നർമത്തിന്റെ വ്യത്യസ്തമായ വഴികളിലൂടെ മലയാളികളകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനായിരുന്നു സലിംകുമാർ. നടൻ മാത്രമല്ല, നിർമാതാവ്, സംവിധായകൻ എന്ന നിലയിലും അംഗീകരിക്കപ്പെട്ട സലിംകുമാർ വിടപറയുമ്പോൾ മലയാളസിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണു സംഭവിക്കുന്നത്. സലിംകുമാറിനു പകരക്കാരനാകാൻ മറ്റൊരാൾക്കും കഴിയില്ല. ഏതു കഥാപാത്രമായാലും അതിന്റെ ആഴങ്ങളിൽതൊടുന്ന അഭിനയകലയായിരുന്നു സലിംകുമാർ എന്ന മഹാപുരുഷന്റേത്.
'വലിയ ലുക്കില്ലന്നേയുള്ളു ഭയങ്കര ബുദ്ധിയാ...' സലിംകുമാറെന്ന നടനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മീശമാധവൻ എന്ന സിനിമയിൽ സലീംകുമാർ അവതരിപ്പിച്ച അഡ്വ. മുകുന്ദനുണ്ണി കഥാപാത്രത്തിന്റെ ഈ ഡയലോഗാണ്. എന്നാൽ, യഥാർഥ ജീവിതത്തിലും ലുക്കിലല്ല ബുദ്ധിയിലാണ് കാര്യം എന്നാണ് സലീംകുമാറിന്റെ ജീവിതം പഠിപ്പിച്ചിരിക്കുന്നത്. അനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ജീവിതമെന്ന പാഠം പഠിച്ചത്, കലയുടേയും. ആ അതുല്യ കലാകാരൻ, ജയറാമിനെ നായകനാക്കി 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' (2018) എന്ന സിനിമ ചെയ്യുന്ന സമയത്ത് നല്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.
ജയറാമുമായുള്ള അടുപ്പം
സിനിമയിൽ വന്ന ശേഷമാണ് ജയറാമേട്ടനെ പരിചയപ്പെടുന്നത്. ഞങ്ങൾ മിമിക്രിയുമായി നടന്ന സമയത്ത് ഒരു നാടക ട്രൂപ്പുമായി സഹകരിച്ചാണ് മിമിക്രി അവതരിപ്പിച്ചിരുന്നത്. നാടകമാണ് വലിയ കല എന്നായിരുന്നു ആ ട്രൂപ്പിലെ അംഗങ്ങളുടെ വിചാരം. അവർക്ക് മിമിക്രിയോടും മിമിക്രിക്കാരോടും പുച്ഛം ആയിരുന്നു. ആ സമയത്താണ് ജയറാമേട്ടനെ വച്ച് പത്മരാജൻ സാർ 'അപരൻ' എന്ന സിനിമ ചെയ്യുന്നത്. അതറിഞ്ഞ് നാടക ട്രൂപ്പിലെ അംഗങ്ങൾ പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. 'ഈ പത്മരാജനെന്താ ഭ്രാന്താണോ ഈ മിമിക്രിക്കാരനെയൊക്കെ വച്ച് സിനിമ ചെയ്യാൻ... പടം എട്ടു നിലയിൽ പൊട്ടുമ്പോൾ പഠിച്ചോളും' എന്നൊക്കെയായിരുന്നു അവരുടെ അഭിപ്രായങ്ങൾ. അതു കേട്ടപ്പോൾ സങ്കടം തോന്നി. അന്ന് ജയറാമേട്ടനെ അറിയുക പോലുമില്ല. സിനിമ വിജയിക്കാനായി പ്രാർഥിച്ചു. ഒരു മിമിക്രി കലാകാരനെങ്കിലും രക്ഷപെടട്ടെ എന്നായിരുന്നു ചിന്ത.
ഞാനെവിടെ പോകാനാ... ഇവിടെത്തന്നെയുണ്ട്
ചില ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മൂന്നു വർഷത്തോളം സിനിമയിൽ നിന്നു മാറിനിന്നു. അല്ലാതെ ഞാനെവിടെ പോകാനാ... ഇപ്പോൾ എനിക്കു യാതൊരു കുഴപ്പവുമില്ല. കുറച്ചു സിനിമകളിൽ അഭിനയിച്ചു. പിന്നെ, ജയറാമേട്ടനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുന്നു.
സജീവമല്ലാതിരുന്ന മൂന്നു വർഷത്തിൽ ആളുകൾക്ക് എന്നെ മിസ് ചെയ്യേണ്ട അവസരം നമ്മുടെ സോഷ്യൽ മീഡിയ ഉണ്ടാക്കിയിട്ടില്ല. ഞാൻ മരിച്ചു എന്ന തരത്തിൽ ഒന്നല്ല പത്തു തവണ അവർ പോസ്റ്റിട്ടു. ആ വാർത്ത കേട്ട് പല സുഹൃത്തുക്കളും ഫോണിൽ വിളിച്ചു. കോളെടുത്തപ്പോൾ അവർക്ക് സംശയം തോന്നിയിട്ടുണ്ടാവാം, മരിക്കുമ്പോൾ കൂടെ ഫോണും കൊണ്ടു പോകാമോ എന്ന്. ഇക്കാര്യം അറിഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിച്ച രണ്ടു പേരാണ് കലാഭവൻ മണിയും കല്പന ചേച്ചിയും. അവർ രണ്ടുപേരും ഇന്നില്ല എന്നു വിശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ
മരണത്തെ മുഖാമുഖം കണ്ട അവസ്ഥ
എനിക്കു മരണത്തെ പേടിയില്ല. മരണത്തെ മുഖാമുഖം കണ്ട ആളാണ് ഞാൻ. മഞ്ഞപ്പിത്തം ബാധിച്ച് വെന്റിലേറ്ററിൽ കിടന്ന സമയത്ത് എനിക്കരികിലുണ്ടായിരുന്ന ഒരുപാട് പേർ മരിച്ചത് എന്റെ കണ്മുന്നിൽ കണ്ടിട്ടുണ്ട്. അതു കണ്ടു പേടിച്ചിട്ടുണ്ട്. ഡോക്ടറിനോടു ഞാൻ മരിക്കുമോ എന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. ഒരു സ്പെഷ്യൽ കെയറിനു വേണ്ടിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയതെന്ന്. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൾ പുള്ളിക്കു ചിരിക്കാമല്ലോ ഞാനല്ലേ മരിക്കാൻ പോകുന്നത് എന്നായിരുന്നു മനസിൽ.
