'യാത്ര' എന്ന സിനിമയുടെ കഥ ഉണ്ടായത് എങ്ങനെ?
അതിന് പ്രചോദനമായ മറ്റ് സൃഷ്ടികൾ
മമ്മൂട്ടി ആദ്യമായി മൊട്ടയടിച്ചതുപോലുള്ള 'യാത്രാ'കൗതുകങ്ങൾ
'ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം നിങ്ങൾ കണ്ടിട്ടില്ല' എന്ന പുതുമ നിറഞ്ഞ പരസ്യവാചകവുമായി ഒരു മലയാള സിനിമ 1985 സെപ്റ്റംബർ 20ന് റിലീസായി. ആദ്യ ദിനങ്ങളിൽ സിനിമ കണ്ടവരെല്ലാം ആ പരസ്യ വാചകത്തിൽ യാതൊരു തരത്തിലുള്ള അതിശയോക്തി ഇല്ലെന്നും മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് അതെന്നും സമർത്ഥിച്ചതോടെ ആ സിനിമ സൂപ്പർ ഹിറ്റിലേക്ക് കുതിച്ചു കയറി. പ്രക്കാട്ട് ഫിലിംസിൻ്റെ ബാനറിൽ ജോസഫ് അബ്രഹാം നിർമിച്ച് ജോൺ പോളിൻ്റെ രചനയിൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത, മമ്മൂട്ടി, ശോഭന, തിലകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, 'യാത്ര' ആയിരുന്നു ആ സിനിമ.
ബസിൽ,മൗനവല്മീകത്തിൽ അയാൾ
ന്യൂയോർക്ക് നഗരത്തിൻ്റെ പ്രാന്ത പ്രദേശമായ ഗ്രീൻവിച്ച് വില്ലേജിലെ 'ലയൺസ് ഹെഡ്' എന്ന ബാർ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഒക്കെ പ്രധാന താവളമായിരുന്നു. അമേരിക്കൻ പത്രപ്രവർത്തകനും നോവലിസ്റ്റുമായ പീറ്റ് ഹാമിൽ (Pete Hamill) തൻ്റെ സുഹൃത്തുക്കളുമൊത്ത് അവിടെ സൊറ പറഞ്ഞിരുന്നൊരു ദിവസമാണ് മറ്റൊരു എഴുത്തുകാരൻ്റെ പെൺ സുഹൃത്തിൽ നിന്നൊരു പ്രണയകഥ കേൾക്കുന്നത്. തൻ്റെ കുറിപ്പേടിൽ അത് കുത്തിക്കുറിച്ച പീറ്റ് ഹാമിൽ പിന്നീട് തൻ്റേതായ രീതിയിൽ അതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി.
1971-ൽ പീറ്റ് ഹാമിൽ 'ദ് ന്യൂയോർക്ക് പോസ്റ്റ്' എന്ന പത്രത്തിൽ 'ദ് എയ്റ്റ് മില്യൺ' (The Eight Million) എന്നൊരു കോളം എഴുതി തുടങ്ങി. ആ വർഷം ഒക്ടോബറിൽ നേരത്തെ സൂചിപ്പിച്ച പ്രണയകഥ പ്രസ്തുത കോളത്തിൽ പ്രസിദ്ധീകരിച്ചു. അതേ കഥ പിന്നീട് റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിനും പുന:പ്രസിദ്ധീകരിച്ചു.
ന്യൂയോർക്ക് നഗരത്തിൽ നിന്ന് ഫ്ളോറിഡയിലേക്ക് വിനോദ യാത്ര പോകുന്ന കൗമാര പ്രായക്കാരായ മൂന്ന് ആൺകുട്ടികളും പെൺകുട്ടികളും. അവർ കയറിയ ബസ്സിൽ ഏറ്റവും മുന്നിലായി മധ്യ വയസ്കനായ ഒരാൾ ഇരിപ്പുണ്ട്. ആരോടും ഒന്നും മിണ്ടാതെ മൗനത്തിൻ്റെ വല്മീകത്തിനുള്ളിൽ. ഭക്ഷണം കഴിക്കാൻ നിർത്തിയ സ്റ്റോപ്പിലും അയാൾ ഇറങ്ങിയില്ല. ആരെയും മുഖം കാണിക്കാതെ ഇരിക്കുന്ന അയാളെ കൂട്ടത്തിലൊരു പെൺകുട്ടി നിർബന്ധിച്ച് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു. തിരിച്ച് ബസ് പുറപ്പെടുമ്പോൾ വിൻഗോ എന്ന് പേരുള്ള അയാളുടെ തൊട്ടടുത്ത് ഇരുന്ന് ആ പെൺകുട്ടി അയാളെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു. ഏറെ പ്രയത്നത്തിന് ശേഷം അയാൾ തൻ്റെ കഥ പറഞ്ഞ് തുടങ്ങുന്നു.
