

'മൂക്കില്ലാരാജ്യത്തി'ന് ജോഷിയും ചാർളി ചാപ്ലിനും പ്രചോദനമായത് എങ്ങനെ?
'മൂക്കില്ലാരാജ്യത്ത്' പ്രീപ്രൊഡക്ഷൻ ദിനങ്ങൾ
സ്വിച്ച് ഓൺ ദിനത്തിലെ 'ചോരക്കഥ'
അശോകൻ- താഹ കൂട്ടുകെട്ടിന്റെ ആദ്യചിത്രം 'സാന്ദ്രം' റിലീസ് ചെയ്തത് 1990 ഒക്ടോബറിൽ ആണ്. സുരേഷ് ഗോപി, സായ്കുമാർ, പാർവതി ഇന്നസെൻറ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധായകർ തന്നെയാണ് എഴുതിയത്. കോമഡിയും സസ്പെൻസും ഒക്കെ ചേർന്ന രസകരമായ ഒരു കുടുംബചിത്രമായിരുന്നു 'സാന്ദ്രം'. സാങ്കേതികപരമായും മികച്ച നിലവാരം പുലർത്തിയ ചിത്രം. പക്ഷേ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. എങ്കിലും നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് സംവിധായകരായ അശോകനും താഹയും കടന്നു. ആ ചിത്രത്തിന്റെ തിരക്കഥ എഴുതാൻ അവർ എന്നെ വിളിച്ചു.
- ഒരു ചെറിയ ഫ്ലാഷ്ബാക്ക്-
വർക്കലയിൽ എന്റെ വീടിന്റെ തൊട്ടയൽപക്കത്തെ വീട്ടിലെ അണ്ണൻ സിനിമയിലാണ്, സംവിധായകനാണ്. മറ്റാരുമല്ല, മലയാള സിനിമയിലെ മാസ്റ്റർക്രാഫ്റ്റ്സ്മാൻ ജോഷി..!! ബാല്യംമുതൽ കാണുന്ന അണ്ണൻ. കുട്ടികളായ ഞങ്ങളുടെ കളികളൊക്കെ നോക്കിനിൽക്കുന്ന ഗൗരവക്കാരനായ അണ്ണൻ. വർക്കലക്കാരെ സിനിമ കാണാൻ പഠിപ്പിച്ച രണ്ട് തിയേറ്ററുകൾ- ശശിയും, വാസുവും- ജോഷിയണ്ണന്റെ കുടുംബംവക ആയിരുന്നു. ഒരു ദിവസം അറിയുന്നു, അണ്ണൻ സിനിമാസംവിധാനം പഠിക്കാൻ പോയി എന്ന്. അതൊരു ത്രില്ലായി. അണ്ണൻ വീട്ടിൽ വരാൻ കാത്തിരുന്നു; സിനിമ വിശേഷങ്ങൾ അറിയാൻ.
അന്നേ സംഭാഷണത്തിൽ പിശുക്കനായിരുന്നു. ഒന്നോ രണ്ടോ വാചകങ്ങളിലൊതുക്കി സംഭാഷണം. ഞങ്ങൾക്ക് അത് മതിയായിരുന്നു. ആദ്യം 'സംവിധാനസഹായി' എന്നും പിന്നീട് 'സഹസംവിധാനം' എന്നുമുള്ള തലക്കെട്ടിനുതാഴെ 'വർക്കല ജോഷി' എന്ന പേര് തിരശ്ശീലയിൽ തെളിഞ്ഞപ്പോൾ ഞങ്ങൾ ആരവമുയർത്തി കൈയടിച്ചു. 1978-ൽ 'ടൈഗർ സലിം' എന്ന ചിത്രത്തിലൂടെ ജോഷിയണ്ണൻ സ്വതന്ത്രസംവിധായകനായി. അതോടെ അദ്ദേഹം മനസ്സിൽ ദ്രോണാചാര്യരായി, ഞാൻ ഏകലവ്യനും.
-ഫ്ളാഷ്ബാക്ക് എൻഡ്സ്-
അശോകനും താഹയും ഞാനും സുഹൃത്തുക്കളായിരുന്നു; സഹപാഠികളും. സിനിമയായിരുന്നു നമ്മുടെ താല്പര്യ വിഷയം. കോളേജ് കഴിഞ്ഞ് ഞാൻ 'മാതൃഭൂമി'യിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക് കടന്നു. അപ്പോഴേക്കും അശോകനും താഹയും തിരക്കുള്ള സഹസംവിധായകരായി മാറിക്കഴിഞ്ഞിരുന്നു. സ്വതന്ത്ര സംവിധായകരായി ചുവടുറപ്പിച്ചപ്പോഴാണ് എന്നെയും അവരുടെ സിനിമയുടെ ഭാഗമാകാൻ കൂട്ടിയത്.
