

തൊലിയുടെ നിറത്തിന്റെ പേരിലുള്ള ഒരു വിവാദം കത്തിപ്പടരുകയാണ് ടോളിവുഡിൽ. തെലുങ്ക് സിനിമാലോകം ഇതിലെ നായകന്റെയും വില്ലന്റെയും സ്ഥാനത്ത് നിർത്തുന്നത് നടൻ സുഹാസിനെ. ‘മണ്ടാടി‘ എന്ന സിനിമയിൽ സൂരിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ കൈയടി നേടിയ സുഹാസിന്റെ ഇമേജിനുമേൽ കരിനിഴൽ വീഴ്ത്തുന്നതായി പുതിയ വിവാദം.
ഇതിന്റെ തുടക്കം ‘മണ്ടാടി‘ സംവിധായകൻ മതിമാരൻ പുകഴേന്തിയുടെ ഒരു പരാമർശത്തിൽ നിന്നാണ്. തെലുങ്ക് സിനിമാരംഗത്ത് തൊലിയുടെ നിറത്തിന്റെ പേരിൽ സുഹാസ് വിവേചനം നേരിട്ടിരുന്നുവെന്നും, കറുത്ത നിറമുള്ള താരങ്ങളെ തമിഴ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നതിനാൽ ‘മണ്ടാടി’യിലെ സുഹാസിന്റെ കഥാപാത്രത്തെ അവർ ഏറെ സ്വീകരിച്ചെന്നുമായിരുന്നു ചിത്രത്തിന്റെ വിജയാഘോഷച്ചടങ്ങിൽ തമിഴ് സംവിധായകന്റെ പരാമർശം. എന്നാൽ ഈ പ്രസ്താവന പലർക്കും അത്ര സ്വീകാര്യമായില്ല.
മതിമാരൻ പുകഴേന്തിയുടെ വിവാദപരാമർശത്തെ തള്ളിപ്പറഞ്ഞില്ല എന്ന് കുറ്റപ്പെടുത്തിയാണ് ടോളിവുഡും തെലുങ്ക് സിനിമാമാധ്യമങ്ങളും സുഹാസിനെതിരേ തിരിഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ മൗനം മതിമാരൻ പുകഴേന്തി പറഞ്ഞത് സത്യമാണെന്ന ധാരണയുണ്ടാക്കുമെന്നാണ് വിമർശനം. ഇവിടെ സുഹാസ് കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ടോളിവുഡ് മാധ്യമങ്ങൾ പറയുന്നു.
രൂപത്തിന്റെ പേരിൽ അവസരങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന നടനല്ല സുഹാസ് എന്നും അവർ പറയുന്നു. ‘കളർ ഫോട്ടോ’ മുതൽ ‘റൈറ്റർ പത്മഭൂഷൺ’ വരെയും മറ്റ് ചിത്രങ്ങളിലൂടെയും തന്റെ പ്രകടനങ്ങളിലൂടെ അദ്ദേഹം സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. ചില ചിത്രങ്ങൾ വിജയിച്ചില്ലായിരിക്കാം. എന്നാൽ അത് ഓരോ നടന്റെയും കരിയറിന്റെ ഭാഗമാണ്. തിയേറ്ററുകളിൽ പരിചിതമുഖമാകുന്നതിന് വളരെ മുമ്പുതന്നെ ഓൺലൈനിലും സുഹാസ് ശ്രദ്ധ നേടിയിരുന്നു.
സുഹാസിന്റെ വിജയത്തെ വിശദീകരിക്കാൻ തെലുങ്ക്–തമിഴ് താരതമ്യം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് വിമർശകരുടെ പക്ഷം. ഓരോ സിനിമാ വ്യവസായത്തിനും അതിന്റേതായ മുൻഗണനകളും പരിമിതികളുമുണ്ടാകാം. എന്നാൽ ഒടുവിൽ പ്രേക്ഷകരുമായി ഒരു കഥാപാത്രമോ സിനിമയോ എത്രത്തോളം ബന്ധപ്പെടുന്നു എന്നതാണ് പ്രധാനമാകുന്നത്. ‘മണ്ടാടി’ക്ക് ലഭിച്ച പ്രതികരണം തന്നെ അതിന് ഉദാഹരണമാണ്. പ്രേക്ഷകർക്ക് കാണാൻ ആഗ്രഹിച്ച തരത്തിലുള്ള ഉള്ളടക്കം സിനിമ നൽകിയതുകൊണ്ടാണ് തെലുങ്ക് പ്രേക്ഷകർ ‘മണ്ടാടി’യെ പിന്തുണച്ചത്. അതിൽ സുഹാസിന്റെ പ്രകടനവും ചിത്രത്തിന് മൂല്യം കൂട്ടി.
തന്റെ കഠിനാധ്വാനത്തിലൂടെയാണ് സുഹാസ് ഇന്ന് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തതെന്നും നിറത്തിന്റെ പേരിലുള്ള വിവാദത്തിൽ അദ്ദേഹത്തെ എതിർക്കുന്നവർ തന്നെ പറയുന്നു. ഒരു പ്രേക്ഷകവിഭാഗം നിറത്തിന്റെ പേരിൽ തന്നെ നിരസിച്ചെന്നും മറ്റൊരു വിഭാഗം അതേ കാരണത്താൽ സ്വീകരിച്ചെന്നുമുള്ള ആഖ്യാനം അദ്ദേഹത്തിന് ആവശ്യമില്ല-അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ സുഹാസിന്റെ മൗനമാണ് അവരെ കുപിതരാക്കുന്നത്.
'സുഹാസ്, ഇത് ശരിയായ വഴിയല്ല. കരിയറിന്റെ ഈ ഘട്ടത്തിൽ, ഇവിടെ എത്തിച്ചേർത്ത കഴിവിനും തിരഞ്ഞെടുത്ത കഥാപാത്രങ്ങൾക്കും സിനിമകൾക്കും തന്നെയാണ് അദ്ദേഹം ആഘോഷിക്കപ്പെടേണ്ടത്. നിറത്തെ കേന്ദ്രീകരിച്ചുള്ള ഒരു വിവാദത്തിന്റെ ഭാഗമാക്കപ്പെടുകയല്ല വേണ്ടത്'-മാധ്യമങ്ങളിലൂടെ ഉയരുന്ന മുറവിളി ഇതാണ്.
സാധാരണ നായക ഇമേജിനെ ആശ്രയിച്ചല്ല സുഹാസ് തന്റെ കരിയർ കെട്ടിപ്പടുത്തത്. തിരഞ്ഞെടുത്ത കഥാപാത്രങ്ങളും പിന്തുണച്ച ഉള്ളടക്കവുമാണ് പ്രധാനമായും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. അതുകൊണ്ടുതന്നെയാണ് ‘മണ്ടാടി’യുടെ വിജയാഘോഷ ചടങ്ങിൽ സംവിധായകൻ മതിമാരൻ പുകഴേന്തി നടത്തിയ പരാമർശങ്ങൾ ടോളിവുഡിൽ ചർച്ചയായിരിക്കുന്നതും.