ജയന്റെ ശരപഞ്ജരത്തിന്റെ റീമാസ്റ്റർ ചെയ്ത പതിപ്പിന്റെ പോസ്റ്റർ കടപ്പാട്: സൈന മൂവീസ് ഇൻസ്റ്റ​ഗ്രാം പേജ്
Premium

മരക്കൂട്ടങ്ങള്‍ മറച്ചുപിടിച്ച വളവുതിരിഞ്ഞ് ഇരമ്പിവന്ന 'വെള്ളത്തൂവല്‍ ജയന്‍'

ബിജോയ് ചന്ദ്രന്‍

ജയന്‍ എന്നു പേരുള്ള ആ ബസ് വൈക്കത്തു നിന്ന് ഹൈറേഞ്ചിലെ വെള്ളത്തൂവലിലേക്ക് ആയിരുന്നു ഓടിയിരുന്നത്. അതൊരു വളരെ പഴയ പെര്‍മിറ്റായിരുന്നു. കുറച്ചുവര്‍ഷം മുമ്പുവരെ രാജന്‍ എന്നായിരുന്നു ആ ബസിന്റെ പേര്. നാട്ടുകാര്‍ അതിനെ വെള്ളത്തൂവല്‍ രാജന്‍ എന്നു വിളിച്ചു. ഒരിയ്ക്കലും മുടങ്ങാതെ കൃത്യസമയം പാലിച്ചെത്തുന്ന ആ ബസ് വൈക്കത്തു നിന്ന് പുലർച്ചയ്ക്ക് പുറപ്പെട്ട് പിറവം, പാമ്പാക്കുട വഴി ചൂലം കുത്തിറക്കമിറങ്ങി മൂവാറ്റുപുഴയ്ക്ക് പോകും. ആ യാത്ര അവിടെ നിന്ന് നേര്യമംഗലം പാലം കടന്ന് കുന്നുകള്‍ കയറി ചീയപ്പാറയും വാളറക്കുത്തും കടന്ന് അടിമാലി വഴി വെള്ളത്തൂവല്‍ മല കയറും. ചെറുപ്പകാലത്ത് പലപ്പോഴും ഞാന്‍ ആ ബസു കയറി അടിമാലിയിലിറങ്ങി കല്ലാറ്റിലുളള എന്റെ കാളമ്മ വല്ല്യമ്മച്ചിയുടെ വീട്ടിലേക്ക് പോയിരുന്നു. ഹൈറേഞ്ച് കാണുവാനുള്ള എന്റെ കൊതി തീര്‍ത്തത് വെള്ളത്തൂവല്‍ രാജന്‍ എന്ന പ്രിയപ്പെട്ട ആ ബസായിരുന്നു എന്നു പറയാം.

ഒരു ദിവസം അതേ ബസ് തന്നെ ജയന്‍ എന്ന കിടിലന്‍ പേരുമായി നാട്ടിലെ പ്രധാന കവലയില്‍ വന്നു നിന്നപ്പോള്‍ ആളുകള്‍ ശരിക്കും അമ്പരന്നു. അതൊരു ഒന്നൊന്നര വരവായിരുന്നു. ജയനു വേണ്ടി മനുഷ്യര്‍ കൊട്ടകയില്‍ പൊരിഞ്ഞ അടിയുണ്ടാക്കുന്ന കാലമായിരുന്നു അത്. ടിക്കറ്റു കിട്ടാത്ത നിരാശയില്‍ പലരും തിയേറ്ററിനു പുറത്ത് തല്ലുണ്ടാക്കി. ജയന്‍ബാധയില്‍ നെഞ്ചുവിരിച്ചല്ലാതെ അവിടത്തെ ഒരു ചെറുപ്പക്കാരനും അന്നു നടന്നില്ല. ജയനോട് ആരാധനയില്ലാത്ത പെണ്‍കുട്ടികളെ അവിടെ കണ്ടെത്തുക പാടായിരുന്നു. ജയന്റെ സിനിമകള്‍ പലവട്ടം കാണുക എന്നത് അവരുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹമായിരുന്നു.

എന്റെ ഓര്‍മകള്‍ ഇപ്പോള്‍ പാമ്പാക്കുട എന്ന ഗ്രാമത്തില്‍ നിന്ന് വെള്ളത്തൂവല്‍ ജയന്‍ എന്ന ബസില്‍ ചാടിക്കയറുന്നു. പാമ്പാക്കുടയില്‍ നിന്ന് മുവാറ്റുപുഴയ്ക്ക് പോകുവാന്‍ വേറെ പല ബസുകളും ഉണ്ടായിരുന്നുവെങ്കിലും മറ്റു പലരെയും പോലെ എനിക്കും ജയന്‍ മാത്രം മതിയായിരുന്നു. ജയന്‍ എന്ന ബസിനു മറ്റു വണ്ടികളേക്കാള്‍ വല്ലാത്ത ഒരു തലയെടുപ്പുണ്ടായിരുന്നു. അശോക് ലൈലന്റ് എന്ന അക്ഷരങ്ങള്‍ എഴുന്നുനിന്ന അതിന്റെ ഗ്രില്ല്. അവിടെ നിന്ന് മേലോട്ട് അല്പം ചെരിഞ്ഞുള്ള ബോഡി. അസാധാരണമായ വലിപ്പമുള്ള വിന്‍ഡ് ഷീല്‍ഡുകള്‍. അതിലേക്ക് ഒരു മരച്ചില്ല പോലെ തൂങ്ങി നില്‍ക്കുന്ന വൈപ്പറുകള്‍. മുന്നില്‍ നിന്നു നോക്കിയാല്‍ ഒരു ഒറ്റയാന്‍ തിടമ്പെടുത്ത് വന്നുനില്കും പോലെ തോന്നും. അരികുബോഡിയിലെ ഇളംനീല നിറം. അതിന്റെ ഇടയിലൂടെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ ഓടിപ്പോകുന്ന രണ്ടു മെറ്റാലിക് വെള്ളവരകള്‍. ജയന് ഒരുപാട് നിറങ്ങള്‍ കോരി ഒഴിക്കേണ്ട കാര്യമില്ലല്ലോ. വെള്ളത്തൂവല്‍ എന്ന് ചുവന്ന വലിയ അക്ഷരങ്ങളില്‍ എഴുതിയ ഡെസ്റ്റിനേഷന്‍ ബോര്‍ഡ് ദൂരെനിന്നു കാണാം. അതിനുള്ളില്‍ എപ്പോഴും ഒരു ചെറിയ ബള്‍ബ് തെളിഞ്ഞുനിന്നു.

ജയന്റെ ഇരമ്പിവന്നുള്ള ആ നില്പില്‍ റേഡിയേറ്റര്‍ തിളച്ചുമറിയുന്ന ഒച്ച കേള്‍ക്കാം. ടയറില്‍ നിന്ന് പുലര്‍ച്ചമഞ്ഞിലേയ്ക്ക് ആവിപറക്കും. ജയന്റെ ഹോണ്‍ പക്ഷേ വലിയ തടി ലോറികളുടേതുപോലെ ആയിരുന്നു. മറ്റു ബസുകള്‍ റബ്ബര്‍ ബലൂണുള്ള പഴഞ്ചന്‍ ഹോണുകളടിച്ച് ഉറക്കംതൂങ്ങി വരുമ്പോള്‍ വെള്ളത്തൂവല്‍ ജയന്‍ അന്നത്തെ ഏറ്റവും പുതിയ മോഡല്‍ എയര്‍ ഹോണ്‍ തന്നെ ഉപയോഗിച്ചു. ജയന്റെ വലിയ ആരാധകനായിരുന്നു ആ ബസിന്റെ ഉടമ.

പ്രതീകാത്മക ചിത്രം

ജയന്റെ ഡ്രൈവറാവാന്‍ പാമ്പാക്കുടയിലെ ചെറുപ്പക്കാരെല്ലാവരും മോഹിച്ചിരുന്നു. ഞാനുള്‍പ്പെടെയുള്ള സ്‌കൂള്‍കുട്ടികള്‍ പോലും എത്രയും വേഗം വലുതായി ഡ്രൈവിങ് പഠിച്ച് വെള്ളത്തൂവലിലേക്ക് ജയന്‍ ബസ് ഓടിക്കുന്നത് സ്വപ്നം കണ്ടു. ഹൈറേഞ്ചിലെ കൊടുംവളവുകള്‍ ഞങ്ങള്‍ പറമ്പിലെ ഇടത്തൊണ്ടുകളില്‍ വീണുകിടന്ന് തിരിച്ചു. ഡ്രൈവിങ് തലയ്ക്കു പിടിച്ച മനുഷ്യരായിരുന്നു അന്ന് ആ നാടു നിറയെ, ഒപ്പം സിനിമയും. പുതിയ റിലീസ് പടങ്ങള്‍ കാണുവാന്‍ വേണ്ടി രാത്രി ജീപ്പ് വിളിച്ച് പിറവത്തും തൊടുപുഴയിലും തലയോലപ്പറമ്പിലും ഒക്കെ പോകുന്ന ആളുകള്‍. മികച്ച ഡ്രൈവര്‍മാര്‍ക്ക് പേരുകേട്ട സ്ഥലമായിരുന്നു അന്ന് പാമ്പാക്കുട. പക്ഷേ ജയന്‍ എന്ന ബസ് ഓടിക്കാന്‍ എപ്പോഴും വൈക്കംകാരനായ രതീഷേട്ടന്‍ തന്നെയാവും വരിക. ഏതാണ്ട് നാല്‍പതു വയസ്സ് തോന്നിച്ച രതീഷേട്ടന്‍ അല്പം കഷണ്ടി കയറിയ വെളുത്ത ഒരാളായിരുന്നു. നെറ്റിയില്‍ ചന്ദനവും ഭസ്മവും തൊട്ട് കാക്കി ഷര്‍ട്ടിന്റെ ഒരു ബട്ടന്‍ അഴിച്ചിട്ടുള്ള ആ ഇരിപ്പ് കാണാന്‍ തന്നെ നല്ല രസമായിരുന്നു.

പാമ്പാക്കുടയിലെ ഡ്രൈവര്‍മാരില്‍ പലരും ജയന്‍ബസില്‍ ജോലിക്ക് കയറാന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും നടന്നില്ല. അതവരുടെ ഒരു സ്വപ്നമായി അങ്ങനെ വഴിവക്കില്‍ കിടന്നു. ജയന്‍ മുന്നിലൂടെ കടന്നുപോകുന്നത് അവര്‍ ആരാധനയോടെ നോക്കിനിന്നു. പക്ഷെ വൈക്കത്ത് നേരിട്ട് പോയി മുതലാളിയെ പലവട്ടം കണ്ടും പറ്റിക്കൂടിയും സുരേഷ് കണ്ണപ്പന്‍ എന്ന ചങ്ങാതി മാത്രം ഒടുവില്‍ ജയനില്‍ ഡ്രൈവറായി കയറിപ്പറ്റി. രതീഷേട്ടന്‍ ഇല്ലാത്ത ദിവസങ്ങളില്‍ പാര്‍ട്ട് ടൈം ഡ്രൈവറായിട്ടാണ് കണ്ണപ്പന്‍ ജോലിക്ക് കയറിയത്. പിറവം മൂവാറ്റുപുഴ റൂട്ടിലെ ചില ബസ്സുകളില്‍ ഇടയ്ക്കിടെ അവന്‍ ഡ്രൈവറായി വരാറുണ്ടായിരുന്നു. എറണാകുളത്തേയ്ക്കു പോകുന്ന കല്ല്യാണി എന്ന ബസും അവന്‍ വല്ലപ്പോഴും ഓടിക്കാറുണ്ട്. ഇടുക്കിയിലും കുറച്ചുകാലം വണ്ടിയോടിച്ച് അവനു പരിചയമുണ്ട്. ഇരുപത്തിയഞ്ച് വയസ്സു മാത്രമുള്ള പയ്യന്‍സ് ജയന്‍ ഓടിക്കാന്‍ പോകുന്നു എന്ന ആ വാര്‍ത്ത പാമ്പാക്കുടയിലെ മറ്റു ചെറുപ്പക്കാരെയും ഡ്രൈവര്‍മാരെയും എല്ലാം ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ചിലര്‍ക്ക് ചെറിയ അസൂയയും തോന്നി.

ജയൻ

'എന്നാലും ഇവനിത് എങ്ങനെ ഒപ്പിച്ചെടാവേ...'

'എന്തായാലും ചെക്കന്‍ ഒന്നു ചെത്തും...'

