തീയറ്ററുകളെ ഇളക്കിമറിച്ച കന്നഡ ചിത്രം 'സു ഫ്രം സോ'യ്ക്ക് ഒടിടിയില്‍ സമ്മിശ്രപ്രതികരണം. നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. വ്യത്യസ്തമായ ആഖ്യാനശൈലിയുമായെത്തിയ ചിത്രം കേരളത്തിൽപോലും ചിത്രം പ്രേക്ഷകർ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.
പക്ഷേ, ഒടിടിയിൽ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഹൊറര്‍, കോമഡി എന്നിവചേർന്ന 'സു ഫ്രം സോ'യിൽ ആസ്വദിക്കാന്‍ അധികമൊന്നുമില്ലെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം അഭിപ്രായങ്ങൾ അവർ പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം, മറ്റുചിലര്‍ നര്‍മമുള്ള മികച്ച സിനിമയാണെന്ന് പ്രശംസിക്കാനും മറന്നില്ല. തിരക്കേറിയ തിയറ്ററില്‍ ജനക്കൂട്ടത്തോടൊപ്പം കാണുമ്പോള്‍ ആസ്വാദ്യകരമായി തോന്നിയേക്കാം. എന്നാല്‍ സ്വീകരണമുറിയില്‍ കുടുംബാംഗങ്ങളോടപ്പം കാണുമ്പോള്‍ ചിത്രം അത്ര മികച്ചതാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നാണ് ഒരുകൂട്ടരുടെ വിലയിരുത്തൽ. രണ്ട് അഭിപ്രായമുയർന്നെങ്കിലും ചിത്രം നെറ്റിസണ്‍സിനിടയിലും ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആയിരുന്നു വിതരണം. ചിത്രം രചിച്ച് സംവിധാനം ചെയ്തത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ, രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിങ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാലു കുംത, അർപിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്