

തമിഴകത്തിന്റെ പ്രിയ സംഗീതകാരന് ദേവയുടെ നിര്യാണത്തില് അനുശോചിച്ച് പ്രമുഖര്. വിയോഗവാര്ത്തയറിഞ്ഞ് തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖര് ആശുപത്രിയിലേക്കും വസതിയിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്.
ദേവയുടെ വിയോഗത്തില് നടി ഖുശ്ബു സുന്ദര് അത്യധികം വേദനയും അമ്പരപ്പും രേഖപ്പെടുത്തി. പത്തു ദിവസം മുമ്പുവരെ പൂര്ണ ആരോഗ്യത്തോടെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന വ്യക്തി പെട്ടെന്ന് ഇല്ലാതായി എന്നത് വിശ്വസിക്കാനാവുന്നില്ല. പേരുപോലെ തേനൂറുന്ന വാക്കുകളും കാറ്റുപോലെ ശാന്തമായ മനസുമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്പാട് അതീവ ദുഃഖകരമാണെന്നും ഖുശ്ബു പറഞ്ഞു.
ദേവയുടെ വിയോഗം അത്യധികം ദുഃഖകരമാണെന്ന് നടന് സിബി സത്യരാജ്. ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ തിളങ്ങിയ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് സമൂഹമാധ്യമത്തില് സിബി സത്യരാജ് കുറിച്ചു. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും പല ചിത്രങ്ങളുടെയും വന് വിജയത്തിനു പിന്നില് അദ്ദേഹത്തിന്റെ സംഗീതം നിര്ണായക പങ്കുവഹിച്ചു. വിനയവും ലാളിത്യവുമുള്ള ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹമെന്നും സിബി സത്യരാജ് പറഞ്ഞു.
'തേനിസൈ തെന്ട്രല്' ദേവയുടെ പെട്ടെന്നുള്ള വേര്പാട് ഇന്ത്യന് സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഡോ. ഈശരി കെ. ഗണേഷ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നിത്യഹരിത ഗാനങ്ങളും തമിഴ് സിനിമയ്ക്ക് നല്കിയ സമാനതകളില്ലാത്ത സംഭാവനകളും എന്നും മനസില് നിറഞ്ഞുനില്ക്കുമെന്ന് അദ്ദേഹം അനുശോചിച്ചു.
ദേവയുടെ വേര്പാടില് നെഞ്ച് തകരുകയാണെന്ന് ഗാനരചയിതാവ് വൈരമുത്തു കുറിച്ചു. വാക്കിലും ശ്വാസത്തിലും ഒരുപോലെ സംഗീതം നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. സംഗീതത്തിന്റെ സൂക്ഷ്മതകള് അറിയാവുന്ന കലാകാരന്. അണ്ണാമലൈ, ബാഷ, അരുണാചലം, വാലി, ഖുഷി തുടങ്ങിയ ചിത്രങ്ങളില് അദ്ദേഹത്തോടൊപ്പം പ്രവര്ത്തിക്കാന് കഴിഞ്ഞത് വലിയ അഭിമാനമാണെന്നും വൈരമുത്തു പറഞ്ഞു.