'ഈ ഇടനാഴിയിൽ വീണ ഓട്ടുപാത്രത്തിന്റെ ചിലമ്പിച്ച മുഴക്കം പോലെ അവളുടെ കഥയുടെ അന്ത്യവും എവിടെയാണെന്ന് എനിക്കറിയില്ല...'
ഓർമയിൽ ഒരു കണ്ണുനീർത്തുള്ളിയായി ഇന്നും നിൽക്കുന്ന 'ശാലിനി എന്റെ കൂട്ടുകാരി' എന്ന തിരക്കഥയിൽ പത്മരാജൻ എഴുതിയ വരികളാണ് ഇത്. വർഷങ്ങൾ കഴിഞ്ഞ് 'തൂവാനത്തുമ്പികളി'ൽ പത്മരാജൻ സൃഷ്ടിച്ച ക്ലാസിക് കഥാപാത്രമായ ക്ലാരയെക്കുറിച്ചും ഈ വരികൾ തന്നെ പറയാം.
ക്ലാര വന്നു,
ക്ലാര കണ്ടു
ക്ലാര കീഴടക്കി
ക്ലാര പോയി...
നാലു പതിറ്റാണ്ടിന് ഇപ്പുറവും ക്ലാര സൃഷ്ടിച്ച ചിലമ്പിച്ച മുഴക്കം തലമുറകളുടെ കാതുകളിൽ മുഴങ്ങുന്നു. എപ്പോഴാണ് അവൾ മറഞ്ഞത്..?
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചൂളം വിളിച്ചു നീങ്ങിയ തീവണ്ടിയുടെ ഒരു മുറിയിൽ ക്ലാര ഉണ്ട്. കാഴ്ചയിൽ നിന്നു മറയുന്നതുവരെ അവൾ ജയകൃഷ്ണനെ കൈവീശി കാണിക്കുന്നുണ്ട്. പാളങ്ങളിലൂടെ ഓടിയകന്ന് തീവണ്ടി അവ്യക്തമായി അകലെ മറയുമ്പോൾ നഷ്ടബോധം ജയകൃഷ്ണന് മാത്രമായിരുന്നില്ല.
ആരായിരുന്നു ക്ലാര? ഉത്തരം പത്മരാജൻ നൽകുന്നില്ല. ജീവിച്ചിരിക്കുന്ന ജയകൃഷ്ണനും വ്യക്തമാക്കുന്നില്ല.
എന്നാൽ അതീവ സൂക്ഷ്മമായി നോക്കിയാൽ പത്മരാജന്റെ ഫാന്റസിയല്ലേ ക്ലാര എന്നു സംശയിക്കാൻ ധാരാളം കാരണങ്ങളുണ്ട്. ഭ്രമകല്പനയും യാഥാർഥ്യവും കൂടിക്കുഴഞ്ഞും ഇഴചേർന്നും ഇഴപിരിഞ്ഞും പ്രേക്ഷകന്റെ മുന്നിൽ ഒഴുകിപ്പരക്കാൻ പത്മരാജൻ ക്ലാരയെ അനുവദിച്ചിരിക്കുന്നു. അങ്ങനെ ചെയ്യാൻ നമുക്ക് ഒരു പത്മരാജനെ മാത്രമേ കിട്ടിയിട്ടുള്ളൂ..
ലൈംഗികത്തൊഴിലാളിയായി ജീവിക്കാൻ സ്വയം തീരുമാനിച്ച ഒരു പെൺകുട്ടിയായാണ് ക്ലാരയെ പത്മരാജൻ അവതരിപ്പിക്കുന്നത്. അവളെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവരാൻ ഒരു കള്ളക്കത്തെഴുതാനാണ് സുഹൃത്തായ തങ്ങൾ ജയകൃഷ്ണനെ സമീപിക്കുന്നത്. ആ രാത്രി ജയകൃഷ്ണൻ മദർ സുപ്പീരിയർ ആയി ക്ലാരയ്ക്ക് കള്ളക്കത്തെഴുതുന്നു: 'ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ...പ്രിയപ്പെട്ട മകൾ ക്ലാരയ്ക്ക്...' ഇത്രയും ജയകൃഷ്ണൻ എഴുതുമ്പോൾ പെട്ടെന്ന് ഇടിവെട്ടി മഴപെയ്തു തുടങ്ങുന്നു. മിന്നലിന്റെ അമ്പടിയോടെ തിമർത്തുപെയ്യുന്ന മഴ..
