റോഷന്‍ മാത്യുവിനെ പ്രധാന കഥാപാത്രമാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത പോലീസ് പ്രൊസീജറല്‍ ത്രില്ലർ 'ഉയിര്‍' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് നാലിന് ചിത്രം ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ജൂണ്‍ 26-ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് ജീവിതത്തിലെ യഥാര്‍ഥസംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ധര്‍മടം പോലീസ് സ്റ്റേഷനില്‍ പ്രൊബേഷണറി സബ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുന്ന അജീബ് റഹ്‌മാന്‍ (റോഷന്‍ മാത്യു) എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഒരു കിണറ്റില്‍ കാണപ്പെടുന്ന ജീര്‍ണിച്ച മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം, അതിലൂടെ പുറത്തുവരുന്ന അപ്രതീക്ഷിത സത്യങ്ങള്‍ എന്നിവയാണു ചിത്രത്തിന്റെ പ്രധാന പ്രമേയം.
കഥ- അന്‍ഷാദ്, തിരക്കഥ- ഷാജി മാറാട്, നിഖില്‍ കെ. മേനോന്‍, ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ്- രഞ്ജന്‍ എബ്രഹാം, സംഗീതം- മണികണ്ഠന്‍ അയ്യപ്പ, നിര്‍മാണം- സന്തോഷ് ത്രിവിക്രമന്‍.
ബൈജു സന്തോഷ്, വിനോദ് സാഗര്‍, ശ്രുതി മേനോന്‍, സയാമി ഖേര്‍, വിനീത് തട്ടില്‍, ദിവ്യ എം. നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, അതുല്യ ചന്ദ്ര, മഹേഷ് ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വൈകാരികമായ ക്ലൈമാക്‌സും കൊണ്ട് ശ്രദ്ധേയമായ ചിത്രമായാണ് 'ഉയിര്‍' വിലയിരുത്തപ്പെടുന്നത്.