നാല് വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം തിരിച്ച് തൻ്റെ നാട്ടിലേക്ക് പോവുകയാണ് വിൻഗോ. ജയിലിലേക്ക് വന്ന സമയത്ത് അയാൾ തൻ്റെ ഭാര്യക്കൊരു കത്തയച്ചിരുന്നു. അതിൽ തനിക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും അവളുടെ ജീവിതവുമായി മുന്നോട്ട് പോകണമെന്നും എഴുതിയിരുന്നു. പക്ഷേ നാല് വർഷങ്ങൾക്കിപ്പുറം താൻ സ്വതന്ത്രനാവാൻ പോകുന്നു എന്നറിഞ്ഞ നിമിഷം അയാളിൽ ഒരു മോഹമുണർന്നു. ഇത്രയും കാലത്തിനിടയ്ക്ക് അവളുടെ ജീവിതത്തിൽ വേറെ ആരും കടന്ന് വന്നിട്ടില്ലെങ്കിൽ, തന്നോടൊത്തുള്ള ഒരു ജീവിതയാത്രയ്ക്ക് വീണ്ടും ഒരുക്കമാണെങ്കിൽ, പ്രണയ നാളുകളിൽ തങ്ങൾ പതിവായി കണ്ട് മുട്ടിയിരുന്ന ബ്രൻസ്വിക്ക് എന്ന സ്ഥലത്തെ വലിയ ഓക്ക് മരത്തിൽ ഒരു മഞ്ഞ നിറമുള്ള കർച്ചീഫ് കെട്ടി വയ്ക്കണമെന്ന് അയാൾ അവൾക്ക് കത്തെഴുതി.
വിൻഗോയുടെ കഥ കേട്ട ആ കുട്ടികൾ എല്ലാം ആകാംക്ഷയോടെ കാത്ത് നിൽക്കെ ബസ്സ് ബ്രൻസ്വിക്ക് എന്ന സ്ഥലത്തേക്ക് എത്തി. മുഖം കുനിച്ച്, കണ്ണടച്ച് തൻ്റെ സീറ്റിലിരുന്ന അയാൾ കേട്ടത് കുട്ടികളുടെ ആർപ്പുവിളിയും സന്തോഷം കൊണ്ടുള്ള കരച്ചിലുമാണ്. പതിയെ മുഖമുയർത്തിയ അയാൾ വലത് വശത്തെ ഓക്ക് മരത്തിലേക്ക് നോക്കി. ഒന്നല്ല, പത്തല്ല... നൂറു കണക്കിന് മഞ്ഞ കർച്ചീഫുകളിൽ മൂടി നിൽക്കുന്നു ആ ഓക്ക് മരം. അവയെല്ലാം കാറ്റിൽ നൃത്തം ചെയ്ത് അയാളെ വരവേറ്റു.
ആദ്യം ഷോർട്ട് ഫിലിം,പിന്നെ പാട്ട്
'ഗോയിങ് ഹോം' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ കഥ ആദ്യം ഒരു ഷോർട്ട് ഫിലിമായി അമേരിക്കൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. പിന്നീട് 1977-ൽ 'The Yellow Handkerchief' (Shiawase no koiro hankachi) എന്ന പേരിൽ ഇതേ കഥ യോജി യമാഡ (Yoji Yamada) എന്ന ജാപ്പനീസ് സംവിധായകൻ സിനിമയാക്കി. ജാപ്പനീസ് അക്കാദമി പുരസ്കാരം സ്ഥാപിതമായ വർഷം മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചത് ഈ സിനിമയ്ക്കായിരുന്നു. ഇതിനിടെ 1973-ൽ ഇതേ ആശയം പാട്ടായും വന്നിരുന്നു. ടോണി ഒർലാൻഡോ(Tony Orlando) എന്ന അമേരിക്കൻ ഗായകൻ 'Dawn' എന്ന ബാൻഡിനോടൊപ്പം അവതരിപ്പിച്ച 'Tie a yellow ribbon round the ole oak tree' എന്ന പാട്ട് ലോകമെങ്ങും ഹിറ്റായി. 1973-ൽ Billboard No.1 song of the year ആയി തിരഞ്ഞെടുത്തതും ഈ പാട്ട് ആയിരുന്നു.
മഞ്ഞക്കർച്ചീഫുകളിൽ നിന്ന് മൺചെരാതുകളിലേക്ക്
'ചിത്രകാർത്തിക' എന്ന വാരികയുടെ സഹ പത്രാധിപർ ആയിരുന്ന മോഹൻ റീഡേഴ്സ് ഡൈജസ്റ്റ് മാസികയിൽ വായിച്ചൊരു ഫിന്നിഷ് നാടോടിക്കഥയുടെ പ്രസക്ത ഭാഗങ്ങൾ തന്നെ വായിച്ച് കേൾപ്പിച്ചുവെന്നും അങ്ങനെയാണ് 'യാത്ര' സിനിമയുടെ കഥാബീജം ഉണ്ടായതും താൻ അത് വികസിപ്പിച്ചതുമെന്നും തിരക്കഥാകൃത്ത് ജോൺ പോൾ പിന്നീട് പറഞ്ഞിട്ടുണ്ട്. പീറ്റ് ഹാമിൽ എഴുതിയ 'ഗോയിങ് ഹോം' എന്ന കഥയും റീഡേഴ്സ് ഡൈജസ്റ്റിൽ പ്രസിദ്ധീകരിച്ചുവെന്നതും തികച്ചും യാദൃച്ഛികതയാവാം. 'യാത്ര' സിനിമയുടെ ആലോചന തുടങ്ങുമ്പോൾ 'The Yellow Handkerchief' എന്ന ജാപ്പനീസ് സിനിമയും, ടോണി ഒർലാൻഡോയുടെ പ്രശസ്ത ഗാനവും റിലീസായി പത്തിലേറെ വർഷങ്ങൾ കഴിഞ്ഞിരുന്നു.
എന്നാലും, ഫിന്നിഷ് നാടോടിക്കഥയാണ് തൻ്റെ സിനിമയുടെ ആധാരം എന്ന് മലയാളത്തിലെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ജോൺ പോൾ പറയുമ്പോൾ അത് അവിശ്വസിക്കേണ്ടതില്ല. പ്രത്യേകിച്ച്, വർഷങ്ങൾക്ക് ശേഷം യുദ്ധഭൂമിയിൽ നിന്ന് മടങ്ങി വരുന്ന പ്രിയതമന്മാരെ സ്വീകരിക്കാൻ മഞ്ഞ റിബ്ബൺ മരത്തിൽ കെട്ടി വച്ച് പ്രണയിനികൾ കാത്തിരിക്കുന്ന ആചാരം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽക്കേ ഉണ്ടായിരുന്നു എന്ന് അറിയുമ്പോൾ. അതിനെ നമ്മുടെ സംസ്കാരത്തിനും സംവേദനത്തിനും അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തത് ജോൺപോൾ എന്ന തിരക്കഥാകൃത്തിൻ്റെ മിടുക്ക് തന്നെയാണ്. മഞ്ഞ കൈലേസിനെ മൺചെരാതാക്കി മാറ്റിയ ആ ഒരൊറ്റ ചിന്ത മതിയല്ലോ ഉദാഹരണമായി.
ഭരതൻ,ഫാസിൽ വഴി ബാലുമഹേന്ദ്രയിലെത്തിയ യാത്ര
സംവിധായകൻ ഭരതൻ്റെ അസിസ്റ്റൻ്റ് ആയിരുന്ന പോൾ ബാബു, ഐ.വി ശശിയുടെ സഹസംവിധായകൻ റഷീദ് കാരാപ്പുഴ, ഭരതൻ, ഫാസിൽ എന്നിങ്ങനെ പലരുടെ അടുത്തും പോയ ശേഷം അവസാനമാണ് ബാലു മഹേന്ദ്രയുടെ അടുത്ത് ഈ കഥ എത്തുന്നത്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത രണ്ട് മലയാള ചിത്രങ്ങളായ 'ഓളങ്ങൾ', 'ഊമക്കുയിൽ' എന്നിവ നിർമ്മിച്ച പ്രക്കാട്ട് ഫിലിംസിൻ്റെ ജോസഫ് അബ്രഹാം മൂന്നാമതും ബാലു സംവിധാനം ചെയ്യുന്ന ഒരു സിനിമ നിർമ്മിക്കാൻ തയ്യാറെടുക്കുകയായിരുന്നു. കുന്ദൻ ഷാ സംവിധാനം ചെയ്ത 'ജാനേ ഭി ദോ യാരോ' എന്ന സിനിമ മമ്മൂട്ടി, മോഹൻലാൽ,മാധവി എന്നിവരെ ഉൾപ്പെടുത്തി മലയാളത്തിൽ റീമേക്ക് ചെയ്യാനാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. അതെഴുതാൻ നിയോഗിക്കപ്പെട്ട ജോൺ പോൾ ഒരു റീമേക്ക് ചിത്രം എഴുതാനുള്ള വൈമനസ്യം പ്രകടിപ്പിച്ച് തൻ്റെ മനസിലുള്ള പ്രണയ കഥ പറയുകയും അത് 'യാത്ര'യായി പിറവിയെടുക്കുകയുമായിരുന്നു.
ആദ്യമായി മൊട്ടയടിച്ച മമ്മൂട്ടി,ബിഹൈൻഡ് ദ് സീനുകളുമായി പത്രപ്പരസ്യം
'യാത്ര' സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടി ആദ്യമായി മൊട്ടയടിക്കുന്നത്. പക്ഷേ പ്രേക്ഷകർ ആ രൂപം സ്ക്രീനിൽ ആദ്യമായി കണ്ടത് 'യാത്ര'യ്ക്ക് മുന്നേ റിലീസായ നിറക്കൂട്ടിലും. ഇതിൽ ക്ഷോഭം കൊണ്ട നിർമാതാവ് ജോസഫ് അബ്രഹാം മമ്മൂട്ടിയുടെ മുടി മുറിക്കുന്നതിൻ്റെ ബിഹൈൻഡ് ദ് സീൻസ് ദൃശ്യങ്ങൾ ചേർത്ത് പത്ര പരസ്യം ഇറക്കി. അതുപോലെ, ചിത്രത്തെ ആദ്യ ദിനങ്ങളിൽ ശ്രദ്ധേയമാക്കിയ പോസ്റ്ററിലെ പരസ്യ വാചകം എഴുതിയത് ഭീമാ ജൂവലറി ലോഗോ ഡിസൈൻ ചെയ്ത ശങ്കർ കൃഷ്ണമൂർത്തി ആയിരുന്നുവെങ്കിലും അതിൻ്റെ ക്രെഡിറ്റ് പിന്നീട് പലരും അവകാശപ്പെടുകയുണ്ടായി.
'യാത്ര'യിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും സുഹൃത്തുക്കൾ ഒന്ന് കൂടുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ പാടാറുള്ള പാട്ടുകളിൽ ഒന്നായ 'തന്നന്നം താനന്നം താളത്തിലാടി' എന്ന ഗാനം പ്രശസ്ത ഹോളിവുഡ് സിനിമയായ സൗണ്ട് ഓഫ് മ്യൂസിക്കിലെ 'മൈ ഫേവറിറ്റ് തിങ്സ്'(My Favourite Things) എന്ന പാട്ടിൻ്റെ മറ്റൊരു പകർപ്പാണ്. അത് പോലെ 'അസുരവിത്ത്' എന്ന സിനിമയിൽ കെ രാഘവൻ ഈണം നൽകി സി.ഒ ആൻ്റോ, പി.ലീല എന്നിവർ ചേർന്ന് ആലപിച്ച 'കുന്നത്തൊരു കാവുണ്ട്' എന്ന ഗാനവും 'യാത്ര'യിൽ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചിൻ അലക്‌സാണ് 'യാത്ര'യിൽ അത് പാടിയത്.
മമ്മൂട്ടിയുടെയും ശോഭനയുടെയും എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഉൾപ്പെടും 'യാത്ര'യിലെ ഉണ്ണികൃഷ്ണനും തുളസിയും. സിനിമയിലെ ക്രൂരനായ ജയിലറുടെ കഥാപാത്രം ചെയ്യാൻ നടൻ തിലകൻ റഫറൻസായി സ്വീകരിച്ചത് 'അമിൻ-ദ് റൈസ് ആന്റ് ഫാൾ' (Amin - The Rise and Fall) എന്ന സിനിമയിൽ ഉഗാണ്ടൻ സ്വേച്ഛാധിപതിയായി വേഷമിട്ട ജോസഫ് ഒലിറ്റ(Joseph Olita) എന്ന നടനെയായിരുന്നു. ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡും തിലകന് നേടിക്കൊടുത്തു ആ വേഷം.
ഇന്നും അണയാതെ അനുരാഗത്തിന്റെ ആയിരം തിരികൾ
'യാത്ര' റിലീസായി വൻ വിജയമായതിൻ്റെ അടുത്ത വർഷം തന്നെ ബാലു മഹേന്ദ്ര 'നിരീക്ഷണ' എന്ന പേരിൽ അത് തെലുങ്കിൽ റീമേക്ക് ചെയ്തു. ഭാനുചന്ദർ, അർച്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇരുപത് വർഷങ്ങൾക്ക് ശേഷം 2005-ൽ യാത്രയുടെ പ്ലോട്ടിൽ കാലോചിതമായ ഏറെ മാറ്റങ്ങൾ വരുത്തി 'അത് ഒരു കനാ കാലം' എന്ന തമിഴ് സിനിമയും ബാലു മഹേന്ദ്ര സംവിധാനം ചെയ്തു. ധനുഷ്, പ്രിയാമണി എന്നിവരഭിനയിച്ച ആ സിനിമയും വിജയമായില്ല. യാത്രയിൽ ബസ് യാത്രക്കാരി യുവതിയായി അഭിനയിച്ച മൗനിക പിന്നീട് ബാലു മഹേന്ദ്രയുടെ ജീവിത സഖിയായി മാറി എന്നത് മറ്റൊരു കൗതുകം.
സൂപ്പർ ഹിറ്റായെങ്കിലും 'യാത്ര'യ്ക്ക് ശേഷം പിന്നീടൊരു മലയാള സിനിമയും ബാലു മഹേന്ദ്ര സംവിധാനം ചെയ്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. നിർമാതാവ് ജോസഫ് അബ്രഹാം ആകട്ടെ 'കൂടണയും കാറ്റ്' എന്നൊരു സിനിമ കൂടി നിർമ്മിച്ചു. 1987-ൽ കോട്ടയം ജില്ലയിലെ തീക്കോയി എസ്റ്റേറ്റിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ അദ്ദേഹത്തിൻ്റെ മകനും 'വയലറ്റ് ഹേസ്'(Violet Haze) മ്യൂസിക് ബാൻഡിലെ അംഗവുമായ ടോമി ഏബ്രഹാം പ്രക്കാട്ടിലിനും മറ്റ് മൂന്ന് സുഹൃത്തുക്കൾക്കും ദാരുണാന്ത്യം സംഭവിച്ചു. അതോടെ ജോസഫ് അബ്രഹാം സിനിമാ നിർമാണ രംഗത്ത് നിന്ന് പൂർണ്ണമായി പിന്മാറി.
ഇങ്ങനെ പലതരം കഥകൾ ഇഴചേർന്നതാണ് 'യാത്ര'യുടെ അണിയറക്കഥ. ഏതോ നാടോടിക്കഥയിൽ നിന്ന് ഉല്പത്തിയെടുത്തൊരു പ്രണയ കാവ്യം പല രൂപത്തിലും ഭാവത്തിലും കാല ദേശങ്ങൾ കടന്ന് മലയാളത്തിലെത്തി ഇന്നും സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ആയിരം തിരി തെളിച്ച് നിൽക്കുന്നു.