തെലുങ്കിന്റെ മാസ് മഹാരാജ രവി തേജ പ്രധാന വേഷത്തിലെത്തി വന്‍ വിജയം നേടിയ 'ഇരുമുടി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 11-ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും മികച്ച കളക്ഷനോടെ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് തിയതി പുറത്തുവന്നിരിക്കുന്നത്.
സെപ്റ്റംബര്‍ 18 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.
ശിവ നിര്‍വാണ സംവിധാനം ചെയ്ത ചിത്രം അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. മദ്യപാനിയായ ത്രിനാഥ് എന്ന കഥാപാത്രത്തെയാണ് രവി തേജ അവതരിപ്പിച്ചത്. അയ്യപ്പദീക്ഷ എടുക്കുന്നതിലൂടെ 40 ദിവസം മദ്യത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്ന പിതാവും, തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ അച്ഛനുമായി പങ്കുവെക്കുന്ന മനേമ്മ എന്ന മകളും തമ്മിലുള്ള കഥാസന്ദര്‍ഭങ്ങളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയിലെ സീലേരു എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത്.
രവി തേജയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തില്‍ മലയാളിയായ ബേബി നക്ഷത്രയാണ് മകളായി വേഷമിട്ടത്. കാവേരി എന്ന ഭാര്യയുടെ കഥാപാത്രത്തെ പ്രിയ ഭവാനി ശങ്കര്‍ അവതരിപ്പിച്ചു. സായി കുമാര്‍, സ്വാസിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഏകദേശം 45 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച 'ഇരുമുടി', ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ 208 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു. ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന നാലാമത്തെ തെലുങ്ക് ചിത്രമാണ് 'ഇരുമുടി'. തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച കുടുംബചിത്രം ഒടിടിയിലും വലിയ സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.