പൂവിളികളും രസകരമായ സംഭവങ്ങൾ കൊണ്ടും മനസിലിന്നും നിറഞ്ഞുനിൽക്കുന്നുണ്ട്, ഓണക്കാലം. എന്നെ സംബന്ധിച്ചിടത്തോളം ഓണാവധി സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളാണ്. അച്ഛനും അമ്മയും തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. എല്ലാ കാര്യങ്ങളിലും അവർ കർക്കശക്കാരായിരുന്നു. തിരുവനന്തപുരത്തെ കുട്ടിക്കാലം ഒരുതരത്തിൽ വിരസമായിരുന്നുവെന്നും പറയാം. ഓണം, നവരാത്രി ഉൾപ്പെടെയുള്ള അവധികളിൽ അമ്പലപ്പുഴയിലെ കുടുംബ വീട്ടിലായിരിക്കും. അമ്പലപ്പുഴ എനിക്കെന്നും ഇഷ്ടപ്പെട്ട സ്ഥലമാണ്. കുട്ടിക്കാലത്ത് അവധി നാളുകളിൽ അമ്പലപ്പുഴയ്ക്കു പോകാൻ വലിയ ഇഷ്ടമാണ്. അതിന് ഒരുപാടു കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനകാരണം അവിടെ ചെന്നാൽ പഠിക്കണ്ട എന്നതാണ്. പുസ്തകങ്ങളോടും ഗൃഹപാഠങ്ങളോടും തത്ക്കാലം വിടപറയാം. കൂട്ടുകാരൊത്തു കളികളും ഊരുചുറ്റലുമായി നടക്കാം. വിലക്കുകളൊന്നുമില്ല.
അമ്പലപ്പുഴയിലേത് പരമ്പരാഗത ഓണാഘോഷങ്ങളായിരുന്നു. ഓണവുമായി ബന്ധപ്പെട്ട കഥകളും ഉപകഥകളും ആചാരങ്ങളുമെല്ലാം മുതിർന്നവർ കുട്ടികൾക്കു പറഞ്ഞുതരും. തറവാട്ടുവീട്ടിലും അതുമായി ബന്ധപ്പെട്ട വീടുകളിലുമായി നിരവധി കുട്ടികളുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ചേർന്നാണ് പൂക്കളമിടുന്നതും ഓണത്തപ്പനെ ഉണ്ടാക്കുന്നതും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതും. ഞങ്ങൾ കുട്ടികൾക്ക് അമ്മാവന്മാർ പുത്തൻ ഉടുപ്പുകൾ തരും. അന്നൊക്കെ ഓണത്തിനും വിഷുവിനും സ്കൂളു തുറക്കുമ്പോഴും മാത്രമാണു പുത്തൻ ഉടുപ്പുകൾ കിട്ടുക. ഉത്സവങ്ങളോടുള്ള താത്പര്യം തന്നെ ഇത്തരത്തിലുള്ള സമ്മാനങ്ങളോടുള്ള ഇഷ്ടമാണെന്നും പറയാം.
വീട്ടുകാർ ഒന്നിച്ചു സിനിമയ്ക്കു പോകുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഞാനും അനുജത്തിയും കൂടെ പോയി കണ്ടത് 'ചെമ്മീൻ' എന്ന സിനിമ മാത്രമാണ്. അച്ഛന് സിനിമയിൽ താത്പര്യമുണ്ടായിരുന്നില്ല. പിന്നീട്, എന്റെ സിനിമ തിയറ്ററിൽ വരുമ്പോഴാണ് അച്ഛനും അമ്മയും സിനിമയ്ക്കു പോയിത്തുടങ്ങിയത്. അല്ലെങ്കിൽ, മോഹൻലാലിന്റെ സിനിമ കാണാൻ. മോഹൻലാലിന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു.
ഓണത്തിന് സിനിമ കാണാൻ വീട്ടിൽ നിന്നു കാശു തരുമായിരുന്നു. ഓണച്ചിത്രങ്ങളുടെ തിരക്കുകാരണം പലപ്പോഴും നല്ല സിനിമ കാണാൻ പറ്റുമായിരുന്നില്ല. ടിക്കറ്റ് കിട്ടുന്ന ഏതെങ്കിലുമൊരു സിനിമ കാണും. അന്നു കണ്ട ഓണച്ചിത്രങ്ങളെല്ലാം ഇപ്പോഴും എനിക്കോർമയുണ്ട്. അമ്മയെ കാണാൻ, രക്തപുഷ്പം, ലിസ, സുബൈദ തുടങ്ങിയവയൊക്കെ അന്നു കണ്ട ചിത്രങ്ങളാണ്. ആ ചിത്രങ്ങളുടെ തുടക്കം മുതൽ ഒടുക്കം വരെ സ്ക്രീൻ പ്ലേ പോലെ ഇപ്പോഴും എനിക്ക് ഓർമിക്കാൻ കഴിയും.
