'സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ്'പോസ്റ്റർ കടപ്പാട്-സോണിലിവ്
OTT News

സാമന്ത പാചകക്കളരിയിലേക്ക്; 'സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് തമിഴ്' സോണി ലിവിൽ

പപ്പപ്പ ഡസ്‌ക്‌

നടി സാമന്ത അവതാരകയാകുന്ന റിയാലിറ്റി ഷോ 'സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് തമിഴ്' വിധികര്‍ത്താക്കളെ പ്രഖ്യാപിച്ചു. പ്രമുഖ ഷെഫ് വെങ്കിടേഷ് ഭട്ട്, 'മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ സീസണ്‍ 10' വിജയി ശശി ചേലിയ, കോയമ്പത്തൂരിലെ ഫ്രഞ്ച് ഡോർ സ്ഥാപകയും പ്രമുഖ പാചകവിദഗ്ധയുമായ ശ്രിയാ അഡ്ക എന്നിവരാണ് ഷോയുടെ പ്രധാന വിധികര്‍ത്താക്കളായി എത്തുന്നത്.

സാമന്ത അവതാരകയും സെലിബ്രിറ്റി ജഡ്ജിയുമായി എത്തുന്ന ഈ പ്രോഗ്രാമില്‍ തമിഴ് സിനിമാ-മിനിസ്‌ക്രീന്‍ രംഗത്തെ പ്രമുഖ താരങ്ങളാണ് മത്സരാര്‍ഥികളായി എത്തുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള പാചക അനുഭവസമ്പത്തും വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളും മത്സരാര്‍ഥികള്‍ക്കു വലിയ അനുഭവമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സോണി വിഴയിലും സോണി ലിവിലും 'സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് തമിഴ്' കാണാം.

'സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ്'പോസ്റ്റർ

തമിഴ് രുചിവൈവിധ്യങ്ങളെയും സമ്പന്നമായ പാചക പാരമ്പര്യത്തെയും ആഗോളതലത്തില്‍ എത്തിക്കാന്‍ ലഭിച്ച മികച്ച അവസരമാണിതെന്ന് വെങ്കിടേഷ് ഭട്ട് അഭിപ്രായപ്പെട്ടു. സിംഗപുര്‍ പോലീസില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് താന്‍ മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ വേദിയിലെത്തിയതെന്നും, മത്സരാര്‍ഥികളുടെ ഭയവും ആകാംക്ഷയും നേരിട്ടറിഞ്ഞ തനിക്ക് വിധികര്‍ത്താവിന്റെ കുപ്പായത്തില്‍ തിരിച്ചെത്താനായതില്‍ വലിയ സന്തോഷമുണ്ടെന്നും ശശി ചേലിയ വ്യക്തമാക്കി.