'ദ് റെവല്യൂഷണറീസ്' പോസ്റ്റർ കടപ്പാട്-ആമസോൺ പ്രൈം
OTT News

സ്വാതന്ത്ര്യസമര വീര്യവുമായി 'ദ് റെവല്യൂഷണറീസ്'; ആവേശംനിറച്ച് ടീസര്‍

പപ്പപ്പ ഡസ്‌ക്‌

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവകാരികളുടെ കഥ പറയുന്ന വെബ് സീരീസ് 'ദി റെവല്യൂഷണറീസ്' ടീസര്‍ റിലീസ് ചെയ്തു. പ്രൈം വീഡിയോ തങ്ങളുടെ ചാനലിലൂടെയാണ് ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസര്‍ പങ്കുവച്ചത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷമുള്ള കാലഘട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ പീരിയഡ് ഡ്രാമ, ബ്രിട്ടീഷ് ഭരണത്തിനെതിരായ യുവതലമുറയുടെ പോരാട്ടമാണ് പറയുന്നത്.

പ്രതിഭ രന്ത, രോഹിത് സറഫ്, ഭുവന്‍ ബാം, ഗുര്‍ഫത്തേ പിര്‍സാദ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ആയുധമെടുത്ത നാല് യുവാക്കളുടെ സാഹസികതയാണ് ടീസറിലെ പ്രധാന ആകര്‍ഷണം. റാഷ് ബിഹാരി ബോസ്, സച്ചിന്ദ്രനാഥ് സന്യാല്‍, കര്‍താര്‍ സിംഗ് സാരഭ തുടങ്ങിയ വിപ്ലവകാരികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

'ദ് റെവല്യൂഷണറീസ്'പോസ്റ്റർ

സഞ്ജീവ് സന്യാല്‍ രചിച്ച 'The Revolutionaries: The Other Story Of How India Won Its Freedom' എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമാണിത്. നിഖില്‍ അദ്വാനിയാണ് ഈ ബിഗ് ബജറ്റ് സീരീസ് സംവിധാനം ചെയ്യുന്നത്. മോനിഷ അദ്വാനിയും മധു ഭോജ്വാനിയും ചേര്‍ന്നാണ് നിര്‍മാണം. ജേസണ്‍ ഷായും ഈ പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

'ഈ വിപ്ലവകാരികള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പോലും അറിയില്ലായിരുന്നു, എങ്കിലും ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ അവര്‍ തീരുമാനിച്ചു,' എന്ന് സംവിധായകന്‍ നിഖില്‍ അദ്വാനി മുന്‍പ് പറഞ്ഞിരുന്നു. മുംബൈ, അമൃത്സര്‍, വാരാണസി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

2024-ല്‍ പുറത്തിറങ്ങിയ 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന ഹിറ്റ് സീരീസിന് ശേഷം നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ പീരിയഡ് ഡ്രാമയാണിത്. ഈ വര്‍ഷം പ്രൈം വീഡിയോയിലൂടെ സീരീസ് പ്രേക്ഷകരിലേക്ക് എത്തും. കൃത്യമായ റിലീസ് തീയതി വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞു.