1.വിപിൻ മോഹൻ 2.നീലക്കുയിലിൽ ബാലതാരമായി വിപിൻമോഹൻ അറേഞ്ച്ഡ്
Columns

അവസാനത്തെ ആൺകുയിലും ഓർമകളുടെ പാട്ടും

ഫ്രെയിംസ് ആന്റ് ഫുട്നോട്സ് ഭാ​ഗം-4

ജി.ഷഹീദ്

വർഷങ്ങൾക്ക് മുമ്പ് ഒരു പകൽ..തൃശ്ശൂരിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനില്കുന്ന ഒരു നാലുവയസ്സുകാരൻ. മുറ്റത്തേക്ക് പി.ഭാസ്കരൻ കടന്നുവരുന്നു. ഒറ്റനിമിഷം. കണ്ണുകളിൽ കവിതയും ക്യാമറയുമെല്ലാം ഒളിപ്പിച്ചുവയ്ക്കുന്ന കവി അവനെ നോക്കിനിന്നു. പിന്നെ വീട്ടുകാരോട് ചോ​ദിച്ചു: 'ഈ കുസൃതി പയ്യനെ സിനിമയിലേക്ക് തരുമോ?'

മാനത്തിൻ ചോട്ടിൽ, കിനാവിന്റെ മാമ്പൂവും തിന്നു കളിച്ച ആ കുട്ടിക്ക് ഭാസ്കരൻ മാഷ് കൊടുത്തത് മോഹത്തിന്റെ തേൻപഴം. അവിടെയൊരു കുഞ്ഞിക്കുയിൽ മലയാളത്തിന്റെ തിരശ്ശീലയിലേക്ക് ചിറകടിച്ചു പറന്നുയർന്നു. സത്യനും മിസ് കുമാരിക്കുമൊപ്പം ആ നാലുവയസ്സുകാരനെയും മലയാളികൾ കണ്ടു. 'നീലക്കുയിൽ' എന്ന ആ സിനിമ രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേട്ടത്തിലേക്കുവരെ പാടിയെത്തി. ചരിത്രത്തിന്റെ കൊമ്പിലേക്ക് ചേക്കേറി. 'എങ്ങനെ നിന്നെ മറക്കും കുയിലേ...'എന്ന് കാലം അതിനോട് ചോ​ദിച്ചുകൊണ്ടേയിരിക്കുന്നു...

പി.ഭാസ്കരനും വിപിൻമോഹൻ 'നീലക്കുയിലി'ൽ

ഇന്ന് എഴുപത്തിയൊന്നുവർഷത്തിനിപ്പുറം ആ സിനിമയിലഭിനയിച്ചവരിൽ ബാക്കിയാകുന്നത് ആ നാലുവയസ്സുകാരൻ മാത്രമാണ്. അവസാനത്തെ ആൺകുയിൽ...

പക്ഷേ നാലാം വയസ്സിലെ അഭിനേതാവിനുമപ്പുറം മലയാളസിനിമ അയാളെ ഓർമിക്കുന്നത് എണ്ണംപറഞ്ഞ ഛായാ​ഗ്രാഹകരിലൊരാളായിട്ടാണ്. അഭിനേതാക്കൾക്കൊപ്പം മാസ്റ്റർ വിപിൻ എന്ന് ആദ്യമായി തിരശ്ശീലയിൽ തെളിഞ്ഞ പേര് പിന്നീട് 'ഛായാ​ഗ്രഹണം: വിപിൻ മോഹൻ' എന്ന മാറ്റത്തോടെ എത്രയോവട്ടം നമ്മൾ കണ്ടു. പക്ഷേ ഇപ്പോഴും അഭിമാനത്തോടെ പഴയ മാസ്റ്റർ വിപിൻ പറയുന്നു: 'നീലക്കുയിലില്‍' ഇനി അവശേഷിക്കുന്നത് ഞാന്‍, ഞാന്‍ മാത്രം..'

ചരിത്രവും ഓർമകളും ഒരുമിച്ച് കുയിലായി നീലാകാശത്തേക്ക്...

1954-ല്‍ റിലീസ് ചെയ്ത 'നീലക്കുയിലി'ൽ ബാലനടനായി അഭിനയിച്ച വിപിന്‍ മോഹന് ഇന്ന് വയസ്സ് 75. കഴിഞ്ഞ ആഗസ്റ്റ് 18ന് എറണാകുളം ചാവറ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ 'നീലക്കുയിലിന്റെ' നിലാവെളിച്ചം പോലുള്ള പ്രിന്റ് പ്രദര്‍ശിപ്പിച്ചു. അതുകാണാൻ വിപിൻമോഹനുമുണ്ടായിരുന്നു. അപൂർവമായൊരു കൂടിക്കാഴ്ചയ്ക്ക് കൂടി വേദിയാകുകയായിരുന്നു അവിടം.

യുവാക്കള്‍ മുതല്‍ മുതിര്‍ന്നവർ വരെ വിവിധ ശ്രേണിയില്‍പ്പെട്ടവര്‍ ചിത്രം കാണാന്‍ എത്തിയപ്പോള്‍ അത് തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി മാറി. സത്യന്റെയും മിസ്‌കുമാരിയുടെയും ഹൃദയസ്പര്‍ശിയായ അഭിനയവും മന്ത്രധ്വനിപോലെ മുഴങ്ങിയ നാടന്‍ പാട്ടുകളും പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു. ഇന്റര്‍വെല്‍ ഇല്ലാതെ മൂന്ന് മണിക്കൂര്‍ നീണ്ട ചിത്രം കഴിഞ്ഞപ്പോഴും നിറഞ്ഞ സദസ്സ് പിരിഞ്ഞു പോകാതെ വിപിന്‍ മോഹന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്ന മറ്റൊരു വ്യക്തിയെ കൂടി ആസ്വാദകര്‍ ആകാംക്ഷയോടെ നോക്കി. അദ്ദേഹമായിരുന്നു ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ബാബു തളിയത്ത്. 'നീലക്കുയിലി'ലെ നായിക മിസ്‌കുമാരിയുടെ ഇളയ മകന്‍. വിപിന്‍മോഹനും ബാബു തളിയത്തും ആദ്യമായിട്ടായിരുന്നു മുഖാമുഖം കണ്ടതും.

കൊച്ചിന്‍ ഫിലിം സൊസൈറ്റി ചാവറ കള്‍ച്ചറല്‍ സൊസൈറ്റിയിൽ സംഘടിപ്പിച്ച 'നീലക്കുയിൽ' സിനിമാപ്രദർശനച്ചടങ്ങിൽ വിപിൻമോഹനെ കലാധരൻ ആദരിക്കുന്നു. ചിത്രത്തിലെ നായിക മിസ് കുമാരിയുടെ മകൻ പ്രൊഫ.ബാബു തളിയത്ത്,ചാവറ കള്‍ച്ചറല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് തുടങ്ങിയവർ സമീപം

കൊച്ചിന്‍ ഫിലിം സൊസൈറ്റി മുന്‍കൈ എടുത്ത് സംഘടിപ്പിച്ച പ്രദര്‍ശനത്തിന് ചാവറ കള്‍ച്ചറല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് ആണ് വേദിയൊരുക്കിയത്. പ്രദര്‍ശനം തുടങ്ങുന്നതിനു മുമ്പ് സംഘാടകരിലൊരാളായ പ്രൊഫ. ജയരാമന്‍ പറഞ്ഞു: 'നീലക്കുയിലി'ലെ നായിക മിസ്‌ കുമാരിയുടെ മകനും സിനിമയില്‍ മകന്റെ റോളില്‍ അഭിനയിച്ച വിപിന്‍ മോഹനും ഇവിടെയുണ്ട്..' അപ്പോൾ അവിടെ ഓർമകളും ചരിത്രവും ഒരുമിച്ച് നീലവാനിലേക്ക് കുയിലായി പാടിപ്പറന്നു...

'ഈ ചിത്രം കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം'

