സിൽക്യാരയിലെ രക്ഷാപ്രവർത്തനത്തിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
OTT News

'സി​ൽ​ക്യാ​ര 41'ന് പിന്നാലെ 'ടണല്‍ മെന്‍'; സിൽക്യാര രക്ഷാദൗത്യം വെബ്സീരീസാകുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി 41 തൊഴിലാളികള്‍ രണ്ടാഴ്ചയിലധികം കുടുങ്ങിക്കിടക്കുകയും, തുടര്‍ന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ അവരെ പുറത്തെത്തിക്കുകയും ചെയ്ത സംഭവം സിനിമയാകുന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. 'സി​ൽ​ക്യാ​ര 41' എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജറ്റ് ചി​ത്രത്തിലെ നായകൻ അമീർഖാനാണ്. 'ബ​ജ്രം​ഗി ഭാ​യ്ജാ​ൻ', '83' എ​ന്നീ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ ഒ​രു​ക്കി​യ ഹി​റ്റ് മേ​ക്ക​ർ ക​ബീ​ർ ഖാ​ൻ ആ​ണ് സംവിധായകൻ.

ഇപ്പോഴിതാ അതേ സംഭവത്തെ ആസ്പദമാക്കി വെബ്സീരീസ് ഒരുങ്ങുന്നുവെന്ന വിവരമാണ് ബോളിവുഡിൽ നിന്നെത്തുന്നത്. 'ദ് റെയില്‍വേ മെന്‍' എന്ന സൂപ്പര്‍ഹിറ്റ് വെബ് സീരീസിനുശേഷം യഷ് രാജ് ഫിലിംസിന്റെ ഡിജിറ്റല്‍ വിഭാഗമായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത് നിർമിക്കുന്നത്. 'ടണല്‍ മെന്‍' എന്നാണ് പ്രൊജക്ടിന് നല്കിയിരിക്കുന്ന പേര്. 'ദ് റെയില്‍വേ മെന്‍' സംവിധായകൻ ശിവ് റാവെയ്ൽ ആണ് ഷോ റണ്ണർ.

അംബിക പണ്ഡിറ്റ്, മനാൻ റാവത്ത് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലാകും സ്ട്രീമിങ്. യഷ് രാജ് ഫിലിംസും നെറ്റ്ഫ്ലിക്സും ചേര്‍ന്നാണ് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ പ്രവൃത്തികളും തിരക്കഥാരചനയും പുരോഗമിക്കുകയാണെന്ന് നിര്‍മാതാക്കളോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. യഥാര്‍ത്ഥ സംഭവത്തിന്റെ വൈകാരികതലവും രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തിയും ഒട്ടും ചോര്‍ന്നുപോകാതെയാണ് സീരീസ് ആസൂത്രണം ചെയ്യുന്നത്. പ്രധാന അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.

അംബിക പണ്ഡിറ്റ്, മനാൻ റാവത്ത്

'സി​ൽ​ക്യാ​ര 41' എന്ന സിനിമ ആ​മി​ർ ഖാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും ക​ബീ​ർ ഖാ​ൻ ഫി​ലിം​സും ഓ​സ്‌​ട്രേ​ലി​യ​യി​ലെ മൈ​ൻ​ഡ് ബ്ലോ​യിങ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഓ​സ്‌​ട്രേ​ലി​യ​ൻ ട​ണ​ലിങ് വി​ദ​ഗ്ധൻ അ​ർ​നോ​ൾ​ഡ് ഡി​ക്‌​സി​ന്‍റെ റോ​ളും ചി​ത്ര​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കും. 'ദി ​വാ​ട്ട​ർ ഡി​വൈ​ന​ർ' എ​ന്ന വി​ഖ്യാ​ത ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വും ഓ​സ്‌​ട്രേ​ലി​യ​ൻ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ൻ​ഡ്രൂ അ​ന​സ്റ്റാ​സി​യോ​സ് രചന നിർവഹിക്കുന്നു.

'സിൽക്യാര 41' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ആമിർ ഖാൻ

2023 ന​വം​ബ​റി​ലാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​കാ​ശി​യി​ലെ നി​ർമാ​ണ​ത്തി​ലി​രു​ന്ന സി​ൽ​ക്യാ​ര-​ബാ​ർ​കോ​ട്ട് തു​ര​ങ്കത്തിൽ മലയിടിഞ്ഞുവീണത്. ഇ​രു​ള​ട​ഞ്ഞ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ രണ്ടാഴ്ച മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ക​ഴി​ഞ്ഞ് കൂ​ടി​യ​ 41 തൊ​ഴി​ലാ​ളി​ക​ളെ വി​വി​ധ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളും വി​ദേ​ശ വി​ദ​ഗ്ധ​രും ഒ​ത്തു​ചേ​ർ​ന്ന് 17 ദി​വ​സം നീ​ണ്ട അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.