ഫിലിപ്പോസ് മാർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം ജന്മദിനാഘോഷച്ചടങ്ങിൽ അദ്ദേഹത്തിനൊപ്പം മമ്മൂട്ടി. സമീപം റോബർട്ട് കുര്യാക്കോസ് ഫോട്ടോ-അറേഞ്ച്ഡ്
Columns

കരഞ്ഞുപോയ 'സന്ദർഭം', കൈയടിപ്പിച്ച 'നിറക്കൂട്ട്', ഒട്ടുപാൽ പറിച്ചുനേടിയ കാശിനുകണ്ട 'ഹിറ്റ്ലർ'...

ഒടുവിൽ എങ്ങനെയൊക്കയോ ടിക്കറ്റ് വാങ്ങി ഇടിച്ചുകുത്തി കയറുന്നവരിൽ ഒരാളായി ഞാനും തീയറ്ററിനുള്ളിലേക്ക് തെറിച്ചുവീണു- 'മധുരം മമ്മൂട്ടി'-മൂന്നാംഭാ​ഗം

റോബര്‍ട്ട് കുര്യാക്കോസ്‌

അവധിക്കാലത്ത് കടയിൽ കാശുവാങ്ങാൻ നില്കാനായി അപ്പൻ വിളിക്കുമ്പോൾ ഓടിപ്പോയിരുന്നത് പ്രതിഫലമായി കിട്ടിയിരുന്ന മുട്ടായിക്കാശിനുവേണ്ടിയല്ല. അതിനേക്കാൾ മധുരമുള്ളൊരാൾ മുന്നിലുണ്ടാകും എപ്പോഴും. അപ്പന്റെ കടയുടെ അടുത്തുതന്നെയാണ് പാലാ യൂണിവേഴ്സൽ തീയറ്റർ. അധികം ദൂരെയല്ലാതെ മഹാറാണി തീയറ്ററും. കടയുടെ പരിസരങ്ങളിലെ ഭിത്തിയിൽ നിറയെ രണ്ടുതീയറ്ററുകളിലെയും സിനിമാപോസ്റ്ററുകളാണ്. അക്കാലത്ത് തുടർച്ചയായി മമ്മൂക്ക പടങ്ങളുടെ റിലീസ് ഉണ്ടായിരുന്നതിനാൽ മതിലുകളിൽ നിറയെ അദ്ദേഹമായിരിക്കും. ഞാനിടയ്ക്കിടയ്ക്ക് മതിലിനരികിൽപോയി മമ്മൂക്കയെ നോക്കിനില്കും.

അങ്ങനെയൊരു അവധിക്കാലത്ത്,കടയ്ക്ക് മുന്നിലെ മതിലിൽ 'ഹിറ്റ്ലറി'ലെ മമ്മൂക്കയെ നോക്കി നിന്ന എന്നെയാണ് അപ്പൻ നോട്ടമിട്ടത്. പക്ഷേ അപ്പനൊരു ഹിറ്റ്ലറായില്ല. ആ രാത്രിയിൽ അപ്പൻ അമ്മച്ചിയോട് പറഞ്ഞു: 'അവന് ഹിറ്റ്ലർ സിനിമ കാണണോ എന്ന് ചോദിക്ക്...ടിക്കറ്റെടുക്കാനുള്ള കാശുകൊടുക്കാം..പക്ഷേ പറമ്പിലെ ഒട്ടുപാല് മുഴുവൻ പറിക്കണം...'(ഒട്ടുപാല് പറിക്കുക എന്നത് റബ്ബർകർഷകരുടെ പ്രധാന ജോലികളിലൊന്നാണ്. ടാപ്പ് ചെയ്തശേഷം ചിരട്ടയിലേക്ക് വീഴുന്ന പാലാണല്ലോ പ്രധാനം. അതെടുത്തശേഷം പിന്നെയും മരത്തിൽ നിന്ന് ടാപ്പ് ചെയ്തഭാ​ഗത്തൂടെ പാലൂറിവരും. അത് ചിരട്ടയിലേക്കുള്ള ആ 'മരപ്പാത'യിൽ ഒട്ടിപ്പിടിച്ചുനില്കുകയും ചെയ്യും. ഇത് പറിച്ചെടുക്കുന്നതാണ് ഒട്ടുപാൽ പറിക്കൽ. ഒരുസൈഡിൽ നിന്ന് വലിക്കുമ്പോൾ റബ്ബർബാൻഡ് പോലെ വലിഞ്ഞുവരും. ഒട്ടുപാൽ പറിച്ചശേഷം വീണ്ടും അവിടെ ഒന്നുകൂടി ടാപ്പ് ചെയ്യുമ്പോൾ പുതിയ പാൽ മരത്തിൽ നിന്നൂറും.)

അമ്മച്ചി ഈ വിവരം പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. മമ്മൂക്കയ്ക്ക് വേണ്ടി ഒട്ടുപാലല്ല, ആ പറമ്പലുണ്ടായിരുന്ന മുഴുവൻ കളയും പറിക്കാൻ ഞാൻ തയ്യറായിരുന്നു. അങ്ങനെ ഒരാഴ്ചകൊണ്ട് ഒട്ടുപാൽ പറിച്ചുതീർത്തു. ഒട്ടും വിശ്രമിക്കാതെയായിരുന്നു ജോലി. കാരണം എത്രയും വേ​ഗം തീർത്താൽ അത്രയും പെട്ടെന്ന് ഹിറ്റ്ലർ കാണാം. ആ റബ്ബർമരങ്ങൾപോലും എന്റെ ആ​ഗ്രഹമറിയാവുന്നതുപോലെ എന്നെ അധികം ബുദ്ധിമുട്ടിച്ചില്ല.

'ഹിറ്റ്ലർ' പോസ്റ്റർ

അങ്ങനെ തോട്ടത്തിൽ അധ്വാനിച്ചുനേടിയ കാശുകൊണ്ട് ഞാൻ ആദ്യമായി ഒറ്റയ്ക്ക് ഒരു മമ്മൂക്ക സിനിമ കാണാനായി തീയറ്ററിൽ പോയി. മഹാറാണിയിലാണ് ഹിറ്റ്ലർ പ്രദർശിപ്പിക്കുന്നത്. നെഞ്ച് നാസിക്ധോൽപോലെ മുഴങ്ങുന്നു. മഹാറാണിക്കുമുന്നിൽ പാലാ കുരിശുപള്ളിപെരുന്നാളിനുള്ള ആളുണ്ട്. എനിക്ക് എവിടെനിന്നാണ് ടിക്കറ്റെടുക്കേണ്ടതെന്നോ എങ്ങനെയാണ് തീയറ്ററിനുള്ളിലേക്ക് കയറേണ്ടതെന്നോ അറിയില്ല. ഒടുവിൽ എങ്ങനെയൊക്കയോ ടിക്കറ്റ് വാങ്ങി ഇടിച്ചുകുത്തി കയറുന്നവരിൽ ഒരാളായി ഞാനും തീയറ്ററിനുള്ളിലേക്ക് തെറിച്ചുവീണു. നോക്കുമ്പോൾ കൺമുന്നിൽ സിനിമ തുടങ്ങിക്കഴിഞ്ഞു. ജ​ഗദീഷ് പൗഡറുമിട്ട് ഓടുന്ന സീൻ. എനിക്കങ്ങ് സങ്കടം വന്നു. ഏതൊരു സിനിമാപ്രേമിക്കും സിനിമതുടക്കം മുതൽ കണ്ടില്ലെങ്കിൽ വലിയ വിഷമമാണ്. കഴിഞ്ഞുപോയ സീനുകളിൽ എന്തൊക്കെ നടന്നുകാണും,അതൊക്കെ നഷ്ടപ്പെട്ടല്ലോ എന്നല്ലാമുള്ള ആധി. അതുകൊണ്ട് ആകെയൊരു നിരാശവന്നുമൂടി. അതിന്റെയൊരു കുഞ്ഞുനോവിലാണ് സിനിമമുഴുവൻ കണ്ടുതീർത്തത്(പക്ഷേ രണ്ടാമത് ഹിറ്റ്ലർ തീയറ്ററിൽ നിന്നുതന്നെ കണ്ടപ്പോൾ ആദ്യ കാഴ്ചയിലെ വിഷമം മാറി. എനിക്ക് അധികം സീനൊന്നും നഷ്ടപ്പെട്ടില്ലായിരുന്നു എന്നോർത്ത്.)

ഇനിയൊരു ഫ്ളാഷ് ബാക്കിലേക്ക് പോയാൽ സ്കൂളിൽ മമ്മൂക്കയുടെ സിനിമ കണ്ട ചില ഓർമകളിലേക്കെത്തും. അന്നൊക്കെ വർഷത്തിൽ ഒന്നോ രണ്ടോതവണ സ്കൂളിൽ സിനിമാപ്രദർശനമുണ്ടാകും. പുറത്തുനിന്നുള്ളവരാണ് സിനിമ കാണിക്കാനെത്തുന്നത്. കൂട്ടുകാർക്കൊപ്പം ഏതെങ്കിലുമൊരു ക്ലാസ്മുറിയിൽ നിലത്ത് ചമ്രം പടിഞ്ഞിരുന്നുള്ള സിനിമാകാണൽ പ്രത്യേക അനുഭവമായിരുന്നു. ഇന്നത്തെ സ്കൂൾ കുട്ടികൾക്ക് നഷ്ടമായ ഒരു സൗഭാ​ഗ്യമാണത്.

'സന്ദർഭം','നിറക്കൂട്ട്' പോസ്റ്ററുകൾ

അങ്ങനെ ഞാൻ സ്കൂളിൽ കണ്ട സിനിമകളിലൊന്ന് സന്ദർഭമാണ്. അതിന്റെ ക്ലൈമാക്സിൽ മമ്മൂക്ക കെട്ടിടത്തിൽ നിന്നുവീഴുന്നത് സഹിക്കാനായില്ല. പുറത്തിറങ്ങി കരച്ചിൽ തുടങ്ങി. ഉള്ളിലൊരു ചമ്മലുമുണ്ട്. പക്ഷേ കരച്ചിൽ നിർത്താനാകുന്നില്ല. ഞാനങ്ങനെ പരീക്ഷയിൽ തോറ്റകുട്ടിയെപ്പോലെ നില്കുമ്പോഴാണ് അടുത്തുള്ള ഒരു കാഴ്ചകണ്ടത്. എന്റെ കൂട്ടുകാരന്റെ ചേച്ചി പുറത്തിറങ്ങി വാവിട്ട് നിലവിളിക്കുന്നു. ആ കരച്ചിലിനിടയിലും എനിക്ക് സന്തോഷം തോന്നി. മമ്മൂക്ക വീണപ്പോൾ എനിക്ക് മാത്രമല്ല,എന്നേക്കാൾ പ്രായം കൂടിയ ഒരാൾക്ക് പോലും കരച്ചിൽ വന്നല്ലോ...എന്നെപ്പോലെതന്നെ മമ്മൂക്കയെ സ്നേഹിക്കുന്ന മറ്റൊരാൾ കൂടിയുണ്ടല്ലോ...എന്നൊക്കെ ഓർത്താണ് കരച്ചിലിലും സന്തോഷിച്ചത്. പക്ഷേ പിന്നീടായിരുന്നു ഞെട്ടിച്ച സീൻ. എനിക്കുവേണ്ടി സ്കൂളിൽ മമ്മൂക്കയ്ക്ക് വേണ്ടി സദാ വാദിച്ചിരുന്ന രണ്ടുപേരുണ്ടായിരുന്നു-ഉല്ലാസും വിമലും. അവരാണ് എനിക്കാ ദൃശ്യം കാണിച്ചുതന്നത്. നിലവിളിക്കുന്ന അനേമനേകം പിള്ളേർ. അവരങ്ങനെ ആർത്തലച്ചുകരയുകയാണ്. കുറച്ചുമുമ്പ് കൂട്ടുകാരന്റെ ചേച്ചിയിൽ ഞാൻ കണ്ടത് വെറും സാമ്പിൾ മാത്രം.

ആ നിമിഷം എനിക്ക് മനസ്സിലായി. ഈ ലോകത്ത് ഞാൻ മാത്രമല്ല മമ്മൂക്കഫാൻ. അതൊരു വലിയ ആൾക്കൂട്ടമാണ്. സ്ക്രീനിലാണെങ്കിൽപ്പോലും മമ്മൂക്കയ്ക്ക് എന്തെങ്കിലും പറ്റുന്നത് അവർക്ക് സഹിക്കില്ല. അവർ വാവിട്ട് കരയും. സ്വന്തം വീട്ടിലാർക്കോ എന്തോ സംഭവിച്ചപോലെ. അത്രയും പ്രിയപ്പെട്ട ഒരാളായിരുന്നു അവർക്കെല്ലാം മമ്മൂക്ക. അതൊരു പേരല്ല,വികാരമാണ്...

പാലാ യൂണിവേഴ്സൽ തീയറ്റർ

'പപ്പയുടെ സ്വന്തം അപ്പൂസ്' കാണാൻ ആദ്യമൊന്നും വീട്ടിൽ സമ്മതിച്ചില്ലെങ്കിലും പിന്നീട് കഴിഞ്ഞ അധ്യായത്തിൽ പരാമർശിച്ച ട്യൂഷൻടീച്ചർ ഷൈനിച്ചേച്ചി അത് കാണിക്കാൻ കൊണ്ടുപോയി. പള്ളിക്കത്തോട്ടിലെ ദീപ തീയറ്ററിലാണ് ഞാൻ ഓലത്തുമ്പത്തിരുന്നൂയലാടുന്ന ചെല്ല പൈങ്കിളിയെയും മമ്മൂക്കയെയും കണ്ടത്. ആ തീയറ്ററിൽ ആദ്യമായി കണ്ട സിനിമ. പിന്നീട് പത്താംക്ലാസിലൊക്കെ എത്തിയപ്പോഴാണ് നിറക്കൂട്ട് സ്കൂളിൽ പ്രദർശിപ്പിച്ചത്. അപ്പോഴേക്കും ആ സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിരുന്നു. പക്ഷേ നിറക്കൂട്ടിലെ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ചുള്ള ​പ്രശംസകൾ പലയിടത്തുനിന്നായി കേട്ടിരുന്നു. അതിന്റെ ഹരമങ്ങനെ ഉള്ളിൽകിടക്കുമ്പോഴാണ് സ്കൂളിൽ സിനിമ വന്നത്.

അതിലെ ക്ലൈമാക്സ് കരയിച്ചില്ല. പകരം കൈയടിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർഥിയായതിന്റെ ഒരുതരം ആവേശമുണ്ടാകുമല്ലോ. അതുകൂടിയായപ്പോൾ കൈയടിക്കും ആർപ്പുവിളിക്കും ഉശിര് കൂടി. ഒരു ടിപ്പിക്കൽ ഫാൻ ബോയിയുടെ ചേഷ്ടകൾ ഞാനും പിന്നെ പ്രദർശിപ്പിച്ചുതുടങ്ങി. മമ്മൂക്ക പുതിയൊരു വർണക്കൂട്ടായി ഉള്ളിൽ നിറഞ്ഞു.

ഇടതുനിന്ന്: മമ്മൂട്ടി ഫാൻസ് ഭാരവാഹികളായിരുന്ന ജോംസൺ തോമസ്,സുകുമാരൻ പരവനടുക്കം,രഞ്ജിത് ജോൺ,ബാബുക്കുട്ടൻ,മമ്മൂട്ടിയുടെ പഴ്സണൽ മേക്കപ്പ് മാൻ എസ്.ജോർജ്,റോബർട്ട് കുര്യാക്കോസ് എന്നിവർ(പഴയകാല ചിത്രം)

പക്ഷേ അതിലേക്ക് എന്നെ എത്തിച്ചത് പള്ളിക്കത്തോട്ടിലെ ഏറ്റവും വലിയ ഒരു മമ്മൂക്ക ഫാനായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത് ഷൈനിച്ചേച്ചിയുടെ സഹോദരന്മാരിലൊരാളാണ്. 'പള്ളിക്കത്തോട്ടിൽ ഭയങ്കരമാന ഒരു മമ്മൂട്ടി ഫാനുണ്ട്,നിനക്ക് കാണണോ' എന്നായിരുന്നു ചോദ്യം. 'അയാളുടെ വീട്ടിൽ നാനയും വെള്ളിനക്ഷത്രവും അങ്ങനെ എല്ലാ സിനിമാവാരികകളും വരുത്തുന്നുണ്ട്. പോയാൽ മമ്മൂക്കയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാം' എന്നുകൂടി കേട്ടപ്പോൾ എത്രയും പെട്ടെന്ന് അയാളെ കാണണമെന്നായി. അങ്ങനെയൊരാളെക്കുറിച്ച് ‍ഞാൻ ആ​​ദ്യമായി കേൾക്കുകയായിരുന്നു. 'സിനിമാനടൻ ബാബു ആന്റണിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ്,പേര് ബാബുക്കുട്ടൻ...'ഷൈനിച്ചേച്ചിയുടെ സഹോദരൻ സസ്പെൻസിട്ട് പറഞ്ഞുനിർത്തി.

ബാബു ആന്റണി അന്ന് സ്കൂൾകുട്ടികളുടെയും യുവാക്കളുടെയും ഹരമാണ്. കരാട്ടേ കാണിച്ച് സ്ക്രീനിൽ കസറുന്നയാൾ. ആക്ഷൻ ഹീറോ പരിവേഷമുള്ളയാൾ അടുത്തബന്ധുവായുണ്ടായിട്ടും അയാളുടെ ഫാൻ ആകാതെ മമ്മൂക്കയെ ആരാധിക്കുന്ന ഒരാളെന്നറിഞ്ഞപ്പോൾ ബഹുമാനം കൂടി. അങ്ങനെ ഞാൻ ഷൈനിച്ചേച്ചിയുടെ സഹോദരനൊപ്പം ബാബുക്കുട്ടനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. അവിടെ വച്ച് ഞാൻ അന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മമ്മൂട്ടി ആരാധകനെ കണ്ടുമുട്ടി. തിരിച്ച് ബാബുക്കുട്ടൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും വലിയ ഫാനിനെ തിരിച്ചറിഞ്ഞു. അവിടെ രണ്ട് ആരാധകരുടെ ആത്മബന്ധം തുടങ്ങുകയായിരുന്നു.

(തുടരും)