'മൂക്കില്ലാരാജ്യത്ത്' എന്ന് പേരിട്ടതാര്?
'മൂക്കില്ലാരാജ്യത്തി'നുശേഷം സംവിധായകരായ അശോകന്റെയും താഹയുടെയും വേർപിരിയൽ
ചിത്രീകരണത്തിനും ഡബ്ബിങ്ങിനുമിടയിലുണ്ടായ സംഭവങ്ങളും രസകരമായ മുഹൂർത്തങ്ങളും
വൈകാരികത മുറ്റിനിന്ന ഒരു രംഗമുണ്ട് 'മൂക്കില്ലാരാജ്യത്ത്' എന്ന ചിത്രത്തിൽ. കോമഡി രംഗങ്ങൾക്കിടയിൽ തീയേറ്ററിൽ ചലനം ഉണ്ടാക്കിയ സീൻ. പ്രേക്ഷകരുടെ കണ്ണു നയിച്ച സീൻ. തിലകൻചേട്ടൻ അവതരിപ്പിച്ച കേശു എന്ന കഥാപാത്രത്തിന്റെ വീട്ടിൽ പോകുന്ന ആ രംഗം തിരക്കഥയിൽ വായിച്ചപ്പോൾ തന്നെ നടന്മാർക്കെല്ലാം താല്പര്യമായി. തിരക്കഥാപ്രകാരം ഈ സീനിൽ കേശുവിനൊപ്പം ജഗതിച്ചേട്ടന്റെ കൃഷ്ണനും മുകേഷിന്റെ ബെന്നിയുമുണ്ട്. കൊച്ചുമകളെ അടുത്ത് കാണാനോ സംസാരിക്കാനോ കേശുവിന് കഴിഞ്ഞില്ല. അച്ഛനെ കാണാൻ മകൾ പുറത്തേക്ക് വന്നില്ല. ഭ്രാന്താശുപത്രിയിൽ കഴിഞ്ഞിരുന്ന, ഭാര്യാപിതാവിനോട് ക്രൂരമായി പെരുമാറി മരുമകൻ. വേലക്കാരി നൽകിയ പണവുമായി നിൽക്കുന്ന കേശുവിനെ തിലകൻ ചേട്ടൻ അവിസ്മരണീയമാക്കി.
നിർഭാഗ്യവശാൽ ആ രംഗം ആദ്യം പ്ലാൻ ചെയ്ത ദിവസം ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടുദിവസം കഴിഞ്ഞ് അത് ഷൂട്ട് ചെയ്യാൻ തീരുമാനിച്ച ദിവസം മുകേഷ് ഇല്ല. മറ്റൊരു ചിത്രത്തിന്റെ ഒറ്റ ദിവസത്തെ ഷൂട്ടിനായി മുകേഷിന് പോകേണ്ടിവന്നു. മുകേഷ് ഇല്ലാതെ ആ രംഗം ചിത്രീകരിച്ചു. തിലകൻ ചേട്ടന്റെ കേശുവും ജഗതിച്ചേട്ടന്റെ കൃഷ്ണനും മാത്രമായി വീട്ടിൽ പോകുന്നതായി എടുക്കേണ്ടി വന്നു. മുകേഷിന്റെ സംഭാഷണങ്ങൾ ജഗതിച്ചേട്ടന് നൽകി. മടങ്ങിവന്ന മുകേഷ് ആ രംഗം ഷൂട്ട് ചെയ്ത വിവരം അറിഞ്ഞ് അല്പം പിണങ്ങി.
തിലകൻ ചേട്ടന്റെ വീടായി കാണിക്കുന്ന ആ വീട് അന്നു മാത്രമാണ് ചിത്രീകരണത്തിനായി വിട്ടുകിട്ടിയിരുന്നത്. അതുകൊണ്ടുകൂടിയാണ് അവിടത്തെ സീൻ അന്നുതന്നെ ചിത്രീകരിക്കാൻ സംവിധായകർ തീരുമാനിച്ചത്. ഏതായാലും രണ്ടു മൂന്നു ദിവസം മുകേഷിന്റെ പിണക്കം നീണ്ടുനിന്നു. പിന്നീട് അത് മാറി. ആ രംഗം തിയേറ്ററിൽ ഉണ്ടാക്കുന്ന ചലനം മുകേഷിന് മുൻകൂട്ടി കാണാൻ കഴിഞ്ഞതുകൊണ്ടാണ് ആ വിഷയം ഉണ്ടായെന്നു ഞങ്ങൾക്ക് മനസ്സിലായി.
നമ്മെ വിട്ടുപോയ പ്രഗത്ഭരായ ഒരുനിര അഭിനേതാക്കളുടെ മറക്കാനാവാത്ത പ്രകടനം ഈ ചിത്രത്തിലുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദൻ, എൻ.എൽ ബാലകൃഷ്ണൻ, ഫിലോമിന, കുതിരവട്ടം പപ്പു, രാജൻ പി. ദേവ്... ഇവരൊക്കെ അങ്ങേയറ്റം സഹകരിച്ച ചിത്രമാണിത്. എറണാകുളം നഗരത്തിൽ നിന്ന് അല്പം മാറി ചെറുപുഷ്പം ഫിലിംസിന്റെ ഉടമസ്ഥതയിൽ ഒരു ബംഗ്ലാവും വിശാലമായ പറമ്പും ഉണ്ട്. ആ ബംഗ്ലാവ് ഭ്രാന്താശുപത്രിയായി മാറി, ചിത്രത്തിൽ. ഇന്നും ഒരുപിടി സിനിമകൾ അവിടെ ചിത്രീകരിക്കപ്പെടുന്നുണ്ട്. മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ് എന്നിവർ ഭ്രാന്താശുപത്രിയിൽ നിന്ന് രക്ഷപ്പെടുന്നതും മതിൽ ചാടുന്നതും രാത്രി വളരെ വൈകി ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചത്. കാക്കനാട് ഉള്ള നവോദയ സ്റ്റുഡിയോയും ഒരു പ്രധാന ലൊക്കേഷൻ ആയിരുന്നു. പ്രധാനപ്പെട്ട പല സീനുകളും ക്ലൈമാക്സും അവിടെയാണ് ഷൂട്ട് ചെയ്തത്.
ആ കാലത്ത് ജഗദീഷ് മലയാള സിനിമയിൽ ഒരു തരംഗമായി ഉയർന്നുവന്നിരുന്നു. പ്രത്യേകിച്ചും 'ഇൻ ഹരിഹർ നഗർ' കഴിഞ്ഞപ്പോൾ ജഗദീഷിന് വൻ തിരക്കായി. സെറ്റിൽ നിന്ന് സെറ്റിലേക്ക് പായുകയായിരുന്നു ജഗദീഷ്. 'മൂക്കില്ലാരാജ്യത്തി'ന്റെ അവസാനഭാഗങ്ങളിൽ വരുന്ന ഇൻസ്പെക്ടറുടെ വേഷത്തിൽ ജഗദീഷിനെ തീരുമാനിച്ചിരുന്നു. ഒത്തിരി അഭിനേതാക്കളുടെ കോമ്പിനേഷൻ വരുന്ന രംഗങ്ങൾ ആണ്. ക്ലൈമാക്സും അങ്ങനെതന്നെ. ജഗദീഷ് സമയത്ത് എത്തുമോയെന്ന് എല്ലാവരും സംശയിച്ചു. പക്ഷേ ജഗദീഷ് കൃത്യമായി ഷൂട്ടിന് ജോയിൻ ചെയ്തു. എല്ലാം ഭംഗിയായി ചെയ്യുകയും ചെയ്തു.
ചിത്രീകരണം ഏതാണ്ട് പൂർത്തിയാകുമ്പോഴും സിനിമയ്ക്ക് പേരിട്ടിരുന്നില്ല. ഞാൻ പല പേരുകളും നിർദ്ദേശിച്ചിരുന്നെങ്കിലും(ഏതൊക്കെയെന്ന് ഇപ്പോൾ ഓർക്കാൻ കഴിയുന്നില്ല) അത് എല്ലാവർക്കും പൂർണ്ണമായി തൃപ്തി നൽകിയില്ല. സംവിധായകർക്ക് തന്നെ ഭിന്നാഭിപ്രായം. അവർക്കിഷ്ടപ്പെട്ട ചില പേരുകളാകട്ടെ നിർമാതാവിന് സ്വീകാര്യമായില്ല. ഒടുവിൽ എല്ലാവരും കൂടി ഒരു ഹോട്ടൽ മുറിയിൽ ഒന്നിച്ചുകൂടി ടൈറ്റിൽ ആലോചന തുടങ്ങി. എല്ലാവരും തലപുകച്ച് പേരുകൾ ചിന്തിക്കുന്നതിനിടെ സഹസംവിധായകനായ സുഗതൻ പറഞ്ഞ പേര് പൊടുന്നനെ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായി- 'മൂക്കില്ലാ രാജ്യത്ത്'. സിനിമയുടെ സ്വഭാവവുമായി ഇഴുകിച്ചേർന്ന ആ ടൈറ്റിൽ എല്ലാവരും കയ്യടിച്ചു പാസാക്കി. സുഗതൻ ഇന്ന് നമ്മോടൊപ്പം ഇല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അന്തരിച്ചു.
