
കന്നഡ ചിത്രം 'സു ഫ്രം സോ' കേരളത്തിൽ ചിരിയുടെ ബ്ലോക്ക്ബസ്റ്റർ തരംഗം സൃഷ്ടിച്ചു കുതിപ്പ് തുടരുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തീയേറ്ററുകൾ ഭരിക്കുന്ന കാഴ്ചയാണിപ്പോൾ. രണ്ടാം വാരത്തിലേക്കെത്തുമ്പോൾ ചിത്രം പ്രദർശിപ്പിക്കുന്ന സ്ക്രീനുകളുടെ എണ്ണം 75 ൽ നിന്ന് 150 ലേക്കെത്തി. ഓരോ ദിനവും ഷോകൾ വർധിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത്.
മഴയെപ്പോലും അവഗണിച്ചുകൊണ്ടാണ് മലയാളി പ്രേക്ഷകർ ഈ ചിത്രം കാണാനായി തീയേറ്ററുകളിലേക്കൊഴുകുന്നത്. എല്ലാത്തരം പ്രേക്ഷകരിൽ നിന്നും ഗംഭീര പിന്തുണ ചിത്രത്തിന് ലഭിക്കുന്നു. ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം. കോമഡി ഫൺ എന്റർടെയ്നറായി ഒരുക്കിയ ചിത്രം തീയേറ്ററുകൾക്ക് ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് സമ്മാനിക്കുന്നത്. കുട്ടികളും കുടുംബങ്ങളും യുവാക്കളും ഉൾപ്പെടെയുള്ളവർതീയേറ്ററുകളിൽ ചിരിച്ചു മറിയുന്ന കാഴ്ച. ഏറെ നാളിനു ശേഷമാണ് ഇത്രയും ചിരിപ്പിക്കുന്ന ഒരു സിനിമ കാണാൻ സാധിച്ചതെന്നാണ് ചിത്രം കണ്ടിറങ്ങിയവരെല്ലാം പറയുന്നത്.
ഞെട്ടിക്കുന്ന പൂർണ്ണതയോടെ മലയാളം ഭാഷയിൽ ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തെ ഒരു മലയാള ചിത്രമെന്ന പോലെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ച് സംവിധാനം ചെയ്തത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാലു കുംത, അർപിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.