മമ്മൂട്ടിയും പുകവലിയും-രണ്ട് സംഭവകഥകൾ
പുകവലിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മമ്മൂട്ടിയുടെ വാക്കുകൾ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം
കഴിഞ്ഞ ദിവസം കളങ്കാവൽ സംവിധായകൻ ജിതിൻ കെ.ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാനിടയായി. അത് ഇങ്ങനെയാണ്.
ഞാൻ: സാർ വരുന്നതിന് മുമ്പ് ആദ്യം പുക വരണം
മമ്മൂക്ക: അത് വേണോ.. logically പ്രശ്നം ഇല്ലേ..
ഞാൻ: അത് നോക്കണ്ട സാർ.. എന്തായാലും പുക വരണം ആദ്യം..
മമ്മൂക്ക: ഉറപ്പാണോ...
ഞാൻ: അതേ..
മമ്മൂക്ക: എന്നാൽ ഞാൻ മറ്റേ വട്ടം വിടട്ടെ ..
ഞാൻ (ആത്മഗതം): അടിച്ചു മോനെ(ചിരിയുടെ ഇമോജി)
'കളങ്കാവൽ' എന്ന സിനിമയിലെ മമ്മൂക്ക അവതരിപ്പിച്ച കൊടൂരവില്ലന്റെ ഏറ്റവും വലിയ പ്രതീകമാണ് അയാൾ ഊതിപ്പറത്തിവിടുന്ന സിഗരറ്റ് പുക. അത് വൃത്താകൃതിയിൽ അന്തരീക്ഷത്തിൽ പറന്നുപോകുമ്പോൾ സത്യത്തിൽ അവിടെ നിറയുന്നത് ഒരു സൈക്കോപ്പാത്തിന്റെ പകയാണ്. ഇരകളെത്തേടിത്തുടരുന്ന അയാളുടെ അവസാനിക്കാത്ത പകയുടെ അടയാളം. 'കളങ്കാവൽ' കണ്ടതിനുശേഷണാണ് ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചത്. ഞാനപ്പോൾ ഓർത്തുപോയത് മമ്മൂക്കയും സിഗരറ്റ് പുകയും കഥാപാത്രങ്ങളായ രണ്ടു സംഭവകഥകളാണ്.
മമ്മൂക്ക പണ്ട് ധാരാളമായി സിഗരറ്റ് വലിച്ചിരുന്നു. അത് അദ്ദേഹം പലയിടത്തും തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ് ഒടുവിൽ സിഗരറ്റ് വലി പൂർണമായും നിർത്തുകയും ചെയ്തു. പിന്നീട് സിനിമകളിൽപ്പോലും വിരളമായേ അദ്ദേഹം പുകവലിച്ചിട്ടുള്ളൂ. കാലങ്ങൾക്കുശേഷം മമ്മൂക്ക സിഗരറ്റ് വലിക്കുന്നത് കണ്ടത് 'കളങ്കാവലി'ലാണ്. അതിൽ സിഗരറ്റും അതിന്റെ പുകയും അനിവാര്യമായിരുന്നു. അല്ല,കഥാപാത്രങ്ങൾ തന്നെയായിരുന്നു എന്നുവേണം പറയാൻ. എപ്പോഴും കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തും ചെയ്യുന്ന മമ്മൂക്ക ആ സിഗരറ്റ് വലി അത്യുജ്വലമാക്കുകയും ചെയ്തു.
പുകവലി നിർത്തിയശേഷം അതിനെതിരായ ഏറ്റവും വലിയ പ്രചാരകനാകുകയായിരുന്നു മമ്മൂക്ക. പുകവലിക്കുന്നതുകണ്ടാൽ അദ്ദേഹം ദേഷ്യപ്പെടും. സ്നേഹപൂർവം ശാസിക്കും. പുകവലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കും. നേരത്തെ പറഞ്ഞ രണ്ടുസംഭവങ്ങളിൽ ആദ്യത്തേത് അരങ്ങേറിയത് കൊച്ചിയിലെ ചെറുപുഷ്പം സ്റ്റുഡിയോയിലാണ്. 'മിഷൻ 90ഡേയ്സ്' എന്ന സിനിമയുടെ ഷൂട്ടിങ്. കെയർ ആന്റ് ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധരിപ്പിക്കുന്നതിനായി മമ്മൂക്കയെ ഒന്നു കാണണമെന്ന് ഫാ.തോമസ് കുര്യൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അതനുസരിച്ച് ഞാൻ അച്ചനെയും കൂട്ടി ഒരുദിവസം ചെറുപുഷ്പം സ്റ്റുഡിയോയിലെ ലൊക്കേഷനിലേക്ക് ചെന്നു.