വിവിധങ്ങളായ ലൊക്കേഷനുകൾ, അഭിനേതാക്കളുടെ നീണ്ട നിര, അവരുടെ കോമ്പിനേഷൻ വർക്കുകൾ, രാത്രി വൈകി വരെ ഷൂട്ട്... എന്നിട്ടും ഒറ്റ ഷെഡ്യൂളിൽ ചിത്രം പൂർത്തിയായി. അതും 27 ദിവസം കൊണ്ട്! ഇന്ന് ചിന്തിക്കാൻ പോലും കഴിയില്ല. അതാണ് മലയാള സിനിമയിൽ വന്ന മാറ്റം. ഒന്ന് ഒന്നായി കൊളുത്തിയിട്ട ചിരിയുടെ പടക്കങ്ങൾ പോലുള്ള സീനുകൾക്കിടയിൽ ആദ്യം പറഞ്ഞതുപോലുള്ള വൈകാരികമായ രണ്ടുമൂന്നു മുഹൂർത്തങ്ങളും തിരക്കഥയിൽ ഒരുക്കിയിരുന്നു. ആ രംഗങ്ങളിൽ എല്ലാം തിലകൻ ചേട്ടനായിരുന്നു പ്രധാന കഥാപാത്രം എന്നത് യാദൃച്ഛികമായി സംഭവിച്ചതുമാണ്.
മൂക്കില്ലാരാജ്യത്ത് എന്ന സിനിമ തുടങ്ങുന്നത് ഒരു ലാബിലെ ഗ്ലാസ് ഉപകരണങ്ങൾ തട്ടിത്തെറിപ്പിക്കുന്ന കൈയിൽ നിന്നാണെന്ന് ആദ്യ ഭാഗത്ത് സൂചിപ്പിച്ചിരുന്നല്ലോ. സംവിധായകനായ താഹയുടെ കൈയായിരുന്നു അതെന്നും ഷൂട്ടിനിടെ കൈ മുറിഞ്ഞുവെന്നുമെല്ലാം അതിനൊപ്പം പറഞ്ഞിരുന്നു. അതുപോലെ തന്നെ ടൈറ്റിലുകൾക്കിടെ കാണിക്കുന്ന മറ്റൊരു ദൃശ്യം ഒരു വലിയ ക്ലോക്കിന്റെ സൂചികൾ അതിവേഗം കറങ്ങുന്നതാണ്. റോമൻ അക്കങ്ങളുള്ള ക്ലോക്ക് എന്നാണ് തിരക്കഥയിൽ ഞാൻ എഴുതിയിരുന്നത്.
പക്ഷേ ഷൂട്ട് ചെയ്യുന്നതിന് മുമ്പായി അത്തരമൊരു ക്ലോക്കിനായി ആർട്ട് ടീമിലുള്ളവർ ഒരുപാട് തിരഞ്ഞിട്ടും കിട്ടിയില്ല. റോമൻ അക്കങ്ങളുള്ളവ തന്നെ വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ഒടുവിൽ എവിടെ നിന്നോ ഒരെണ്ണം തപ്പിപ്പിടിച്ചു കൊണ്ടുവരികയായിരുന്നു. യുക്തിയെ തട്ടിത്തെറിപ്പിക്കുന്ന സിനിമ, അല്ലെങ്കിൽ സമയകാലങ്ങൾക്ക് അതീതമായ സിനിമ എന്ന ഒരു പ്രഖ്യാപനമായിരുന്നു ഈ രണ്ട് ദൃശ്യങ്ങളും എഴുതുമ്പോൾ ഉള്ളിലുണ്ടായിരുന്ന ആശയം. മനസ്സിലാകുന്നവർക്ക് മനസ്സിലാകട്ടെ,ഇല്ലെങ്കിൽ വേണ്ട ഇതായിരുന്നു ചിന്ത. (അന്നൊന്നും ബ്രില്യൻസ് കണ്ടുപിടിക്കാൻ ആളില്ലാതിരുന്നതിനാൽ അതൊന്നും ചർച്ചചെയ്യപ്പെട്ടില്ല എന്നുമാത്രം!)
തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഡബ്ബിങ്. അതേസമയം എഡിറ്റിങ് മദ്രാസിലും. ജി.വെങ്കിട്ടരാമനായിരുന്നു എഡിറ്റിങ് നിർവഹിച്ചത്. ഡബ്ബിങ്ങിനിടയിൽ രസകരമായ ഒരു സംഗതി ഉണ്ടായി. ഷൂട്ട് ചെയ്യുമ്പോൾ തിലകൻ ചേട്ടൻ 'ഭ' എന്നൊരു മാനറിസം കഥാപാത്രത്തിന് നൽകി. മാനസികനിലയിൽ ചെറിയ വ്യതിയാനമുള്ളവർക്ക് അങ്ങനെ ചില സ്വഭാവങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകർ അത് അനുവദിക്കുകയും ചെയ്തു. സംഭാഷണങ്ങൾക്കിടയിൽ ഈ 'ഭ' കടന്നുവരും. ഡബ്ബ് ചെയ്തപ്പോൾ ഇത് സിങ്ക് ആയി വരാൻ ഏറെ സമയമെടുത്തു. തിലകൻ ചേട്ടൻ പെർഫെക്ഷൻ നോക്കുന്നയാളാണ്. അദ്ദേഹത്തിന് തൃപ്തിയാകുന്നതു വരെ ഡബ്ബിങ് നീണ്ടു. ഡബ്ബിങ് തീയേറ്റർ ബുക്ക് ചെയ്തിരുന്ന സമയത്തിനകം അത് തീർക്കാൻ കഴിഞ്ഞില്ല. സമയം നീളുമ്പോൾ തീയേറ്റർ വാടക കൂടും. പ്രൊഡക്ഷൻ ഗ്രൂപ്പിന് അത് ഇഷ്ടപ്പെടില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എങ്കിലും വലിയ പരിഭവം ഇല്ലാതെ ഡബ്ബിങ് പൂർത്തിയാക്കി.
മൂക്കില്ലാരാജ്യത്ത് തിയേറ്ററിൽ വൻ വിജയമായി. അതിന്റെ പേരും പെരുമയും കാലം കടന്നും നിലനില്കുന്നു. ഇന്നും ആസ്വാദകരുണ്ട് ആ ചിത്രത്തിന്. എന്നാൽ വ്യക്തിപരമായ ഒരു പ്രയാസം പിന്നീടുണ്ടായി. ആ ചിത്രം കഴിഞ്ഞ് സംവിധായജോഡികളായ അശോകനും താഹയും വേർപിരിഞ്ഞു. എനിക്ക് ഇന്നും അജ്ഞാതമായ കാരണങ്ങളാലാണ് അതുണ്ടായത്. എന്നോട് രണ്ടു സുഹൃത്തുക്കളും ഒന്നും പറഞ്ഞില്ല. വിവരമറിഞ്ഞപ്പോൾ ദു:ഖം തോന്നി ഞാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും അവരുടെ തീരുമാനം അന്തിമമായിരുന്നു.
അവർ ഇരുവരും പിന്നീട് സ്വതന്ത്രമായി ചെയ്ത സിനിമകൾക്ക് തിരക്കഥയെഴുതാൻ എന്നെ വിളിച്ചു എന്നത് അവർക്ക് എന്നോടുള്ള സൗഹൃദത്തിന്റെ ആഴമായി ഞാൻ ഇന്നും കാണുന്നു. അശോകൻ സംവിധാനം ചെയ്ത 'ആചാര്യൻ' താഹ സംവിധാനം ചെയ്ത 'വാരഫലം' എന്നിവയാണ് ആ ചിത്രങ്ങൾ. അശോകൻ വളരെ അപ്രതീക്ഷിതമായി ജീവിതത്തിൽനിന്ന് വിട പറഞ്ഞു. താഹയുമായി ഇപ്പോഴും സൗഹൃദം തുടരുന്നു.
1991 മാർച്ചിൽ ആണ് മൂക്കില്ലാരാജ്യത്ത് റിലീസ് ചെയ്തത്. 35 വർഷങ്ങൾ പിന്നിട്ടുമ്പോഴും ആ സിനിമയ്ക്ക് യൗവനമാണെന്ന് പ്രേക്ഷകർ പറയുന്നു. അന്ന് തിയേറ്ററിൽ വൻ വിജയം നേടിയ ചിത്രം കാലം കടന്ന് ചർച്ച ചെയ്യപ്പെടുന്നതും പുതിയ തലമുറയിലെ സിനിമാപ്രേമികൾ അത് കാണുന്നതും ആഹ്ലാദവും അഭിമാനവും നൽകുന്ന കാര്യമാണ്. അതുകൊണ്ടാണ് ഒരു തുടർച്ച ആ ചിത്രത്തിന് ഉണ്ടായിക്കൂടേ എന്ന ചിന്ത പലകോണുകളിൽ നിന്നും മുന്നോട്ടു വരുമ്പോൾ, 'ആലോചിക്കണം' എന്ന് മനസ്സു പറയുന്നത്.
താളം തെറ്റിയതെങ്കിലും നന്മ നിറഞ്ഞ മനസ്സുള്ള ആ കഥാപാത്രങ്ങൾ വീണ്ടും വരും. കാത്തിരിക്കൂ....