'ഓഹ് പിന്നില്ലേ, കല്ല്യാണി ഓടിക്കും പോലെയല്ല മോനേ.. ഹൈ റേഞ്ച്പിടിക്കണം. ഊപ്പ തിരിയും..'

പലതരം കമന്റുകള്‍ നാട്ടില്‍ പറന്നുനടന്നു.

എങ്കിലും സുര എന്നു നാട്ടുകാര്‍ വിളിച്ച സുരേഷ് കണ്ണപ്പന്‍ വെള്ളത്തൂവല്‍ ജയന്‍ ബസ് ഓടിക്കുന്നത് നാട്ടിലെ പെണ്‍പിള്ളേര്‍ക്കും കുട്ടികള്‍ക്കുമെല്ലാം വലിയ അഭിമാനമായിരുന്നു..

'ഇവന്‍ അതെങ്ങനെ ഓടിക്കും... എന്നാ വലിയ വണ്ടിയാ'

'ആനയെ മേക്കാന്‍ വരെ മെലിഞ്ഞ ഒരു മനുഷ്യന്‍ മതി, പിന്നെയാ..'

കവലയില്‍ നിന്ന് ആളുകള്‍ പറഞ്ഞു.

ഏതായാലും കണ്ണപ്പന്‍ നാട്ടില്‍ പെട്ടെന്നങ്ങ് താരമായി. അവന്‍ ആദ്യമായി ജയന്‍ ബസ് ഓടിക്കുന്ന ദിവസം നാട്ടിലെ കൂട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കാന്‍ തന്നെ തീരുമാനിച്ചു.

ജയന്റെ 'ആവേശം' എന്ന സിനിമയുടെ പോസ്റ്റർ

അവര്‍ കണ്ണപ്പന്റെ വലിയ ഒരു പടം വരപ്പിച്ച് കവലയില്‍ കട്ട് ഔട്ട് ആക്കി വെച്ചു. ആ പടത്തിന്റെ അരികില്‍ ജയന്‍ എന്ന അശോക് ലൈലന്റ് ബസ് ഇറക്കമിറങ്ങി വരുന്ന ഒരു വലിയ ചിത്രവും. ഇതിനു രണ്ടിനും ഇടയിലായി അവര്‍ പതഞ്ഞു പൊന്തിയ ആവേശത്തോടെ മറ്റൊരു പടം കൂടി ഉയര്‍ത്തി വെച്ചു. അത് അവരുടെ പ്രിയപ്പെട്ട സൂപ്പര്‍താരമായ ജയന്റെ പടമായിരുന്നു. ജയന്‍ എന്നുവെച്ചാല്‍ അവര്‍ക്ക് ഭ്രാന്തായിരുന്നു. ജയന്റെ ചിത്രങ്ങള്‍ പത്രത്തില്‍ നിന്നു വെട്ടിയെടുത്ത് അന്നത്തെ കുട്ടികള്‍ പഴയ നോട്ടുബുക്കുകളില്‍ ഒട്ടിച്ച് ആല്‍ബമുണ്ടാക്കുമായിരുന്നു. ചെറുപ്പക്കാര്‍ പലരും ഷര്‍ട്ടും പാന്റും തയ്പ്പിച്ചത് ജയന്റെ അതേ സ്റ്റൈലിലായിരുന്നു. തയ്യല്‍ക്കടകളുടേയും ബാര്‍ബര്‍ ഷോപ്പുകളുടേയും ഹോട്ടലുകളുടേയുമെല്ലാം ചുമരില്‍ ജയന്റെ വലിയ പോസ്റ്ററുകള്‍ കാണാമായിരുന്നു. ജയന്റെ പടങ്ങള്‍ മാത്രം ഓടിക്കുന്ന ഒരു കൊട്ടക സ്വപ്നം കണ്ടുകൊണ്ട് അക്കാലത്തെ മനുഷ്യര്‍ ജീവിച്ചു. ജയന്റെ ഇടിവെട്ട് ഡയലോഗുകള്‍ അവര്‍ പറഞ്ഞുനടന്നു. ജയന്‍ എന്നു പേരുള്ളതിനാല്‍ കൂടിയായിരുന്നു അവര്‍ ആ ബസിനെ അത്രയേറെ സ്‌നേഹിച്ചത്. ജയന്‍ ഓടിക്കാന്‍ വേണ്ടി ആ നാട്ടിലെ ഡ്രൈവര്‍മാര്‍ മുഴുവനും കൊതിച്ചതും അതേ കാരണത്താല്‍ ആയിരുന്നു.

