മതിമാരൻ പുകഴേന്തി 'മണ്ടാടി'യിലെ നായകൻ സൂരിക്കും സുഹാസിനുമൊപ്പം ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Padam Feed

സുഹാസിനോടുള്ള 'വർണവിവേചനം': പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് 'മണ്ടാടി' സംവിധായകൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തൊലിയുടെ നിറത്തിന്റെ പേരിൽ നടൻ സുഹാസിന് തെലുങ്കിൽ വിവേചനം നേരിടേണ്ടിവന്നുവെന്ന വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ‘മണ്ടാടി‘ സംവിധായകൻ മതിമാരൻ പുകഴേന്തി. തെലുങ്ക് പ്രേക്ഷകരെയോ സിനിമയെയോ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശമെന്നും ഒരു വ്യക്തിയെക്കുറിച്ചായിരുന്നുവെന്നും വിശദീകരിച്ച അദ്ദേഹം തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

മതിമാരൻ പുകഴേന്തിയുടെ കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ നടന്ന ‘മണ്ടാടി’ വിജയാഘോഷ ചടങ്ങിൽ ഞാൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സുഹാസിനെക്കുറിച്ചും ചർമനിറത്തിന്റെ പേരിൽ അദ്ദേഹം നേരിട്ട വംശീയ പരാമർശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ, ഒരു വ്യക്തിയെക്കുറിച്ചും ആ വ്യക്തി സുഹാസിനെതിരെ നടത്തിയ പരാമർശങ്ങളെക്കുറിച്ചും മാത്രമാണ് ഞാൻ സംസാരിച്ചത്. എന്റെ വാക്കുകൾ ഒരിക്കലും തെലുങ്ക് ജനതയെയോ തെലുങ്ക് പ്രേക്ഷകരെയോ തെലുങ്ക് സിനിമയെയോ മൊത്തത്തിൽ ഉദ്ദേശിച്ചുള്ളതായിരുന്നില്ല.

'മണ്ടാടി' ഷൂട്ടിങ്ങിനിടെ സുഹാസും മതിമാരൻ പുകഴേന്തിയും

വാസ്തവത്തിൽ, ഹൈദരാബാദിൽ നടന്ന ഞങ്ങളുടെ പ്രീ-റിലീസ് ചടങ്ങിൽ തെലുങ്ക് സിനിമാ വ്യവസായമാണ് ഇന്ന് രാജ്യത്ത് മുന്നിൽ നിൽക്കുന്നതെന്ന് ഞാൻ തുറന്നുപറഞ്ഞിരുന്നു. ഈ സിനിമാ വ്യവസായത്തോടും അതിന്റെ പ്രേക്ഷകരോടും എനിക്ക് വലിയ ബഹുമാനമാണുള്ളത്. എന്നോടും ‘മണ്ടാടി’യോടും ഇത്രയധികം സ്നേഹം നൽകിയ ആളുകൾക്കെതിരെ മനഃപൂർവം എന്തെങ്കിലും പറയാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കില്ല.

എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ആത്മാർഥമായി ഖേദിക്കുന്നു. തെലുങ്ക് സിനിമയോടും തെലുങ്ക് പ്രേക്ഷകരോടുമുള്ള എന്റെ ബഹുമാനവും സ്നേഹവും അതേപടി തുടരുന്നു. ഞാൻ സുഹാസിനെ പിന്തുണച്ചുകൊണ്ടാണ് സംസാരിച്ചത്. ഒരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് ഞാൻ പരാമർശിച്ചത്-ഒരു സമൂഹത്തെ മുഴുവൻ ഉദ്ദേശിച്ചല്ല.