അനുപർണ റോയ് ഫോട്ടോ-അറേഞ്ച്ഡ്
Premium

'ഇത് ബം​ഗാളിനും അവിടത്തെ സ്ത്രീകൾക്കും'; പുരസ്കാരചക്രവാളത്തിൽ പുരുലിയയുടെ പെൺസ്വരം

പപ്പപ്പ റിസര്‍ച്ച് ടീം

വെനീസ് ചലച്ചിത്രമേളയില്‍ തരംഗം സൃഷ്ടിച്ച 'സോങ്‌സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്' എന്ന ചലച്ചിത്രത്തിന്റെ സംവിധായിക അനുപര്‍ണ റോയ് തന്റെ നേട്ടത്തെ സമർപ്പിച്ചത് ജന്മനാടായ പുരുലിയയ്ക്കും ബംഗാളിനും അവിടത്തെ സ്ത്രീകള്‍ക്കുമായാണ്. ലോകസിനിമയിലെ പുതിയ ശബ്ദങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അഭിമാനകരമായ പുരസ്‌കാരം, ഒറിസോണ്ടി (ചക്രവാളങ്ങള്‍) വിഭാഗത്തില്‍ മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡിനാണ് അനുപര്‍ണ അര്‍ഹയായത്. ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു ഈ ബംഗാളി യുവതി.

പ്രവചനാതീതമായ ചലച്ചിത്രസഞ്ചാരമായിരുന്നു തന്റേതെന്ന് ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അനുപര്‍ണ പറഞ്ഞു. തന്റെ നേട്ടത്തിനു പിന്നിലെ പ്രചോദനങ്ങള്‍, പോരാട്ടങ്ങള്‍, വ്യക്തിപരമായ അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് അനുപര്‍ണ തുറന്നുപറഞ്ഞു.

'സോങ്‌സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്' എന്റെ ബാല്യകാല സുഹൃത്ത് ജുമയ്ക്കു സമര്‍പ്പിക്കുന്നു. അവള്‍ എന്റെ ആദ്യ സുഹൃത്തായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. അന്നുമുതല്‍ ഞാന്‍ അവളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഈ ചിത്രം അവള്‍ക്കുള്ളതാണ്. തിരക്കഥ എഴുതാന്‍ ഞാന്‍ മൂന്നുവര്‍ഷം ചെലവഴിച്ചു. ചിത്രീകരണം ആരംഭിക്കുമ്പോള്‍ അമ്പതു സീന്‍ മാത്രമാണ് എഴുതിയിരുന്നത്. ബാക്കിയുള്ളവ ഷൂട്ടിങ്ങിനിടെ സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. മുംബൈയിലെ രണ്ട് കുടിയേറ്റ സ്ത്രീകളുടെ ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. സ്വന്തം ജീവിതത്തില്‍നിന്നുള്ള സ്മരണകള്‍, പോരാട്ടങ്ങള്‍, അന്വേഷണങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവയില്‍നിന്നാണ് ചിത്രം നെയ്‌തെടുത്തത്...'- അനുപര്‍ണ പറഞ്ഞു.

'മുംബൈ ചലച്ചിത്രലോകത്തില്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയതിന് എന്റെ എല്ലാ നിര്‍മാതാക്കളോടും ഞാന്‍ നന്ദിയുള്ളവളാണ്. എന്നെ ഏറ്റവും സ്പര്‍ശിച്ചത് ഈ പുരുഷന്മാരെല്ലാം ഒരു സ്ത്രീകേന്ദ്രീകൃത സിനിമയ്ക്കു പിന്നില്‍ നിലകൊണ്ടതാണ്. അത് എനിക്ക് വലിയ ഊര്‍ജവും വിശ്വാസവും നല്‍കി.' അനുപര്‍ണ കൂട്ടിച്ചേര്‍ത്തു.

'സോങ്‌സ് ഓഫ് ഫോര്‍ഗോട്ടണ്‍ ട്രീസ്' എന്ന ചിത്രത്തിൽ നിന്ന്

'ഈ ദുര്‍ഗാപൂജ കൂടുതല്‍ സവിശേഷമാണ്...ദേവി ബഹുമതിയുമായി വീട്ടിലേക്കു വരുന്നു..'

'ഏതൊരു മധ്യവര്‍ഗ കുടുംബത്തെയുംപോലെ, ഞങ്ങളും തുടക്കത്തില്‍ അവളെ സിനിമകളില്‍നിന്നു നിരുത്സാഹപ്പെടുത്തി. ക്രമേണ, ഞങ്ങള്‍ അവളെ പിന്തുണച്ചു. അവാര്‍ഡ് നേട്ടത്തില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്, ഞങ്ങള്‍ക്കു മാത്രമല്ല, പുരുലിയയ്ക്കും ബംഗാളിനും'-അനുപര്‍ണയുടെ അമ്മ മനീഷ പറഞ്ഞു.

എഴുത്തില്‍ മിടുക്കിയും കഠിനാധ്വാനിയുമായ പെണ്‍കുട്ടിയായിരുന്നു അവളെന്ന് അനുപര്‍ണയുടെ അച്ഛന്‍ പറഞ്ഞു. 'കുട്ടിക്കാലത്തു വിവാഹം കഴിച്ച ബാല്യകാലസുഹൃത്തുമായുള്ള ബന്ധം നഷ്ടപ്പെട്ടത് അവളെ വളരെയധികം ബാധിച്ചു. അവളെക്കുറിച്ചുള്ള ഓര്‍മകള്‍ സിനിമയ്ക്കു പ്രചോദനമായി. അവാര്‍ഡ് ഞങ്ങള്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത അനുഗ്രഹമായി തോന്നുന്നു. ഈ ദുര്‍ഗാപൂജ കൂടുതല്‍ സവിശേഷമാണ്. കാരണം ദേവി ബഹുമതിയുമായി വീട്ടിലേക്കു വരുന്നു.' അനുപര്‍ണയുടെ അച്ഛന്‍ ബ്രഹ്‌മാനന്ദ റോയ് പറഞ്ഞു.

വെനീസ് ചലച്ചിത്രമേളയിൽ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അനുപർണ റോയ്

'സാരി എന്റെ പാരമ്പര്യവും പ്രതിരോധവും'

അവാര്‍ഡ് ദാന ചടങ്ങില്‍ സാരിയാണ് അനുപര്‍ണ റോയ് ധരിച്ചിരുന്നത്. അതു വെറും വസ്ത്രം മാത്രമായിരുന്നില്ല. വെനീസില്‍ അനുപര്‍ണയുടെ സാരി ഒരു പ്രഖ്യാപനവും കൂടിയായിരുന്നു. അനുപര്‍ണയുടെ സുഹൃത്ത് മുസ്‌കന്‍ മിത്തല്‍ രൂപകല്‍പ്പന ചെയ്ത സാരിയില്‍ പുരുലിയയുടെ ഗോത്രചിത്രങ്ങള്‍ ഉണ്ടായിരുന്നു. സാരിയുടെ ബോര്‍ഡര്‍ പാലസ്തീന്‍ പതാകയുടെ നിറത്തിലുള്ളതായിരുന്നു. അനുപര്‍ണയുടെ വേഷവും അതു വ്യക്തമാക്കുന്ന രാഷ്ട്രീയവും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു വെനീസില്‍.

'എനിക്ക് സാരി വളരെ ഇഷ്ടമാണ്. പുരുലിയയുടെ ചിത്രങ്ങളും പാലസ്തീന്‍ പതാകയും സാരിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. മികച്ച സംവിധായകയ്ക്കുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍, എന്റെ സാംസ്‌കാരികപൈതൃകവും പ്രതിരോധവും എന്നോടൊപ്പമുള്ളതുപോലെ തോന്നി...' അനുപര്‍ണ പറഞ്ഞു.

ജീവിതരേഖ

പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ നാരായൺപൂർ എന്ന ഗ്രാമത്തിലാണ് അനുപർണ റോയ് ജനിച്ചു വളർന്നത്. റാണിപുര്‍ കോളിയറി ഹൈസ്കൂളിലും നാപാര ഹൈസ്കൂളിലുമായിരുന്നു പ്രാഥമികവിദ്യാഭ്യാസം. പിന്നീട് ബർദ്വാൻ സർവകലാശാലയിൽ കീഴിലുള്ള കുൽട്ടി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. മാസ് കമ്മ്യൂണിക്കേഷൻസിലും പഠനം നടത്തി. സിനിമാരംഗത്തേക്ക് എത്തുന്നതിന് മുമ്പ് ഡൽഹിയിൽ ഒരു കോൾ സെന്ററിലും മുംബൈയിൽ ഐ.ടി. മേഖലയിൽ സെയിൽസ് എക്സിക്യൂട്ടീവായും ജോലി ചെയ്തിരുന്നു. 2023-ൽ പുറത്തിറങ്ങിയ 'റൺ ടു ദി റിവർ' എന്ന ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചുകൊണ്ട് സിനിമാരംഗത്തെത്തി.