വൈക്കം- പൂപ്പാറ റൂട്ടിൽ ഇപ്പോഴും സർവീസ് തുടരുന്ന ജയൻ ബസ്

സുരേഷ് എന്ന കണ്ണപ്പന്‍ ആദ്യമായി ജയന്‍ ഓടിക്കാന്‍ കയറിയ ദിവസം ആ ബസിനു സ്വീകരണം കൊടുക്കാന്‍ തന്നെ പാമ്പാക്കുടക്കാര്‍ തീരുമാനിച്ചു. പ്രധാന കവലയായ മാരേക്കാട്ട് ജങ്ഷൻ മുഴുവന്‍ വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് കൊരുത്ത തോരണങ്ങളും ജയന്റെ പല സിനിമകളിലെ കട്ട് ഔട്ടുകളും കൊണ്ട് നിറഞ്ഞു. ജയന്‍ ബസിന്റെ ചിത്രങ്ങള്‍ വലിയ പനമ്പില്‍ ചിത്രകാരനായ മോഹന്‍ വരച്ചുവെച്ചു. സുരേഷ് കണ്ണപ്പന്‍ ഓടിക്കുന്ന ജയന്‍ ബസ് വൈക്കത്തു നിന്നു പുറപ്പെട്ടത് മുപ്പതു കിലോമീറ്റര്‍ അകലെയുള്ള പാമ്പാക്കുടയിലെ തണുത്ത കവലയില്‍ കട്ടന്‍കാപ്പി കുടിച്ചുനിന്ന ആളുകള്‍ മനസില്‍ കണ്ടു. മുന്‍വശത്തെ ചില്ലുകളില്‍ ചന്ദനം പൂശിയ ജയന്‍ ബസ്.. എട്ടു മണിക്ക് അവരുടെ സ്വന്തം കണ്ണപ്പനോടിക്കുന്ന വെള്ളത്തൂവല്‍ ബസ് വന്നു ചേരുന്നത് കാണുവാനായി കണ്ണപ്പന്റെ കൂട്ടുകാരും നാട്ടുകാരും കുട്ടികളുമെല്ലാമടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം കയ്യില്‍ മാലകളുമായി കാത്തുനിന്നു.

'അങ്ങാടി' എന്ന സിനിമയിൽ ജയൻ

എട്ടുമണി ആയിട്ടും പക്ഷേ അന്ന് ബസ് വന്നില്ല.

ആളുകള്‍ അക്ഷമരായി വളവിലേക്ക് നോക്കി നിശ്ശബ്ദരായി നിന്നു. പക്ഷേ, എട്ടു പത്തിന് ഒരു ഇടിമിന്നല്‍ പോലെ വൈക്കം ജയന്‍ ബസ് മരക്കൂട്ടങ്ങള്‍ മറച്ചുപിടിച്ച വളവുതിരിഞ്ഞ് ഇരമ്പിക്കുതിച്ചു വന്നു. കവലയിലെ ആള്‍ക്കൂട്ടം ആര്‍പ്പ് വിളിച്ചു. ബസിനുള്ളിലെ നടന്‍ ജയന്റെ വലിയ ചിത്രത്തിന് മേലേ തൂക്കിയ പൂമാല വണ്ടിയുടെ വേഗത്തിനനുസരിച്ച് ആടിയുലഞ്ഞു കൊണ്ടിരുന്നു. ജയന്‍ സ്‌ക്രീനില്‍ വരുന്ന ആക്ഷന്‍ രംഗത്തെ ഓര്‍മിപ്പിച്ചു കൊണ്ട് ബസ് കവലയില്‍ വീശിവന്നു നിന്നു. ജയന്‍ അതിന്റെ പ്രസിദ്ധമായ ഹോണ്‍ രണ്ടു തവണ നീട്ടിയടിച്ചു.

ഹെഡ്‌ലൈറ്റ് ഒന്നു മിന്നിച്ചു. എല്ലാവരും കൈകളുയര്‍ത്തി വിസിലടിച്ചു. ആരോ കൊളുത്തിയ മാലപ്പടക്കം പൊട്ടിപ്പടര്‍ന്നു.

