മെല്ലി ഇറാനി അന്തരിച്ചു,അടയുന്നത് ക്ലാസിക്കുകൾക്ക് പിന്നിലെ കണ്ണ്

മെല്ലി ഇറാനി
മെല്ലി ഇറാനികടപ്പാട്-എം3ഡിബി
Published on

മലയാള ചലച്ചിത്രചരിത്രത്തില്‍ ദൃശ്യവിസ്മയങ്ങളുടെ വസന്തം തീര്‍ത്ത പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ വര്‍ണചിത്രങ്ങളുടെ കാലം വരെ ക്യാമറ കൊണ്ട് അഭ്രകാവ്യങ്ങള്‍ എഴുതിയ അദ്ദേഹം, മലയാളിയുടെ ദൃശ്യബോധത്തെ ആഴത്തില്‍ സ്വാധീനിച്ച പ്രതിഭയായിരുന്നു.

പ്രശസ്ത ക്യാമറാമാന്‍ ആദി എം. ഇറാനിയുടെ മകനാണ് മെല്ലി. 1932 ഓഗസ്റ്റ് അഞ്ചിന് മുംബൈയില്‍ ആണ് മെല്ലി ജനിച്ചത്. പിതാവില്‍ നിന്നാണ് ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. 1961-ല്‍ 'ജ്ഞാനസുന്ദരി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് പതിറ്റാണ്ടുകളോളം മലയാള സിനിമയിലെ മുന്‍നിര സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു.

Must Read
അവസാനത്തെ ആൺകുയിലും ഓർമകളുടെ പാട്ടും
മെല്ലി ഇറാനി

കെ.എസ്. സേതുമാധവന്‍, ഹരിഹരന്‍ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ ഒട്ടുമിക്ക ക്ലാസിക് ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് മെല്ലി ഇറാനിയായിരുന്നു. മലയാളത്തിന്റെ നിത്യഹരിത നായിക ഷീല സംവിധാനം ചെയ്ത ശിഖരങ്ങളുടെ ക്യാമറാമാനും മെല്ലിയായിരുന്നു. യക്ഷാഗാനം എന്ന ചിത്രത്തിലും ഷീലയ്ക്കായി അദ്ദേഹം ക്യാമറ ചലിപ്പിച്ചു.

അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, വാഴ്‌വേമായം, അടിമകള്‍, അരനാഴികനേരം, പണിതീരാത്ത വീട്, ശരപഞ്ജരം, ലാവ, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, വെള്ളം, അനുരാഗം, കെണി, പൂച്ച സന്യാസി, തീക്കളി, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി മലയാളികള്‍ എക്കാലവും നെഞ്ചേറ്റുന്ന ഒട്ടേറെ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് അദ്ദേഹത്തിന്റെ ഫ്രെയിമുകളാണ്. സത്യന്‍, പ്രേംനസീര്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ അഭിനയ മുഹൂര്‍ത്തങ്ങളെ അങ്ങേയറ്റം വൈകാരികതയോടെ ഒപ്പിയെടുക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലെ 'പ്രവാചകന്മാരേ പറയൂ' എന്ന ഗാനരംഗത്തില്‍ സത്യന്റെ ആത്മസംഘര്‍ഷം പ്രതിഫലിപ്പിക്കുന്ന ക്ലോസപ്പ് ഷോട്ടുകള്‍ മെല്ലി ഇറാനി എന്ന കലാകാരന്റെ മികവിന്റെ ഉത്തമ ഉദാഹരണമാണ്.

മെല്ലി ഇറാനി. പഴയകാല ചിത്രം
മെല്ലി ഇറാനി. പഴയകാല ചിത്രംകടപ്പാട്-എം3ഡിബി

കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലുപരി കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലുള്ള വൈദഗ്ധ്യം അക്കാലത്തെ മറ്റു ഛായാഗ്രാഹകരില്‍നിന്ന് വ്യത്യസ്തനാക്കുന്നു. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, സ്വര്‍ണചാമരം വീശിയെത്തുന്ന... തുടങ്ങിയ നിത്യഹരിത ഗാനങ്ങള്‍ ദൃശ്യമികവുകൊണ്ട് ഇന്നും പ്രേക്ഷകമനസില്‍ നിറഞ്ഞുനില്‍ക്കുന്നത് മെല്ലി ഇറാനിയുടെ മാന്ത്രികതകൊണ്ടുകൂടിയാണ്. ലളിതമായ പ്രകാശസംവിധാനത്തിലൂടെയും കൃത്യമായ ആംഗിളുകളിലൂടെയും അദ്ദേഹം സൃഷ്ടിച്ച ദൃശ്യപ്രപഞ്ചം മലയാള സിനിമയുടെ സുവര്‍ണകാലഘട്ടത്തിന്റെ അടയാളമായി എന്നും നിലനില്‍ക്കും.

Related Stories

No stories found.
Pappappa
pappappa.com