'വൈറ്റ് ബാലൻസ് ' സിനിമയാക്കണം എന്നതായിരുന്നു അവസാന കാലങ്ങളിൽ മോഹനേട്ടന്റെ ആഗ്രഹം. നായകനായി പൃഥ്വിരാജ് ആയിരുന്നു മനസ്സിൽ. കൈരളി ചാനലിന്റെ ഡയറക്ടർ ആയിരുന്ന കാലത്തെ അറിവിൽ നിന്നും, അനുഭവത്തിൽ നിന്നുമാകണം അങ്ങനെ ഒന്ന് എഴുതപ്പെട്ടത്. ഒരു ഐഎഫ്എഫ്കെ കാലത്ത് ആ സ്ക്രിപ്റ്റ് മോഹനേട്ടൻ എനിക്ക് വായിക്കാൻ തന്നിരുന്നു.
രാജുവിലേക്ക് അത് എത്തിയിരുന്നോ എന്ന് പോലും എനിക്കറിയില്ല. മോഹനേട്ടന്റെ മനസ്സിന്റെ സ്‌ക്രീനിൽ മാത്രം ഓടിയ ആ ചിത്രം, എന്തുകൊണ്ടൊക്കെയോ യാഥാർത്ഥ്യമായില്ല. അത് സംഭവിച്ചിരുന്നെങ്കിൽ, മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായി മാറിയേനെ!
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ മോഹനേട്ടന്റെ ആദ്യ സിനിമ മാടമ്പിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ 'അശ്വത്ഥാമാവ്' ആയിരുന്നു.
സി വി ശ്രീരാമന്റെ 'ഇരിക്കപിണ്ടം' എന്ന കഥയിൽ നിന്നാണ് 'പുരുഷാർത്ഥം' എന്ന സിനിമ ഉണ്ടാകുന്നത്.
അവസാനം ഇറങ്ങിയ 'സ്വരൂപം' എന്ന സിനിമയിൽ ശ്രീനിവാസനും സന്ധ്യ രാജേന്ദ്രനുമായിരുന്നു അഭിനയിച്ചിരുന്നത്.
"സ്വരൂപത്തിൽ നിന്നും കടം കൊണ്ടല്ലേ 'ചിന്താവിഷ്ടയായ ശ്യാമള ' ഉണ്ടാക്കിയിരിക്കുന്നത്? നിങ്ങൾക്ക് വിവാദം ഉണ്ടാക്കികൂടെ?" എന്ന പലരുടെയും ചോദ്യങ്ങൾ ചിരിച്ച് അവഗണിക്കുകയായിരുന്നു ആ മനുഷ്യൻ.
'സ്വരൂപ'ത്തിന് ഒരു കൊമേഷ്യൽ വാല്യൂ ഉണ്ടെന്ന് ശ്രീനിയേട്ടൻ അന്നേ കണ്ടെത്തിയതായിരിക്കണം. എന്തൊക്കെയായാലും, ഏറെ ആളുകളിലേക്ക് ആ ചിത്രം എത്തിയതിൽ ഉള്ളിൽ സന്തോഷം ഉണ്ടായിരുന്നു മോഹനേട്ടന്.
സിനിമകൾ മാത്രമല്ല, മോഹനേട്ടൻ ഒരുപാട് ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. സഖാവ് നായനാരുടെ ഒളിവിലെ ഓർമകളെ കുറിച്ച് തയ്യാറാക്കിയ ഒരു ഡോക്യുഫിക്ഷനുണ്ട്. അന്നത് ഏഷ്യാനെറ്റിലാണ് വന്നത്. പ്രിയനന്ദനായിരുന്നു അതിൽ മോഹനേട്ടന്റെ അസോസിയേറ്റായി വർക്ക് ചെയ്തത്.
1999 കാലഘട്ടമാണ്. അലച്ചിലിന്റെ കാലം. നടനാകാൻ 'നടക്കലി'ന്റെ മോഡ് മാറ്റി ഓട്ടം തുടങ്ങിയിരുന്നു ഞാനപ്പോഴേക്കും. ഒരുദിവസം പ്രിയന്റെ വിളി വന്നു. "നിനക്ക് നായനാരുടെ ഛായയുണ്ട്."
"അങ്ങനെ ഒന്നുണ്ടോ?" എന്നായി ഞാൻ
"പൂർണമായും ഇല്ല. എന്നാലും എവിടെയോ ഉണ്ട്. പക്ഷേ ഞാനത് മുഴുവനാക്കി."
"തെളിച്ചു പറ പ്രിയാ?"
"കെ ആർ മോഹനേട്ടൻ, നായനാരുടെ കഥ ഏഷ്യാനെറ്റിനു വേണ്ടി ചെയ്യുന്നു. നീയാണ് അതിൽ നായനാർ."
"അതെങ്ങനെ?"
"നിന്റെ രൂപം ഞാൻ നായനാരിലേക്ക് മാറ്റി"
"നായനാരുടെ രൂപം എന്നിലേക്കല്ലേ? കൺഫ്യൂഷൻ ആക്കല്ലേ".
"നിന്നെ ഞാൻ കാസ്റ്റ് ചെയ്തു. മോഹനേട്ടൻ ഓക്കേ പറഞ്ഞു."
അങ്ങനെയാണ് ഞാൻ നായനാർ ആയത്!
കണ്ണൂരും കരിവള്ളൂരുമൊക്കെ ഞാനാദ്യമായി കാണുന്നത്, കോഴിക്കോടിന് അപ്പുറത്തേക്ക് ആദ്യമായി യാത്ര ചെയ്യുന്നത്... അതൊക്കെ ആ ഡോക്യുഫിക്ഷനിൽ അഭിനയിക്കാൻ പോയപ്പോഴാണ് സംഭവിച്ചത്.
ഏഷ്യാനെറ്റിന്റെ ലൈബ്രറികളിൽ എവിടെയെങ്കിലും അതിപ്പോഴും ഉണ്ടോ എന്നെനിക്കറിയില്ല. ചിലപ്പോൾ ചരിത്രത്തിലെവിടെയും ഇടം പിടിക്കാതെ മാഞ്ഞു പോയിട്ടുണ്ടാവണം, അന്ന് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇല്ലല്ലോ.
എന്റെ ഓർമകളിലും ആ ഡോക്യുഫിക്ഷനെ കുറിച്ചുള്ള ഓർമകൾ മങ്ങിത്തുടങ്ങിയിരുന്നു,
അപ്പോഴാണ് ഞാൻ ആ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്.
ജീത്തു ജോസഫിന്റെ പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ്റെ' ലൊക്കേഷനിൽ ഓടി നടന്ന് ജോലി ചെയ്യുന്ന സ്മാർട്ടായൊരു ചെറുപ്പക്കാരൻ. ജീത്തുവിന്റെ മുൻപടങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഞാനാദ്യമായി കാണുകയാണ് അവനെ.
"എന്താ പേര്?" ഞാനവനെ പരിചയപ്പെട്ടു.
"ഗൗതം"
" വീട് എവിടെയാ? "
"തിരുവനന്തപുരത്ത്...."
ഒന്നു നിർത്തി ഗൗതം കൂട്ടിച്ചേർത്തു, "എന്റെ അച്ഛന്റെ വീട് കണ്ണൂരാണ് ട്ടോ."
"ആണോ...കണ്ണൂർ ഏടെ?" എന്നു ഞാൻ ചോദിച്ചെങ്കിലും കണ്ണൂരു ഭാഷ അവന് കത്തിയില്ലെന്നു തോന്നുന്നു. "എന്താ?" അവൻ സംശയത്തോടെ തിരക്കി.
"കണ്ണൂരിൽ എവിടെയാണെന്ന് ചോദിച്ചതാ"
"കല്യാശ്ശേരിയിലാ..."
"അത് ശരി. നായനാരുടെ നാട്ടുകാരനാണല്ലേ?"
"എന്റെ മുത്തശ്ശനാണ് നായനാർ."
"അപ്പോ കൃഷ്ണകുമാറിന്റെ?"
"കൃഷ്ണകുമാറിന്റെ മകനാണ്."
"നിന്റെ അച്ഛനെ എനിക്കറിയാം. നിന്റെ മുത്തശ്ശനായി ഞാൻ അഭിനയിച്ചിട്ടുമുണ്ട്!"
'അതെപ്പോൾ?' എന്ന ആശ്ചര്യത്തോടെ അവനെന്നെ നോക്കി.
"നീയത് കണ്ടു കാണില്ല, നീയന്ന് ജനിച്ചിട്ടുണ്ടോ എന്നുമറിയില്ല," സ്നേഹത്തോടെ അവനെ ചേർത്തുപിടിച്ച് ഞാനൊരു ഫോട്ടോയെടുത്തു. ആ ഫോട്ടോയാണിത്.
ഓരോന്നും അതായി തീരാൻ അതിന്റേതായ കാരണങ്ങളുണ്ടെന്ന് പ്രിയനെപ്പോഴും പറയാറുണ്ട്. സത്യമാണത്! പ്രിയനു തോന്നിയൊരു തോന്നലിൽ നിന്നായിരുന്നു എന്റെയാ നായനാർ വേഷം പിറന്നത്.
ഒറ്റ വാക്കിൽ നിന്നോ ഒരു കാഴ്ചയിൽ നിന്നോ ആകണം നമ്മൾ ഒരു കാലത്തിലേക്ക് പിറകെ നടക്കുന്നത്. എന്റെ ഓർമകളെ പോയകാലത്തേക്ക് കൂട്ടികൊണ്ടുപോയതിന്, ഈ പോസ്റ്റിന്.... ഞാൻ ഗൗതമിനോട് കടപ്പെട്ടിരിക്കുന്നു.
(ഇർഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്)