'ജയേട്ടാ, ഒന്നിങ്ങോട്ടിറങ്ങി വായോ..'

ആളുകള്‍ വിളിച്ചുപറഞ്ഞു.

ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയതും സുരേഷ് കണ്ണപ്പന്‍ എന്ന പയ്യന്‍ഡ്രൈവര്‍ സൈഡ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയിറങ്ങി. ആളുകള്‍ കണ്ണുതള്ളി അതു നോക്കിനിന്നു.

കണ്ണപ്പന്റെ ബെല്‍ ബോട്ടം പാന്റ്‌സും ചുവന്ന ഓവര്‍ കോട്ടും കോട്ടിനെ കവിഞ്ഞു പുറത്തേക്ക് നീണ്ടുകിടന്ന വെള്ള കോളറുള്ള ഇന്നര്‍ ഷര്‍ട്ടും കണ്ട് എല്ലാവരും കയ്യടിച്ചു.

ജയന്‍ ബസിന്റെ അശോക് ലൈലന്റ് എംബ്ലത്തില്‍ ചാരി നിന്നുകൊണ്ട് ഒരു സിഗരറ്റ് കത്തിക്കുന്ന ആക്ഷൻ കാണിച്ചു കണ്ണപ്പന്‍. ആളുകള്‍ അവരുടെ പ്രിയപ്പെട്ട ജയനെ പൂമാല അണിയിച്ചു. ചിലര്‍ കെട്ടിപ്പിടിച്ചു.

'കോളിളക്ക'ത്തിന്റെ ഷൂട്ടിങ്ങിനിടെ ജയൻ അപകടത്തിൽപെടുന്നതിന് മുമ്പുള്ള ദൃശ്യം

'അയ്യോ, മല കയറേണ്ട വണ്ടിയാ..ഡ്രൈവറെ ഒന്നു വിട്ടേക്കണേ...

'ബസിനുള്ളില്‍ നിന്നു പുറത്തേക്ക് തലയിട്ട് കണ്ടക്ടര്‍ രമേശന്‍ ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.

അയാള്‍ കയ്യിലെ ലോഹവിസില്‍ നീട്ടിയൂതി. ബസ്സില്‍ നിന്നും പുറത്തിറങ്ങിനിന്നിരുന്ന യാത്രക്കാര്‍ ഓടിവന്ന് വണ്ടിയില്‍ കയറി.

'പോകാം...'

എല്ലാവരെയും നോക്കി പലവട്ടം ഹോണടിച്ച് ഒരു പറക്കുന്ന ചുംബനം നല്‍കിയിട്ട് ജയന്‍ ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറി.

വെള്ളത്തൂവല്‍ ജയന്‍ ഹൈറേഞ്ച് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി.

വണ്ടി കടന്നുപോയപ്പോള്‍ പാമ്പാക്കുട ബിജു ടാക്കീസിന്റെ അഭ്രപാളിയില്‍ തെളിയും പോലെ ചില എഴുത്തുകള്‍ സൈഡ് ബോഡിയിലെ വെള്ളവരകള്‍ക്കു താഴെ അവര്‍ ആവേശത്തോടെ വായിച്ചു.

ശരപഞ്ജരം, മൂര്‍ഖന്‍, നായാട്ട്, കരിമ്പന, ആവേശം,അങ്ങാടി.... ഏറ്റവുമൊടുവില്‍ കോളിളക്കം.

ആ അവസാന സിനിമാപ്പേര് വായിച്ച അവര്‍ പെട്ടെന്ന് കറന്റു പോയ ഓലക്കൊട്ടക പോലെ നിശ്ശബ്ദരായി.അവരുടെ മുഖങ്ങള്‍ മ്ലാനമായി. അകന്നുപോകുന്ന ജയനെ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു. ബസിന്റെ പിന്നിലെ വലിയ പോസ്റ്ററില്‍ നിന്നും അപ്പോള്‍ ജയന്‍ അവരെ നോക്കി കൈവീശിക്കാണിച്ചു.

1981 നവംബര്‍ മാസത്തിലെ ഒരു ദിവസമായിരുന്നു അത്.

അവരുടെ ചങ്കിടിപ്പായ ജയന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചിട്ട് അപ്പോഴേയ്ക്കും ഒരു വര്‍ഷം കടന്നുപോയിരുന്നു.