അക്ഷയ്കുമാർ 'കോഫി വിത്ത് കരണി'ൽ, ട്വിങ്കിൾ ഖന്നയും അക്ഷയ്കുമാറും 
OTT News

'പ്രതിഫലമില്ലാതെയാണോ പോയത്?': 'കോഫി വിത്ത് കരണി'ൽ അക്ഷയ് കുമാറിനെ ട്രോളി ട്വിങ്കിൾ

പപ്പപ്പ ഡസ്‌ക്‌

നടന്‍ അക്ഷയ് കുമാറിനെ ട്രോളുകൊണ്ടു മൂടി ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്ന. ജിയോ ഹോട്സ്റ്റാറിലെ 'കോഫി വിത്ത് കരണ്‍ 9' വേദിയിലാണു സംഭവം. ഷോയിലെ ഗെയിമിനിടെ അക്ഷയ് കുമാര്‍ ട്വിങ്കിളിനെ ഫോണില്‍ വിളിച്ചപ്പോഴാണ് രസകരമായ സംഭാഷണങ്ങള്‍ക്കു തുടക്കമായത്.

താന്‍ 'കോഫി വിത്ത് കരണ്‍' സെറ്റിലാണെന്ന് അക്ഷയ് പറഞ്ഞതിനു പിന്നാലെ, പ്രതിഫലമില്ലാതെയാണോ ഷോയില്‍ പങ്കെടുക്കുന്നതെന്ന ട്വിങ്കിളിന്റെ ചോദ്യമാണ് സെറ്റില്‍ ചിരിപടര്‍ത്തിയത്. കരണ്‍ ജോഹറുമായി സംസാരിച്ചിരുന്നുവെന്നും റാപ്പിഡ് ഫയര്‍ റൗണ്ട് വിലയിരുത്താന്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ ട്വിങ്കിള്‍, അക്ഷയ് ഇന്നാണ് ഷോയില്‍ എത്തുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ കരണ്‍ ജോഹര്‍ ഇടപെട്ട് എന്തിനും പണം ചോദിക്കുന്ന ശീലത്തെക്കുറിച്ച് തമാശയായി പ്രതികരിച്ചു.

'കോഫി വിത്ത് കരണി'ൽ രവി കിരണിനൊപ്പം ചുവടുവയ്ക്കുന്ന അക്ഷയ്കുമാർ

വീട്ടിലെ അക്ഷയിന്റെ ചില ശീലങ്ങളെക്കുറിച്ചുള്ള ട്വിങ്കിളിന്റെ പരാതികളും എപ്പിസോഡില്‍ ശ്രദ്ധേയമായി. പുലര്‍ച്ചെ ആറിന് ഉറച്ചത്തില്‍ ഭജന പാടി തന്റെ ഉറക്കം കളയുമെന്നും, ബാത്ത്‌റൂമിന്റെ വാതില്‍ ശരിയായി അടയ്ക്കാറില്ലെന്നും ട്വിങ്കിള്‍ വെളിപ്പെടുത്തി. ഈ വാക്കുകള്‍ കേട്ട് കരണും ഒപ്പം അതിഥിയായെത്തിയ രവി കിഷനും പൊട്ടിച്ചിരിച്ചു.

'കോഫി വിത്ത് കരണി'ൽ രവി കിരൺ,കരൺ ജോഹർ,അക്ഷയ്കുമാർ

രവി കിഷനൊപ്പമാണ് അക്ഷയ് കുമാര്‍ ഇത്തവണ കരണ്‍ ജോഹറിന്റെ ഷോയില്‍ എത്തിയത്. എപ്പിസോഡില്‍ രവി കിഷന്റെ പ്രശസ്തമായ ഡാന്‍സ് സ്റ്റെപ്പ് അക്ഷയ് ചുവടുവയ്ക്കുന്ന രസകരമായ നിമിഷങ്ങളുമുണ്ടായി. റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ഒരു വര്‍ഷം വര്‍ക്കൗട്ട് ഒഴിവാക്കണോ അതോ ലൈംഗികബന്ധം ഒഴിവാക്കണോ എന്ന ചോദ്യത്തിന്, ലൈംഗികബന്ധവും ഒരു വ്യായാമമാണെന്ന അക്ഷയ്കുമാറിന്റെ മറുപടിയും ചിരിയുണര്‍ത്തി.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'ഗോല്‍മാല്‍ 5' ആണ് അക്ഷയ് കുമാറിന്റെ അടുത്ത റിലീസ്. ചിത്രം 2027 ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും.