കാട്ടുകുന്നിലെ മലകളിൽ വീശിയടിക്കുന്ന കാറ്റിന് നിഗൂഢതയുടെ ഭാവമുണ്ട്. കാട്ടുചോലയും കൊടുംകാടും കണ്ണെത്താത്ത മലകളും ചേരുന്ന സ്ഥലത്ത് കാലെടുത്തു വെക്കുന്നവരെല്ലാം തേടുന്നത് ഒരാളെ മാത്രം; കുര്യച്ചൻ. ഒടുങ്ങാത്ത കഥകളുടെ പ്രളയമായും പ്രഹേളികയായും അയാൾ സിനിമയിലുടനീളം അധികം വെളിപ്പാടാതെ തന്നെ പ്രധാനകഥാപാത്രമാകുന്നു. അഥവാ മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാകുന്നു. കഥപറച്ചിലിന്റെയും കാഴ്ചയുടേയും മികവിൽ പെർഫെക്ട് ആവുന്ന ചലച്ചിത്രക്കാഴ്ചയാണ് എക്കോ.
'കിഷ്കിന്ധാകാണ്ഡ'ത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ-ബാഹുൽ രമേഷ് ടീമിന്റെ ചിത്രമാണ് 'എക്കോ-ദി ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ'. കേരളത്തിന്റെ അതിർത്തി ഗ്രാമത്തിൽ വർഷങ്ങൾക്ക് മുമ്പാണ് കഥ നടക്കുന്നത്. കുര്യച്ചൻ എന്ന മനുഷ്യനെ തേടി എത്തുന്നവരിലൂടെ വികസിക്കുന്ന സിനിമ കാട്ടുകുന്നിലെ മ്ലാത്തിച്ചേടത്തിയിലേക്കും അവരുടെ സുരക്ഷയ്ക്കായി മക്കൾ ഏർപ്പെടുത്തിയ പിയൂസിലേക്കും എത്തുന്നതോടെ കഥ പറഞ്ഞുതുടങ്ങുകയായി. അവിടുന്ന് തികച്ചും നിഗൂഢ സ്വഭാവത്തിലൂന്നി, കുര്യച്ചൻ ആരാണെന്നും ഇനി എന്താണ് സംഭവിക്കുകയെന്നും സിനിമ പറയുന്നു. കാട്ടുകുന്നിലെത്തിയ മലേഷ്യൻ ബ്രീഡ് നായ്ക്കളും കഥപറച്ചിലിലെ മുഖ്യ ഘടകമാകുന്നു.
സംഭാഷണ കേന്ദ്രീകൃതമായ സിനിമയാണ് എക്കോ. സ്ക്രീനിൽ ശ്രദ്ധയോടെ ഇരുന്ന്, സ്പൂൺ ഫീഡിങ് ഇല്ലാത്ത സീനുകളിൽ നിന്ന് കഥ പിടിച്ചെടുക്കേണ്ട കാഴ്ചാനുഭവം. സമീപകാല മലയാള സിനിമയിൽ പരിചിതമല്ലാത്ത രീതിയെ വളരെ ആഴത്തിലും കൃത്യമായ രൂപത്തിലും പാകപ്പെടുത്തി സ്ക്രീനിലെത്തിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും.
ബാഹുലിന്റെ എഴുത്താണ് സിനിമയുടെ ആത്മാവ്. 'കിഷ്കിന്ധാകാണ്ഡ'ത്തിലും 'കേരള ക്രൈം ഫയൽസ് രണ്ടാം സീസണി'ലും കണ്ട തിരക്കഥയുടെ ശക്തിയ്ക്ക് ഇവിടെയും ഇളക്കം തട്ടുന്നില്ല. കഥാപാത്ര സൃഷ്ടിയിൽ തുടങ്ങി സംഭവവിവരണത്തിലും നാടിനെ അടയാളപ്പെടുത്തുന്നതിലും മനുഷ്യരുടെ ഇമോഷൻസിനെ രൂപപ്പെടുത്തുന്നതിലും എല്ലാം മികച്ച കൈയ്യടക്കം. രണ്ടാം പകുതിയെ മിക്ക സീനുകളും ഒന്നിനൊന്ന് മെച്ചം. കാടിന്റെ കാഴ്ചകളെ മനോഹരമായും ഭ്രമാത്മകമായും പകർത്തിയതിന് പിന്നിലും ബാഹുൽ തന്നെ. കഥയുടെ സത്ത ചോരാതെ, പ്രേക്ഷകനെ പിടിച്ചിരുത്തി കഥയ്ക്കുള്ളിലെ കാട്ടിലേക്ക് ചേർത്തുവെക്കുന്ന ദിൻജിത്തിന്റെ സംവിധാന മികവും പ്രശംസനീയം. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം ചില രംഗങ്ങൾക്ക് അസാമാന്യ എക്സ്പീരിയൻസ് നൽകുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിൽ അത് പീക്ക് ലെവലിൽ എത്തുന്നത് അനുഭവിക്കാനാകും. സൂരജ് ഇ.എസിന്റെ എഡിറ്റിങ്, ഓഡിയോഗ്രാഫി എന്നിവയെല്ലാം ടെക്നിക്കലി ബ്രില്യന്റ്.
കഥാപാത്രങ്ങളുടെ പൂർണത അഭിനയമികവിലൂടെ കൈവരുന്നതാണ്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിയാന മോമിൻ, അശോകൻ തുടങ്ങിയവരുടെ ഗംഭീര പ്രകടനം സിനിമയ്ക്ക് ഒരു ക്ലാസിക് സ്വഭാവം നൽകുന്നു. ബിയാനയുടെ ഡബിങും പെർഫെക്ട്. ബാഹുലിന്റെ ആനിമൽ ട്രിലജിയിലെ അവസാന ചിത്രമാണ് എക്കോ. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങൻ, ക്രൈം ഫയൽസിലും എക്കോയിലും നായ്ക്കൾ. മൃഗങ്ങളെ കഥപറയാനുള്ള ടൂളാക്കി മാത്രമല്ല ബാഹുൽ ഉപയോഗിക്കുന്നത്. അവരിലൂടെ മനുഷ്യരിലെ വൈകാരിക തലങ്ങളെ, തിരിച്ചറിവുകളെ, കാടുപോലെ മറഞ്ഞുനിൽക്കുന്ന നിഗൂഢതകളെ പ്രത്യക്ഷമാക്കുകയാണ്. അവിടെ ഇനിയും എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ ജനിക്കട്ടെ.
കിഷ്കിന്ധാകാണ്ഡത്തിൽ ലഭിച്ചതുപോലെ ഒരു സർപ്രൈസോ ഇമോഷണൽ കണക്ഷനോ എക്കോയിൽ ലഭിക്കുന്നില്ല. എന്നാൽ കഥാന്ത്യത്തിൽ ഉടലെടുക്കുന്ന ആശ്ചര്യം, ആ രംഗത്തിന്റെ ബലം എന്നിവയെല്ലാം വീണ്ടും ചിന്തിപ്പിക്കുന്നവയാണ്. അവിടെ കാട്ടിലെ കാറ്റും നായ്ക്കളുടെ കുരയും പിന്നെയും മനസിൽ തെളിയും. അതേ, നല്ല സിനിമകൾ വീണ്ടും ചിന്തിപ്പിക്കുന്നവയാണ്.