OTT News

തമിഴകത്തേക്ക് 'രാജ്ഞി'യുടെ തിരിച്ചുവരവ്; സോണി ലിവുമായി കൈകോര്‍ത്ത് സാമന്ത

പപ്പപ്പ റിപ്പോര്‍ട്ടര്‍

ചെറിയ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട 'സാം'. പ്രമുഖ ഒടിടി ഭീമന്മാരായ സോണി ലിവ് തമിഴിലൂടെയാണ് സാമന്ത തന്റെ ഇന്നിങ്‌സ് വീണ്ടും ആരംഭിക്കുന്നത്.

കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന ഒരു പുതിയ സംരംഭത്തിനായാണ് സാമന്തയും സോണി ലിവും കൈകോർക്കുന്നതെന്നാണ് സൂചന. സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹത്തെത്തുടര്‍ന്നുള്ള ബ്രേക്കിനു ശേഷം താരം വീണ്ടും സജീവമാകുന്നു എന്ന വാര്‍ത്ത ആരാധകര്‍ വലിയ ആഘോഷമാക്കിക്കഴിഞ്ഞു.

പുതിയ പ്രോജക്ടിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു:'മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യാനും ഈ വർഷം എന്നെ പഠിപ്പിച്ചു. സോണി ലിവ് തമിഴിനൊപ്പം ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങൾ വളരെ ആവേശകരമായ ഒന്നിനുവേണ്ടി പ്രവർത്തിക്കുകയാണ്. അത് ഉടൻ എല്ലാവരുമായി പങ്കുവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'

സാമന്ത

ആദ്യ പോസ്റ്ററുകള്‍ പുറത്തുവന്നതോടെ തമിഴ് സിനിമാലോകത്ത് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. സെലിബ്രിറ്റി ടോക്ക് ഷോ ആയിരിക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രവചിക്കുന്നത്. എന്നാല്‍ ഇതൊരു വമ്പന്‍ വെബ് സീരീസ് ആകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അണിയറവൃത്തങ്ങളെ ഉദ്ധരിച്ച് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാമന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹച്ചടങ്ങിൽ

2026-ൽ പുതിയ തുടക്കങ്ങളും വ്യത്യസ്തമായ സൃഷ്ടിപരമായ പരീക്ഷണങ്ങളും ഏറ്റെടുത്ത സാമന്ത, തന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ അധ്യായത്തിന് തുടക്കമിടാനൊരുങ്ങുകയാണ്. ധീരമായ തീരുമാനങ്ങളിലൂടെയും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളിലൂടെയും എന്നും ശ്രദ്ധ നേടിയിട്ടുള്ള താരത്തിന്റെ പുതിയ നീക്കവും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുകയാണ്.