പണം ഇല്ല, ആശുപത്രി ബില്ല് അടയ്ക്കാം
എനിക്ക് ദേശീയ അവാർഡ് കിട്ടിയ സമയം, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ എന്നെ വിളിച്ചു. ഒരു കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയയാണു വിഷയം. ചെയ്തുകൊടുക്കാമെന്നു പറഞ്ഞു. പലരും ലൊക്കേഷനുകളിൽ വരാറുണ്ട് ഭാര്യയ്ക്ക് കാൻസറാണ്, ഭർത്താവിന് ബ്രെയിൻ ട്യൂമർ ആണ് എന്നൊക്കെ പറഞ്ഞ്. എന്നാൽ, പണം തരില്ല പകരം ആശുപത്രിയിലെ ബില്ല് അടയ്ക്കാം, ചികിത്സയുടെ ചെലവ് ആശുപത്രിയിൽ കൊടുക്കാം എന്നൊക്കെ പറയുമ്പോൾ അവർ സ്ഥലം വിടും.
'ആദാമിന്റെ മകൻ അബു' എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. അന്നത്തെ എന്റെ വലിയ ആഗ്രഹമായിരുന്നു മക്കയിലേക്കു പോകണം എന്നത്. എന്നാൽ, എനിക്കതിനു കഴിയില്ല. അതുകൊണ്ടാണ് എം.കെ. മുനീറുമായി സംസാരിച്ച് മലപ്പുറം സ്വദേശിയായ അലവിക്കുട്ടിയെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തെ മക്കയിലേക്കു വിട്ടത്. മക്കയിൽ പോയി വന്ന ശേഷം അവിടുത്തെ വിശുദ്ധ ജലം അദ്ദേഹം തന്നിരുന്നു. അത് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
ജൈവകൃഷിയുടെ പ്രാധാന്യം അനുഭവത്തിലൂടെ തെളിയിച്ചു
അതൊരു നല്ല കാര്യമല്ലേ. താരങ്ങൾ ജൈവകൃഷി ചെയ്യുമ്പോൾ സാധാരണക്കാർക്ക് പ്രചോദനമാകും. പഴയതുപോലെയല്ല. ഇപ്പോൾ ധാരാളം ആളുകൾ ജൈവകൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. എന്റെ വീട്ടിൽ പച്ചക്കറി കൃഷിയുണ്ട്. കൂടാതെ പൊക്കാളി കൃഷിയുണ്ട്. രണ്ട് വെച്ചൂർ പശുവുണ്ട്. അതുകൊണ്ട് പാൽ പുറത്തു നിന്നു വാങ്ങേണ്ട കാര്യമില്ല. എന്നാൽ ജൈവകൃഷിയിലും കള്ളനാണയങ്ങളുണ്ട്.
ഒരിക്കൽ പറവൂരിൽ ജൈവകാർഷിക ഉല്പന്നങ്ങളുടെ മേള നടക്കുകയാണ്. അതിൽ ഒരു സ്റ്റാളിലെ പച്ചക്കറി കണ്ടപ്പോൾ സംശയം തോന്നി. രാസവളം ഉപയോഗിച്ചതാണെന്ന് കണ്ടാലറിയാം. ഞാൻ ബഹളമുണ്ടാക്കി ചോദിച്ചപ്പോൾ സ്റ്റാളിലിരുന്ന പെണ്കുട്ടി സമ്മതിച്ചു പറവൂരിലെ പച്ചക്കറിക്കടയിൽ നിന്നു വാങ്ങികൊണ്ടു വന്നതാണെന്ന്. ഇതിലും പറ്റിപ്പു നടക്കുന്നുണ്ടെന്ന് അന്നെനിക്കു മനസിലായി.
ഉള്ളതു പറഞ്ഞാൽ അഹങ്കാരി
ദേശീയ അവാർഡ് ലഭിച്ചതിനു ശേഷമാണ് ഇത്തരമൊരു ഗോസിപ്പ്. പറയാത്ത കാര്യങ്ങൾ പറഞ്ഞ് പലരും എന്നെക്കുറിച്ച് അപവാദങ്ങൾ പരത്തി. എന്തെങ്കിലും പ്രശ്നങ്ങളിൽ പ്രതികരിച്ചാൽ അവാർഡ് കിട്ടിയതോടെ സലിംകുമാർ അഹങ്കാരിയായി എന്നായി പറച്ചിൽ. പക്ഷേ, ഇതൊന്നും ഞാൻ കാര്യമാക്കിയിട്ടില്ല. പറയേണ്ടത് ആരോടും തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല.