മലയാള സിനിമയിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളെ തനതുശൈലിയില്‍ അവതരിപ്പിക്കുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളായ ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയവയുടെ രാഷ്ട്രീയ പരിസരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം, ചോരയും വംശീയ അതിക്രമങ്ങളും നിറഞ്ഞ ശക്തമായൊരു തുടക്കവുമായാണ് 'അനന്തന്‍ കാട്' തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ക്രൂരതകളില്‍ തുടങ്ങുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയാണ്.
എല്‍2: എമ്പുരാന്‍ ഗോധ്ര കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ആരംഭിച്ചതെങ്കില്‍, അനന്തന്‍ കാട് തുറക്കുന്നത് ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കുനേരെ നടന്ന ഭരണകൂട ഭീകരതയുടെ ചോരയുറയുന്ന ദൃശ്യങ്ങളോടെയാണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഭയാര്‍ഥികള്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നതും, നിരവധി സത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതുമായ തീവ്രമായ രംഗങ്ങളിലൂടെ ചിത്രം പ്രേക്ഷകനെ തുടക്കത്തില്‍ തന്നെ പിടിച്ചിരുത്തുന്നു.
വര്‍ഷങ്ങള്‍ക്കപ്പുറം തിരുവനന്തപുരത്തെ ഒരു ചേരിയില്‍ നടക്കുന്ന പോലീസ് അതിക്രമവും മറ്റൊരു പ്രധാന കഥാപാത്രത്തിന്റെ അമ്മയുടെ മരണവും ഈ വംശീയ അതിക്രമവുമായി തുന്നിച്ചേര്‍ക്കപ്പെടുന്നു. വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലുകളും അതിനെതിരെയുള്ള പ്രതിരോധവുമാണ് ചിത്രം.
തൊണ്ണൂറുകളിലെ തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടങ്ങളും നടത്തുന്ന കൃഷ്ണന്‍കുട്ടി (ഇന്ദ്രന്‍സ്), തങ്കരാജ് (മുരളി ഗോപി), മുരളി (ദേവ് മോഹന്‍), ജാക്‌സണ്‍ (അപ്പാനി ശരത്) എന്നീ പ്രാദേശിക ഗുണ്ടാസംഘത്തിലൂടെയാണ് കഥ വികസിക്കുന്നത്. അക്രമാസക്തമായ ഭൂതകാലം വെടിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇവര്‍ ആഗ്രഹിക്കുമ്പോഴാണ്, വലിയൊരു ലക്ഷ്യത്തിനായി പോരാടുന്ന ഈഴം പോരാളി വെട്രിവേൽ കുമരൻ (ആര്യ) ഇവര്‍ക്കൊപ്പം ചേരുന്നത്. എന്നാല്‍, വലിയ രാഷ്ട്രീയ മാനങ്ങളിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ച കഥ പിന്നീട് പരിചിതമായ ഒരു പ്രതികാര നാടകത്തിലേക്കു ചുരുങ്ങുന്നതായാണ് കാണാന്‍ കഴിയുന്നത്.
ആശയപരമായ ആഴവും ബഹുതലങ്ങളുള്ള കഥപറച്ചിലും സമ്മാനിക്കാറുള്ള മുരളി ഗോപിയുടെ മുന്‍കാല തിരക്കഥകളില്‍ നിന്ന് വ്യത്യസ്തമായി, തികച്ചും ലളിതവും നേരിട്ടുള്ളതുമായ കൊമേഴ്‌സ്യല്‍ ഫോര്‍മുലയിലാണ് 'അനന്തന്‍ കാട്' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണ്.
ചൂളയുടെ ഇടുങ്ങിയ തെരുവുകളും അധികാരകേന്ദ്രങ്ങളുടെ ഇടനാഴികളും ചിത്രത്തില്‍ കൃത്യമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. പരമ്പരാഗതമായ മാസ് ഗുണ്ടാ നേതാക്കളുടെ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചിരിക്കുന്നത്. വലിയ ശരീരപ്രകൃതിയോ ബഹളങ്ങളോ ഇല്ലാതെ തന്നെ തന്റെ ശാന്തമായ വാക്കുകള്‍ക്ക് അന്തിമമായ കല്‍പ്പന നല്‍കാന്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന് സാധിക്കുന്നുണ്ട്.
കൃഷ്ണന്‍കുട്ടിയുടെ വിശ്വസ്തനായ 'തങ്കരാജ്' ആയി എത്തിയ മുരളി ഗോപിയും മികച്ച പ്രകടനം നടത്തി. ഒരു പാര്‍ട്ടി ഓഫീസില്‍ കയറി ക്യാമ്പസിലെ ഗുണ്ടകളോട് അദ്ദേഹം ഏറ്റുമുട്ടുന്ന രംഗം ചിത്രത്തിലെ ഏറ്റവും കൈയടി നേടുന്ന ആക്ഷന്‍ രംഗങ്ങളിലൊന്നാണ്. സഹിഷ്ണുതയെക്കുറിച്ചും വ്യത്യസ്ത ആശയങ്ങളുടെ സഹവര്‍ത്തിത്വത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഡയലോഗുകള്‍ ശ്രദ്ധേയമാണ്. ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നു മാറി തികച്ചും നാടന്‍ ലുക്കിലെത്തിയ ദേവ് മോഹന്‍ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നതായി.
രണ്ടാം പകുതിയിലാണ് ആര്യയുടെ കഥാപാത്രം അതിന്റെ പൂര്‍ണമായ ആക്ഷന്‍ മൂഡിലേക്ക് മാറുന്നത്. ഇടവേളയ്ക്കു തൊട്ടുമുമ്പുള്ള ആക്ഷന്‍ സീക്വന്‍സിലും കോളേജ് പശ്ചാത്തലത്തിലുള്ള ഫൈറ്റിലും ആര്യ തന്റെ മാസ് സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ട് തിളങ്ങി. എന്നിരുന്നാലും, വൈകാരികമായ രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലും ആര്യയുടെ പ്രകടനം ചിലയിടങ്ങളില്‍ ദുര്‍ബലമായി അനുഭവപ്പെടുന്നു.
ആര്യയുടെ കഥാപാത്രം ഒരു 'വരത്തനാണെങ്കിലും' ഒടുവില്‍ സംഘത്തിന്റെ ഭാഗമായി മാറുന്നുണ്ട്. ചരിത്രപരമായ ഈഴം സമരത്തെയും പ്രാദേശിക രാഷ്ട്രീയത്തെയും കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിക്കാമായിരുന്നിട്ടും, ഒരു സുരക്ഷിതമായ കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ പാതയാണ് സംവിധായകനും തിരക്കഥാകൃത്തും തിരഞ്ഞെടുത്തത്.
ആക്ഷന്‍ ചിത്രമെന്ന നിലയില്‍ തിയേറ്ററുകളില്‍ 'അനന്തന്‍ കാട്' തൃപ്തികരമായ അനുഭവം സമ്മാനിക്കുമെങ്കിലും, മുരളി ഗോപി ചിത്രങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രാഷ്ട്രീയമായ ആഴവും ചടുലതയും ചിത്രത്തില്‍ അവ്യക്തമാണ്.