ജോൺസണിന്റെ പ്രണയം തുളുമ്പുന്ന പശ്ചാത്തല സംഗീതത്തിന്റെ ലഹരിയിൽ ആ രംഗം പത്മരാജൻ വിശദമായി ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാലിന്റെ സൂക്ഷ്മമായ ഭാവപ്രകടനം മറ്റൊരു ചിന്തയിലേക്ക് കൊണ്ടുപോകും, പ്രേക്ഷകനെ. മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട പെണ്ണ് കോളേജിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് 'എനിക്ക് തന്നെ ഇഷ്ടമല്ല' എന്ന് പറഞ്ഞ് നിഷേധിച്ചപ്പോൾ തകർന്നു പോയെങ്കിലും ജയകൃഷ്ണൻ അത് പുറത്തു കാട്ടിയില്ല. അപ്പോൾ തകർന്ന ജയകൃഷ്ണന്റെ മനസ്സ് സ്വയം സമാധാനിപ്പിക്കാനായി സൃഷ്ടിച്ച ഭ്രമകല്പനയായി ക്ലാരയെ വായിച്ചെടുക്കാം. ജയകൃഷ്ണന്റെ ഉപബോധമനസ്സിന്റെ പ്രണയഭാവനയായി ക്ലാര വരുന്നു എന്ന് പത്മരാജൻ നമ്മോട് പറയുന്നതായും ആ രംഗത്തെ കാണാം.
ഫാന്റസിയോട് വല്ലാത്ത ഒരു പ്രണയമുണ്ട്, പത്മരാജന്. കഥയിലും തിരക്കഥയിലുമെല്ലാം അത് വാരി വിതറിയിട്ടുണ്ട്, ഈ ഭ്രമകല്പനയുടെ കുബേര കുമാരൻ. ആ രംഗത്ത് ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ക്ലാരയ്ക്ക് ഒരു സുന്ദരമുഖം നൽകി ഭാവനയിൽ കാണുന്നുമുണ്ട്, ജയകൃഷ്ണൻ. അപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ട്. 'തൂവാനത്തുമ്പികളി'ൽ ക്ലാരയും മഴയും തമ്മിലുള്ള കെമിസ്ട്രി പത്മരാജൻ ആരംഭിക്കുന്നത് ഈ നിമിഷത്തിലാണ്.
ഹോട്ടൽമുറിയിൽ ക്ലാരയും ജയകൃഷ്ണനും നേരിൽ ആദ്യമായി കണ്ടുമുട്ടുന്നു. തുടർന്ന് അവർ ശാരീരികമായി അടുക്കാൻ തുടങ്ങുന്നു. ആ നിമിഷം വീണ്ടും മഴ വരുന്നു. ജയകൃഷ്ണൻ അത് ശ്രദ്ധിക്കുന്നതായി പത്മരാജൻ നമുക്ക് കാണിച്ചു തരുന്നു. വിവേകശാലിയായ പ്രേക്ഷകൻ അത് ഫാന്റസി ആയി കണ്ടാൽ തെറ്റല്ല. 'തൂവാനത്തുമ്പികളി'ൽ മഴയുടെ പശ്ചാത്തലത്തിൽ ക്ലാര പ്രത്യക്ഷപ്പെടുന്നത് മുഴുവൻ ഫാന്റസിയായി ചിന്തിച്ചു നോക്കൂ... ആ ചിത്രം ഒരു പ്രത്യേക തലത്തിലേക്ക് ഉയരുന്നതായി അനുഭവപ്പെടും. അപ്പോൾ പത്മരാജൻ എന്ന സാഹിത്യകാരന്റെ മുകളിൽ ചലച്ചിത്രകാരൻ ആധിപത്യം സ്ഥാപിക്കുന്നത് നമുക്ക് കാണാം.
പ്രണയത്തിന്റെ അനുഭൂതി പകരാൻ മഴയെ കൂട്ടുപിടിച്ച പത്മരാജൻ മഴയുടെ അസാന്നിധ്യത്തിൽ ഫാന്റസി വിട്ട് യാഥാർഥ്യത്തിലേക്ക് തിരിച്ചു വരുന്നതും നമുക്ക് കാണാം. ജീവിക്കാൻ മോശം വഴി തിരഞ്ഞെടുത്ത ക്ലാര അതീവ ബുദ്ധിശാലിയാണെന്നും അവളുടെ സംഭാഷണങ്ങളിലൂടെ പത്മരാജൻ നമുക്ക് പറഞ്ഞുതരുന്നു. ജയകൃഷ്ണൻ പറഞ്ഞതെല്ലാം കള്ളമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ക്ലാര തന്റെ എല്ലാ കാര്യവും നേരായി തന്നെ പറഞ്ഞത്. അത് അവൾ അവന്റെ മുഖത്തു നോക്കി പറയുകയും ചെയ്തു.
തടികോൺട്രാക്ടർ പുന്നൂസ് മുതലാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതും മദർ സുപ്പീരിയർ എന്ന പേരിൽ കള്ളക്കത്തെഴുതിയതും താനാണെന്ന് ജയകൃഷ്ണൻ ഏറ്റുപറയുമ്പോൾ ആ കൂർമബുദ്ധിക്കാരി ഉള്ളിൽ ചിരിക്കുകയായിരുന്നു.
പക്ഷേ 'ഞാൻ... ഞാൻ...ക്ലാരയെ മാരി ചെയ്യട്ടെ...' എന്ന ജയകൃഷ്ണന്റെ ചോദ്യത്തിന്, 'കുറേക്കൂടി സമ്പന്നനായ ഒരാളെ കിട്ടുമോ എന്ന് നോക്കട്ടെ' എന്ന് തമാശരൂപത്തിൽ മറുപടി പറഞ്ഞ ക്ലാര അടുത്ത ദിവസം അപ്രത്യക്ഷയാകുകയാണ്. ആദ്യം ബന്ധപ്പെട്ട പെൺകുട്ടിയെത്തന്നെ ഭാര്യയാക്കണമെന്ന ജയകൃഷ്ണന്റെ വാശിയൊന്നും അവളെ സ്പർശിക്കുന്നതേയില്ല. അവളെ തൊട്ട ആദ്യപുരുഷൻ ജയകൃഷ്ണൻ ആയിട്ട് പോലും...
ഇവിടെ, പത്മരാജൻ ഫാന്റസി വിട്ട് പ്രായോഗികമതിയും കുശാഗ്രബുദ്ധിയുള്ളവളുമായ ഒരു വനിതയുടെ തലത്തിലേക്ക് ക്ലാരയെ ഉയർത്തുകയാണ്. 'വേശ്യാവൃത്തി സ്വീകരിക്കാൻ മനസ്സുകൊണ്ട് തീരുമാനിച്ചാണ് നീ എന്റെ അടുത്ത് വന്നത്' എന്ന് ഭാവിയിൽ ഭർത്താവിന്, തന്നെ ആക്ഷേപിക്കാൻ അവസരം കൊടുക്കരുതെന്ന ഒരു ചിന്തയും അവളിൽ ഉണ്ടാകും. ഇപ്പോഴത്തെ സ്ത്രീപക്ഷവാദികളുടെ ഒരു തീപ്പൊരി പത്മരാജൻ അന്നേ ക്ലാരയ്ക്ക് നല്കിയോ എന്നും സംശയിക്കാം. പക്ഷേ തനിക്ക് ഇഷ്ടം തോന്നിയ ആദ്യപുരുഷൻ ജയകൃഷ്ണൻ ആണെന്ന് തുറന്നുപറയാനും അവൾക്ക് മടിയില്ല.