അവിടെ തിരക്കിട്ട് ഷൂട്ടിങ് നടക്കുന്നു. മമ്മൂക്ക ഷോട്ടിലാണ്. 'നിങ്ങൾ അവിടെപ്പോയി ഇരുന്നോളൂ..ഷോട്ട് കഴിയുമ്പോൾ വിളിക്കാം' എന്ന് ജോർജേട്ടൻ ഞങ്ങളോട് പറഞ്ഞു. മമ്മൂക്കയുടെ മേക്കപ്പ്മാൻ സലാംഅരൂക്കുറ്റിയെ മുറികാണിച്ചുതരാനായി കൂടെ വിടുകയും ചെയ്തു. സലാം ഞങ്ങളെ ഒരു സ്റ്റുഡിയോക്കുള്ളിലെ മുറിയിൽ കൊണ്ടുപോയി ഇരുത്തി. ഞങ്ങൾ ചെല്ലുമ്പോൾ ആ മുറിയിൽ ആരുമുണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഒന്ന് രണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ അവിടേക്ക് വന്നുപോയി. സിനിമ സെറ്റുകളിൽ ചെന്നാൽ ഒരിടത്ത് വെറുതെയിരിക്കുന്ന ശീലം എനിക്കില്ല. പരിചയക്കാരെ ഓരോരുത്തരായി കണ്ട്, മിണ്ടിയും പറഞ്ഞും നില്കാനാണ് ഇഷ്ടം. അതുകൊണ്ട് അച്ചനെ ആ മുറിയിലിരുത്തിയിട്ട് ഞാൻ ഷൂട്ട് നടക്കുന്ന ഭാഗത്തേക്ക് പോയി.
ഇനിയുള്ളത് അച്ചൻ പറഞ്ഞതിന്റെ ദൃക്സാക്ഷിവിവരമാണ്. ഞാൻ പോയി ഏതാണ്ട് പത്തുപതിനഞ്ച് മിനിറ്റ് കഴിഞ്ഞുകാണണം. കൊച്ചിൻ ഹനീഫയും ആ സിനിമയിലഭിനയിക്കുന്ന മറ്റുചിലരും കൂടി മുറിയിലേക്ക് കയറിവന്നു. കൊച്ചീൻ ഹനീഫയെ മുഖപരിചയമുള്ളതുകൊണ്ട് അച്ചൻ അദ്ദേഹത്തെ ചിരിച്ചുകാണിച്ചു. ഹനീഫ്ക്ക തിരിച്ചും ചിരിച്ചു. അച്ചന്റെ നേരെ അടുത്തായാണ് അവർ വന്നിരുന്നത്. കൊച്ചിൻ ഹനീഫ ആദ്യം ഒരു സിഗരറ്റ് എടുത്തുകത്തിച്ചു. തൊട്ടുപിന്നാലെ മറ്റുള്ളവരും സിഗരറ്റ് വലിക്കാൻ തുടങ്ങി. എന്നിട്ട് അവർ സംസാരം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അച്ചനു ചുറ്റും പുകവലയം. ധൂപക്കുറ്റികൾക്ക് നടുവിലിരിക്കുന്നതുപോലെ. അച്ചന് ഒന്നും പറയാനുമാകുന്നില്ല,ഇറങ്ങിപ്പോകാനും കഴിയുന്നില്ല. ഹനീഫയും സംഘവും അച്ചനോട് സംസാരിക്കാതെ അവരുടേതായ ലോകത്ത് ചൂടുപിടിച്ച ചർച്ചയിലാണ്.
പെട്ടെന്ന് കടൽ രണ്ടായി പിരിയുന്നുവെന്ന് ബൈബിളിൽ പറയും പോലെ മുറിക്ക് പുറത്തെ ജനം രണ്ടായി പിരിയുന്നു. നടുവിലൂടെ മഹാതാരം കയറിവരുന്നു. മമ്മൂക്ക നേരെ മുറിക്കകത്തേക്ക് വന്നപ്പോൾ കൊച്ചിൻ ഹനീഫയും സംഘവും എഴുന്നേറ്റു. അപ്പോഴും അവരുടെ കൈകളിൽ സിഗരറ്റ് എരിയുന്നുണ്ട്. മുറിക്കകത്ത് നിറയെ പുകയും. മമ്മൂക്ക വന്നപാടെ അച്ചനടുത്തേക്ക് ചെന്ന് കൈകൂപ്പിക്കൊണ്ട് പറഞ്ഞു: 'അച്ചാ..നമസ്കാരം...'പിന്നെ അച്ചന്റെ കൈകളിൽ പിടിക്കുന്നു,ഇരിക്കൂ എന്നു പറയുന്നു.
മമ്മൂക്ക നോക്കുമ്പോൾ രണ്ടുപേർ അടുത്തുനിന്ന് അപ്പോഴും ആത്മാവിന് പുകകൊടുക്കുകയാണ്. 'ഒരുമിനിറ്റ്..' എന്ന് അച്ചനോട് പറഞ്ഞിട്ട് മമ്മൂക്ക കൊച്ചിൻ ഹനീഫയെ കൈപിടിച്ച് അല്പം ദൂരേക്ക് മാറ്റിനിർത്തി. പിന്നെ എന്തോ പറഞ്ഞുതുടങ്ങി. മമ്മൂക്കയുടെ മുഖഭാവത്തിൽ ഗൗരവം. കുറച്ചുനിമിഷങ്ങൾ നീണ്ടു ആ സംസാരം. പെട്ടെന്ന് ഹനീഫ അച്ചനടുത്തേക്ക് വന്നിട്ട് പറഞ്ഞു: 'അച്ചോ..ക്ഷമിക്കണം..അച്ചൻ അച്ചനാണെന്ന് എനിക്കറിയില്ലായിരുന്നു!!'
അച്ചൻ ചിരിച്ചപ്പോൾ അദ്ദേഹം ക്ഷമാപണത്തോടെ തുടർന്നു. 'കണ്ടിട്ടില്ലാത്തയാളായതുകൊണ്ട് ജൂനിയർ ആർട്ടിസ്റ്റുകളിലാരോ മേക്കപ്പ് ഇട്ട് ഇരിക്കുകയായിരുന്നു എന്നാണ് വിചാരിച്ചത്.'(ജൂനിയർ ആർട്ടിസ്റ്റായാലും അടുത്തിരുന്ന് പുകവലിക്കുന്നത് ശരിയാണോ എന്നത് മറ്റൊരു ചോദ്യം) എന്തായാലും കൊച്ചിൻ ഹനീഫ അച്ചനോട് ക്ഷമപറഞ്ഞു.
മമ്മൂക്ക അച്ചനോട് അപ്പോൾ പറഞ്ഞത് ഇങ്ങനെ: 'ഹനീഫയ്ക്ക് അറിയില്ലായിരുന്നു കെട്ടോ...ഇയാള് അങ്ങനെ പുകയ്ക്കുന്ന ആളൊന്നുമല്ല...അച്ചനാണെന്ന് അറിയാതെ സംഭവിച്ചതാണ്. അച്ചനത് മനസ്സിൽ വയ്ക്കരുത് കെട്ടോ....'അതിനുശേഷം ഹനീഫയോടായി:'ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ് വൈദികർ. അവരെ നമ്മൾ ബഹുമാനിക്കണം.'
അച്ചനുമുന്നിൽ പുകവലിച്ചതിന് ആദ്യം ഹനീഫയെ 'വാത്സല്യ'ത്തോടെ ശാസിച്ചു. അതിനുശേഷം അച്ചനോട് സുഹൃത്തിനെ കുറ്റപ്പെടുത്താതെ സംസാരിച്ചു. അദ്ദേഹത്തിനുവേണ്ടി അച്ചനോട് ക്ഷമാപണസ്വരത്തിൽ സംസാരിച്ചു. അയാൾ അറിയാതെ ചെയ്തതാണെന്ന് പറഞ്ഞ്,അവിടെയുണ്ടായ അസ്വാരസ്യത്തിന്റ പുകപടലങ്ങളെയാകെ മായ്ച്ചു. അതാണ് മമ്മൂക്ക എന്ന മനുഷ്യൻ.
അച്ചൻ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇതെല്ലാം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: 'എനിക്ക് അവർ പുകവലിച്ചതിലോ അതിനുശേഷം അദ്ദേഹം ക്ഷമ പറഞ്ഞതിലോ ഒന്നുമല്ല കാര്യം. നമ്മുടെ വിശ്വാസത്തിലെന്താണോ അത് നമ്മളേക്കാൾ നന്നായി പറയാൻ മമ്മൂക്കയ്ക്ക് സാധിക്കുന്നല്ലോ എന്നോർക്കുമ്പോഴാണ് അതിശയം. അതുകേട്ടപ്പോഴാണ് ഞാൻ അമ്പരന്നത്...' പിന്നീട് പലസന്ദർഭങ്ങളിൽ അച്ചനുമായി ബൈബിളിലെ പലകാര്യങ്ങളും ചർച്ചചെയ്യുന്ന മമ്മൂക്കയെ കണ്ടപ്പോൾ ഞാൻ ഈ വാചകങ്ങൾ ഓർക്കുമായിരുന്നു.
രണ്ടാമത്തെ കഥ നടക്കുന്നത് ആലുവയ്ക്കടുത്ത് ആലങ്ങാട് എന്ന സ്ഥലത്തെ ഒരു സ്കൂളിലാണ്. കെയർ ആന്റ് ഷെയറിന്റെ 'വഴികാട്ടി' എന്ന പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചത് അവിടെയാണ്. അതിനടുത്തായാണ് 'ബെസ്റ്റ് ആക്ടർ' സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. 'വഴികാട്ടി' ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആവിഷ്കരിച്ച പദ്ധതിയാണ്. മമ്മൂക്ക എപ്പോഴും പറയുന്ന വാചകമാണ് 'കതിരിൽ വളം വച്ചിട്ട് കാര്യമില്ല' എന്നത്. ലഹരിവിരുദ്ധപ്രവർത്തനങ്ങളെല്ലാം കുട്ടികളിൽ നിന്നാണ് തുടങ്ങേണ്ടതെന്നാണ് അദ്ദേഹം നിർദേശിച്ചിരുന്നത്. അന്നൊന്നും ലഹരിവിരുദ്ധക്യാമ്പെയ്നുകൾ ഇന്നത്തപ്പോലെ ഏറെയില്ല. പക്ഷേ മമ്മൂക്ക ദീർഘവീക്ഷണത്തോടെ കുട്ടികൾക്കായി ലഹരിവിരുദ്ധ പരിപാടി ആവിഷ്കരിച്ച് എല്ലാക്കാര്യത്തിലുമെന്നപോലെ മുമ്പേ നടന്നു.
അതുകൊണ്ടാണ് വഴികാട്ടിയുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിലാക്കിയത്. വെറുതെ ഒരു ഉദ്ഘാടനച്ചടങ്ങ് നടത്തിയാൽപ്പോരാ,ലഹരിയുടെ മാരകവിപത്തുകളും സിഗരറ്റ്,പാൻമസാല,ഗുഡ്ക തുടങ്ങിയവ ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന ബോധവത്കരണക്ലാസ്സുകൾ ഉച്ചവരെ നടത്തണം. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ ഉള്ളിൽ ഭാവിയിൽ ആരാകണം എന്ന ആഗ്രഹം തിരിച്ചറിഞ്ഞ് അതിലേക്ക് വഴികാട്ടുന്ന കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിക്കണം. ഇതായിരുന്നു വഴികാട്ടിയുടെ ചടങ്ങ് നിശ്ചയിച്ചപ്പോൾ മമ്മൂക്ക പറഞ്ഞത്. അദ്ദേഹം തന്നെയാണല്ലോ ഞങ്ങളുടെ എപ്പോഴത്തെയും വഴികാട്ടിയും.
ഇതിനൊപ്പം, പുകവലിയെക്കുറിച്ച് താൻ കണ്ടതും കേട്ടതും വായിച്ചതും കാര്യങ്ങൾചടങ്ങിൽ കുട്ടികളുമായി പങ്കുവയ്ക്കാമെന്നും ഒരാളെങ്കിലും അത് കേട്ട് നന്നാകുന്നെങ്കിൽ നന്നാകട്ടെ എന്നും മമ്മൂക്ക പറഞ്ഞു. അതനുസരിച്ച് സ്കൂളിൽ ചടങ്ങ് ഒരുക്കി. മമ്മൂക്ക എത്തി. കുട്ടികൾ ആവേശഭരിതരായി. പറഞ്ഞതുപോലെ അദ്ദേഹം പുകവലിയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ ഏതാണ്ട് 20മിനിട്ടോളം നീണ്ട പ്രസംഗത്തിൽ കുട്ടികൾക്ക് മുമ്പാകെ വിശദമായി അവതരിപ്പിച്ചു. അതിനുശേഷം അവർക്ക് പുകവലിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഇതൊക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത്,'കുട്ടികളൊക്കെ ഇപ്പോൾതന്നെ ഇതെല്ലാം മറക്കും...അവരൊന്നും മമ്മൂക്കയുടെ വാക്കുകൾ ഏറ്റെടുക്കാൻ പോകുന്നില്ല' എന്നാണ്.
പക്ഷേ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് പിന്നീടുണ്ടായത്. ഉദ്ഘാടനപരിപാടിക്ക് ശേഷം ഒരുദിവസം സ്കൂളിന് സമീപത്ത് 'ബെസ്റ്റ് ആക്ടറു'ടെ ഷൂട്ടിങ്. കുട്ടികളിൽ ചിലർ കാണാനെത്തിയിട്ടുണ്ട്. നിർത്തിയിട്ട പ്രൊഡക്ഷൻ വാഹനങ്ങൾക്ക് പിന്നിൽ നിന്ന് ഒരാൾ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. അത് പൊതുസ്ഥലമാണ്,സ്കൂളിനോട് ചേർന്നാണ്. ഷൂട്ടിങ് കാണാൻ വന്ന കുട്ടികൾ സിഗരറ്റ് വലിച്ചുനിന്നയാളെ വളഞ്ഞു. 'നിങ്ങൾ ഈ സിനിമയിൽ വർക്ക് ചെയ്യുന്നയാളാണോ' എന്നായിരുന്നു അവരുടെ ചോദ്യം. 'അതെ' എന്ന് പറഞ്ഞപ്പോൾ അവരുടെ അടുത്തചോദ്യം: 'ഇതിലെ മെയിൻ ആളെന്ന് പറയുന്നത് മമ്മൂക്കയല്ലേ....?'അതിനും അയാൾ തലയാട്ടി. അപ്പോൾ കുട്ടികൾ പറഞ്ഞു: 'ആ മമ്മൂക്കയാണ് ഞങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞത് സിഗരറ്റ് വലിക്കരുതെന്ന്. സിഗരറ്റ് വലിക്കില്ലെന്നും വലിക്കുന്നവരെ കണ്ടാൽ പിന്തിരിപ്പിക്കണമെന്നും ഞങ്ങളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. നിങ്ങള് സിഗരറ്റ് കളയ്....'
ആ കുട്ടികളുടെ വാക്കുകൾ സൗമ്യമായിരുന്നു. ഷൂട്ടിങ് സംഘത്തിലെയാൾ അതുവെറും കുട്ടിക്കളിയായേ എടുത്തുള്ളൂ. അയാൾ സിഗരറ്റ് വലി തുടർന്നു. പക്ഷേ അപ്പോഴേക്കും കുട്ടികളുടെ സ്വഭാവം മാറി. 'സിഗരറ്റ് കളയാനാ പറഞ്ഞത്...'അവരുടെ വാക്കുകൾക്ക് വല്ലാത്തൊരു ആജ്ഞാശക്തിയുണ്ടായിരുന്നു. അതോടെ അയാൾ സിഗറ്റ് ദൂരെക്കളഞ്ഞു. പിന്നീട് പത്തുദിവസത്തോളം അവിടെ ഷൂട്ട് ഉണ്ടായിരുന്നു. അതിൽ ഒരു ദിവസം പോലും ആ സെറ്റിലെ ഒരാളും നാലാള് കാൺകെ സിഗരറ്റ് വലിച്ചില്ല. മമ്മൂക്ക എന്ന മനുഷ്യൻ നന്മ പറഞ്ഞുകൊടുക്കുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന ശക്തിയെന്തെന്നതിന് ഉദാഹരണമായി ഈ ഒരു സംഭവം മാത്രംമതി.
ഇപ്പോൾ നിങ്ങളുടെ മനസ്സിലൊരു ചോദ്യമുയർന്നിട്ടുണ്ടാകും എന്നുറപ്പാണ്. എങ്കിൽപിന്നെ എന്തിനാണ് മമ്മൂക്ക 'കളങ്കാവൽ' പോലൊരു സിനിമ അഭിനയിച്ചതെന്നും അതിൽ സിഗരറ്റ് വലിച്ചതെന്നും. അതിൽ സിഗരറ്റ് വലിച്ചത് മമ്മൂക്കയല്ല,കൊടുംക്രിമനലായ സ്റ്റാൻലി ദാസ് ആയിരുന്നു..അയാൾ ഒരു വലിയ തെറ്റായിരുന്നു...എന്നുമാത്രമാണ് അതിന് ഉത്തരം.
(തുടരും)