എറണാകുളം നോർത്തിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമിലെ മുറിയിൽ ഞങ്ങൾ ഒത്തുകൂടി. (എലൈറ്റ് ഇന്ന് ലൂമിനാറ എന്ന സ്റ്റാർ ഹോട്ടലാണ്) കഥയുടെ ആലോചന തുടങ്ങി. അക്കാലത്ത് മലയാള സിനിമയിൽ ഹാസ്യചിത്രങ്ങളായിരുന്നു കൂടുതൽ. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ചെറുപ്പക്കാരുടെ, ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങളെ, ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുകയായിരുന്നു ഭൂരിപക്ഷം സിനിമകളിലും. അവയെല്ലാം തിയേറ്ററിൽ വിജയിക്കുകയും ചെയ്തിരുന്നു. അതൊന്നു 'മാറ്റിപ്പിടിക്കാനായിരുന്നു' ഞങ്ങളുടെ ശ്രമം. എങ്കിലും 'മുഴുനീള ഹാസ്യചിത്രം' എന്നതു തന്നെയായിരുന്നു ലക്ഷ്യം.
പുതുമ വേണം എന്നതിലും ഒരേ മനസ്സായിരുന്നു ഞങ്ങൾക്ക്. കണ്ടതും കേട്ടതും വായിച്ചതുമായ ഒരുപാട് കഥകളും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞു. അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കാൻ മനസ്സുപകഞ്ഞു. ഏതെങ്കിലും കഥയിൽ നിന്നോ സിനിമയിൽ നിന്നോ പ്രചോദനം തേടുന്നത് ('ഇൻസ്പെയേഡ്' ആകുന്നത്) ഒരു തെറ്റോ കുറ്റവുമായി അന്നും ഇന്നും കരുതുന്നില്ല. അങ്ങനെ ആലോചനകൾ ചെന്നെത്തിയത് എന്നും ആരാധിക്കുന്ന ആ മഹാപ്രതിഭയിലാണ്- 'ചാർലി ചാപ്ലിൻ.'
ചാപ്ലിന്റെ ചിത്രങ്ങൾ ഒന്നൊന്നായി മനസ്സിലൂടെ കടന്നുപോയി. അപ്പോഴാണ് ഒരു കാര്യത്തിൽ ശ്രദ്ധ പതിഞ്ഞത്. അതിലെ കഥാപാത്രങ്ങൾക്കെല്ലാം ഒരു ചെറിയ 'പിരിയിളക്ക'മുണ്ട്. യുക്തിരഹിതമായ പ്രവൃത്തികൾക്കെല്ലാം അതൊരു ന്യായീകരണവുമാണ്. ആ ചിന്തയാണ് താളം തെറ്റിയ മനസ്സിന്റെ ഉടമകളായ ചെറുപ്പക്കാരിലെത്തിയത്. കൂട്ടത്തിൽ അവരെക്കാൾ പ്രായമുള്ളയാൾ. എന്നാൽ പ്രവൃത്തികൾക്കെല്ലാം അവർക്കൊപ്പം നിൽക്കുന്നയാൾ. അങ്ങനെയൊരു കഥാപാത്രത്തെയും ചേർത്തു. തുടക്കം മാനസികാരോഗ്യകേന്ദ്രത്തിന്റെ പശ്ചാത്തലത്തിലുമാക്കി.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. കഥാപാത്രങ്ങളും രംഗങ്ങളും ഒന്നിനു പുറകെ ഒന്നായി ഒഴുകിയെത്തി. ഒരു ചങ്ങലയിലെന്ന പോലെ ഒന്നിൽ നിന്ന് അടുത്ത കണ്ണിയിലേക്ക് അതു കൊളുത്തി. ഏകദേശം നാലാഴ്ച കൊണ്ട് തിരക്കഥ പൂർത്തിയായി.
അഭിനേതാക്കളുടെ പട്ടിക തയ്യാറാക്കി. അവരെ ബുക്ക് ചെയ്യലും ഡേറ്റ് തീരുമാനിക്കുകയും മറ്റുമായി പ്രൊഡക്ഷൻ ടീം സജീവമായി. രോഹിണി ആർട്സിന്റെ ബാനറിൽ സന്തോഷായിരുന്നു നിർമാതാവ്. ഗോപാലകൃഷ്ണൻ, രവി എന്നിവർ സന്തോഷിന് പിൻബലമായി ഉണ്ടായിരുന്നു.
