പാണ്ഡ്യൻ ഫോട്ടോ-അറേഞ്ച്ഡ്
Premium

പാണ്ഡ്യൻ-മലയാളസിനിമയെ ഉയിരും ശ്വാസവുമാക്കിയ ഒരാൾ;കടുംചായക്കൂട്ടില്ലാത്ത ജീവിതം...

ശ്രീകുമാർ അരൂക്കുറ്റി

പ്രേക്ഷക ഹൃദയങ്ങൾ തൊട്ട ഒട്ടനവധി മലയാള സിനിമകളുടെ ടൈറ്റിലുകളിലൂടെ മലയാളിക്ക് പരിചിതമായ ആ നാമം... പ്രത്യേകിച്ച് സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്ന ആ അനുഗ്രഹീത കലാകാരൻ... മേക്കപ്പ്മാൻ പാണ്ഡ്യൻ‌ യാത്രയായി.. കഴിഞ്ഞദിവസം വൈകീട്ട് ചെന്നെ വിരുഗം പാക്കത്തെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.

ജന്മം കൊണ്ട് തമിഴ്നാട്ട്കാരനായ പാണ്ഡ്യന്റെ ഉയിരും ശ്വാസവും എല്ലാ മലയാള സിനിമയായിരുന്നു എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല. സഹോദരങ്ങൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നതിനാൽ സ്വാഭാവികമായി പാണ്ഡ്യനും ആ വഴി തന്നെ തെരഞ്ഞെടുത്തു. അനശ്വര നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായി പതിനാറാം വയസിൽ

1968 -ലാണ് അദ്ദേഹം സിനിമയുടെ മായിക ലോകത്തേക്ക് എത്തുന്നത്. ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്ന് കളറിലേക്കുള്ള സിനിമയുടെ പരിണാമദശയിൽ അതിനൊപ്പം സഞ്ചരിച്ച ചമയ കലാകാരൻ. കടുംചായക്കൂട്ടുകളോട് മമത പുലർത്തിയ തമിഴ് സിനിമയേക്കാൾ സ്വാഭാവിക ശൈലികളെ ചേർത്തുപിടിക്കുന്ന മലയാള സിനിമയോട് തൊട്ടുരുമ്മി നിൽക്കുവാനായിരുന്നു പാണ്ഡ്യന്റെ താല്പര്യവും നിയോഗവും.

പാണ്ഡ്യൻ ഇന്നസെന്റിന് മേക്കപ്പിടുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഏതാണ്ട് അഞ്ഞൂറിൽ അധികം സിനിമകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പാണ്ഡ്യന്റെ കരവിരുതിൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും മുഖങ്ങൾ മിനുക്കപ്പെട്ടിട്ടുണ്ട്. നയൻതാര, സംയുക്ത വർമ തുടങ്ങിയ താരങ്ങളുടെ മുഖത്ത് ആദ്യമായി മേക്കപ്പിട്ടതും പാണ്ഡ്യനായിരുന്നു.

വില്യംസ് സംവിധാനം ചെയ്ത 'മദാലസ' എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുൻനിര സംവിധായകർക്കും ബാനറുകൾക്കുമൊപ്പം പാണ്ഡ്യനെന്ന ചമയകലാകാരന്റെ സുദീർഘവും പ്രോജ്വലവുമായ കരിയർ.

പാണ്ഡ്യൻ മുകേഷിന് മേക്കപ്പിടുന്നു

പാണ്ഡ്യനെന്ന മുൻഗാമിയെ അനുസ്മരിക്കുമ്പോൾ സെറ്റുകളിലെ ശാന്തനും മാന്യനുമായ മനുഷ്യൻ എന്നു വിലയിരുത്താനാണ് പ്രശസ്ത ചമയ കലാകാരനായ പട്ടണം റഷീദിനിഷ്ടം. അതിനപ്പുറം സത്യൻ അന്തിക്കാട് എന്ന സംവിധായകനുമായുള്ള അദ്ദേഹത്തിന്റെ ഹൃദയബന്ധത്തെക്കുറിച്ചും റഷീദിന് ഏറെയുണ്ട് പറയുവാൻ.

'ഒരു ചലച്ചിത്രകാരന്റെ വളർച്ചയ്ക്കും മുന്നോട്ടുള്ള പ്രയാണത്തിനുമൊപ്പം, സാങ്കേതികതയുടെ കാര്യത്തിലായാലും തനിക്കൊപ്പം പ്രവർത്തിക്കുന്ന മറ്റ് സാങ്കേതിക പ്രവർത്തകരുടെ കാര്യത്തിലായാലും പുതിയ പരീക്ഷണങ്ങൾക്കും കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾക്കും തയ്യാറാവുക എന്ന രീതിയാണ് പൊതുവെ കാണപ്പെടുന്നത്. എന്നാൽ തന്റെ കരിയറിനെയും സിനിമകളുടെ സ്വഭാവത്തെയും അത് എത്ര കണ്ട് സ്വാധീനിക്കും എന്നൊന്നും ചിന്തിക്കാതെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ.. തുടക്കകാലം മുതൽ തങ്ങളിൽ ഒരാളായി ഒപ്പം ഉണ്ടായിരുന്നവരെ....ഏതൊരു സാഹചര്യത്തിലും വിട്ടുകളയാതെ ചേർത്തുപിടിക്കുകയെന്ന കാര്യത്തിൽ സത്യൻ അന്തിക്കാട് പുലർത്തിയ കണിശത അദ്ഭുതകരമാണ്-' പട്ടണം റഷീദിന്റെ വാക്കുകൾ.

പാണ്ഡ്യൻ (ഇടതുനിന്ന് രണ്ടാമത്) സത്യൻ അന്തിക്കാടിനും സംഘത്തിനുമൊപ്പം

കോടമ്പാക്കത്തു നിന്ന് മലയാള സിനിമ കേരളത്തിലേക്ക് ചേക്കേറിയിട്ടും പഴയ സൗഹ്യദങ്ങളെ ഇപ്പോഴും ചിറകിനടിയിൽ ചേർത്തു കാത്തുസൂക്ഷിക്കുന്ന....സൂക്ഷിച്ചിരുന്ന... ഒരു നല്ല കാലത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് സന്ത്യൻ അന്തിക്കാടും പാണ്ഡ്യനുമായുള്ള ആത്മബന്ധമെന്നും പട്ടണം റഷീദ് വിലയിരുത്തുന്നു. വർഷങ്ങൾക്കപ്പുറം പാണ്ഡ്യന്റെ വൃക്ക മാറ്റിവയ്കേണ്ട സാഹചര്യം ഉണ്ടായപ്പോഴും സത്യൻ അന്തിക്കാടും അദ്ദേഹത്തിന് അടുപ്പമുള്ളവരും ചേർന്ന് അത് സാധ്യമാക്കിയതും റഷീദ് ഓർത്തെടുക്കുന്നു.

പാണ്ഡ്യൻ സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനൊപ്പം

സത്യൻ അന്തിക്കാടിന്റെ ഗുരുവായ ഡോ. ബാലകൃഷ്ണന്റെ സിനിമകളുടെ സെറ്റിൽ തുടങ്ങിയ ആ ബന്ധം സത്യന്റെ ആദ്യ സിനിമയായ 'കുറുക്കന്റെ കല്യാണം' മുതൽ ഏറ്റവും ഒടുവിൽ ചെയ്ത 'ഹൃദയപൂർവം' വരെ നിരന്തരം...നിർവിഘ്നം തുടരുകയായിരുന്നു. ഒരിക്കൽ ഒരു സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന പാണ്ഡ്യൻ അതു കഴിഞ്ഞ് തിരിച്ചെത്തി ജോയിൻ ചെയ്യുന്നതിനായി സത്യൻ 'മനസ്സിനക്കരെ'യുടെ ഷൂട്ടിങ് നീട്ടി വച്ച സംഭവവും ഇവർക്കിടയിൽ ഉണ്ട്.

അഖിൽ സത്യൻ സംവിധാനം ചെയ്ത 'പാച്ചുവും അദ്ഭുതവിളക്കും' എന്ന സിനിമയിൽ അഭിനയിച്ച വിജി വെങ്കിടേഷിന് ചമയമിടുന്ന പാണ്ഡ്യൻ

'പാണ്ഡ്യൻ ഒരു മേക്കപ്പ്മാൻ എന്നതിന് ഉപരി എന്റെ ഒരു കുടുംബാംഗം തന്നെയായിരുന്നു....എന്റെ സിനിമാ കുടുംബത്തിലെ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ..എന്റെ ആദ്യകാല സിനിമകളിൽ ചിലത് ലണ്ടനിലും പാരീസിലും മറ്റ് വിദേശരാജ്യങ്ങളിലും വച്ച് ചിത്രീകരിച്ചിട്ടുണ്ട്. അത്തരം ഘട്ടങ്ങളിൽ ഏറ്റവും അത്യാവശ്യമുള്ള..ഏറ്റവും കുറച്ച് പേരടങ്ങുന്ന ക്രൂവിനെ മാത്രമാണ് അവിടേക്ക് കൊണ്ടുപോവുക. പക്ഷേ എവിടെയാണെങ്കിലും പാണ്ഡ്യനും ഒപ്പമുണ്ടാവും. മേക്കപ്പ്മാൻ എന്നതിനൊപ്പം എന്റെ സിനിമകളിൽ കൊച്ചു കൊച്ച് വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അഭിനയിക്കുക എന്നതിനേക്കാൾ...ഞാൻ പറയുമ്പോൾ അദ്ദേഹം അതിനും തയ്യാറാകുമായിരുന്നു എന്ന് പറയുന്നതാണ് ശരി. ഒരു ബസിലോ ബസ്‌സ്റ്റോപ്പിലോ ഒക്കെ ചില സീനുകൾ എടുക്കുമ്പോൾ, പ്രധാന നടീനടൻമാക്കടുത്ത് ക്യാമറയിൽ നോക്കാതെ ബിഹേവ് ചെയ്യുന്ന ചില സാധാരണക്കാരെ നമുക്ക് വേണ്ടി വരും. പാണ്ഡ്യൻ അത് മനസ്സിലാക്കി കൃത്യമായി ചെയ്യുമെന്നതാണ് ധൈര്യം.'- സത്യൻ അതിക്കാടിന്റെ മനസ്സിൽ പാണ്ഡ്യന്റെ ഓർമകൾ ജീവസ്സുറ്റതാണ്.

'നാടോടിക്കാറ്റി'ൽ പാണ്ഡ്യനും ക്യാപ്റ്റൻ രാജുവും

അങ്ങനെ പാണ്ഡ്യൻ അഭിനയിച്ചിട്ടുള്ള കൊച്ചു കൊച്ചു വേഷങ്ങളിൽ സത്യൻ അന്തിക്കാടിന് പ്രിയപ്പെട്ടതും പെട്ടന്ന് പ്രേക്ഷകർക്ക് ഓർത്തെടുക്കാൻ കഴിയുന്നതുമായ ഒന്ന് 'നാടോടിക്കാറ്റി'ലെ പവനായിയുടെ സഹായിയായിട്ടുള്ളതാണ്. ദാസന്റെയും വിജയന്റെയും പണിതീർക്കാൻ പവനായി ഒരു ട്രാൻസിസ്റ്റർ റേഡിയോയിൽ ബോംബ് ഘടിപ്പിച്ച് അവരുടെ കണ്ണിൽ പെടുമാറ് റോഡിൽ നിക്ഷേപിക്കുന്നു. പക്ഷേ റേഡിയോ കണ്ടുകിട്ടിയ ശ്രീനിവാസന്റെ ക്യാരക്ടർ അത് ഓൺ ചെയ്യുന്നതിന് പകരം കിട്ടിയപാടെ അടുത്ത കടയിൽ വിറ്റ് കാശാക്കുവാനാണ് തിടുക്കം കൂട്ടുന്നത്.

'നാടോടിക്കാറ്റി'ൽ പാണ്ഡ്യനും ശ്രീനിവാസനും

സംഗതി പന്തിയല്ലെന്ന ആശങ്കയിൽ പവനായി ഏതുവിധേനയും ആ റേഡിയോ കൈക്കലാക്കുവാൻ തന്റെ സഹായിയെ വിടുന്നു. ചോദിച്ച വില കൊടുത്ത് റേഡിയോ സ്വന്തമാക്കാൻ അന്ന് പവനായിയിലൂടെ സത്യൻ അന്തിക്കാട് നിയോഗിച്ചത് പാണ്ഡ്യനെയായിരുന്നു. 'ഇപ്പോൾ പൊട്ടും എന്ന വിധത്തിൽ ദേഹത്തു നിന്ന് മാക്സിമം അകത്തിപ്പിടിച്ചു കൊണ്ട് വേണം ഓടുവാൻ എന്നാണ് ഞാനന്ന് പാണ്ഡ്യനോട് പറഞ്ഞത്. പാണ്ഡ്യൻ അത് അസ്സലാക്കുകയും ചെയ്തു.'-സത്യൻ അന്തിക്കാട് ഓർക്കുന്നു.

എൺപതുകളുടെ തുടക്കത്തിൽ ഒരേ മനസ്സായി സിനിമയെന്ന വലിയ സ്വപ്നവും ശിരസ്സിലേറ്റി ഒന്നിച്ച് ഓട്ടം തുടങ്ങിയ കൂട്ടുകാർ...അവരിൽ ഒരാൾ..ഇടയ്ക്കുവെച്ച്...

ചായക്കൂട്ടുകളും ചമയങ്ങളും താഴെ വച്ച് യാത്രാമൊഴി ചൊല്ലുമ്പോഴും പ്രിയപ്പെട്ട കൂട്ടുകാരന്റെ മനസ്സിൽ നിറഞ്ഞ സ്നേഹവും ആദരവും മാത്രം.

'നാടോടിക്കാറ്റി'ലെ രം​ഗത്തിൽ പാണ്ഡ്യനും ശ്രീനിവാസനും

'ഇരുപത് വർഷം മുമ്പ് വൃക്ക മാറ്റിവച്ചതാണ് എന്നിട്ടും അതിന്റെ പ്രശ്നങ്ങൾ ഒന്നും അലട്ടാത്ത വിധം, ഡോക്ടർമാർ പറഞ്ഞതു പോലെ ചിട്ടയായി ജീവിച്ച മനുഷ്യനാണ് പാണ്ഡ്യൻ. എന്റെ ആദ്യ സിനിമ മുതൽ ഏറ്റവും ഒടുവിൽ ചെയ്ത 'ഹൃദയപൂർവം' വരെ പാണ്ഡ്യൻ ഒപ്പമുണ്ടായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ പാണ്ഡ്യന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ സഹായിക്കൊപ്പം ഫൈനൽ ടച്ച് മാത്രം ചെയ്താൽ മതി എന്ന ആഗ്രഹത്തോടെ പാണ്ഡ്യൻ വന്നു. പാണ്ഡ്യന്റെ വിയോഗം എന്റെ കുടുംബത്തിന്നും സിനിമാ കുടുംബത്തിനും തീരാനഷ്ടം തന്നെയാണ്.'-സുഹൃത്തിന്റെ ഓർമയിൽ പ്രിയ സംവിധായകന്റെ വാക്കുകൾ പാതിയിൽ മുറിയുന്നു.

കമൽ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റി'ലൂടെ പാണ്ഡ്യൻ മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന സർക്കാർ അവാർഡിനും അർഹനായിട്ടുണ്ട്. ലക്ഷ്മിയാണ് ഭാര്യ. അനിത, തനു എന്നിവരാണ് മക്കൾ.

മലയാള സിനിമയുടെ നാൾവഴികളിൽ പാദമുദ്ര പതിപ്പിച്ച് കടന്നുപോകുന്ന പ്രിയപ്പെട്ട ചമയകലാകാരന്....മാക്ടയുടെ ആദ്യ കാല മെമ്പർ കൂടിയായ

പാണ്ഡ്യൻ അണ്ണന്.....മാക്ട കുടുംബത്തിന്റെ യാത്രാമൊഴി..

കണ്ണീർ പ്രണാമം...