'മൂക്കില്ലാരാജ്യത്തി'ൽ തിലകൻ,മുകേഷ്,ജ​ഗതി,സിദ്ദിഖ് എന്നിവർ ഫോട്ടോ-അറേഞ്ച്ഡ്
Premium

'മദ്യപിച്ചതിന്' പോലീസ് പിടിച്ച ജ​ഗതി,തിലകൻ വഴിയെത്തിയ വിനയപ്രസാദ്

'മൂക്കില്ലാരാജ്യത്ത്' തിരക്കഥാകൃത്തിന്റെ ഓർമകൾ മൂന്നാം ഭാ​ഗം

ബി.ജയചന്ദ്രൻ

വിനയപ്രസാദ് മൂക്കില്ലാരാജ്യത്തിലെ നായികയായി എത്തിയത് എങ്ങനെ?

വിദേശ വസ്ത്രബഹിഷ്കരണരം​ഗവും തിലകനും

ഷൂട്ടിങ്ങിനിടെ ജ​ഗതിയെ പോലീസ് പിടിച്ചപ്പോൾ

പ്രഗത്ഭരായ അഭിനേതാക്കളുടെ ഒരു വലിയ നിര തന്നെ 'മൂക്കില്ലാരാജ്യത്തു'ണ്ടായിരുന്നു. കഥയും കഥാപാത്രവും മാത്രമല്ല, ഷൂട്ടിങ് സാഹചര്യവും സൗകര്യവും ഇഷ്ടപ്പെട്ടാൽ അഭിനേതാക്കളിൽ നിന്ന് മികച്ച പ്രകടനം പുറത്തുവരും. ഈ ചിത്രത്തിൽ അത് സംഭവിച്ചിരുന്നു. നടന്മാരുടെ എല്ലാവിധത്തിലുള്ള സഹകരണവും പരസ്പരമുള്ള ആരോഗ്യകരമായ മത്സരവും ഓരോ രംഗവും 'കൊഴുപ്പിക്കാൻ' സംവിധായകർക്ക് ഉത്സാഹം നൽകി.

ചിത്രീകരണം തുടങ്ങി രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ നായികയെച്ചൊല്ലി ഒരു ആശയക്കുഴപ്പമുണ്ടായി. പറഞ്ഞുറപ്പിച്ചിരുന്ന നടിക്ക് എന്തോ പെട്ടെന്ന് അസൗകര്യം വന്നു.(ആരാണ് ആ നടിയെന്ന് ഇപ്പോൾ ഓർക്കാൻ കഴിയുന്നില്ല) സെറ്റിൽ ചെറിയ ടെൻഷൻ പരന്നു. നായികയില്ലാത്ത ഭാഗങ്ങൾ ചിത്രീകരിച്ചുകൊണ്ട് ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരുന്നു.

പകരക്കാരെ അന്വേഷിച്ച് പ്രൊഡക്ഷൻ ടീം പരക്കംപാഞ്ഞു. ഇതിനിടയിൽ ഈ വിവരം തിലകൻ ചേട്ടന്റെ ചെവിയിലെത്തി അദ്ദേഹം അശോകനോടും താഹയോടും ഒരു കാര്യം പറഞ്ഞു.

'സംവിധായകരേ... നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ ഒരാളെ സജസ്റ്റ് ചെയ്യാം.'

സംവിധായകർ ഒരുമിച്ചു ചോദിച്ചു: 'ആരാ ചേട്ടാ ആള്..?'

'പെരുന്തച്ചൻ കഴിഞ്ഞാ ഞാൻ വരുന്നത്. അതിൽ എന്നോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച ആളാ... കന്നട നടിയാ.. നിങ്ങളുടെ കഥാപാത്രത്തിന് എത്രത്തോളം അനുയോജ്യമാകും എന്ന് എനിക്കറിയില്ല. അത് നിങ്ങൾ നോക്കണം. ഒരു കാര്യം ഉറപ്പു നൽകാം, അവർ കഴിവുള്ള നല്ല ഒരു ആർട്ടിസ്റ്റാണ്.'-തിലകൻ ചേട്ടൻ പറഞ്ഞു.