ഷൂട്ടിങ്ങിനു മുമ്പായി സംവിധായകൻ ചെയ്യേണ്ട ജോലികൾ അശോകനും താഹയും കൃത്യമായി പങ്കുവെച്ചെടുക്കുമായിരുന്നു. അത് കാര്യങ്ങൾ വളരെ എളുപ്പമാക്കി. ഒരു കാര്യം ഓർക്കുന്നു. നടൻ മുകേഷിന് അഡ്വാൻസ് നൽകാൻ താഹയും ഞാനുമാണ് പോയത്. ആ ചുമതല ഞങ്ങളെ ഏല്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് അമൃത ഹോട്ടലിൽ വച്ച് ഞങ്ങൾ മുകേഷിനെ കണ്ടു. നിർമാതാവ് ഏല്പിച്ച തുക താഹ എന്റെ കയ്യിൽ തന്നു. മുകേഷിന് കൊടുക്കാൻ നിർദേശിച്ചു. അങ്ങനെ ആദ്യ സിനിമയിലെ മുഖ്യ നടന് അഡ്വാൻസ് കൊടുക്കാനുള്ള ഭാഗ്യം എനിക്ക് കൈവന്നു. അഡ്വാൻസ് സ്വീകരിച്ചുകൊണ്ട്, എന്റെ കൈകൾ കൂട്ടിപ്പിടിച്ച് മുകേഷ് പറഞ്ഞു: 'നമ്മൾ തമ്മിൽ ആദ്യമായിട്ടല്ലേ.. നന്നാവട്ടെ.. വിജയിക്കട്ടെ..'ആ വാക്കുകൾ സത്യമായി എന്നത് ചരിത്രം.
രണ്ടു പാട്ടുകളുണ്ടായിരുന്നു ചിത്രത്തിൽ. കഥാഗതിയുമായി ഇഴുകിച്ചേർന്ന രീതിയിലായിരുന്നു ഗാനങ്ങൾ ഉൾപ്പെടുത്തിയത്. ഗാനരചന കൈതപ്രം നിർവഹിച്ചു. സംഗീതം-ഔസേപ്പച്ചൻ. പാട്ടുകളുടെ റിക്കാഡിങ് മദ്രാസിലായിരുന്നു. അശോകനായിരുന്നു അതിന്റെ മേൽനോട്ടം. 'കാശിത്തുമ്പക്കാവായി' എന്ന പാട്ട് ഇന്നത്തെ തലമുറയുടെ പ്ലേലിസ്റ്റിൽ പോലുമുണ്ട് എന്നതുകാണുമ്പോൾ ആ ഗാനങ്ങൾ പിറന്ന ദിനങ്ങളിലേക്ക് മനസ്സ് പോകും.
എറണാകുളവും പരിസരപ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ. ഷൂട്ടിങ്ങിനുമുമ്പുള്ള തയ്യാറെടുപ്പുകളുടെ തിരക്കൊഴിഞ്ഞപ്പോൾ ഞാനും താഹയും ഒരിക്കൽക്കൂടി തിരക്കഥ മുഴുവൻ ഒന്നു വായിച്ചു. ആദ്യ വായനയിൽ ശ്രദ്ധപ്പെടാതെ പോയ ചില സംഗതികൾ കണ്ടെത്തി,അവ തിരുത്തി. ചില ഭാഗങ്ങൾ ഒന്നുകൂടി മിനുക്കി.
ചിത്രീകരണ ദിവസം അടുത്തു. ക്യാമറാമാൻ പ്രതാപൻ എത്തി. അതോടെ ടീം ആകെ ഉണർന്നു, ഉഷാറായി. 'സാന്ദ്ര'ത്തിന് ക്യാമറ ചലിപ്പിച്ചതും പ്രതാപനായിരുന്നു. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിന് അടുത്തുള്ള സൺ ഇൻറർനാഷണൽ ഹോട്ടലിലാണ് അപ്പോൾ ഞങ്ങളുടെ താമസം. അവിടെത്തന്നെയായിരുന്നു സ്വിച്ച് ഓൺ കർമ്മം സംഘടിപ്പിച്ചിരുന്നത്.
ടൈറ്റിലിനുമുമ്പുള്ള ഒരു ദൃശ്യം. ഒരു ലബോറട്ടറിയിലെ ഗ്ലാസ് ഉപകരണങ്ങൾ ഒരു കൈ വന്നു തല്ലിയുടയ്ക്കുന്നു. അതാണ് ആദ്യം ചിത്രീകരിക്കുന്നത്. ആദ്യ ഷോട്ട് റെഡി. സംവിധായകൻ താഹയുടെ കൈയാണ് ഗ്ലാസ് ഉപകരണങ്ങൾ തകർക്കുന്നത്. അശോകൻ സ്റ്റാർട്ട് പറഞ്ഞു. ആക്ഷൻ. ഉപകരണങ്ങൾ ചിതറിത്തെറിച്ചു. 'മൂക്കില്ലാരാജ്യത്ത്' ചിത്രീകരണം ആരംഭിച്ചു പക്ഷേ ഗ്ലാസ്സ് കൊണ്ട് താഹയുടെ കൈ കീറി. ഉടൻ കാറിൽ ആശുപത്രിയിലേക്ക്. നാലു തുന്നൽ കൈയിൽ.
സ്വിച്ച്ഓണിന് എത്തിയിരുന്ന മുതിർന്ന നടൻ പറവൂർ ഭരതൻ പറഞ്ഞു:'രക്തം കണ്ടു, ശുഭലക്ഷണം, പടം സൂപ്പർ ഹിറ്റ്...' അദ്ദേഹത്തിന്റെ വാക്കുകളും പിന്നീട് സത്യമായി.
(തുടരും)