പിന്നീട് കാലം തെറ്റി വന്ന്, തകർന്നു പെയ്യുന്ന ഒരു മഴയിൽ കുതിർന്ന് ക്ലാര വരുന്ന വിവരത്തിന്റെ ടെലിഗ്രാമുമായി പോസ്റ്റുമാൻ ജയകൃഷ്ണനെ തേടിവരുന്നു. അതേ.. ക്ലാര മടങ്ങി വരുന്നു.. ജയകൃഷ്ണന്റെ മനസ്സിന്റെ കല്പന തന്നെയല്ലേ അത്? പുലർച്ചെ 3.30ന് എത്തുന്ന തീവണ്ടിയിൽ അവൾ വന്ന് ഇറങ്ങുന്നു. ആ സമയത്ത് ടൗണിലൂടെ നടക്കാൻ അവൾ ജയകൃഷ്ണനെ പ്രേരിപ്പിക്കുന്നു. അസ്വാഭാവികത തോന്നിയാൽ ഫാന്റസിയിൽ ചോദ്യമില്ല എന്ന് ഉത്തരം.
നീണ്ട് പരന്ന വിശാലമായ ഭൂപ്രകൃതിയിൽ ഒറ്റപ്പെട്ടവരെപ്പോലെ ജയകൃഷ്ണനും ക്ലാരയും. കുന്നിൻ ചെരുവിൽ ഭ്രാന്തന്റെ നിലവിളി. ഭ്രാന്തന്റെ കാലിലെ മുറിവിൽ ചങ്ങല ഉരയുമ്പോഴുള്ള വേദനയിലാണ് നിലവിളി എന്ന് ജയകൃഷ്ണൻ. ആ മുറിവാകാൻ താൻ കൊതിക്കുന്നുവെന്ന് ക്ലാര. ചങ്ങലയിലെ ഒരു കണ്ണി മാത്രം വേദനിപ്പിക്കുന്ന മുറിവ്. അതിനുമുമ്പ് അവൾ പറയുന്നു, അവൾക്കു ചുറ്റും ചുവരുകളാണ്. ചുവരുകൾക്കുള്ളിൽ നിന്ന് പുറത്ത് കടന്ന് ഭൂമിയുടെ വിശാലതയിൽ നടക്കാൻ അവൾ ആഗ്രഹിക്കുന്നു. ജയകൃഷ്ണനു മാത്രമേ അവളെ മനസ്സിലാക്കാൻ കഴിയുന്നുള്ളൂ.
ക്ലാര പറയുന്നു: 'രാധ മണ്ണാറത്തൊടിയിൽ വരുന്നതുവരെ മാത്രമേ ജയകൃഷ്ണന് ക്ലാരയെ കാണാൻ കിട്ടൂ.' അവിടെ ഫാന്റസി അവസാനിക്കുന്നു. അതൊന്നു കൂടി ഉറപ്പിക്കാൻ പത്മരാജൻ ജയകൃഷ്ണനെ കൊണ്ട് പറയിപ്പിക്കുന്നു: 'ഞാൻ ശ്രദ്ധിച്ചു.. അദ്ഭുതം.. ഇപ്പോൾ മഴയില്ല!'
പിന്നെ ജയകൃഷ്ണൻ യാഥാർഥ്യത്തിന്റെ ലോകത്താണ്. രാത്രിയിൽ വരുന്ന ഒരു ഫോൺ കോളിലൂടെ ക്ലാര വീണ്ടും വരുന്നു. പക്ഷേ മഴയില്ല...
ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായി, അയാളുടെ കുഞ്ഞിന്റെ അമ്മയായി, ഒരു വീട്ടമ്മയായി ജയകൃഷ്ണന്റെ മുന്നിലേക്ക് വന്നിറങ്ങുന്ന ക്ലാര, ജീവിതയാഥാർഥ്യത്തിന്റെ നേരെ പത്മരാജൻ പിടിച്ച കണ്ണാടിയിൽ പ്രതിബിംബിക്കുന്നത് നമുക്ക് കാണാം. സ്വപ്നലോകത്തുനിന്ന് ഉണർന്ന ജയകൃഷ്ണൻ, ഒരിക്കലും പിടികിട്ടാത്ത ആ സ്ത്രീമനസ്സിന് കൈവീശി യാത്രാ മംഗളം നേരുന്നു. യാത്ര തുടരുന്നു...'ആ സ്വൈര്യക്കേട് പോയല്ലോ.. ഇനി നമുക്ക് നമ്മുടെ ജീവിതയാത്ര തുടങ്ങാം...' എന്ന ഭാവത്തോടെ ആ രംഗം കണ്ടു നിന്ന രാധ ജയകൃഷ്ണനെ സമീപിക്കുമ്പോൾ പത്മരാജൻ ഉയരെ നിന്നുകൊണ്ടാണ് ആ ഒത്തുചേരൽ കാണുന്നത്.
ചാറ്റ് ജിപിടിയും എഐയും ഒക്കെയുണ്ടെങ്കിലും ഒരിക്കലും പിടികിട്ടാത്തതും മനസ്സിലാക്കാൻ കഴിയാത്തതുമായ ഒന്നാണ് സ്ത്രീമനസ്സ്. സാഹിത്യകാരന്മാരും തത്വചിന്തകരും ഇതിഹാസകവികളും പണ്ടേ പറഞ്ഞിട്ടുള്ളതാണ് അത്. പുതിയ കാര്യമല്ല. പക്ഷേ, പത്മരാജൻ എന്ന ജീനിയസ്, ഫാന്റസിയാണോ യാഥാർഥ്യമാണോ എന്ന് നിങ്ങൾ തീരുമാനിച്ചോളൂ എന്ന് പറയാതെ പറഞ്ഞുകൊണ്ട് ക്ലാരയെ നമുക്കു മുന്നിലേക്ക് ഇട്ടുതന്നിരിക്കുന്നു. നാലു പതിറ്റാണ്ട് മുമ്പ് പത്മരാജൻ സൃഷ്ടിച്ച ക്ലാരയെ ഇന്നത്തെ യുവതലമുറയും ചർച്ചചെയ്യുന്നു. മഴ കാഴ്ചക്കാരനെ കുളിരണിയിച്ചുകൊണ്ട് ഇന്നും പെയ്യുന്നു... തോരാതെ..
പത്മരാജൻ നമുക്കു തന്നിട്ട് പോയ അനേകം കഥകളും കഥാപാത്രങ്ങളും പല രൂപത്തിൽ കടലാസുകളിൽ ഉറങ്ങുന്നുണ്ട്. എന്തുകൊണ്ട് ആ കഥകളൊന്നും പിന്നീട് സിനിമയായില്ല? ആ കഥകൾ അതിന്റെ ആഴത്തിലും അർഥത്തിലും ഉൾക്കൊണ്ട് സ്ക്രീനിലെത്തിക്കാൻ കഴിവുള്ള സംവിധായകർ നമുക്കുണ്ട്. തിരക്കഥാകൃത്തുക്കളുണ്ട്.. ഇന്നും യുവാക്കളുടെ ഹരമാണ് പത്മരാജന്റെ രചനകൾ. ആ കഥകളുടെ ഖനിയിൽ മുങ്ങിത്തപ്പിയാൽ കരുത്തുള്ള കഥയും കഥാപാത്രങ്ങളും നിറഞ്ഞ കുറെ നല്ല സിനിമകൾ മലയാളത്തിന് ലഭിക്കും.
കാരണം ആ ജീനിയസ് കഥകൾ കണ്ടെത്തിയത് ജീവിതത്തിൽ നിന്നാണ്. കാലത്തിന് അതീതമായി ജീവിക്കുന്ന കഥാപാത്രങ്ങളായി അവയെ മാറ്റിയത് പത്മരാജന്റെ മാജിക്; മേമ്പൊടിക്ക് ഫാന്റസിയും. ജയകൃഷ്ണന്റെ ജീവിക്കുന്ന മാതൃക തന്നെയാണ് അതിനുദാഹരണം...