സിനിമയില്‍ അഭിനേതാക്കളായി, പരിശീലനം നേടിയ കാക്കകള്‍. സത്യജിത് റായിക്ക് അതൊരു അദ്ഭുതമായിരുന്നു. കാക്കകൾ 'അഭിനയിക്കുന്ന' ഷൂട്ടിങ് കണ്ടപ്പോള്‍, ലോകസിനിമയുടെ മേൽവിലാസപ്പട്ടികയിലേക്ക് ഇന്ത്യയെ എത്തിച്ച സംവിധായകൻ വിസ്മയിച്ചു. 'ബാല്യകാലം' എന്ന തന്റെ ഗ്രന്ഥത്തില്‍ റായ് അതേക്കുറിച്ച് വിവരിക്കുന്നുണ്ട്.
പരിശീലിപ്പിച്ച നായകള്‍, ആനകള്‍, സിംഹങ്ങള്‍ എന്നിവയെ സിനിമയില്‍ അഭിനയിപ്പിക്കും. അതിൽ പുതുമയില്ല. എന്നാല്‍ ബലിക്കാക്കയെന്നും, തൊണ്ടൻ കാക്കയെന്നുമെല്ലാം നമ്മുടെ നാട്ടിൽ വിളിക്കുന്ന 'Raven' പരിശീലനം നേടി അഭിനയിച്ചതാണ് റായിയെ ആകർഷിച്ചത്. അമേരിക്കയിൽ തന്റെ ഹോളിവുഡ് യാത്രയ്ക്കിടയിലാണ് പരിശീലിപ്പിക്കപ്പെട്ട മൃഗങ്ങള്‍,പക്ഷികള്‍ എന്നിവയുമായി അടുത്ത് ബന്ധപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ പ്രസിദ്ധമായ ബേഡ്സ്(Birds) എന്ന ചിത്രമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും റായ് പറയുന്നു. മനുഷ്യരെ പക്ഷികള്‍ ആക്രമിക്കുന്നതാണ് ചിത്രത്തിലെ പ്രമേയം. ഒരു മുഴുനീളെ സസ്‌പെന്‍സ് ചിത്രം. ഭയാനകമായ രംഗങ്ങള്‍.
ചിത്രത്തില്‍ അഭിനയിക്കാന്‍ പക്ഷികളെ വേണമെന്ന് ഹിച്ച്‌കോക്ക് പരസ്യം ചെയ്തു. ഒരാള്‍ മറുപടി നല്‍കി. ഏതാണ്ട് നൂറോളം കാക്കകളെ കൊണ്ടുവന്നു. എല്ലാം പരിശീലിപ്പിക്കപ്പെട്ടവ. ഉടമസ്ഥനായ പരിശീലകന്‍ പറയുന്നത് പോലെ കാക്കകള്‍ കേള്‍ക്കും. അതാണ് ഹിച്ച്‌കോക്കിനെ ഭ്രമിപ്പിച്ചത്. പരിശീലകന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ കാക്കകള്‍ തല ഉയര്‍ത്തും. 'എല്ലാവരും വരിവരിയായി കമ്പിയില്‍ ഇരിക്കൂ' എന്നുപറഞ്ഞാൽ പറഞ്ഞാല്‍ അവ അനുസരിക്കും.
പരിശീലകന്‍ കാക്കകളുമായി എത്തി. ഹിച്ച്‌കോക്ക് നിര്‍ദ്ദേശിച്ചതു പോലെ പരിശീലകന്‍ കാക്കകളെ നിരത്തി. അവ സമര്‍ത്ഥമായി അഭിനയിക്കുകയും ചെയ്തു. ഹിച്ച്‌കോക്ക് ചിത്രത്തില്‍ ഇങ്ങനെ പരിശീലനം കിട്ടിയവയും ഇലക്ട്രോണിക് പക്ഷികളും ഉണ്ടായിരുന്നു. ചിത്രം വന്‍ വിജമായിരുന്നു. നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ള പക്ഷികളെ ലഭിക്കില്ല. ആന, കുതിര എന്നിവയെ അഭിനയിപ്പിക്കാനേ കഴിയൂ. ബംഗാളില്‍ പരിശീലനം കിട്ടിയ പോലീസ് നായ്ക്കളെ ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. മറ്റെല്ലാ മൃഗങ്ങളെയും അപേക്ഷിച്ച് നായ്ക്കള്‍ക്ക് കൂടുതല്‍ ബുദ്ധിയുണ്ട്.
'ഗൂപി ഗൈനെ ഭാഘ ബൈനൈ' എന്ന മ്യൂസിക്കൽ ഫാന്റസി ചിത്രത്തില്‍ റായിക്ക് മൃഗങ്ങളെ അഭിനയിപ്പിക്കുമ്പോഴുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ഇതേക്കുറിച്ച് റായ് വിശദീകരിക്കുന്നുണ്ട്. അംലോകി എന്ന ഗ്രാമത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഗൂപിയും ഹോർത്തുകി എന്ന അയൽനാട്ടില്‍ നിന്ന് പുറത്താക്കിയ ഭാഘയും രാത്രി വനത്തില്‍ കണ്ടുമുട്ടുന്നതാണ് സിനിമയിലെ പ്രധാനഭാഗങ്ങളിലൊന്ന്. ഭയന്ന് വിറച്ച് അവർ വനത്തില്‍ ഇരിക്കുമ്പോൾ ഒരു കടുവ അവരുടെ മുന്നിലേക്കെത്തുന്നു. ഇതാണ് ഷൂട്ട് ചെയ്യേണ്ടത്. പക്ഷെ എവിടെ നിന്ന് കടുവയെ കിട്ടും? സര്‍ക്കസില്‍ നിന്ന് ഒരു കടുവയെ കിട്ടുമോ എന്ന് തിരക്കി. കല്‍ക്കത്തയില്‍ അപ്പോള്‍ മദ്രാസില്‍ നിന്നുള്ള ഭാരത് സര്‍ക്കസ് പ്രദര്‍ശനം നടത്തിയിരുന്നു. സര്‍ക്കസിലെ മുഖ്യപരിശീലകനും റിങ്മാസ്റ്ററുമായ തോറത്തിനെ കണ്ട് സംസാരിച്ചു.
റായ് അതേക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
'ഒരു വനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കടുവയെ അഭിനയിക്കാന്‍ കിട്ടുമോ എന്ന് ഞാന്‍ ചോദിച്ചു. റിങ് മാസ്റ്റര്‍ സമ്മതിച്ചു.
'എത്രനേരം?'
ഷൂട്ടിങ് മൂന്നോ നാലോ മണിക്കൂറുകള്‍ വേണമെന്ന് ഞാന്‍ പറഞ്ഞു. കടുവയെ കാണാന്‍ ഞാനും സഹപ്രവര്‍ത്തകരും തോറത്തിനോടൊപ്പം അടുത്ത ടെന്റില്‍ എത്തി. കടുവകളെയും മറ്റ് മൃഗങ്ങളെയും കണ്ടു. അടുത്തുള്ള ഒരു വനപ്രദേശത്ത് ഷൂട്ടിങ് ആകാമെന്ന് നിശ്ചയിച്ചു. അവിടെ കടുവയെ കൂട്ടില്‍ നിന്ന് ഇറക്കിയാല്‍ സ്ഥിതി എന്തായിരിക്കും? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
'അതെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല'-തോറത്ത് മറുപടി നല്‍കി. 'ശരി. ഞാന്‍ കടുവയോടൊപ്പം ഉണ്ടാകും നിയന്ത്രിക്കാം'- തോറത്ത് തുടര്‍ന്ന് പറഞ്ഞു. ഷൂട്ടിങ് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. റിങ് മാസ്റ്റര്‍ സമ്മതിച്ചു. എല്ലാം തീരുമാനിച്ചു. നിശ്ചിത ദിവസം രണ്ട് കടുവകളുമായി അദ്ദേഹം എത്തി. വനപ്രദേശത്ത് ക്യാമ്പ് ചെയ്തു.
'ഒരു കടുവ മതിയായിരുന്നു'- ഞാന്‍ മനസ്സില്‍ കരുതി. 'രണ്ടെണ്ണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ?'
മെല്ലെ കടുവ നടന്നു വരുമെന്ന് റിങ് മാസ്റ്റര്‍ ഉറപ്പു നല്‍കി. പക്ഷെ കടുവ പ്രശ്‌നക്കാരനായിരുന്നു. ചാടി, ബഹളം വെച്ചു. പക്ഷെ പിന്നീട് ശാന്തനായി. ഏതായാലും റിങ്മാസ്റ്ററുടെ സംരക്ഷണത്തില്‍ ഞങ്ങള്‍ ഷൂട്ടിങ് നടത്തി. കടുവയോട് ചാടാന്‍ റിങ്മാസ്റ്റര്‍ പറഞ്ഞു. അദ്യം മടിച്ചു നിന്നു. പിന്നീട് ചാടി. അതിന് ശേഷം കൂട്ടില്‍ കയറി, ഞങ്ങള്‍ ആശ്വസിച്ചു. കടുവയെ ഉള്‍പ്പെടുത്തിയുള്ള ഷോട്ടുകള്‍ കിട്ടി.
കല്‍ക്കത്തയില്‍ തിരിച്ചെത്തി. ചിത്രങ്ങള്‍ നോക്കി. പക്ഷെ തെളിച്ചമില്ലായിരുന്നു. മങ്ങിയ കടുവ. ഞാനും ക്യാമറമാനും നിരാശപ്പെട്ടു. ഉദ്ദേശിച്ച ഷോട്ട് കിട്ടിയില്ല. എല്ലാം പൊളിഞ്ഞു. മറ്റൊരു ലൊക്കേഷനില്‍ എല്ലാം തയ്യാറാക്കി. റിങ് മാസ്റ്റര്‍ കൂട് തുറന്നു. പക്ഷെ കടുവ ഭീകര ശബ്ദം പുറപ്പെടുവിച്ച് ചാടി. ചുറ്റും നിന്നവര്‍ പരിഭ്രാന്തരായി. അവര്‍ മിന്നല്‍ പോലെ ഓടി.
പക്ഷെ കടുവയെ റിങ് മാസ്റ്റര്‍ നിയന്ത്രിച്ചു. അതിന്റെ കഴുത്തില്‍ കയര്‍ കെട്ടിയിരുന്നു. റിങ് മാസ്റ്റര്‍ കനത്ത സ്വരത്തില്‍ ആജ്ഞാപിച്ചു. കടുവ അനുസരിച്ചു. വനപ്രദേശത്ത് കടുവ മെല്ലെ നടന്നു. ക്യാമറയില്‍ ഞങ്ങള്‍ക്ക് എല്ലാം ഷൂട്ട്‌ചെയ്യാന്‍ കഴിഞ്ഞു. ഉദ്ദേശിച്ച ഫലം കിട്ടുകയും ചെയ്തു. മികച്ച ഷോട്ടുകള്‍. എല്ലാം നോക്കിക്കണ്ടു. കല്‍ക്കത്തയിലെ സ്റ്റുഡിയോ ലാബില്‍ ഇരുന്ന് ഞങ്ങള്‍ ആശ്വസിച്ചു.'