'നീലക്കുയിലില്‍' പ്രവര്‍ത്തിച്ച ആരും ഇന്ന് ജീവിച്ചിരിപ്പില്ല. നായകന്‍ സത്യനും നായിക മിസ്‌കുമാരിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥാവശേഷരായി. നിര്‍മ്മാതാവ് പരീക്കുട്ടിയാകട്ടെ തുടര്‍ന്നുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ഉന്നത മൂല്യങ്ങള്‍ സൃഷ്ടിച്ചു നല്കിയാണ് വിട പറഞ്ഞത്. സംവിധായകരായ പി. ഭാസ്‌കരനും രാമുകാര്യാട്ടും ക്യാമറമാന്‍ എ. വിന്‍സന്റും സംഗീത സംവിധായകന്‍ കെ. രാഘവനും ചലച്ചിത്ര രംഗത്തെ യു​ഗപ്രഭാവന്മാരായിരുന്നു. മറ്റ് അഭിനേതാക്കളും അണിയറയില്‍ പ്രവര്‍ത്തിച്ചവരും ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. അതിനാല്‍ അവേശിക്കുന്ന അവസാനത്തെ കണ്ണിയാണ് ഞാൻ'- വിപിന്‍മോഹന്‍ വികാരം തുടിക്കുന്ന വാക്കുകളില്‍ പറഞ്ഞു. അതുകേട്ടിരുന്നവരിൽ വിപിൻമോഹന്റെ ഭാര്യ പഴയ അഭിനേത്രികൂടിയായ ഗിരിജയും ഉണ്ടായിരുന്നു.

ചാവറ കള്‍ച്ചറല്‍ സൊസൈറ്റിയിൽ 'നീലക്കുയിൽ' സിനിമാപ്രദർശനച്ചടങ്ങിനെത്തിയവർ

വാക്കുകൾ അവസാനിപ്പിക്കും മുമ്പ് ഇത്രയും കൂടി വിപന്‍ മോഹന്‍ പറഞ്ഞു: 'ഈ ചിത്രം കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണണം. അതിന് കാരണമുണ്ട്. ശൈശവാവസ്ഥയില്‍ ആയിരുന്ന മലയാള സിനിമയ്ക്ക് നവ്യമായ ഒരു മാനം സൃഷ്ടിക്കാന്‍ നീലക്കുയിലിന് കഴിഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എത്രയോ ദേശീയ പുരസ്‌കാരങ്ങള്‍ മലയാള സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞു..'

വിപിൻ മോഹൻ പറഞ്ഞത് ശരിയാണ്. വര്‍ഷം 70 കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രം. രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ ആദ്യമായി നേടിയ ചിത്രം ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. 1965ല്‍ 'ചെമ്മീന്‍' സ്വര്‍ണ്ണമെഡലും നേടിയപ്പോള്‍ കേരളത്തിലെങ്ങും ഉത്സവാന്തരീക്ഷമായിരുന്നു.

'നീലക്കുയിലി'ന്റെ പുന:സൃഷ്ടിച്ച പോസ്റ്റർ

ഭാസ്കരൻമാഷ് അഭിനയം പഠിപ്പിച്ച വികൃതിച്ചെക്കൻ

ചാവറ കൾച്ചറൽ സൊസൈറ്റിയിലെ പ്രദർശനത്തിനുശേഷം വിപിൻ മോഹനോട് ഈ ലേഖകൻ വിശദമായി സംസാരിച്ചു. 'ചെന്നൈയില്‍ വാഹിനി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മ രാവിലെ പത്രം നോക്കി സന്തോഷാധിക്യത്താല്‍ ഒറ്റശ്വാസത്തില്‍ എന്നെ വിളിച്ചുണര്‍ത്തി പറഞ്ഞു: മോനേ, 'നീലക്കുയിലിന്' രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ കിട്ടി. അമ്മ എന്നെ വാരിപ്പുണര്‍ന്നു. അമ്മയുടെ കവിള്‍ത്തടങ്ങളിലൂടെ സന്തോഷാശ്രുക്കള്‍ അടര്‍ന്ന് വീണു. ആഹ്ലാദശബ്ദം കേട്ടപ്പോള്‍ അച്ഛന്‍ എഴുന്നേറ്റ് വന്നു'- വിപിന്‍മോഹന്‍ ഓര്‍മിച്ചു.

അദ്ദേ​ഹത്തിന്റെ ഓർമകളൊരു കഥാരൂപത്തിലഴുതിയാൽ ഇങ്ങനെയാകും: 'ഗാനരചയിതാവും നീലക്കുയിലിന്റെ സംവിധായകനുമായ പി. ഭാസ്‌കരന്‍ ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു. അങ്ങനെയാണ് അന്ന് നാല് വയസ്സുകാരനായ ഞാന്‍ നീലക്കുയിലില്‍ വേഷമിട്ടത്. എന്റെ അച്ഛന്‍ രാമന്‍കുട്ടി മേനോന്‍ തൃശൂരില്‍ ജില്ലാ പോലീസ് ഓഫീസില്‍ സൂപ്രണ്ടായിരുന്നു. അമ്മ അമ്മിണി. ഒരു ദിവസം പി. ഭാസ്‌കരന്‍ വീട്ടില്‍ വന്നു. അന്ന് കുസൃതിക്കാരനായ നാല് വയസ്സുകാരനായ എന്നെ കണ്ടപ്പോള്‍ അമ്മയോട് ചോദിച്ചു. ഇവനെ എന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിട്ടുതരാമോ?'