സംവിധായകർ ആലോചിച്ചു. പറയുന്നത് ചെറിയ ആളല്ല. അങ്ങനെ ആരെയും ശുപാർശ ചെയ്യുന്ന വ്യക്തിയും അല്ല. അവർ തീരുമാനിച്ചു. 'അത് മതി'. അങ്ങനെ തിലകൻ ചേട്ടൻ നിർദ്ദേശിച്ച നടി 'മൂക്കില്ലാരാജ്യത്തി'ൽ നായികയായി- വിനയപ്രസാദ്.

വിനയപ്രസാദ് 'മൂക്കില്ലാരാജ്യത്തി'ൽ

ബാംഗ്ലൂരിൽ താമസിക്കുന്ന വിനയപ്രസാദിനെ തേടി പ്രൊഡക്ഷൻ ടീം പാഞ്ഞു, കണ്ടെത്തി. അവർക്ക് സമ്മതം. രണ്ടാം ദിവസം അവർ ലൊക്കേഷനിൽ എത്തി. അല്പം എക്സൻട്രിക്കായ മോഡേൺ ഗേൾ ആയി വിനയപ്രസാദ് മാറി. മലയാളത്തിൽ അവർ ചെയ്ത ഏറ്റവും ഗ്ലാമറസ് വേഷം അതായിരുന്നു. അത് അവർ ഭംഗിയാക്കുകയും ചെയ്തു. അങ്ങനെ വിനയപ്രസാദ് എന്ന അനു​ഗൃഹീത നടിയുടെ രണ്ടാമത്തെ മലയാള ചിത്രമായി 'മൂക്കില്ലാരാജ്യത്ത്'.

കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതുകൊണ്ട് ഷൂട്ടിങ് വളരെ സുഗമമായി മുന്നോട്ടു നീങ്ങി. തിരക്കുള്ള അഭിനേതാക്കളുടെ ദിവസങ്ങൾ ആവശ്യമുള്ളത്ര വാങ്ങി വയ്ക്കുകയും, ചാർട്ടിങ് സൂക്ഷ്മമായി നിർവഹിക്കുകയും ചെയ്തതുകൊണ്ട് ഒരു തടസ്സവും ഒരിക്കലുമുണ്ടായില്ല. രാത്രി വൈകിയും ഷൂട്ടിങ് നടന്നു. അതിൽ പങ്കെടുക്കാൻ ഒരു അഭിനേതാവും വൈമുഖ്യം കാണിച്ചില്ല. ഒരു ഗാനം പൂർണ്ണമായും രാത്രിയിലാണ് ചിത്രീകരിച്ചത്.

'ബ്രേക്ക് ഡാൻസ്' എന്ന് തുടങ്ങുന്ന ആ ഗാനത്തിൽ തിലകൻ ചേട്ടൻ അഭിനയിച്ചത് ഇന്നും രസകരമായി മനസ്സിലുണ്ട്. പിന്നീട് പല ലൊക്കേഷനിലും തിലകൻ ചേട്ടൻ പറയുമായിരുന്നു: 'എന്നെക്കൊണ്ട് ബ്രേക്ക് ഡാൻസ് വരെ ചെയ്യിച്ച പടമാണ് മൂക്കില്ലാരാജ്യത്ത്. അതും ഈ പ്രായത്തിൽ..' അപൂർവമായി മാത്രം ചിരിക്കുന്ന അദ്ദേഹം ഇതു പറഞ്ഞ് ചിരിക്കുമായിരുന്നു.

തിലകൻ 'മൂക്കില്ലാരാജ്യത്തി'ലെ വിദേശ വസ്ത്ര ബഹിഷ്കരണരംഗത്തിൽ

അന്നും ഇന്നും എന്നും അതിലെ ഹിറ്റായ രംഗം തിലകൻ ചേട്ടന്റെ വിദേശ വസ്ത്ര ബഹിഷ്കരണമാണ്. ചിത്രീകരണത്തിന് മുമ്പായി ആ സീൻ വായിച്ച ശേഷം അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. 'കൊള്ളാം ഇഷ്ടപ്പെട്ടു' എന്ന് എനിക്ക് ആ മുഖഭാവത്തിൽ നിന്ന് വായിച്ചെടുക്കാം. അതൊരു അംഗീകാരമായി ഞാൻ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നു. റീ റിക്കാഡിങ്ങിനായി ചെന്നൈയിലെ എവിഎം തിയേറ്ററിൽ ആ രംഗം കണ്ട സംഗീതസംവിധായകൻ ഔസേപ്പച്ചൻ തലയറഞ്ഞ് ചിരിച്ച് മുന്നിലെ സീറ്റിലേക്ക് കമിഴ്ന്നുവീഴുന്നതൊക്കെ ഇന്നലെ നടന്നതുപോലെ ഓർക്കുന്നു.

തിലകൻ എന്ന അതുല്യ നടന്റെ പ്രതിഭയുടെ തിളക്കവും അദ്ദേഹത്തിൽ നിന്ന് ഒരിക്കലും പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത പ്രകടനവും കൂട്ടിച്ചേർന്നപ്പോൾ ആ ചിത്രത്തിലെ ഹൈലൈറ്റ് ആയി ആ സീൻ.

'മൂക്കില്ലാരാജ്യത്തി'ൽ ജ​ഗതി മദ്യപിച്ച് റോഡിലൂടെ നടന്നുവരുന്ന രം​ഗം

ഇങ്ങനെ ഓരോന്നായി എടുത്തു പറയാൻ നിറയെ രംഗങ്ങളും ഓർമകളുമുണ്ട്. ജഗതി ശ്രീകുമാറിന്റെ കഥാപാത്രം മദ്യപിച്ച ശേഷം മെയിൻ റോഡിലൂടെ വരുന്ന രംഗം ചിത്രീകരിച്ചത് അതിലൊന്നുമാത്രം. കണ്ണടച്ചുപിടിച്ച് റോഡ് ക്രോസ് ചെയ്യുന്ന ആ സീനിന് മുമ്പുള്ള പ്രശസ്തമായ നടത്തം. എറണാകുളത്ത് കച്ചേരിപ്പടി ജങ്ഷനിൽ അന്നുണ്ടായിരുന്ന ഫുട് ഓവർ ബ്രിഡ്ജിനു മുകളിൽ ക്യാമറ ഒളിപ്പിച്ചുവെച്ച ശേഷമായിരുന്നു ചിത്രീകരണം. താഹയും ക്യാമറാമാൻ പ്രതാപനും ഓവർബ്രിഡ്ജിന് മുകളിലാണ്. അശോകൻ താഴെ വഴിയാത്രക്കാർ ക്യാമറയിലേക്ക് നോക്കുന്നില്ല എന്ന് ഉറപ്പുവരുത്താനായി നില്കുന്നു.

സീൻ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് സഹസംവിധായകരിലൊരാൾ ജ​ഗതിയെ ഓട്ടോയിൽ കൊണ്ടുപോയി കച്ചേരിപ്പടി ജങ്ഷന് സമീപത്തുള്ള കെ.ടി.സി പമ്പിന് മുമ്പിൽകൊണ്ടുപോയി ഇറക്കി. അവിടെ നിന്നാണ് ജ​ഗതി നടന്നുവരുന്നത്. രാവിലെ ഏഴുമണിയോടെ തിരക്ക് തുടങ്ങുന്നതിനു മുമ്പായിരുന്നു ഷൂട്ട്. എങ്കിലും ജഗതിയെ തിരിച്ചറിഞ്ഞ വഴിയാത്രക്കാർ അദ്ഭുതം കൂറി. അവസാന അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ ജ​ഗതിച്ചേട്ടനെ പിടിച്ചു നിർത്തി. ആളെ തിരിച്ചറിഞ്ഞ പോലീസുകാരൻ ഞെട്ടി.

സിനിമാ നടൻ രാവിലെ ഫിറ്റായി റോഡിലൂടെ നടക്കുന്നു എന്നാണ് അയാൾ ധരിച്ചത്. ജഗതിച്ചേട്ടൻ മുകളിലിരിക്കുന്ന ക്യാമറ ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോൾ അവിടെ കൂടിയവർ കൂട്ടച്ചിരിയായി. ആ രംഗം കാണുമ്പോൾ അത് വ്യക്തമാകും. ജഗതിച്ചേട്ടനെ പോലീസുകാരൻ പിടിക്കുന്ന സമയത്ത് രംഗം കട്ട് ചെയ്തിട്ടുണ്ടെന്ന് മാത്രം.

'മൂക്കില്ലാരാജ്യത്തി'ന്റെ സെറ്റിൽ ജഗതിശ്രീകുമാറും തിരക്കഥാകൃത്ത് ബി. ജയചന്ദ്രനും

നടന്മാരുടെ തത്സമയ ഇംപ്രൊവൈസേഷൻ ഒരുപാട് ഗുണം ചെയ്തിട്ടുള്ള സിനിമ കൂടിയാണ് 'മൂക്കില്ലാരാജ്യത്ത്'. കഥാസന്ദർഭത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നടീനടന്മാർ ചെയ്യുന്ന ഇംപ്രൊവൈസേഷൻ രംഗത്തിന് മാറ്റുകൂട്ടുമെങ്കിൽ സംവിധായകർ അനുവദിക്കാറുണ്ട്. സ്ലാപ്സ്റ്റിക് കോമഡി രംഗങ്ങൾ ധാരാളമായി കടന്നു വന്നിട്ടുള്ള 'മൂക്കില്ലാരാജ്യത്തി'ൽ പ്രേക്ഷകർ ഇന്നും ആസ്വദിക്കുന്നത് അത്തരത്തിലുള്ള രം​ഗങ്ങളാണ്.

സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനും സംഘവും ഒരുക്കിയ ആക്ഷൻ രംഗങ്ങളിലും നർമം കലർത്തിയത് ഒരു പുതുമയായിരുന്നു. കുട്ടികൾ ആ രംഗങ്ങൾ ആസ്വദിക്കുന്നത് തിയേറ്ററുകളിൽ കണ്ടിരുന്നു.

'മൂക്കില്ലാരാജ്യത്തി'ൽ കൃഷ്ണൻകുട്ടി നായർ

ത്യാ​ഗരാജൻ മാസ്റ്ററുടെ സംഘത്തിൽ പെട്ട ഒരാൾ കൃശ​ഗാത്രനായ നമ്മുടെ കൃഷ്ണൻകുട്ടി നായർക്ക് പകരം സംഘട്ടനരംഗത്തിൽ ഡ്യൂപ്പായി. ആ ഡ്യൂപ്പിന്റെ പ്രകടനം തിയേറ്ററുകളെ ഇളക്കിമറിച്ചു. കൃഷ്ണൻകുട്ടി നായരെ ഓർക്കുമ്പോൾ ദു:ഖവും സന്തോഷവും ഒരുമിച്ച് വരും. 'മൂക്കില്ലാരാജ്യത്തി'ന് ശേഷം എന്നെ എവിടെ വെച്ച് കണ്ടാലും മറ്റുള്ളവരോട് പറയുമായിരുന്നു: 'എന്നെ വാടകക്കൊലയാളാക്കിയ ആളാ ഇത്... ഈ എന്നെ..' എന്നിട്ട് മെലിഞ്ഞ തന്റെ ശരീരം ഇളക്കിക്കാണിക്കും, പൊട്ടിച്ചിരിക്കും. പച്ചയായ മനുഷ്യൻ.

(തുടരും)