ശ്രീനിവാസനൊപ്പം സത്യൻ അന്തിക്കാട് ചേർന്നാൽ ചർച്ചയിലേക്ക് അന്തിക്കാട്ടെ തെങ്ങിലെ തണ്ടുതുരപ്പൻ മുതൽ അന്റാർട്ടിക്കയിലെ ഹിമക്കരടി വരെ കടന്നുവരും. കേരളത്തിലിരുന്നുകൊണ്ട് അവർ ലോകത്തെ ഒരേപോലുള്ള കണ്ണുകൾ കൊണ്ട് നിരീക്ഷിക്കുന്നു. അപാരമായ നർമബോധത്തോടെയുള്ള സാമൂഹികപഠനം ആണത്. ഗ്രാമത്തിൽ ജനിച്ചുവളർന്നവരുടെ കാലിലും കാഴ്ചപ്പാടിലുമുണ്ടാകുന്ന അറിവുകളുടെ അടയാളങ്ങളാണ് ഇവരുടെ സംഭാഷണങ്ങളുടെ രസതന്ത്രം. ശ്രീനി എന്താണ് ഉദ്ദേശിച്ചതെന്ന് സത്യനോളം അറിയുന്ന ഒരാളുണ്ടാകില്ല. അതുകൊണ്ട് ശ്രീനി ഉരുള തയ്യാറാക്കുമ്പോഴേ സത്യൻ ഉപ്പേരി വിളമ്പും.
വർഷങ്ങൾക്ക് മുമ്പ്, ഒരു ഹോട്ടൽമുറിയിൽ ഗോളാന്തരവാർത്തകൾ നിറഞ്ഞ അത്തരമൊരു ചർച്ചയിലേക്ക് പൊടുന്നനേ കുട്ടികളുടെ വളർച്ചയെന്ന വിഷയം കടന്നുവരുന്നു. പണ്ടത്തെപ്പോലെ അച്ഛനെ പേടിച്ച് പതുങ്ങുന്ന ശീലം ഇപ്പോഴത്തെ കുട്ടികൾക്കില്ലെന്ന് പറയുമ്പോൾ ശ്രീനിവാസന്റെ മനസ്സിൽ കൈരളി ടി.വിക്ക് സകുടുംബം നല്കിയ അഭിമുഖമായിരുന്നിരിക്കണം
ഫ്ളാഷ് ബാക്ക്
ചെന്നൈയിലെ തെരുവിലൂടെ നടക്കുന്ന ശ്രീനിവാസൻ,വിമല,മക്കളായ,വിനീത്,ധ്യാൻ(മീശമുളയ്ക്കാത്ത പ്രായം)
അഭിമുഖം നടത്തുന്ന സി. അനൂപ്: വിനീത് കിളിച്ചുണ്ടൻ മാമ്പഴത്തിൽ പാടിയ പാട്ട് നന്നായിരുന്നു. അതിനുശേഷം ഏതെങ്കിലും അവസരം വന്നോ?
വിനീത്: ഇല്ല,പിന്നെ ആരും വിളിച്ചിട്ടില്ല..
അനൂപ്: അതെന്താ?
വിനീത്: ഒന്നാമത്തെ കാര്യം എന്നുപറയുന്നത് പുതുതായി വന്നവരിൽ ഒരുപാട് പേർ എന്നേക്കാൾ നന്നായി പാടുന്ന ആൾക്കാരുണ്ട്.
പിറകിൽനിന്ന് ശ്രീനിവാസൻ: വിനയം...വിനയം...
വിനീത്: അല്ല,കാര്യായിട്ട് പറയുവാണേ...ഈ മധുബാലകൃഷ്ണൻ,വിധുപ്രതാപ്..ഇവരൊക്കെ നന്നായിട്ട് പാടുന്നുണ്ട്. അപ്പോ ഇവരൊക്കെയുള്ളപ്പോ നമ്മളെ വിളിക്കേണ്ട കാര്യമില്ലല്ലോ...പിന്നെ(ഒന്ന്നിർത്തി)ഞാനറിഞ്ഞിടത്തോളം എന്റെ അച്ഛന് മലയാളസിനിമയിൽ ഇൻഫ്ളുവൻസ് വളരെക്കുറവാണ്.
ശ്രീനി ഒന്ന് പിന്നോട്ട് വലിഞ്ഞിട്ട് ചിരിക്കുന്നു
വിനീത്: ഒന്നുരണ്ട് ആൾക്കാരോടൊക്കെ പറയണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അവരുടെ അടുത്ത് പറഞ്ഞിട്ടുണ്ടാകണം. പക്ഷേ അവരാരും വിളിച്ചില്ല. വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നീങ്ങിയില്ല.
അനൂപ്: മൂപ്പർക്ക് ഇൻഫ്ളുവൻസ് ഇല്ലാന്ന് തോന്നിയോ?
വിനീത്: ഇൻഫ്ളുവൻസ് ഇല്ലാത്തകൊണ്ടാകണമല്ലോ...അല്ലെങ്കിൽ ആരെങ്കിലുമൊക്കെ വിളിച്ചിട്ടുണ്ടാകണമല്ലോ...
(അന്ന് വിനീത് തഗ്ഗുകളെ ധ്യാനിക്കുന്നവനും ധ്യാൻ വിനീതവിധേയനുമായിരുന്നു!)
കട്ട് ടു
ഹോട്ടൽമുറി
വീണ്ടും സത്യൻ-ശ്രീനി ചർച്ച
ശ്രീനി: പുതിയ കാലത്തെ കുട്ടികൾ ശരിയാണ് എന്ന് തോന്നുന്നത് പറയും. ശാസിച്ചതുകൊണ്ടൊന്നും അവരെ പിടിച്ചുനിർത്താൻ പറ്റില്ല..
സത്യൻ: കുട്ടികൾ വളരുന്നത് നമ്മൾ അറിയുന്നില്ല. 'നരേന്ദ്രൻമകൻ ജയകാന്തൻ വക'യുടെ ജോലികൾ തുടങ്ങിയ സമയത്താണ് മൂത്തമകൻ അരുണിന്റെ പ്ലസ് ടു പരീക്ഷ. അതിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ വീട്ടിൽ പലതും സംഭവിച്ചു. അവൻ പരീക്ഷ പാസായി കോളേജിൽചേർന്നു. എന്റെ മനസ്സിൽ ഇക്കാര്യം പതിഞ്ഞില്ല. ഒരുദിവസം വിളിച്ചപ്പോൾ ഞാൻ നിമ്മിയോട് ചോദിച്ചു. അരുൺ സ്കൂളിൽപോയില്ലേ എന്ന് ...അപ്പോ നിമ്മി തിരിച്ചുചോദിച്ചു,സ്കൂളിലോ? അവൻ കോളേജിൽ പോകാൻ തുടങ്ങിയതൊന്നും അറിഞ്ഞില്ലേ..?അപ്പോഴാണ് ഞാൻ ഓർത്തത്..ശരിയാണല്ലോ അവൻ കോളേജ് വിദ്യാർഥിയായിരിക്കുന്നുവെന്ന്..
'കോളേജിൽ പഠിക്കുന്ന പയ്യന്റെ അച്ഛനായിരിക്കുന്നവെന്നോർത്തപ്പോൾ ഞെട്ടലുണ്ടായല്ലേ' എന്നായിരുന്നു ഇതിനുള്ള ശ്രീനിയുടെ കൗണ്ടർ. സത്യൻ അതിനൊരു രാഷ്ട്രീയമാനം കൊടുത്ത് സ്വന്തം മാനം രക്ഷിച്ചത് ഇങ്ങനെയാണ്: 'വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ഇല്ലായിരുന്നെങ്കിൽ എന്നെപ്പോലെ പല അച്ഛന്മാരും രണ്ടുവർഷം മുമ്പേ ഞെട്ടേണ്ടതായിരുന്നു. ജോസഫ് പ്ലസ് ടു കൊണ്ടുവന്നതുകൊണ്ട് രണ്ടുവർഷം പലർക്കും സ്കൂൾകുട്ടികളുടെ അച്ഛനായി നടക്കാൻ പറ്റി. അല്ലെങ്കിൽ പത്താംക്ലാസ് കഴിഞ്ഞാൽ നേരെ കോളേജിലേക്കല്ലേ പോക്ക്...
അപ്പോൾ ശ്രീനി തന്റെ വീട്ടിൽ നിന്നുള്ള ഒരു സീൻ എടുത്ത് നിവർത്തിവെച്ചു.
കോടീശ്വരൻ മത്സരം വിരുന്നുമുറികളിൽ വിജ്ഞാനവും ആവേശവും വിതറുന്ന കാലം. ശ്രീനിവാസന്റെ ചെന്നൈയിലെ ഫ്ലാറ്റിലാണ് സംഭവം. വിനീത് ധ്യാനിനെ ഊണുമേശയിലേക്ക് വിളിച്ചു.
വിനീത്: വരണം...നിങ്ങൾക്ക് കോടീശ്വരനിലേക്ക് സ്വാഗതം..
ധ്യാൻ: വളരെ സന്തോഷം.
വിനീത്: സന്തോഷമുണ്ടായിട്ട് കാര്യമൊന്നുമില്ല. ഉത്തരം പറഞ്ഞില്ലെങ്കിൽ സങ്കടപ്പെടേണ്ടിവരും. ചോദ്യം തുടങ്ങട്ടെ..ആർ യു റെഡി?
ധ്യാൻ തലയാട്ടുന്നു.
അകത്തെ മുറിയിൽ ശ്രീനിവാസനും വിമലടീച്ചറുമുണ്ട്. ആ വിവരം മക്കൾക്കറിയാമെന്ന കാര്യം പക്ഷേ ശ്രീനിക്കറിയില്ലായിരുന്നു. അച്ഛനെ കേൾപ്പിക്കാനാണ് മക്കൾ കോടീശ്വരൻ കളിക്കുന്നതെന്നറിയാതെ ശ്രീനി പൊതുവിജ്ഞാനകുതുകിയായി കാതോർത്തു.
വിനീത്: ആദ്യത്തെ ചോദ്യം സിനിമയിൽ നിന്നാണ്. മലയാളസിനിമയിൽ കറുത്ത് ഉയരംകുറഞ്ഞ വിവരദോഷിയായ നടൻ ആരാണ്? ഉത്തരങ്ങൾ ഇവയാണ് എ-മമ്മൂട്ടി,ബി-മോഹൻലാൽ,സി-ശ്രീനിവാസൻ...
ആലോചിക്കാൻ ഒരു നിമിഷം പോലും എടുക്കാതെ ധ്യാൻ: സി-ശ്രീനിവാസൻ...
വിനീത്: ഉറപ്പാണല്ലോ..?ഇനി മാറ്റിപ്പറയരുത്..
ധ്യാൻ: ഇല്ല നല്ല ഉറപ്പാണ്...
കട്ട് ടു
അകത്തെ മുറി
ശ്രീനിവാസൻ വിമലയെ ഒന്ന് നോക്കുന്നു. വിമല തിരിച്ചും ഒന്ന് നോക്കുന്നു. അതിന്റെ അർഥം ശ്രീനിവാസന് മാത്രം മനസ്സിലാകുന്നതായിരുന്നു.