ഷാജി കൈലാസ് ഫോട്ടോ-അറേഞ്ച്ഡ്
Columns

'ഇത് സിനിമയാണ്. ഇവിടെ ഒന്നും അറിയില്ല എന്നുപറയരുത്... എല്ലാം അറിയാമെന്നേ പറയാവൂ...അങ്ങനെയേ ഭാവിക്കാവൂ....'

'എങ്ങനെയാണ് എന്റെ പേര് കൈലാസമേറിയത് എന്ന് അധികമാർക്കും അറിയില്ല. അതിന് പിന്നിലുണ്ടായിരുന്നയാളെക്കുറിച്ച് അറിയുമ്പോൾ ഒരുപക്ഷേ അദ്ഭുതം തോന്നിയേക്കാം.'- 'ഒരു ഷാജി കൈലാസ് വർത്തമാനം' ഭാ​ഗം-2

ഷാജി കൈലാസ്

എന്റെ വർത്തമാനങ്ങളുടെ ആദ്യഭാ​ഗം വായിച്ചശേഷം എനിക്കൊരാളുടെ മെസേജ് വന്നു. അത് ഇങ്ങനെയായിരുന്നു: 'അത് നന്നായി...ശൈവം ശൈശവം തൊട്ട് കൂടെ....'വാക്കുകൾ കൊണ്ട് മാന്ത്രികതയുടെ ആ മഹാശൈലം സൃഷ്ടിച്ചത് പ്രിയപ്പെട്ട രഞ്ജിത് ആയിരുന്നു. എനിക്കുവേണ്ടി ഒരുപാട് ശൈവരൂപസദൃശരായ നായകരെ എഴുതിയുണ്ടാക്കിയ കൂട്ടുകാരൻ. ഓർമകൾ പിറകിലേക്കൊഴുകി. ഞങ്ങളൊരുമിച്ച സിനിമകൾ ഓരോന്നായി മനസ്സിലേക്ക് വന്നു. ആ നായകരുടെ പേരുകളൊക്കെയും ശിവന്റെ പര്യായങ്ങളായിരുന്നല്ലോ എന്നോർത്തപ്പോൾ എവിടെയോ ദൈവികമായ ഒരു സാന്നിധ്യം അനുഭവപ്പെടുന്നതുപോലെ. ജ​ഗന്നാഥൻ,ഇന്ദുചൂഡൻ,വിശ്വനാഥൻ...രഞ്ജിത് എഴുതി ഞാൻ ആദ്യമായി നിർമിച്ച 'ഉസ്താദി'ലെ നായകന്റെ പേരും ശിവനാമം തന്നെയായിരുന്നു-പരമേശ്വരൻ. എനിക്ക് ഏറെ ഇഷ്ടമുള്ള ഐ.വി.ശശിയേട്ടന്റെ 'ദേവാസുര'ത്തിലുറഞ്ഞാടിയതും നീലകണ്ഠൻ. രഞ്ജിതിന്റെ പേനയുടെ തുമ്പിലും സദാ വസിക്കുന്നുണ്ട്,'സർവ്വേശ്വരൻ'.

പലരും എന്റെ സിനിമകളിലെ നായകരുടെ പേരിലെ പ്രത്യേകതയെക്കുറിച്ചും അതിനോട് എന്റെ പേരിനുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. 'കൈലാസ്' എന്ന വാക്കാണ് അവരെയൊക്കെ അങ്ങനെയൊരു കൂട്ടിയിണക്കലിന് പ്രേരിപ്പിച്ചത്. എങ്ങനെയാണ് എന്റെ പേര് കൈലാസമേറിയത് എന്ന് അധികമാർക്കും അറിയില്ല. അതിന് പിന്നിലുണ്ടായിരുന്നയാളെക്കുറിച്ച് അറിയുമ്പോൾ ഒരുപക്ഷേ അദ്ഭുതം തോന്നിയേക്കാം. അത് എന്റെയൊരു ജ്യേഷ്ഠസഹോദരന്റെ സമ്മാനമാണ്. അടുത്തിടെ നമ്മെ വിട്ടുപോയ വിശ്രുത സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ.കരുണിന്റെ...

ഷാജി എൻ.കരുൺ

സിനിമയിലെത്തിയ ആദ്യനാളുകൾ. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ധാരാളം സിനിമകളുടെ ജോലികൾ നടക്കുന്ന കാലം. അന്ന് അവിടെ ഒരുപാട് സിനിമാപ്രവർത്തകർ വരും. പലരും അതിപ്രശസ്തർ. പത്മരാജൻ,ഭരതൻ,ജോൺ ഏബ്രഹാം,സുരാസു...അങ്ങനെ പട്ടികയ്ക്ക് തന്നെ എന്തൊരു പ്രകാശമായിരുന്നു! അവരെയൊക്കെ കാണാനും സംസാരിക്കാനും ഞാനും ചിത്രാഞ്ജലിയിൽ ചെല്ലും. ഇത്തരം കൂട്ടായ്മകളായിരുന്നു അന്നത്തെ പാഠശാല. ഷാജി എൻ.കരുൺ അവിടെ സ്റ്റുഡിയോ മാനേജറാണ്. അദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയായിരുന്നു. ക്യാമറയെക്കുറിച്ചും ലോകസിനിമകളെക്കുറിച്ചുമുള്ള സംശയങ്ങൾ ചോദിക്കുമ്പോൾ സൗമ്യനായ അധ്യാപകനായി പറഞ്ഞുതന്നിരുന്നയാൾ. ഞാൻ കൂടി സൗഹൃദവലയത്തിലേക്ക് ചെന്നതോടെ രണ്ടു ഷാജിമാരായി. ആരെങ്കിലും 'ഷാജീീ' എന്നുവിളിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും തിരിഞ്ഞുനോക്കാനും വിളികേൾക്കാനും തുടങ്ങി.

അതോടെ ഒരുദിവസം ഷാജി എൻ.കരുൺ തന്റെ പഞ്ഞിപോലുള്ള ശബ്ദത്തിൽ ചോദിച്ചു:'പേരിന്റെ കൂടെ എന്തെങ്കിലുമൊന്ന് ചേർത്തൂടേ..' എനിക്ക് സമ്മതമായിരുന്നു. അതിന് കാരണമായി ഷാജി എൻ.കരുൺ എന്ന പേരുതന്നെ മുന്നിലിരിപ്പുണ്ടല്ലോ! പിതാവ് എൻ.കരുണാകരന്റെ പേരിന്റെ ചുരുക്കമാണ് അദ്ദേഹം ആദരവോടെ സ്വന്തം പേരിലേക്ക് സ്വീകരിച്ചത്. അതുപോലെ എന്തെങ്കിലുമൊന്ന് രണ്ടാംഭാ​ഗത്തുവന്നാൽ പേരിന് കൂടുതലൊരു ​മിഴിവ് വരും എന്ന് എനിക്കും തോന്നി. അന്നത്തെ രീതിയനുസരിച്ച് ജാതിപ്പേരാണ് ആദ്യം ഷാജി എൻ കരുൺ നിർദേശിച്ചത്. കൂടുതലാളുകളും അത് സ്വീകരിച്ചിരുന്നതുകൊണ്ടായിരുന്നു അങ്ങനെയൊരു നിർദേശം. പക്ഷേ എനിക്കതിൽ താത്പര്യം തോന്നിയില്ല. അങ്ങനെ പലതും ആലോചിച്ചതിനൊടുവിലാണ് ഷാജി എൻ കരുൺ ചോദിച്ചത്:'വീട്ടുപേരെന്താ...?'

ഞാൻ പറഞ്ഞു: കൈലാസ്...

'എങ്കിൽ ഷാജി കൈലാസ് എന്നായാലോ...'

അത് കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. ആ പേരിടൽ മുഹൂർത്തത്തിൽ സാക്ഷാൽ പരമശിവനും എന്നെ അനു​ഗ്രഹിച്ചിരിക്കണം. ഷാജി എൻ. കരുണിലൂടെ ഞാനങ്ങനെ ഷാജി കൈലാസായി...

ഷാജികൈലാസ് വിജയ്ക്കൊപ്പം

ഇനി കഴിഞ്ഞഭാ​ഗത്തിന്റെ തുടർച്ചയിലേക്കൊരു ഫ്ളാഷ് ബാക്ക്.

ശിവനങ്കിളിന്റെ കൂടെയുള്ള ക്യാമറാപഠനം കഴിഞ്ഞെങ്കിലും സിനിമ കാര്യമായി എന്നെ ആവേശിച്ചിരുന്നില്ല. കോളേജ് പഠനവുമായി മുന്നോട്ടുപോയി. കുഞ്ഞുന്നാളുതൊട്ടേ വരയ്ക്കുമായിരുന്നു.(ഇന്നും സിനിമയിലുള്ള പലർക്കും അറിയാത്ത കാര്യമാണ് ചിത്രരചനയിലുള്ള എന്റെ കമ്പം.) തിരുവനന്തപുരമായിരുന്നു അന്നൊക്കെ മലയാളസിനിമയുടെ തലസ്ഥാനം. മലയാളസിനിമയുടെ എല്ലാമേഖലകളിലും തിരുവനന്തപുരത്തുകാരാണ് നിറഞ്ഞുനിന്നിരുന്നത്. അവരിലൊരാളായിരുന്നു ബാലുകിരിയത്ത്. അദ്ദേഹവുമായി നേരത്തെ തന്നെ പരിചയമുണ്ട്. അത് 'കട്ടപ്പുറം' എനിക്ക് തന്ന ബന്ധമായിരുന്നു.

കോളേജ് വിട്ടുവന്നാൽ വൈകുന്നേരം ഞങ്ങൾ കൂട്ടുകാരെല്ലാം ഒത്തുചേർന്നിരുന്നയിടമായിരുന്നു 'കട്ടപ്പുറം'. ഒരു മുതലാളിയുടെ (തടിക്കട വാസുപിള്ള) കുറേ വലിയ തടികൾ അടുക്കിയിട്ടസ്ഥലമായിരുന്നു അത്. അതിനു മീതേയാണ് സംഘംചേർന്നിരിക്കുക. ആ കട്ടപ്പുറം കൂട്ടുകാരിൽപെട്ടവരായിരുന്നു ബാലുകിരിയത്തിന്റെ സഹോദരന്മാരായ വിനുകിരിയത്തും രാജൻകിരിയത്തും. അവർ വഴിയാണ് ഞാൻ ബാലുകിരിയത്തിനെ പരിചയപ്പെട്ടത്. പിന്നീട് ആ ബന്ധം വളർന്നു. ഇവരുടെ സഹോദരി ​ഗിരിജാചന്ദ്രൻ നടത്തിയിരുന്ന 'റി​ഗാറ്റ' എന്ന നൃത്തവിദ്യാലയം അക്കാലത്ത് പ്രശസ്തമായിരുന്നു. വരയിലുള്ള താത്പര്യം അറിയാവുന്ന ബാലുകിരിയത്ത് 'റി​ഗാറ്റ'യുടെ സുവനീറിന്റെ കവർ വരയ്ക്കാൻ എന്നെയാണ് ഏല്പിച്ചത്.

അദ്ദേഹം സംവിധാനം ചെയ്ത 'വിസ' പോലെയുള്ള ചില സിനിമകളുടെ ലൊക്കേഷനിൽ പോയി കുറച്ചുദിവസം നില്കാനും സിനിമയെ അറിയാനും അന്നൊക്കെ സാധിച്ചു. ബോംബെയിലൊക്കെ അങ്ങനെ പോയി. സിനിമയെ ഒരു ക്രിയേറ്ററുടെ കണ്ണിലൂടെ കാണാൻ ശീലിച്ചത് ഈ ലൊക്കേഷൻ വിസിറ്റുകളിലൂടെയായിരുന്നു. പക്ഷേ അപ്പോഴും സിനിമയോട് അഭിനിവേശമൊന്നും തോന്നിയിട്ടില്ലായിരുന്നു.

ഒരുദിവസം ബാലു കിരിയത്ത് ഒരു കവിത തന്നിട്ട് ചോദിച്ചു:'ഇതൊന്ന് വിഷ്വലൈസ് ചെയ്യാമോ...?' വരികളെ വരകളാക്കി മാറ്റണമെന്നായിരുന്നു ആവശ്യം. ഞാൻ ആ ജോലി ഏറ്റെടുത്തു. വെളുത്ത കടലാസിൽ കറുത്തമഷികൊണ്ട് വരയ്ക്കുന്നതിന് പകരം നേരെ തിരിച്ചായിരുന്നു പരീക്ഷണം. വലിയ കറുത്ത കടലാസ് ഷീറ്റിൽ വെളുത്തവരകൾ. അത് ബാലുകിരിയത്തിന് ഇഷ്ടമായി. അദ്ദേഹമത് വീട്ടിലെ ഹാളിൽ ഫ്രയിം ചെയ്തുവച്ചു.

ഒരുദിവസം കോളേജ് വിട്ടുവരും വഴി ബാലുകിരിയത്തിനെ കണ്ടു. വീണ്ടും അദ്ദേഹമൊരു ചോദ്യം ചോദിച്ചു. അത് എന്റെ ജീവിതം നിർണയിച്ചു.

അടുത്ത കട്ട്. ഞാൻ മദിരാശി എന്ന മദ്രാസിലേക്കുള്ള തീവണ്ടിയിലാണ്...

'അസിസ്റ്റന്റ് ഡയറക്ടറാകാൻ താത്പര്യമുണ്ടോ' എന്നായിരുന്നു ബാലുകിരിയത്തിന്റെ ചോദ്യം. ആ നിമിഷം വരെ സിനിമ എന്റെ മോഹമായിരുന്നില്ല. എങ്കിലും ഒരു അവസരം വന്ന് മുട്ടിവിളിച്ചപ്പോൾ 'ഇല്ല' എന്ന് പറയാൻ എന്തുകൊണ്ടോ തോന്നിയില്ല. പക്ഷേ അച്ഛന്റെ അനുവാദം വാങ്ങണം. വീട്ടിൽ ചെന്ന് വിവരം പറഞ്ഞു. 'നീ കോൺഫിഡന്റാണോ' എന്നായിരുന്നു അച്ഛൻ ചോദിച്ചത്. 'അതെ' എന്നുപറഞ്ഞപ്പോൾ 'എന്നാൽ പോയിട്ട് വാ...'എന്ന് മറുപടി. അച്ഛൻ തന്നെയാണ് എന്നെ റെയിൽവേസ്റ്റേഷനിൽ കൊണ്ടുവിട്ടതും. അങ്ങനെയാണ് ഞാൻ മദ്രാസിലേക്കുള്ള തീവണ്ടിയിലെ യാത്രക്കാരിലൊരാളായത്. ഒരുപക്ഷേ ആ വണ്ടിയിൽ എന്നെപ്പോലെ സിനിമാക്കാരനാകാൻ യാത്രയായ പലരുമുണ്ടായിരുന്നിരിക്കണം.

1.ബാലുകിരിയത്ത്v2.രാജൻകിരിയത്തും വിനുകിരിയത്തും

അക്കാലത്ത് സിനിമാസ്വപ്നങ്ങൾ കൊരുത്തെടുത്ത പൂമാലപോലെയായിരുന്നു ചെന്നൈ മെയിൽ. ഓരോ ബോ​ഗിയിലും ആരെങ്കിലുമൊക്കെയുണ്ടാകും സിനിമയുമായി ബന്ധപ്പെട്ടവർ. എ.സി കോച്ചിൽ പ്രശസ്തരായ അഭിനേതാക്കൾ,സെക്കൻഡ്ക്ലാസിൽ പ്രൊഡക്ഷൻ കൺട്രോളർമാരും സഹനടന്മാരും, ജനറൽ കമ്പാർട്ട്മെന്റിൽ താരമാകാൻ വീടുവിട്ടിറങ്ങിയവർ...ആ പലതരം മനുഷ്യരിലൊരാളായി ഞാനും.

പുലർച്ചെയാണ് മദ്രാസിലെത്തിയത്. ചെറിയ ഒരുറക്കത്തിനുശേഷം ന​ഗരം ഒന്ന് ചുറ്റിക്കാണാനായിരുന്നു പ്ലാൻ. അന്നത്തെ ടാജ് ഹോട്ടലിനടുത്തുള്ള അനു​ഗ്രഹ അപ്പാർട്ട്മെന്റ്സിലായിരുന്നു താമസം. പത്തുമണിയായപ്പോൾ വി.ആർ.​ഗോപാലകൃഷ്ണൻ വന്നു. അദ്ദേഹമാണ് ബാലുകിരിയത്തിന്റെ അസോസിയേറ്റ്. ഞാൻ അസിസ്റ്റന്റും. അന്ന് രണ്ടുപേരേയുള്ളൂ സംവിധായകന്റെ കൂടെ. അവർ രണ്ടുകൈകൾ പോലെവേണം പ്രവർത്തിക്കാൻ.

​ഔപചാരികമായ പരിചയപ്പെടലിനുശേഷം ​ഗോപാലകൃഷ്ണൻ പറഞ്ഞു: 'സോങ് മാർക്ക് ചെയ്യാൻ പോകണം.' എനിക്ക് ഒന്നും മനസ്സിലായില്ല. ചെന്നിറങ്ങി,ഒന്നുറങ്ങിക്കഴിഞ്ഞപ്പോഴേക്കും ജോലി തുടങ്ങാനാണ് പറയുന്നത്. ജീവിതത്തിലാദ്യമായിട്ടാണ് 'സോങ് മാർക്ക്' എന്നുകേൾക്കുന്നത്.

തൊട്ടുപിന്നാലെ പ്രൊഡക്ഷൻ മാനേജർ കാശി വന്നു. യോ​ഗിബാബുവിന്റെ ഇപ്പോഴത്തെ രൂപത്തിലും ഭാവത്തിലുമുള്ള ഒരാൾ.

'അണ്ണാ...പോകലാമാ...'-കാശി ധൃതികൂട്ടുകയാണ്.

​ഗോപാലകൃഷ്ണൻ ഒരു പേനയും കടലാസുകൾ അടുക്കിവെച്ച ഫയലും തന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാൻ അത് ഏറ്റുവാങ്ങി. ​ഗോപാലകൃഷ്ണൻ ഒന്നുകൂടി വിശദീകരിച്ചു: 'സോങ് പഞ്ചുചെയ്യണം. അതാണ് ആദ്യത്തെ ജോലി. പോയി പഞ്ച് ചെയ്തിട്ടുവാ...'

ആകെക്കൂടി കണ്ടിട്ടുള്ളത് പേപ്പർ പഞ്ചുചെയ്യുന്നതാണ്. അതുപോലെ എന്തോ സം​ഗതിയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഉറപ്പില്ല. ഞാൻ ​ഗോപാലകൃഷ്ണനോട് പറഞ്ഞു:

'അല്ല..എനിക്കിതൊന്നും അറിയില്ല..'

ഒരുനിമിഷം ​ഗോപാലകൃഷ്ണൻ എന്നെ നോക്കി. എന്നിട്ടുപറഞ്ഞു: 'ഇത് സിനിമയാണ്. ഇവിടെ ഒന്നും അറിയില്ല എന്നുപറയരുത്. എല്ലാം അറിയാമെന്നേ പറയാവൂ...അങ്ങനെയേ ഭാവിക്കാവൂ....'

അതായിരുന്നു സിനിമാലോകത്തുനിന്ന് എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം. അന്ന് എനിക്കതിന്റെ അർഥം മനസ്സിലായില്ല. പക്ഷേ പിന്നീടുള്ള ദിവസങ്ങളിലും വർഷങ്ങളിലും പൊരുൾ കൂടുതൽ കൂടുതൽ തിരിഞ്ഞുതുടങ്ങി.

'അണ്ണാ....പോകലാമാ...'

കാശിയുടെ കണ്ണുകൾ എന്നെ ദയനീയമായി വിളിക്കുന്നു..

​ഗോപാലകൃഷ്ണന്റെ വാക്കുകൾ പിന്നെയും ആ മുറിയിൽ മുഴങ്ങുന്നതുപോലെ തോന്നി. 'ഇത് സിനിമയാണ് ഇവിടെ ഒന്നും അറിയില്ലെന്ന് പറയരുത്..'

കോളേജിൽ നിന്ന് സിനിമയിലേക്ക് വന്നതല്ലേ. ഉപദേശത്തിന്റെ അർഥമൊന്നും മനസ്സിലായില്ലെങ്കിലും നേരെ അത് ശിരസ്സാവഹിച്ചു. 'ആണോ...അങ്ങനെയാണോ...എങ്കിൽ എല്ലാം എനിക്കറിയാം... '-ഈ മട്ടിൽ മനസ്സിനെ അങ്ങ് പരുവപ്പെടുത്തി.

അങ്ങനെ ​ഗോപാലകൃഷ്ണൻ തന്ന കടലാസും ഫയലുമായി ഞാൻ കാശിക്കൊപ്പം മദ്രാസ് ന​ഗരത്തിലേക്കിറങ്ങി. 'വാ കുരുവി,വരൂ കുരുവി' എന്ന സിനിമയുടെ അണിയറപ്രവർത്തനങ്ങളിലായിരുന്നു അന്ന് ബാലുകിരിയത്ത്. അതിലെ പാട്ടുകളുടെ പഞ്ചിങ് ആണ് എന്നിലേല്പിക്കപ്പെട്ട ഒന്നാമത്തെ ദൗത്യം.

സിനിമാസ്റ്റുഡിയോകളും പൊടിപറത്തുന്ന പാതകളും വാടിയ ജമന്തിപ്പൂക്കളുടെ മണവും പിന്നിട്ട് ഞങ്ങളുടെ വാഹനം മെല്ലെയോടി. കുറേച്ചെന്നപ്പോൾ പെട്ടെന്ന് ഒരു വഴിതിരിയുന്നു. അവിടെ ഇടതുവശത്ത് ഒരു ബോർഡ് കാണുന്നു-ഡയറക്ടേഴ്സ് കോളനി. ഹോ...അപ്പോൾ ഇവിടെയായിരിക്കും സംവിധായകരെല്ലാം താമസിക്കുന്നത്-ഞാൻ വിചാരിച്ചു. കുറച്ചുകൂടി ചെന്നപ്പോൾ ശശികുമാർ എന്നെഴുതിയ ബോർഡ്. എന്റെ ജീവിതയാത്രക്കിടെയുണ്ടായ ഒരു അവിസ്മരണീയകാഴ്ച. പിന്നിട്ടുപോകുന്നത് മലയാളസിനിമയിലെ തന്നെ ഒരു നാഴികക്കല്ലാണ്. അതുംകഴിഞ്ഞ് മുന്നോട്ടുപോയപ്പോൾ മറ്റൊരു വളവിന് മുന്നിലുള്ള ഒരു ഇരുനില കെട്ടിടത്തിന് മുന്നിൽ വാഹനം ചെന്നുനിന്നു. കാശി മുകൾനിലയിലേക്ക് കൊണ്ടുപോയി. ഞാൻ എല്ലാമറിയുന്നവന്റെ ഭാവത്തോടെ ചവിട്ടുപടികൾ കയറി.

ഷാജികൈലാസും സത്യരാജും

ചെന്നുകയറിയപ്പോൾ കണ്ട മുറിയിൽ ഒരു മനുഷ്യനിരിപ്പുണ്ടായിരുന്നു. നെറ്റിയിലും കൈയിലും വലിയ ഭസ്മക്കുറികൾ. മുറിക്കൈയൻ ബനിയൻ. കാഴ്ചയിൽ ​​ഗാംഭീര്യം. മുന്നിലൊരു ചില്ലുമേശ. എന്റെ അച്ഛനേക്കാൾ പ്രായം തോന്നിക്കും. അദ്ദേഹത്തിന്റെ പേര് ജി.വെങ്കിട്ടരാമൻ എന്നായിരുന്നു.

ഞാനപ്പോൾ നിന്നിരുന്നത് ഇന്ത്യൻസിനിമയിലെ തന്നെ ഏറ്റവും മുതിർന്ന എഡിറ്റർക്ക് മുന്നിലായിരുന്നു. പിച്ചവച്ചുതുടങ്ങിയ കാലം മുതൽ അദ്ദേഹം മലയാളസിനിമയുടെ കൂടെയുണ്ട്. 1959-ൽ പുറത്തിറങ്ങിയ 'നാടോടികൾ' ആണ് ആദ്യസിനിമ. കുഞ്ചാക്കോ മുതലാളി മുതൽ രാമുകാര്യാട്ടും എ.വിൻസെന്റും എം.കൃഷ്ണൻനായരും എ.ബി.രാജുമെല്ലാം ആദരവോടെ കണ്ടിരുന്നയാൾ. കറുപ്പിലും വെളുപ്പിലും തുടങ്ങി ഈസ്റ്റ്മാൻ കളറിലൂടെ പൂർണനിറഭം​ഗിയിലെത്തിനില്കുന്ന സിനിമകൾ സ്വന്തം കത്രികകൊണ്ട് ചെത്തിമിനുക്കി പരുവപ്പെടുത്തിയ പ്രതിഭ.

ഹരിഹരൻസാർപോലും ജി.വെങ്കിട്ടരാമൻ എന്ന വന്ദ്യവയോധികനു മുന്നിൽ നില്കുകയാണ് പതിവ്. ചെന്നുകയറിയപാടെ ഞാൻ അദ്ദേഹത്തിന് എതിർവശത്തെ കസേരയിൽ കയറി ഇരുന്നു. എന്റെയുള്ളിൽ ​ഗോപാലകൃഷ്ണൻ പറഞ്ഞ വാചകങ്ങൾ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു. അതനുസരിച്ച് ഞാൻ എല്ലാമറിയാവുന്നയാളെപ്പോലെ മുന്നിലിരിക്കുന്നയാളെ നോക്കി.

(തുടരും)