കെ.ശേഖർ,'മൈഡിയർ കുട്ടിച്ചാത്തനി'ലെ ആലിപ്പഴം പെറുക്കാം എന്ന ​ഗാനത്തിലെ ദൃശ്യം ഫോട്ടോ-അറേഞ്ച്ഡ്
Premium

കുട്ടിച്ചാത്തനിലെ കറങ്ങുന്ന മുറിയും,​ ഗേളിയുടെ വീടും, കെ.ശേഖർ എന്ന അദ്ഭുതവും

പപ്പപ്പ റിസര്‍ച്ച് ടീം

കെ.ശേഖർ എന്ന കലാസംവിധായകന്റെ ജീവിതം

'മൈഡിയർ കുട്ടിച്ചാത്തനി'ലെ 'ആലിപ്പഴം പെറുക്കാം' എന്ന ​ഗാനത്തിലെ 'കറങ്ങുംമുറി'യൊരുക്കിയ പ്രതിഭ

മലയാളസിനിമയിൽ കഥാപാത്രസ്വഭാവത്തിന് യോജിച്ച രീതിയിലുള്ള ഇൻറീരിയർ ഡിസൈനിങ്ങിന് തുടക്കമിട്ടയാൾ

'കോളേജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്‍കിയ സുഹൃത്തുമായിരുന്നു നീ‌. സിനിമയുടെ ലോകത്തേക്ക് നിന്നെ വലിച്ചിഴച്ചത് ഞാനാണ്‌. എഐ യും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്‌. പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു. ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്‍റെ ശീലം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവെച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍. വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്‍. ഒരിക്കല്‍കൂടി നിനക്കെന്‍റെ പ്രണാമം.'

ഈ വരികൾ പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചതാണ്. കെ.ശേഖർ എന്ന കലാസംവിധായകൻ ആരായിരുന്നുവെന്നതിന്റെ അക്ഷരസൂചകം. ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 72-ാംവയസ്സിൽ അന്തരിച്ചപ്പോൾ മലയാളസിനിമ ശേഖർ ബാക്കിവയ്ക്കുന്നത് കുറേ അദ്ഭുതങ്ങളുടെ അഭ്രക്കാഴ്ചകളാണ്. വിഎഫ്എക്സും ​ഗ്രാഫിക്സും ഇല്ലാത്ത കാലത്ത് സിനിമയിൽ കരവിരുത് കൊണ്ടുതീർന്ന മായാദൃശ്യങ്ങളുടെ ഓർമകൾ.

'മൈഡിയർ കുട്ടിച്ചാത്തനി'ലെ ആലിപ്പഴം പെറുക്കാം എന്ന ​ഗാനത്തിലെ ദൃശ്യം

തിരുവനന്തപുരത്ത് കോഫീഹൗസിൽ നിന്ന് മലയാളസിനിമയിലേക്കെത്തിയ പ്രശസ്ത സംഘത്തിലൊരാളായിരുന്നു ശേഖർ. മോഹൻലാലും പ്രിയദർശനും മണിയൻപിള്ളരാജുവുമെല്ലാം ഉൾപ്പെട്ട കൂട്ടായ്മയിൽ കാപ്പിക്കപ്പുകൾക്ക് മുന്നിലിരുന്ന് സിനിമാസ്വപ്നങ്ങൾ കണ്ടവരിൽ ശേഖറുമുണ്ടായിരുന്നു. ഇവരിൽ പ്രിയനുമായിട്ടായിരുന്നു ശേഖറിന് ഏറ്റവും ആത്മബന്ധം.ഇരുവരും ചേർന്നൊരുക്കിയ കവിതാ-ചിത്രപ്രദർശനം അക്കാലത്ത് പുതുമയായി. പ്രിയദർശന്റെ നാലുവരി ഇം​ഗ്ലീഷ് കവിതയ്ക്ക് ശേഖർ തയ്യാറാക്കിയ ദൃശ്യരൂപം ഏവരുടെയും ശ്രദ്ധനേടി. 1979-ൽ കേരളസർവ്വകലാശാലയിൽ നിന്ന് ജേണലിസത്തിൽ ബിരുദാന്തര ബിരുദം നേടിയ ശേഖർ പത്രലോകത്തിന് പകരം സൗഹൃദങ്ങളിലൂടെ എത്തിപ്പെട്ടത് സിനിമയിലാണ്.

'മൈഡിയർ കുട്ടിച്ചാത്ത'ന്റെ അണിയറക്കാർ

പടയോട്ടത്തിന്റെ സമയത്ത് പ്രിയദർശൻ തന്നെയാണ് ശേഖറിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയതും. പടയോട്ടത്തിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നതിനായിട്ടാണ് പ്രിയൻ ശേഖറിനെ അയച്ചത്. ആദ്യചിത്രമായ പടയോട്ടത്തിൽ തന്നെ ശേഖർ മികവുകാട്ടി. പഴയ കാലഘട്ടത്തിലെ കൊട്ടാരം നിർമിതികളും വസ്ത്രങ്ങളും യാനങ്ങളും അദ്ദേഹം അനായാസം സൃഷ്ടിച്ചെടുത്തു. മലയാളത്തിലെ ആദ്യത്തെ 70 എം.എം ചിത്രമായ പടയോട്ടത്തിൻ്റെ നിർമ്മാതാക്കൾ നവോദയ സ്റ്റുഡിയോ ആയിരുന്നു. ആ ചിത്രത്തോടെ നവോദയയുമായും അതിന്റെ സാരഥികളുമായും വലിയ ബന്ധമാണ് ശേഖർ സൃഷ്ടിച്ചെടുത്തത്. ശേഖറിന്റെ കഴിവിൽ നവോദയ ആകൃഷ്ടരാകുകയായിരുന്നു എന്നുവേണം പറയാൻ.

'മൈഡിയർ കുട്ടിച്ചാത്തനി'ലെ 'ആലിപ്പഴം പെറുക്കാം' എന്ന ​ഗാനത്തിനായി കെ.ശേഖർ ഒരുക്കിയ റൊട്ടേറ്റിങ് റൂമിൽ നിർമാതാവ് നവോ​ദയ അപ്പച്ചൻ

ആ ബന്ധത്തിന്റെ ഏറ്റവും സർഗാത്മകമായ ആവിഷ്കാരം കണ്ടത് മൈഡിയർ കുട്ടിച്ചാത്തൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയിലാണ്. ഇതിലൂടെയാണ് ശേഖർ കലാസംവിധായകനായി അരങ്ങേറിയത്. മൈഡിയർ കുട്ടിച്ചാത്തൻ കണ്ടവരെല്ലാം ഇന്നും ഓർമിക്കുന്നത് അതിലെ ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി എന്ന ഗാനമാണ്. കുട്ടിച്ചാത്തന്റെ മാജിക്കിൽ കറങ്ങുന്ന മുറിയായിരുന്നു ആ പാട്ടിന്റെ പ്രധാന ആകർഷണം.

'മൈഡിയർ കുട്ടിച്ചാത്തനി'ലെ 'ആലിപ്പഴം പെറുക്കാം' എന്ന ​ഗാനത്തിലെ അഭിനേതാക്കളായ കുട്ടികളും അണിയറപ്രവർത്തകരും

കുട്ടിച്ചാത്തനും കൂട്ടുകാരായ കുട്ടികളും മുറിയുടെ ചുമരിലൂടെയും മേൽക്കൂരയിലൂടെയും നടക്കുകയും ഓടുകയും ചെയ്യുന്ന ആ വിസ്മയക്കാഴ്ച കുട്ടികളെന്നോ മുതിർന്നവരെന്നോ ഭേദമില്ലാതെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചു. അന്ന് കുട്ടിച്ചാത്തൻ കണ്ട കുട്ടികൾക്ക് ഇന്ന് 40 വയസ്സിലധികം കാണും. എന്നിട്ടും ടിവിയിലോ യൂട്യൂബിലോ ആ കറങ്ങും മുറി കാണുമ്പോൾ അവർ പഴയ കുട്ടികളാകും. ആ മുറിയുടെ സ്രഷ്ടാവ് ഇന്നലെ ലോകത്തോട് യാത്ര പറഞ്ഞുപോയ ശേഖർ എന്ന മനുഷ്യനായിരുന്നു.

കെ.ശേഖർ

ഇന്നത്തെപ്പോലെ ഗ്രീൻമാറ്റോ കമ്പ്യൂട്ടർ ഗ്രാഫിക്സോ ഒന്നുമില്ലാത്ത കാലത്തായിരുന്നു ശേഖർ മുറിയെ കറക്കിയെടുത്തത്. കറങ്ങുംമുറിക്കായി അദ്ദേഹം പ്രത്യേക 'റൊട്ടേറ്റിങ് സെറ്റ്' നിർമിക്കുകയായിരുന്നു. ഒരു വലിയ ഇരുമ്പ് അച്ചുതണ്ടിൽ 360 ഡിഗ്രിയിൽ കറങ്ങാൻ കഴിയുന്ന മുറിയായിരുന്നു അത്. മുറി കറങ്ങുമ്പോൾ ക്യാമറയും കറങ്ങുന്ന രീതിയിലായിരുന്നു സജ്ജീകരണം. അക്കാലത്ത് ഹോളിവുഡിൽ പോലും അപൂർവമായിരുന്നു ഇത്തരം പരീക്ഷണങ്ങൾ. വെറും തടിയിലും ഇരുമ്പിലും ആണ് ശേഖർ ഇത് നിർമ്മിച്ചത്. സംവിധായകൻ ജിജോ പുന്നൂസ് പങ്കുവെച്ച ആശയം അദ്ദേഹത്തെ പോലും അമ്പരപ്പിച്ചുകൊണ്ട് ശേഖർ പ്രാവർത്തികമാക്കിയപ്പോൾ തിയേറ്ററിൽ കാണികൾ കണ്ണുമിഴിച്ചത് കണ്ടിരുന്നു.

കഥാപാത്രങ്ങളുടെ സ്വഭാവത്തിനുനുസരിച്ചാണ് ഇന്ന് സിനിമയിൽ അവരുടെ മുറിയുടെ നിറവിന്യാസവും രൂപകല്പനയും. 'ചാർളി','ലൂക്ക' തുടങ്ങിയ സിനിമകൾ ഇതിന്റെ ഏറ്റവും മനോഹരങ്ങളായ ഉദാഹരണങ്ങളാണ്. കഥാപാത്രസ്വഭാവത്തിന് യോജിച്ച രീതിയിലുള്ള ഇൻറീരിയർ ഡിസൈനിങ്ങിന് മലയാള സിനിമയിൽ തുടക്കമിട്ടതും ശേഖർ ആയിരുന്നു.

നവോദയ നിർമിച്ച് രഘുനാഥ് പലേരി സംവിധാനം ചെയ്ത 'ഒന്നു മുതൽ പൂജ്യം വരെ' ഒരു ചെറിയ കുട്ടിയുടെയും അവളുടെ ഏകാന്തമായ ലോകത്തിന്റെയും കഥയാണ് പറഞ്ഞത്. കുട്ടിയുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള നിറങ്ങളും പ്രോപ്പർട്ടികളുമാണ് മുറിയിൽ ശേഖർ ഉപയോഗിച്ചത്. ഈ മികവിന് അദ്ദേഹത്തെത്തേടി സംസ്ഥാന സർക്കാരിന്റെ അക്കൊല്ലത്തെ മികച്ച കലാസംവിധായകനുള്ള പുരസ്കാരവും എത്തി.

'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിൽ നിന്ന്

ഫാസിലിന്റെ 'നോക്കത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയിലെ നാദിയ മൊയ്തുവിന്റെയും പത്മിനിയുടെയും കഥാപാത്രങ്ങൾ താമസിക്കുന്ന പഴയ വീട് അതിന്റെ തനിമ ചോരാതെ ഒരുക്കിയതും ശേഖറായിരുന്നു. നവോദയയും അതിന്റെ അമരക്കാരിലൊരാളായ ജിജോ പുന്നൂസുമായുള്ള ബന്ധം ശേഖറിനു മുന്നിൽ 'സംവിധായകൻ' എന്ന വലിയ അവസരം എത്തിച്ചിരുന്നു. പക്ഷേ അദ്ദേഹം സ്നേഹത്തോടെ അത് നിരസിച്ചു. അങ്ങനെയാണ് പിന്നീട് ചാണക്യനിൽ ടി.കെ രാജീവ്കുമാർ സംവിധായകനായി മാറിയത്. ചാണക്യന്റെ കലാസംവിധായകനും ശേഖർ ആയിരുന്നു.

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ബൈബിൾ കി കഹാനിയാം എന്ന ഹിന്ദി ടെലിവിഷൻ പരമ്പരയുടെ കലാസംവിധാനവും അദ്ദേഹം നിർവഹിച്ചു. ചെന്നൈയിലെ കിഷ്കിന്ധാ അമ്യൂസ്മെന്റ് പാർക്കിന്റെ രൂപകല്പനയിലും നവോദയയുടെ മറ്റു കലാസംരംഭങ്ങളിലും പങ്കാളിയായിരുന്നു. ചെന്നൈയിൽ സ്ഥിരം താമസമാക്കിയിരുന്ന ശേഖർ രണ്ടു വർഷം മുമ്പാണ് ജന്മനാടായ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. അസുഖബാധിതനായതിനെത്തുടർന്ന് ഒരാഴ്ചയായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 ആയിരുന്നു അന്ത്യം. ചെന്നൈയിലെ റിട്ട.അധ്യാപികയായ ജയന്തി ശേഖറാണ് ഭാര്യ.