ചാള്‍സ് മൂന്നാമന്‍ രാജാവും പ്രശസ്ത നടന്‍ ഇദ്രിസ് എല്‍ബയും ഒന്നിക്കുന്ന ഡോക്യുമെന്ററി അണിയറയില്‍ ഒരുങ്ങുന്നു. ചാൾസിന്റെ ദ് കിങ്സ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി നിര്‍മിക്കുന്ന ഡോക്യുമെന്ററിക്ക് 'ദ് ട്രസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ട്രസ്റ്റിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രോജക്ട്. ഇദ്രിസ് എല്‍ബയെ ട്രസ്റ്റിന്റെ പ്രവര്‍ത്തനരീതികളിലൂടെ ചാള്‍സ് രാജാവ് നയിക്കുന്നതാണ് പ്രമേയം.
തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടാന്‍ സഹായിച്ച ട്രസ്റ്റിന്റെ ഗ്രാന്റ് ലഭിച്ചവരില്‍ ഒരാളാണ് ഇദ്രിസ് എല്‍ബ എന്ന പ്രത്യേകതയുമുണ്ട്. കരിയര്‍ രൂപപ്പെടുത്താന്‍ സഹായിച്ച ചാള്‍സ് രാജാവിനെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്താണ് എല്‍ബ നന്ദി രേഖപ്പെടുത്തിയത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകള്‍ മുന്നോട്ടുള്ള വാതില്‍ തുറക്കപ്പെടാനായി കാത്തിരിക്കുന്നുണ്ടെന്നും കിങ്സ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം ഇപ്പോഴും പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും എല്‍ബ പറയുന്നു.
ഡിസംബര്‍ 26-നാണ് ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. തന്നെപ്പോലെയുള്ള യുവാക്കളുടെ ജീവിതത്തില്‍ ട്രസ്റ്റ് എങ്ങനെയാണ് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് എല്‍ബ ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു. ഒരു വര്‍ഷത്തോളം നീണ്ട ചിത്രീകരണത്തിലൂടെ, ലോകമെമ്പാടുമുള്ള പതിനഞ്ചു ലക്ഷത്തിലധികം യുവാക്കള്‍ക്ക് വ്യക്തിഗത കഴിവുകള്‍ വികസിപ്പിക്കാന്‍ ഫൗണ്ടേഷന്‍ എങ്ങനെ സഹായകരമായി എന്നതാണ് ഇതിൽ വിവരിക്കുന്നത്.
1976-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ട്രസ്റ്റിലൂടെ ഉയരങ്ങളിലെത്തിയ പ്രമുഖ സെലിബ്രിറ്റികളില്‍ ബെനഡിക്ട് കംബര്‍ബാച്ച്, ഗാരി ലിനേക്കര്‍, ജെമ്മ ആര്‍ട്ടെര്‍ട്ടണ്‍ എന്നിവരും ഉള്‍പ്പെടുന്നു. എല്‍ബയുടെ '22 സമ്മേഴ്‌സ്' ആണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ക്ലെയര്‍ ബ്രാഡ്ബറിയാണ് ഷോ റണ്ണര്‍.