അമ്മ അദ്ഭുതത്തോടെ നിന്നുകൊണ്ട് പറഞ്ഞു: 'അവന് അഭിനയിക്കാന്‍ അറിയില്ല. അവന്‍ വികൃതി ചെറുക്കന്‍'

'അതിനെന്താ? അവനെ ഞാന്‍ അഭിനയം പഠിപ്പിക്കാം. ഒന്നുകൊണ്ടും ആശങ്ക വേണ്ട'-പി. ഭാസ്‌കരന്‍ പറഞ്ഞു. അദ്ദേഹം എന്നെ അടുത്ത് വിളിച്ചു. വാത്സല്യത്തോടെ പറഞ്ഞു. 'മോനേ നീ വന്നാല്‍ മതി'

പി.ഭാസ്കരൻ,രാമു കാര്യാട്ട്

അങ്ങനെ മാതാപിതാക്കള്‍ സമ്മതം മൂളി. തുടര്‍ന്ന് ദിവസങ്ങളോളം ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടന്നു. മിസ്‌കുമാരിയും സത്യനും പാട്ടുപാടുന്ന രംഗങ്ങളും, ചായക്കടയും കായലരികത്തിന്റെ ഈണങ്ങളും... അങ്ങനെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച എത്രയോ സീനുകള്‍ എല്ലാം സ്റ്റുഡിയോവിലെ സെറ്റുകളിലാണ് ഷൂട്ട് ചെയ്തത്.

'വര്‍ഷം എഴുപത് കഴിഞ്ഞില്ലേ? അന്ന് നാലു വയസ്സുകാരനായ എനിക്ക് കൂടുതല്‍ ഒന്നും ഓര്‍മയില്ല. അന്നത്തെ സംഭവങ്ങളൊക്കെ വളരെക്കുറച്ച് മാത്രമേ ഓര്‍മിക്കാന്‍ കഴിയുന്നുള്ളൂ. പക്ഷേ വ്യക്തമായ ഒന്ന് ഇപ്പോഴും മനസ്സിലുണ്ട്. എനിക്ക് ദിവസങ്ങളോളം കിട്ടിയ റിഹേഴ്‌സൽ. പി. ഭാസ്‌കരന്‍ തന്നെയായിരുന്നു അതിന് നേത‍ൃത്വം നല്കിയത്. അദ്ദേഹത്തിന്റെ പൂര്‍ണ്ണമായ ശ്രമങ്ങള്‍ എന്നിലെ നാലുവയസ്സുകാരനെ ഒരു നടനാക്കി മാറ്റി. അദ്ദേഹത്തിന് എന്റെ പ്രണാമം.'

'നീലക്കുയിലി'ൽ സത്യനും മിസ് കുമാരിയും

മുളങ്കുന്നത്തുകാവിലെ ഷൂട്ടിങ്

സ്റ്റുഡിയോയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ഷൂട്ടിങ് നടന്നത് ഓര്‍മ്മയുണ്ടോ?

വിപിന്‍:തൃശൂര്‍ മുളങ്കുന്നത്ത് കാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വരുന്നത് ഷൂട്ട് ചെയ്തത് ഓര്‍മ്മയുണ്ട്. ചിത്രത്തില്‍ നായികയായ മിസ്‌കുമാരിയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍ കാണുന്ന രംഗമുണ്ട്. മൃതദേഹം കണ്ട് ആളുകള്‍ ഓടിക്കൂടി. അപ്പോഴാണ് ഒരു ചോരക്കുഞ്ഞിന്റെ കരച്ചില്‍. ആ കുഞ്ഞിനെ സ്ഥലത്തെ പോസ്റ്റുമാന്‍ എടുത്തു വളര്‍ത്തി. ആ കുഞ്ഞ് വലുതായി. അതാണ് ഞാന്‍ അഭിനയിച്ച കഥാപാത്രം. റെയില്‍വേ ട്രാക്ക് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ എല്ലാം സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്തു. തീവണ്ടി ചൂളംവിളിച്ച് ഓടി വരുന്നത് മാത്രം മുളങ്കുന്നത്ത് കാവില്‍ ചിത്രീകരിച്ചു. അവസാന രംഗങ്ങള്‍ വികാരതീവ്രമായവയാണ്. എന്റെ വളര്‍ത്തച്ഛനാണ് പോസ്റ്റ്മാന്‍. പി.ഭാസ്‌കരനാണ് ആ റോളില്‍ വരുന്നത്. അച്ഛന്‍ ചിത്രത്തിലെ നായകനായ സത്യന്‍. അച്ഛനെ ഞാന്‍ തിരിച്ചറിഞ്ഞ രംഗത്തില്‍ ഞാന്‍ ഉറക്കെ കരയുന്ന രംഗമുണ്ട്. ഇതെല്ലാം പൂര്‍ണ്ണമായും ഒരുക്കിയതും നിയന്ത്രിച്ചതും പി. ഭാസ്‌കരന്‍ ആയിരുന്നു. അതെനിക്ക് നന്നായി ഓര്‍മയുണ്ട്.

'നീലക്കുയിൽ' സിനിമാപ്രദർശനച്ചടങ്ങിൽ വിപിൻമോഹൻ. ഫാ. അനില്‍ ഫിലിപ്പ് സമീപം

അഭിനയത്തിന് പ്രതിഫലം എത്ര കിട്ടി എന്ന് ഓർമയുണ്ടോ?

വിപിന്‍: അതെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. മാതാപിതാക്കള്‍ക്ക് ലഭിച്ചുകാണും.

ഏത് തിയേറ്ററിലാണ് ചിത്രം ആദ്യം കണ്ടത്?

വിപിന്‍: തൃശൂരിലെ ജോസ് തിയേറ്ററില്‍ കണ്ട ഓര്‍മ്മയുണ്ട്. പക്ഷെ സീനുകള്‍ ഒന്നും ഓര്‍മിക്കാന്‍ കഴിയില്ല. സ്‌കൂളിലെ സഹപാഠികളോ അധ്യാപകരോ ചിത്രം കണ്ടിരുന്നോ എന്നും ഓർമയില്ല.

ചിത്രത്തിലെ വികാര നിര്‍ഭരമായ സീനുകള്‍ എങ്ങനെ അഭിനയിക്കാന്‍ കഴിഞ്ഞു?

വിപിന്‍: ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ തികഞ്ഞ വിസ്മയം തന്നെ. ഒന്നുമാത്രമേ പറയാനുള്ളൂ. സംവിധായകന്മാരായി പി. ഭാസ്‌കരനും രാമുകാര്യാട്ടും ഉണ്ടായിരുന്നു. പക്ഷെ മുഖ്യപങ്ക് വഹിച്ചത് ഭാസ്‌കരനായിരുന്നു. അദ്ദേഹമാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. ശബ്ദവും സ്റ്റുഡിയോവില്‍ ഞാന്‍ തന്നെ നല്‍കി.

സത്യനെയും മിസ്‌കുമാരിയെയും പിന്നീട് കണ്ടിട്ടുണ്ടോ?

വിപിന്‍: കണ്ടിട്ടില്ല. ഈ ചിത്രവുമായി ബന്ധപ്പെട്ട ആരെയും പിന്നീട് കണ്ടതായി ഓര്‍മ്മിക്കുന്നില്ല. ഞങ്ങള്‍ തൃശൂരിലായിരുന്നല്ലോ താമസിച്ചിരുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം വിപിന്‍ മോഹന്‍ ഛായാഗ്രാഹകനായ മധു അമ്പാട്ടുമായി (വിധുബാലയുടെ സഹോദരന്‍) ബന്ധപ്പെട്ടു. ഛായാഗ്രഹണം അഭ്യസിച്ചു. പിന്നീട് 1981ല്‍ ബാലചന്ദ്രമേനോന്റെ 'പ്രേമഗീതങ്ങള്‍' എന്ന ചിത്രത്തിലൂടെ ആദ്യമായി ഛായാഗ്രാഹകനായി. പിന്നീട് സംസ്ഥാന അവാര്‍ഡ് വരെ നേടി.

(അടുത്ത ലക്കത്തില്‍ മിസ്‌കുമാരിയുടെ മകന്‍ പ്രൊഫ. ബാബു തളിയത്തിന്റെ മരിക്കാത്ത ഓർമകൾ.. )