ശ്രീനിവാസൻ നടൻ മാത്രമല്ല, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ചലച്ചിത്രകാരൻ. അധികാരകേന്ദ്രങ്ങളെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തിയ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തി. രാഷ്ട്രീയമെന്നത് ദുരിതമനുഭവിക്കുന്ന സമൂഹത്തെ മാറ്റിമറിക്കാനും ഇവിടെ അധിവസിക്കുന്ന ജനങ്ങൾക്ക് ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും പ്രദാനം ചെയ്യാനും കഴിയുന്നതാകണമെന്നാണ് ശ്രീനിവാസന്റെ വിശ്വാസം. നാട്ടിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗമാണ് കൂടുതലുള്ളത്. സൗകര്യപൂർവം ജീവിക്കുന്നവർ ന്യൂനപക്ഷവുമാണെന്നും ശ്രീനിവാസൻ പറയുന്നു. സിനിമകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും തന്റെ രാഷ്ട്രീയത്തെക്കുറിച്ചും ശ്രീനിവാസൻ മുമ്പു നല്കിയ അഭിമുഖത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ.
പാട്യം എന്ന ഗ്രാമത്തിലെ സാധാരണ കുട്ടി
മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കണ്ണൂർ ജില്ലയിലെ പാട്യം തീർത്തും സാധാരണമായ ഗ്രാമമാണ്. മധ്യവർഗവും അതിനു താഴെത്തട്ടിലുള്ളവരുമാണ് ഭൂരിഭാഗവും. മലബാറുകാർ അനുഭവിക്കുന്ന അവസരമില്ലായ്മ, വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതി ഇവയൊക്കെ എന്നെയും ബാധിച്ചിരുന്നു. അധ്യാപകനായിട്ടുപോലും അച്ഛൻ അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ വളർത്താനാണു ശ്രമിച്ചത്. സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം കടിഞ്ഞാണിട്ടു നിർത്താൻ ശ്രമിച്ചു.
അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. സ്വാഭാവികമായും നാടിന്റെയും വീടിന്റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ്റ് അനുഭാവിയാക്കി. കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ കമ്പമുണ്ടായി. അതിനു പ്രധാന കാരണം വായനയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഡിറ്റക്ടീവ് നോവലിലാണു വായന ആരംഭിച്ചത്. വീട്ടിലുള്ളവർ പഠനമായാണ് വായനയെ കണ്ടത്. വൈകാതെ അച്ഛൻ പിടിച്ചു. അച്ഛനെന്നെ ഉപദേശിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ വായിക്കണം. അതു ഞാൻ അനുസരിച്ചു. ബഷീർ, തകഴി, ഉറൂബ്, എം.ടി, വിലാസിനി, ഒ.വി. വിജയൻ... തുടങ്ങിയവരുടെ പുസ്തകങ്ങൾ, റഷ്യൻ ക്ലാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്റെയും പരിഭാഷകൾ തുടങ്ങി കൈയിൽ കിട്ടിയ പുസ്തകങ്ങളെല്ലാം വായിച്ചു. വീട്ടിലെ പ്രശ്നങ്ങൾക്കുള്ള ആശ്വാസമായാണ് അന്നു വായനയെ കണ്ടത്.
അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റ്
വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കല്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാകുന്നതിനുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റേതായ ലോകത്താണു ജീവിച്ചത്.
അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്റെ കൂടെ തോട്ടുവരമ്പിലൂടെ നടന്നുപോവുകയാണ്. പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നമ്പൂതിരി ആ വഴിയിൽ നിന്നു മാറി, പാടവരമ്പിലേക്കിറങ്ങി അകന്നുനടക്കാൻ തുടങ്ങി. അപ്പോൾ അച്ഛൻ, നമ്പൂതിരി കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: ’അങ്ങനെ വേണം, ഞങ്ങൾ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ...’ ജന്മിമാരായ നമ്പൂതിരിമാർ കാണിച്ച ക്രൂരതയോടും അടിച്ചമർത്തൽ മനോഭാവത്തോടുമുള്ള വെറുപ്പും അമർഷവും പ്രതിഷേധവും അന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപക ജോലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണു ജോലി തിരിച്ചുകിട്ടിയത്.
കലാലയം കലയ്ക്കുവേണ്ടി
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എന്റെ കലാപരമായ കഴിവുകൾ സ്കൂളിലും നാട്ടിലുമൊക്കെ അംഗീകരിക്കപ്പെട്ടു. പഠനത്തിൽ വളരെ മോശമാണെന്ന മിക്കവരുടെയും ധാരണ തകർത്തുകൊണ്ട് നാൽപ്പതു പേരുള്ള ക്ലാസിൽ, എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു. കോളേജ് വിദ്യാഭ്യാസം മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസിൽ. കൂത്തുപറമ്പിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രാപ്പടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ താമസം മട്ടന്നൂരിലെ അമ്മയുടെ വീട്ടിലേക്കു മാറ്റി.
പ്രീഡിഗ്രി പഠനകാലത്ത് കോളജ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വൈരൂപ്യങ്ങൾ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. സലാം കാരശേരിയുടെ രചന. നാടകാഭിനയത്തിൽ മുൻപരിചയമുള്ള എന്നെ നാടകം സംവിധാനം ചെയ്ത അധ്യാപകൻ സി.ജി. നായർ തെരഞ്ഞെടുത്തു. ആ വർഷത്തെ മികച്ച നടനുള്ള സമ്മാനം എനിക്കു കിട്ടി. അതിനിടയിൽ പ്രീഡിഗ്രി പരീക്ഷ. എണ്പതോളം പേരിൽ നിന്നു ജയിച്ച എട്ടു പേരിൽ ഞാനുമുണ്ടായിരുന്നു. ക്ലാസിൽ കയറാതെ ഞാൻ ജയിച്ചത് അധ്യാപകർക്കുപോലും അദ്ഭുതമായി.
പ്രീഡിഗ്രി ജയിച്ചതോടെ വീട്ടുകാർക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു. മട്ടന്നൂർ കോളജിലെ അഞ്ചു വർഷം ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. അഭിനയവാസനയോട് അച്ഛന് ആദ്യം മുതലേ പുച്ഛമായിരുന്നു. നാടകം കളി നശിക്കാനുള്ള വഴിയാണെന്നാണ് അച്ഛന്റെ പക്ഷം. എന്നാൽ, അച്ഛനെ ഞെട്ടിച്ച സംഭവം ആയിടയ്ക്കുണ്ടായി. എനിക്ക് യൂണിവേഴ്സിറ്റി സോണൽ മത്സരത്തിൽ മികച്ച നടനുള്ള സമ്മാനം കിട്ടി. പത്രങ്ങളിൽ ഒന്നാം പേജിൽ തന്നെ ചിത്രവും വാർത്തയും വന്നു. അച്ഛൻ അദ്ഭുതത്തോടെയാണു വാർത്ത കണ്ടത്. കോളജ് പഠനത്തിനു ശേഷമാണ് ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയത്.
പ്രേംനസീർ ഭംഗിയുള്ള ആളാണ്. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാൾക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്നു പറയുന്നതു ശരിയാണോ?ശ്രീനിവാസൻ
ചെന്നൈ ജീവിതവും സിനിമയുടെ തുടക്കവും
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന ആലോചനയുടെ ഭാഗമായി പുനെയിൽ എയർഫോഴ്സിൽ ജോലിചെയ്യുന്ന അമ്മാവന്റെ മകനുമായി ബന്ധപ്പെട്ടു. അതു നടന്നില്ല. ആ സമയത്താണു വീടിനടുത്തുള്ള പ്രഭാകരൻ ചെന്നൈയിൽ ഫിലിം ചേംബർ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. നാട്ടിൽ പ്രഭാകരൻ സാർ നാടകത്തിൽ അഭിനയിച്ചതെല്ലാം ഓർമയുണ്ട്. സാറിന് എന്റെ വിശദാംശങ്ങളും ആഗ്രഹങ്ങളുമടങ്ങിയ വിശദമായ കത്തയച്ചു. എന്നാൽ, അദ്ദേഹം നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണു മറുപടി അയച്ചത്. അപ്പോൾ എന്റെ നയം വ്യക്തമാക്കിക്കൊണ്ടു തിരിച്ചു കത്തയച്ചു. അദ്ദേഹത്തിന് എന്റെ ആത്മാർത്ഥത ബോധ്യപ്പെട്ടു. ആപ്ലിക്കേഷൻ അയയ്ക്കാൻ പറഞ്ഞു. ഫോട്ടോ വച്ചാണ് ആപ്ലിക്കേഷൻ. അദ്ദേഹത്തിന്റെ മറുപടി വന്നു. ഈ ഫോട്ടോ കണ്ടാൽ ഒരു വിധത്തിലും ഇവിടെ അഡ്മിഷൻ കിട്ടുമെന്നു തോന്നുന്നില്ല എന്നായിരുന്നു കത്തിൽ. ഞാൻ മറുപടി അയച്ചു, സർ, പ്രേംനസീർ ഭംഗിയുള്ള ആളാണ്. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാൾക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്നു പറയുന്നതു ശരിയാണോ? അവസാനം ഞാൻ മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
രാമു കാര്യാട്ട്, വിൻസന്റ് മാഷ്, പി. ഭാസ്കരൻ, സേതുമാധവൻ തുടങ്ങിയ പ്രഗത്ഭരാണ് ഇന്റർവ്യൂ ബോർഡിൽ. എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. പ്രഭാകരൻ സാറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലും ഇന്റർവ്യൂവിനുണ്ട്. എന്നെ അവരെല്ലാം ചേർന്ന് ഉപദേശിച്ചു. ഞാൻ അവരോട് പറഞ്ഞു: ’സിനിമയിൽ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ആളല്ല. കുറെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്റെ ലക്ഷ്യം അഭിനയം പഠിക്കുക എന്നതാണ്. ആ അറിവ് എന്റെ നാടകപ്രവർത്തനത്തിന് കൂടുതൽ ശക്തി പകരും. അതുകൊണ്ടു പഠിക്കാൻ അവസരം തരണം’. എന്റെ സംസാരത്തിലെ ആത്മാർഥത അവർക്കു ബോധ്യപ്പെട്ടു. എന്നെ സെലക്ട് ചെയ്തു. പിറ്റേന്ന് രാമുകാര്യാട്ട് ഷൂട്ട് ചെയ്ത സ്ക്രീൻ ടെസ്റ്റിൽ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെയാണു പടിയിറങ്ങിയത്.
പി.എ. ബക്കറിനൊപ്പം മണിമുഴക്കം, സംഘഗാനം
ചെന്നൈയിലെ പഠനം കഴിഞ്ഞയുടൻ പി.എ. ബക്കർ സാറിന്റെ 'മണിമുഴക്കം' എന്ന സിനിമയിൽ അഭിനയിച്ചു. ഹരിയാണ് നായകൻ. ചെറിയൊരു വേഷമാണു ഞാൻ ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിന്റെ 'സംഘഗാനം' എന്ന സിനിമയിൽ നായക കഥാപാത്രം അവതരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായി പഠിച്ച ഒരാളാണ് ബക്കർ സാറിനെ അസിസ്റ്റ് ചെയ്യുന്നത്. അദ്ദേഹമാണ് സിനിമയിൽ നായകൻ ഞാനാണെന്നു പറഞ്ഞത്. കേട്ടതും എനിക്കദ്ഭുതമാണു തോന്നിയത്. എന്നെ തെരഞ്ഞെടുക്കാൻ കാരണം എന്തെന്നു ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ടു ഞാൻ ചിരിച്ചു. ഈ കഥാപാത്രത്തിനു വേണ്ട ദാരിദ്ര്യം പിടിച്ച മുഖം ശ്രീനിയുടേതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
രജനികാന്ത് എന്ന സഹപാഠി
സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിംചേംബർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെമ്പർമാരായ സിനിമാ പ്രവർത്തകരുടെ പിന്നാലെ ചാൻസ് തേടി നിരവധിതവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്.
അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നുമുതൽ രജനി സ്റ്റാറാണ്. അപൂർവരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്ന് രജനീകാന്ത് സൂപ്പർസ്റ്റാറായി മാറി. ഞാനപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു. ഒരിക്കൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ചടങ്ങിൽ അതിഥിയായി രജനി വന്നു. അയാൾ ചാൻസിനായി പിറകേ നടന്ന ചേംബറിന്റെ മെമ്പർമാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ് അഭ്യർഥിച്ചു നടന്നു. മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാൻ. രജനിയാണെങ്കിൽ അയാളെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കയ്പുള്ള അനുഭവം മുൻപ് ചാൻസ് തേടി നടന്നപ്പോൾ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചത്.