ആര്യൻ, ബോയിങ് ബോയിങ് എന്നീ ചിത്രങ്ങൾ എന്റെ ഹിറ്റായ ഓണച്ചിത്രങ്ങളാണ്. രണ്ടു ചിത്രത്തിലും മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യൻ ആക്ഷൻ ചിത്രമായിരുന്നു. ബോയിങ് ബോയിങ് കോമഡിയും. ഓണക്കാലത്ത് സിനിമ കാണാനെത്തിയവരുടെ തിരക്കു കാണുമ്പോൾ അമ്മയുടെ കൈയിൽ നിന്ന് ഒരു രൂപ വാങ്ങി ഓണത്തിന് സിനിമ കാണാൻ പോയ കാലം ഓർക്കും. ഇടിച്ചുകയറി ടിക്കറ്റെടുത്ത് സിനിമ കണ്ട തിയേറ്ററുകളിൽ എന്റെ സിനിമ കാണാൻ ആളുകൾ തിരക്കുകൂട്ടുന്നതു കാണുമ്പോൾ മനസിനതു സന്തോഷമുള്ള കാര്യമല്ലേ. ആ തിരക്കിൽ നിന്നായിരിക്കാം നാളത്തെ ചലച്ചിത്രപ്രതിഭ പിറവിയെടുക്കുന്നത്.
തിയറ്ററിൽ പോയി സിനിമ കാണൽ പതിവാക്കുന്നത് എം.ജി. ശ്രീകുമാറിനൊപ്പമാണ്. സിനിമ കാണാനുള്ള പണം എങ്ങനെയങ്കിലുമൊക്ക ഒപ്പിക്കും. ഇത്തരം ചില്ലറ കുസൃതികൾക്കു വീട്ടിൽ നിന്നു ധാരാളം ചീത്തവിളിയും കിട്ടിയിട്ടുണ്ട്.
ഇനി, ഒരു പായസക്കഥ പറയാം. മോഹൻലാലിനു പായസം കുടിക്കാൻ കഴിയാതെ പോയ, കൂട്ടുകാരുമായി വഴക്കിട്ട കഥ. ചെറുപ്പകാലത്ത് ഓണം, വിഷു, പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് പായസം കിട്ടുകയുള്ളൂ. അപ്പോൾ വിശേഷദിവസങ്ങളിൽ കിട്ടുന്ന പായസത്തിന്റെ പ്രത്യേകത മനസിലായല്ലോ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കളു'ടെ ഡബ്ബിങ് സമയത്താണു സംഭവം (1980). അന്ന്, ഞങ്ങളെല്ലാവരും (മോഹൻലാൽ, മേനക സുരേഷ്, കിരീടം ഉണ്ണി) മദ്രാസിലാണ്. തിരനോട്ടം, പിന്നെയൊരു തമിഴ് സിനിമ എന്നിവയുടെ വർക്ക് നടക്കുന്നു. ഓണത്തിന്റെ രണ്ടു ദിവസം മുമ്പു ബൈക്കിൽ നിന്നു വീണ് മോഹൻലാലിന്റെ കാലിന്റെ എല്ലിന് പൊട്ടലുണ്ടായി. പ്ലാസ്റ്ററിട്ട് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് മോഹൻലാൽ. എന്റെയൊരു ഫാമിലി ഫ്രണ്ട് ക്യാപ്റ്റൻ മോഹൻകുമാർ ചെന്നൈയിലുണ്ട്. ഓണത്തിനു സദ്യ കഴിക്കാൻ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു.
തിരിച്ചുവരുമ്പോൾ പായസം കൊണ്ടുവരാമെന്നേറ്റ് ഞങ്ങളെല്ലാവരും മോഹൻകുമാറിന്റെ വീട്ടിൽ സദ്യ കഴിക്കാൻ പോയി. ഞങ്ങളെല്ലാവരും നന്നായി ഭക്ഷണം കഴിച്ചു. പായസം തീർന്നും പോയി. പായസമില്ലാതെ മോഹൻലാലിന്റെ അടുത്തേക്ക് എങ്ങനെ പോകും? ഞങ്ങൾ പായസം കൊണ്ടുവന്നിട്ടേ ഊണു കഴിക്കൂവെന്ന് ലാൽ പറഞ്ഞിട്ടുമുണ്ട്. അവസാനം ഞങ്ങളൊരു തീരുമാനത്തിലെത്തി. വൈകിട്ട് ആറു മണി കഴിഞ്ഞ് ആശുപത്രിയിൽ പോയാൽ മതി.
ആശുപത്രിയിലെത്തിയപ്പോൾ, മോഹൻലാൽ ദേഷ്യംപിടിച്ചു കിടക്കുകയാണ്. മൂന്നര മണിവരെ ലാൽ ഭക്ഷണം കഴിക്കാതെ ഞങ്ങൾക്കു വേണ്ടി കാത്തിരുന്നു. ലാൽ ഭക്ഷണകാര്യങ്ങളിൽ താത്പര്യമുള്ള ആളുമാണ്. ഞങ്ങളെ കണ്ടതും പൂര ചീത്തവിളി. 'ഇറങ്ങിപ്പോടാ, നിന്നെയൊന്നും എനിക്കിനി കാണണ്ട. നമ്മൾ തമ്മിൽ ഇനിമുതൽ ഒരു ബന്ധവുമില്ല, കൂട്ടുകാരാണത്രേ കൂട്ടുകാർ...' എന്നൊക്കെപ്പറഞ്ഞ് ഉഗ്രൻ ചീത്തവിളി. പിന്നെ, രണ്ടാഴ്ച കഴിഞ്ഞാണ് ലാൽ ഞങ്ങളോടു മിണ്ടിയത്. കാലൊടിഞ്ഞു കിടന്നതുകൊണ്ട് എണീറ്റു വന്ന് തല്ലിയില്ലെന്നു മാത്രം...