'ഹാഫി'ൽ രഞ്ജിത് സജീവും ഐശ്വര്യ രാജും ഫോട്ടോ-അറേഞ്ച്ഡ്
Premium

'ഇതുവരെ ഇങ്ങനെ ഒരു സിനിമ ഇന്ത്യ കണ്ടിട്ടുണ്ടാവില്ല'; ടൊറോന്‍റോയെ ഞെട്ടിച്ച് 'ഹാഫ്'

സുരേഷ് നെല്ലിക്കോട്

വടക്കേ അമേരിക്കയുടെ ചലച്ചിത്രപ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് സംജാദിന്‍റെ സം‌വിധാനമികവില്‍ 'ഹാഫ്' (Half) അതിന്‍റെ ആഗോള പ്രദര്‍‌ശനോദ്‌ഘാടനത്തിനു തുടക്കം കുറിച്ചു. ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആറാം ദിവസം പാതിരാഭീകരചിത്രങ്ങളു (മിഡ്‌നൈറ്റ് മാഡ്‌നെസ്സ്) ടെ വിഭാഗത്തില്‍ 'ഹാഫ്' പ്രദര്‍ശിപ്പിക്കപ്പെട്ടതോടെ കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനാര്‍ഹമായ നേട്ടമാണ്‌ ലഭ്യമായിരിക്കുന്നത്.

കാനും, വെനീസും, ബെര്‍ലിനുമുള്‍പ്പടെ ഇരുപത്തഞ്ചോളം ചലച്ചിത്രമേളകളിലേയ്ക്ക് തെക്കനേഷ്യന്‍ രാജ്യങ്ങളുടെ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത മീനാക്ഷി ഷെഡ്‌ഡേ ടൊറോന്‍റോ മേളയിലെ മുതിര്‍ന്ന ചലച്ചിത്രോപദേശകയും ക്യൂറേറ്ററുമാണ്‌. ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ച മലയാളികളോടായി അവര്‍ പറഞ്ഞതിങ്ങനെയാണ്‌ : 'എന്തൊരു മികച്ച നിര്‍മ്മാണത്തിനാണ്‌ മലയാളം സിനിമ തുടക്കം കുറിച്ചിരിക്കുന്നത്! ഇതുവരെ ഇങ്ങനെ ഒരു സിനിമ ഇന്ത്യ കണ്ടിട്ടുണ്ടാവില്ല.'

'ഹാഫി'ൽ നിന്ന്

ആ അഭിപ്രായപ്രകടനത്തിനു പിന്നില്‍, ഒരു ചോദ്യത്തിനു പോലും പ്രസക്തിയില്ലാത്ത കഥാപാത്രസൃഷ്ടിയുടെ രഹസ്യമുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളും ഇരട്ടകളുമായ ഈതന്‍റേയും ഐവിയുടേയും അതിശയിപ്പിക്കുന്ന അതിമാനുഷികമായ പ്രകടനത്തിനുപിന്നില്‍ അവരുടെ ജന്മരഹസ്യമുണ്ട്. അവരുടെ ഇന്‍റര്‍ സ്‌പീഷീസ് പാരന്‍റേജി (Interspecies Parentage) ലൂടെ അവര്‍ക്ക് ലഭ്യമായ ചില കഴിവുകളാണവ. അവരുടെ വിവരണാതീതമായ ഒരു മരുയാത്രയില്‍ നടക്കുന്ന സംഭവങ്ങളും അതിന്‍റെ പരിണതിയുമാണ്‌ ചിത്രത്തിന്‍റെ കഥാതന്തു. ഇതേപോലെ തീക്ഷ്‌ണവും ചടുലവുമായ ചിത്രം ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ല എന്നാണ്‌ 'ഹാഫ്' കണ്ടിറങ്ങിയ ആഗോളചലച്ചിത്രാസ്വാദകര്‍ അഭിപ്രായപ്പെട്ടത്.

'ഹാഫ്' പോസ്റ്റർ

ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സം‌വിധായകന്‍ സംജാദും പ്രവീണ്‍ വിശ്വനാഥും ചേര്‍ന്നാണ്‌. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയുടെ പാതിരാഭീകരചിത്രങ്ങളുടെ നിരയിലേയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു മലയാളസിനിമയെ എത്തിച്ചതിന്‍റെ ബഹുമതി അവര്‍ക്കു മാത്രമുള്ളതാണ്‌. ചിത്രത്തിലെ സാഹസികമായ സംഘട്ടനരംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഖ്യാത ഇന്‍ഡോനേഷ്യന്‍ സ്റ്റണ്ട് സം‌വിധായകനായ വേരി ട്രി യൂളിസ്‌മാനാണ്‌ (Very Tri Yulisman). ദ് റെയ്ഡ് 2 (The Raid 2), ദ് നൈറ്റ് കംസ് ഫോർ അസ് (The Night Comes for Us), 24 അവേഴ്സ് വിത്ത് ​ഗാസ്പർ (24 Hours with Gaspar) എന്നീ ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്‍റെ അനുപമമായ അഭ്യാസമികവിന്‍റെ ഉദാഹരണങ്ങളാണ്‌.

രാജസ്ഥാന്‍ മരുഭൂമിയിലും കസാഖിസ്ഥാന്‍റെ ചില പ്രദേശങ്ങളിലുമായാണ്‌ സിനിമയുടെ ചിത്രീകരണം നടന്നത്. രാജസ്ഥാനിലെ ചിത്രീകരണസമയത്ത്, സമീപപ്രദേശങ്ങളിലേയ്ക്ക് പാക്കിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതിനാല്‍ ടീമിന്‌ ഷൂട്ട് നിര്‍ത്തി മടങ്ങേണ്ടി വന്നിരുന്നു. പിന്നീട് സമാധാനം പുന:സ്ഥാപിക്കപ്പെട്ടതിനുശേഷമാണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

'ഹാഫ്' സംവിധായകൻ സംജാദ്

ഗോറി, കറി വെസ്റ്റേണ്‍ സ്വഭാവത്തിലുള്ള ഈ ചിത്രത്തിലെ നായികാനായക വേഷങ്ങളില്‍ വരുന്നത് ഐശ്വര്യ രാജ്, രഞ്ജിത് സജീവ് എന്നിവരാണ്‌. തമിഴിലെ പ്രശസ്ത നടനായ അബ്ബാസ്, മലയാളത്തില്‍ വൈവിധ്യം നിറഞ്ഞ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീകാന്ത് മുരളി എന്നിവരാണ്‌ പ്രതിനായകവേഷങ്ങളില്‍ വരുന്നത്. അമലാ പോള്‍ ഇരട്ടകളുടെ അമ്മയായി പ്രത്യക്ഷപ്പെടുന്നു.

ജോജി മുണ്ടക്കയം, അഞ്‌ജലി നായര്‍ എന്നിവരും അഭിനേതാക്കളുടെ നിരയിലുണ്ട്. പാപ്പിനുവിന്‍റെ ഛായാഗ്രഹണം ചിത്രത്തിനെ പുതിയ വിസ്‌മയങ്ങളിലേയ്‌ക്കെത്തിക്കുന്നു. ദേശീയപുരസ്ക്കാരജേതാവായ മഹേഷ് ഭുവനേന്ദ് ചിത്രസം‌യോജനം നിര്‍‌വ്വഹിച്ചിരിക്കുന്നു. സംഗീതസം‌വിധാനം മിഥുന്‍ മുകുന്ദനും ശബ്ദസന്നിവേശം വിഷ്‌ണു ഗോവിന്ദും കൈകാര്യം ചെയ്തിരിക്കുന്നു.

'ഹാഫ്' പോസ്റ്റർ

ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷനു വേണ്ടി പി. കെ. സജീവും ആന്‍ സജീവുമാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകശ്രദ്ധനേടിയ കുറ്റാന്വേഷണ ത്രില്ലറായ 'ഗോളം' സംജാദിന്‍റെ ആദ്യസം‌വിധാനസം‌രംഭമാണ്. ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേളയുടെ അമ്പത്തൊന്നാം കാലം, മേളയിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്കാരപ്രഖ്യാപനങ്ങളുമായി സെപ്റ്റം‌ബര്‍ 20 ന്‌ അവസാനിക്കും.