'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
OTT News

സൂര്യ-മമിത ബൈജു ജോഡി ഒടിടിയിൽ; 'വിശ്വനാഥ് ആന്റ് സൺസ്' സ്ട്രീമിങ് ഉടൻ

പപ്പപ്പ ഡസ്‌ക്‌

തിയേറ്ററുകളിൽ 200 കോടി പിന്നിട്ട സൂര്യ-മമിത ബൈജു സിനിമ വിശ്വനാഥ് ആന്റ് സൺസ് ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് സെപ്റ്റംബർ 11 മുതൽ സ്ട്രീമിങ്. മലയാളം,തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ ഭാഷകളിൽ ചിത്രം കാണാം. സൂര്യയുടെ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചാണ് നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചത്.

വിവാഹ ജീവിതത്തോടു വിമുഖത കാണിക്കുന്ന സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര ഷൂട്ടറായ കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ശതകോടീശ്വരനായ സഞ്ജയ് അമ്മയുടെ ആഗ്രഹപ്രകാരം വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിക്കുന്നുണ്ടെങ്കിലും, അപ്രതീക്ഷിതമായി കുഞ്ഞിന് വരുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും തുടര്‍ന്ന് സഞ്ജയ് വാടക​ഗർഭപാത്രത്തിന്റെ ഉടമയായ മാഡിയെ (മമിത ബൈജു) തേടിയിറങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

'വിശ്വനാഥ് ആന്റ് സൺസ്' ഒടിടി റിലീസ് പോസ്റ്റർ

തമിഴിന് പുറമെ തെലുങ്കിലും ഒരേസമയം ഒരുക്കിയ ചിത്രത്തില്‍ രാധിക ശരത്കുമാര്‍, രവീണ ഠണ്ടന്‍, സുനില്‍, നാസര്‍, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'ലക്കി ഭാസ്‌കറി'നുശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രം, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവാര നാഗവംശിയും സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം, നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.