്നാംബെഞ്ചിൽ ഒന്നാമതായിരിക്കുന്ന മിടുക്കൻ എഴുന്നേറ്റ് നിന്ന് ഉത്തരം പറയും പോലെ പ്രമോദ് മമ്മൂക്കയുടെ പ്രശസ്തമായ ഡയലോഗുകൾ മനസ്സിൽ നിന്നെടുത്ത് പറഞ്ഞുകൊണ്ടിരിക്കും. 'അക്ഷരങ്ങൾ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളിൽ നിന്ന് നീ പഠിച്ച ഇന്ത്യയല്ല,അനുഭവങ്ങളുടെ ഇന്ത്യ' എന്നുതുടങ്ങുന്ന 'ദ് കിംഗി'ലെ ഡയലോഗായിരുന്നു മാസ്റ്റർപീസ്. അവന്റെ ശബ്ദത്തിൽ അത് പാമ്പാടി കെ.ജി കോളേജിന്റെ ക്ലാസ്മുറികളിലും ഇടനാഴികളിലും മുഴങ്ങി. ഞാനത് ആരാധനയോടെ കേട്ടുനിന്നു.
ഞാൻ പിന്നെ അവന്റെ കൂടെയായി. അപ്പോഴാണ് എന്റെ മമ്മൂക്കഫാൻസ് സംഘടനാപ്രവർത്തനക്കുറിച്ച് അവനറിയുന്നത്. പള്ളിക്കത്തോട്ടിലാണ് വീടെന്നു പറഞ്ഞപ്പോൾ അവൻ ചോദിച്ചു, 'അവിടെയുള്ള ജിൻസ്-ബാബുക്കുട്ടനെ അറിയാമോ..?' അതിലെ ജിൻസാണ് ഞാനെന്ന് പറഞ്ഞപ്പോൾ ഞാൻ മുമ്പ് ഞെട്ടിയതുപോലെ അവനും ഞെട്ടി. കാരണം ലോകമെങ്ങമുള്ള മമ്മൂക്ക ആരാധകർക്കെല്ലാം ജിൻസ്-ബാബുക്കട്ടന്മാരെ അറിയാം. അതിലൊരാളാണ് അടുത്തുനില്കുന്നതെന്നറിഞ്ഞപ്പോൾ അവൻ അദ്ഭുതത്തോടെ പറഞ്ഞു: 'അത് നീയായിരുന്നോടാ...നിങ്ങളെ രണ്ടുപേരെയും എങ്ങനെയെങ്കിലുമൊന്ന് പരിചയപ്പെടണമെന്ന് വിചാരിച്ച് നടക്കുവായിരുന്നു...'
ഞങ്ങൾ കൂടുതലടുത്തു. അവനെപ്പോലൊരു കൂട്ടുകാരൻ എന്റെ ജീവിതത്തിൽ വേറെയുണ്ടായിട്ടില്ല. എല്ലാദിവസവും കോളേജിൽ കാണും മമ്മൂക്കയെക്കുറിച്ച് സംസാരിക്കും,പിരിയും. ശനിയാഴ്ചയാകുമ്പോൾ വല്ലാത്തൊരു വീർപ്പമുട്ടലാണ്. അന്ന് എന്റെ വീട്ടിൽ ഫോണില്ല. ഞാൻ പള്ളിക്കത്തോട്ടിലെ ഒരു ബൂത്തിൽനിന്ന് പ്രമോദിന്റെ വീട്ടിലേക്ക് വിളിക്കും. അവന്റെ അമ്മയാകും ഫോണെടുക്കുക. ആദ്യത്തെ രണ്ടുമൂന്നാഴ്ച കഴിഞ്ഞപ്പോഴേക്കും എന്റെ ഹലോ കേൾക്കുമ്പോഴേ അമ്മ പറയും: 'അവന് കൊടുക്കാം മോനേ..'
ഞങ്ങൾ ഒരു പത്തുമിനിട്ടോളം സംസാരിക്കും. അന്ന് അഞ്ചുരൂപയോളമാകും അത്രയും നേരം ബൂത്തില മമ്മൂക്കയിൽ തുടങ്ങി വീട്ടുവിശേഷങ്ങളിലെത്തി നില്കും സംഭാഷണം. 'എന്നാ കഴിച്ചൂ...ഇന്ന് എന്നാ പരിപാടി തുടങ്ങി' തനി കോട്ടയത്തുകാരായി ഞങ്ങൾ മിണ്ടിയും പറഞ്ഞും കോളേജില്ലാത്തതിന്റെ വിരസത മാറ്റിയെടുക്കും. അവധിക്കാലത്ത് അമ്മവീട്ടിൽപ്പോയി നില്കുന്ന അനുജനോട് ചേട്ടൻ വീട്ടിൽനിന്ന് ഫോണിൽ വിളിച്ചു ചോദിക്കുംപോലുള്ള ചോദ്യങ്ങളും വിശേഷംപറച്ചിലും. എനിക്കറിയത്തില്ല,അന്നൊക്കെ ആരെങ്കിലും എന്നോട് അത്രയും സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടോ എന്ന്. അവന്റെ കാര്യത്തിലും അങ്ങനെതന്നെയായിരുന്നിരിക്കണം.
അന്ന് അവന്റെ സംഘത്തിലുണ്ടായിരുന്നത് ഫിലിപ്പ്,വിനയൻ,ആശിഷ്,അജീഷ്,റോബിൻ,അനീഷ് തുടങ്ങിയവരാണ്. ഇതിൽ ആശിഷ് ഒഴികെയുള്ള ബാക്കിയെല്ലാവരും ലാലേട്ടൻഫാൻസാണ്. എന്റെ കൂടെയുണ്ടായിരുന്നത് വർഗീസ് മർക്കോസ്(പിന്നീട് പുരോഹിതനായി)ബോബി ചാണ്ടി,ശ്രീജേഷ്,അനീഷ് ജോർജ്, ജയ്സൺ തുടങ്ങി ഏഴെട്ടുപേർ. പക്ഷേ ഇതിൽ ഞാനും പ്രമോദുമായിരുന്നു ഏറ്റവും കൂട്ട്. ഒരുപാട് കൂട്ടുകാർക്കിടയിൽ ഞങ്ങൾ രണ്ടുപേരുടേതായി മറ്റൊരുകൂട്ടുകെട്ട്.
അന്ന് ബാബുക്കുട്ടന്റെ സ്റ്റഡി ക്ലാസിനെക്കുറിച്ചൊക്കെ ഞാൻ ഇവരോട് പറയും. ആദ്യം അത് കേൾക്കാൻ ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നെ പതുക്കെപ്പതുക്കെ ആളുകളുടെ എണ്ണം കൂടി. ബാബുക്കുട്ടന്റെ കടയിൽ സ്ഥിരം വരുന്ന കണ്ണപ്പൻ എന്ന് വിളിക്കുന്ന കണ്ണൻ,ജോംസൺ,ജിജി അഞ്ചാനി ഇങ്ങനെയുള്ളവരൊക്കെ അങ്ങനെ വന്നവരാണ്.(ജിജി അഞ്ചാനി പിന്നീട് ഫാൻസിന്റെ സജീവപ്രവർത്തകനായി,പള്ളിക്കത്തോട് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായി,പിന്നീട് ബിസിനസിലേക്ക് കടന്ന് ഇന്ന് അഞ്ചാനി സിനിമാസ് എന്നു പറയുന്ന സ്ഥാപനം നടത്തുന്നായാളായി) ഇവരെല്ലാം എനിക്കൊപ്പം ബാബുക്കുട്ടന്റെ വിദ്യാർഥികളായി. ഗുരുകുല സമ്പ്രദായത്തിലെന്നോണമായിരുന്നു ബാബുക്കുട്ടന്റെ കടയും മമ്മൂക്കയെക്കുറിച്ചുള്ള ക്ലാസുകളും. മറ്റുനടന്മാരുടെ ആരാധകരെ എങ്ങനെ തർക്കിച്ച് തോല്പിക്കാം എന്നതായിരുന്നു അവിടെ പഠിപ്പിച്ചിരുന്ന പ്രധാനവിഷയം.
ഇതേക്കുറിച്ചൊക്കെ കേട്ടപ്പോൾ പ്രമോദിനും സംഘത്തിനും ബാബുക്കുട്ടനെ കാണണമെന്നായി. അങ്ങനെ അവരെല്ലാംകൂടി ഒരുദിവസം കോട്ടയത്തുനിന്ന് ബസുകയറി പള്ളിക്കത്തോട്ടിൽ വന്നു, ബാബുക്കുട്ടനെ പരിചയപ്പെട്ടു,സ്റ്റഡി ക്ലാസ് അറ്റൻഡ് ചെയ്തു! പിന്നെ പള്ളിക്കത്തോട്ടിൽ ഞങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ സാമൂഹികസേവന പ്രവർത്തനങ്ങളിലും പ്രമോദ് സ്ഥിരം സാന്നിധ്യമാകാൻ തുടങ്ങി. കോട്ടയത്ത് ഞങ്ങളെന്തെങ്കിലും പ്രവർത്തനം നടത്തുമ്പോൾ അതിൽ പങ്കെടുക്കാനും എത്തും.
ഇതിനിടയിൽ ഫ്ളക്സ് വയ്ക്കൽ,ബാനർ കെട്ടൽ തുടങ്ങിയ സ്ഥിരം ഫാൻസ് പരിപാടികളുമുണ്ട്. പ്രമോദിന് മരത്തിലൊക്കെ കയറാൻ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ അവനാണ് അഭിലാഷ് തീയറ്ററിന്റെ മുകളിലൊക്കെ വലിഞ്ഞുകയറി സ്ഥിരം ഫ്ളക്സ് വയ്ക്കുന്നത്. പ്രമോദ് ഉണ്ടെങ്കിൽ എന്തും സാധിക്കാം എന്ന നിലയായിരുന്നു അന്ന് ഞങ്ങൾക്ക്. അതുമാത്രവുമല്ല അവന്റെ കൈയിൽ അത്യാവശ്യം കാശും കാണും. അതുകൊണ്ട് എല്ലാക്കാര്യവും പ്രാപ്യമായ ഒരാളായിരുന്നു ഞങ്ങൾക്കിടയിൽ പ്രമോദ്. അന്നൊക്കെ അവൻ ഇല്ലാത്ത ഒരുകാര്യവും ഞങ്ങൾ ഫാൻസിനിടയിലുണ്ടായിരുന്നില്ല.
ശനിയാഴ്ചകളിലെ ഫോൺവിളിയെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. ചിലദിവസം വിളിച്ചുകഴിഞ്ഞ് വീട്ടിലെത്തുമ്പോഴായിരിക്കാം എന്തെങ്കിലും വിശേം പറയാൻ മറന്നതോർക്കുന്നത്. അപ്പോൾതന്നെ അവന്റെ മേൽവിലാസത്തിൽ ഒരു പോസ്റ്റ് കാർഡിടും. അന്ന് വാരികകളിലേക്കും പത്രങ്ങളിലേക്കും കത്തെഴുതാനായി നിറെയ പോസ്റ്റുകാർഡുകൾ വാങ്ങിവച്ചിട്ടുണ്ട്. പിന്നെപ്പിന്നെ അതയയ്ക്കുന്ന കൂട്ടത്തിൽ പ്രമോദിനും ഒരു കത്ത് അയയ്ക്കാൻ തുടങ്ങി. ഓണം,ക്രിസ്മസ് തുടങ്ങി അവധിക്കാലത്ത് രണ്ടുദിവസത്തിൽ ഒരു കത്ത് എന്നതായി പതിവ്. തിരിച്ച് അവനും മറുപടി അയയ്ക്കും.
അങ്ങനെയൊരു ഓണാവധിക്കാലത്ത് പ്രമോദും ആശിഷും പറയുന്നു,ഞങ്ങളും പള്ളിക്കത്തോട്ടിന് വരുന്നു. അങ്ങന അവർ എന്റെ വീട്ടിൽ വന്നു. മൂന്നുനാലുദിവസം താമസിച്ചു. അന്നുവരെ കൂട്ടുകാരിലൊരാൾ പോലും എന്റെ വീട്ടിൽവന്നുനിന്നിട്ടില്ല. അതുകൊണ്ട് വല്ലാത്തൊരു അനുഭവമായിരുന്നു ആ ദിവസങ്ങൾ. അത്രമാത്രം സ്നേഹത്തിലും സൗഹൃദത്തിലും പൊതിഞ്ഞുനിന്ന ഓണക്കാലം.
(തുടരും)