'അഞ്ചപ്പമല്ല,അഞ്ചപ്പാർ; അയ്യായിരം പേർക്കല്ല... ശൈലന് മാത്രം..'

ഇർഷാദ്
ഇർഷാദ് ഫോട്ടോ-അറേഞ്ച്ഡ്
Published on

ഒട്ടും ഭക്ഷണപ്രിയനല്ല ഞാൻ. വിശക്കുമ്പോൾ എന്തെങ്കിലും കഴിക്കണം, അത്രയേ ഉള്ളൂ. കുറേ നാളായില്ലേ, പൊറോട്ടയും ബീഫും കഴിച്ചിട്ട്, അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്പെഷൽ കഴിച്ചിട്ട്? അത്തരം ചിന്തകളൊന്നും ഉള്ളിൽ നിന്നും വരാറേയില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം തൃശ്ശൂരിൽ നിന്ന് വണ്ടിയെടുത്ത് തിരുവനന്തപുരത്തും കടലുണ്ടിയുമൊക്കെ പോവുന്ന, എന്തിന് കൊച്ചിയിൽ വന്ന് ബർഗർ കഴിച്ച് തിരിച്ചുപോകുന്ന ഹാറൂണിനെ പോലെയുള്ള ചങ്ങാതിമാരുണ്ട് എനിക്ക്. ഫുഡിനു വേണ്ടി അത്രയും ദൂരം യാത്ര ചെയ്യുക! എന്തോ എനിക്ക് ഇന്നും മനസ്സിലാകാത്ത ഒന്നാണത്!

ശരീരപ്രകൃതി കണ്ട് ഇയാൾ ഭീകര 'ഫുഡി' ആണല്ലോ എന്ന് മറ്റുള്ളവർക്ക് തോന്നിയാൽ അതിൽ തെറ്റ് പറയാനാവില്ല. പാരമ്പര്യമായി കിട്ടിയതാണ് ഈ തടി. ഉപ്പയും മൂത്താപ്പമാരും കുഞ്ഞിപ്പമാരുമെല്ലാം നല്ല തടിയന്മാർ ആയിരുന്നു.

പണ്ട് തത്തയുമായി വീടുകൾ തോറും കയറിയിറങ്ങിയിരുന്ന കുറത്തിക്ക് പത്തു രൂപ കൊടുത്ത് ഉമ്മ എന്റെ കൈ നോക്കിച്ച ആ ദിവസം ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഓർക്കാനാവില്ല. തത്തയെടുത്ത ചീട്ട് നോക്കി കുറത്തി പറഞ്ഞ ആദ്യം വാചകം കേട്ട് ഉമ്മ പൊട്ടിചിരിച്ചു... വല്ലപ്പോഴും മാത്രം വരുന്ന പൊട്ടിച്ചിരി...

'കുറ്റം പറയാതെ ഭക്ഷണം കഴിക്കാറില്ലല്ലോ '!

ബിസ്മി ചൊല്ലി കഴിക്കുന്നതിനു പകരം കുറ്റം കണ്ടുപിടിച്ച് കഴിക്കുന്നവനെന്ന ചീത്തപ്പേര് എനിക്കുണ്ടായിരുന്നു.

ഇപ്പോഴും എല്ലാവരും കൂടുന്ന ദിവസങ്ങളിൽ, തീൻമേശയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനു മുൻപായി ചേച്ചിമാർ എന്നെ രഹസ്യമായി അടുക്കളയിലേക്ക് വിളിക്കും. 'ഒന്ന് നോക്കിയേ, എന്തെങ്കിലും കുഴപ്പം ഉണ്ടോന്ന്.'

ഇർഷാദ്
ഇർഷാദ് ഫോട്ടോ-അറേഞ്ച്ഡ്

എന്റെ കൂടെ യാത്ര ചെയ്യുന്നവരുടെ കാര്യമാണ് അതിലും കഷ്ടം. ഡെസ്റ്റിനേഷൻ റ്റു ഡെസ്റ്റിനേഷൻ- അതാണ് എന്റെ രീതി. വഴിയിൽ ഒരു ചായ കുടിക്കണമെങ്കിൽ എന്നെ അത്രയ്ക്ക് നിർബന്ധിക്കുകയോ അല്ലെങ്കിൽ എനിക്ക് മൂത്രശങ്ക ഉണ്ടാവുകയോ ചെയ്യണം. അല്ലാതെയൊരു സ്റ്റോപ്പില്ല!

ഒട്ടും ഭക്ഷണപ്രിയനല്ലാത്ത ഞാനും അഞ്ചപ്പാർ ബിരിയാണിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ?

അടുത്തിടെ ചെന്നൈയിൽ പോയപ്പോൾ എടുത്തതാണ് ഈ ഫോട്ടോ. കൊച്ചിയിലെ തോരാമഴയിൽ നിന്നും ചെന്നൈയിലെ കൊടുംചൂടിലേക്കാണ് അന്ന് പറന്നിറങ്ങിയത്.

പൊരിവെയിലത്ത് കടലിലായിരുന്നു ഷൂട്ടിങ്.

കാശിമേട് ഹാർബറിൽ നിന്ന് ഫിഷിങ് ബോട്ട് തിരിക്കുമ്പോൾ തന്നെ സമയം ഉച്ചയോട് അടുത്തിരുന്നു. ആടി ഉലയുന്ന ബോട്ട്, കത്തിയെരിയുന്ന സൂര്യൻ... കടൽ ചൊരുക്ക് കാരണം വാളുവയ്ക്കുമോ എന്ന ഭയത്താൽ ചെറുനാരങ്ങ മണപ്പിച്ചു നിൽക്കുന്ന മനുഷ്യർ.

സമയം മൂന്നുമണിയായി കാണും. വിശപ്പും ദാഹവും അതിന്റെ പാരമ്യത്തിലാണ്. അപ്പോഴാണ്, മുന്നിലേക്ക് ലഞ്ച് ബോക്സ് എത്തിയത്.

ബോക്സ്‌ തുറക്കും മുൻപേ മുകളിലെഴുതിയ പേരിൽ കണ്ണുകൾ ഉടക്കി

'അഞ്ചപ്പാർ'.

അഞ്ചാപ്പാർ ബിരിയാണി പായ്ക്കറ്റ്
അഞ്ചാപ്പാർ ബിരിയാണി പായ്ക്കറ്റ്ഫോട്ടോ-ഇർഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ചത്

അഞ്ചപ്പാർ, ഈ പേര് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ!

പിന്നെയാണ് ഓർമ വന്നത്, ദുബായ് യാത്രയ്ക്കിടയിൽ പലപ്പോഴും അഞ്ചപ്പാർ ബിരിയാണിയെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഭക്ഷണത്തോട് വലിയ കൊതിയില്ലാത്തതു കാരണം ഞാനന്നത് ഗൗനിച്ചിരുന്നില്ല.

കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് ചെട്ടിനാടിന്റെ അറുപത് വർഷത്തെ പാരമ്പര്യരുചിയാണ് മുന്നിലെന്ന് മനസ്സിലായത്.

എം.ജി.ആറിന്റെ പേഴ്സണൽ കുക്കായ അഞ്ചപ്പാർ 1964ൽ ചെന്നൈയിൽ ആരംഭിച്ചതാണത്രേ അഞ്ചപ്പാർ ഹോട്ടൽസ്. ചെട്ടിനാടൻ വിഭവങ്ങളുടെ കലവറയാണ് അഞ്ചപ്പാർ ഇന്ന്. ലോകമെമ്പാടും അവർക്ക് ഹോട്ടലുകളുണ്ട്.

പിന്നെ ഒന്നും നോക്കിയില്ല, 'അഞ്ചപ്പാറിനെ' പടമാക്കി.

ഇർഷാദും ശൈലനും
ഇർഷാദും ശൈലനുംശൈലൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

'വിശന്ന് പണ്ടാരമടങ്ങിയിരിക്കുമ്പോഴാണോ ഈ ഫോട്ടോ എടുപ്പ് എന്ന് കൂടെയുള്ളവർക്ക് തോന്നിയിട്ടുണ്ടാവും, സ്വാഭാവികം.

ഫോട്ടോ എടുക്കുമ്പോൾ ഒറ്റ കുസൃതി മാത്രമേ മനസ്സിൽ തോന്നിയുള്ളൂ. ഇത് അയച്ചുകൊടുത്ത് ശൈലനെ കൊതിപ്പിക്കുക. ഒരുപക്ഷേ, ശൈലനത് നൂറു തവണയെങ്കിലും കഴിച്ചു കാണും. എന്നാലും, ഞാനത് കഴിക്കുകയാണല്ലോ എന്നോർക്കുമ്പോൾ അവന്റെ വായിൽ വെള്ളമൂറും!

അല്ലെങ്കിലും, 'ലക്ഷണമൊത്ത ഫുഡി'കൾക്ക് ഭക്ഷണം മാത്രമല്ല, ഭക്ഷണത്തെ കുറിച്ചുള്ള ഓർമ പോലും പ്രിയപ്പെട്ടതാവുമല്ലോ!

ശൈലനിരിക്കട്ടെ, മനസ്സും വയറും നിറയ്ക്കുന്ന ഒരു രുചിയോർമ!

(ഇർഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്)

Related Stories

No stories found.
Pappappa
pappappa.com