ലീല ചിട്‌നിസ് ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Premium

ലീല ചിട്‌നിസ്: ബോളിവുഡിന്റെ പ്രിയപ്പെട്ട അമ്മ,പോരാട്ടത്തിന്റെ മാതൃരൂപം

പപ്പപ്പ റിസര്‍ച്ച് ടീം

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്താളുകളില്‍ സമാനതകളില്ലാത്ത പോരാട്ടവീര്യം കൊണ്ട് ഇടംപിടിച്ച വ്യക്തിത്വമാണ് ലീല ചിട്‌നിസ്. പതിനാറാം വയസില്‍ വിവാഹിതയായി നാല് മക്കളുടെ അമ്മയായ ശേഷം, തനിക്കു മുന്നില്‍ തടസമായി നിന്ന ജീവിത സാഹചര്യങ്ങളോടും ബ്രിട്ടീഷ് ഭരണകൂടത്തോടും ഒരേപോലെ പൊരുതിയാണ് അവര്‍ ബോളിവുഡിന്റെ പ്രിയപ്പെട്ട അമ്മയായി മാറിയത്. നാടക വേദിയില്‍നിന്ന് തുടങ്ങി വെള്ളിത്തിരയുടെ നായികയായും പിന്നീട് ബോളിവുഡിന്റെ മാതൃരൂപമായും മാറി ചിരപ്രതിഷ്ഠ നേടിയതാണ് അവരുടെ ജീവിതം.

1909-ല്‍ ജനിച്ച ലീലാ ചിട്‌നിസ് അക്കാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വനിതയായിരുന്നു. ഇംഗ്ലീഷ് സാഹിത്യ അധ്യാപകനായ പിതാവിന്റെ തണലില്‍ വളര്‍ന്ന ലീല ബിരുദം പൂര്‍ത്തിയാക്കി. പതിനാറാം വയസില്‍ ഗജാനന്‍ യശ്വന്ത് ചിട്‌നിസ് എന്ന ഡോക്ടറെ അവര്‍ വിവാഹം കഴിച്ചു. നാല് ആണ്‍മക്കള്‍ക്ക് അവര്‍ ജന്മം നല്‍കി. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താനും ലീല സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മദ്യപാനവും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും കാരണം ആ ബന്ധം വേര്‍പിരിയുകയും മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ അവര്‍ നിര്‍ബന്ധിതയാവുകയും ചെയ്തു.

ലീല ചിട്‌നിസ്

ജീവിത മാര്‍ഗത്തിനായി അധ്യാപികയായി ജോലി നോക്കിയ ലീലാ ചിട്‌നിസ്, പതുക്കെ നാടക രംഗത്തേക്ക് കടന്നുവരികയായിരുന്നു. 1937-ല്‍ 'ജന്റില്‍മാന്‍ ഡാകു' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അവര്‍ക്ക്, ബോംബെ ടാക്കീസ് നിര്‍മിച്ച 'കങ്കണ്‍' (1939) എന്ന ചിത്രമാണ് വഴിത്തിരിവായത്. പിന്നീട് പ്രശസ്ത താരം അശോക് കുമാറിനൊപ്പം ബന്ദന്‍, ആസാദ്, ഝൂലാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ പ്രധാന നായികയായി തിളങ്ങി. 1941-ല്‍ പ്രശസ്തമായ ലക്‌സ് ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന അപൂര്‍വനേട്ടവും അവര്‍ സ്വന്തമാക്കി.

ലീല ചിട്‌നിസ്

നാല്‍പതുകളുടെ അവസാനത്തോടെ നായിക വേഷങ്ങളില്‍ നിന്ന് മാറി അമ്മ വേഷങ്ങളിലേക്ക് മാറിയ ലീല, ആ രംഗത്തും ചരിത്രം കുറിച്ചു. 1948-ല്‍ 'ഷഹീദ്' എന്ന ചിത്രത്തില്‍ ദിലീപ് കുമാറിന്റെ രോഗാതുരയായ അമ്മയായി അഭിനയിച്ചുകൊണ്ടാണ് അവര്‍ ഒരു പുതിയ ഘട്ടത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് രാജ് കപുറിന്റെ 'ആവാര', ഭരത് ഭൂഷന്റെ 'മാ', ദേവ് ആനന്ദിന്റെ 'ഗൈഡ്', 'കാലാ ബസാര്‍', 'ഹം ഡോനോ' തുടങ്ങി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളില്‍ പ്രധാന നായകന്മാരുടെ അമ്മയായി അവര്‍ വേഷമിട്ടു.

ലീല ചിട്‌നിസ് നടിമാരായ ദേവികാ റാണിക്കും(നടുക്ക്)നീനയ്ക്കുമൊപ്പം(വലത്)

1985-ല്‍ പുറത്തിറങ്ങിയ 'ദില്‍ തുജ്‌കോ ദിയ' ആണ് അവരുടെ അവസാന ചിത്രം. 75-ാം വയസില്‍ അഭിനയത്തില്‍ നിന്ന് വിരമിച്ച അവര്‍ പിന്നീട് മക്കള്‍ക്കൊപ്പം യുഎസിലേക്ക് താമസം മാറി. 2003-ല്‍ 93-ാം വയസില്‍ ആ ഇതിഹാസവനിത ഈ ലോകത്തോടു വിടപറഞ്ഞു.