ഈ ആഴ്ച ഒടിടിയില്‍ ആസ്വാദകരെ കാത്തിരിക്കുന്നത് വൈവിധ്യമാര്‍ന്ന കാഴ്ചകളുടെ പൂരമാണ്. മലയാളചിത്രം ധീരം, മലയാളികളുടെ പ്രിയതാരം അനശ്വര രാജന്‍ നായികയായ തമിഴ് ചിത്രം വിത്ത് ലവ്, 'ജയ ജയ ജയ ജയ ഹേ'യുടെ തെലുങ്ക് റീമേക്ക് ഉള്‍പ്പെടെ തിയറ്ററുകളെ ആവേശം കൊള്ളിച്ച മികച്ച ചിത്രങ്ങള്‍ സ്ട്രീമിങ് ആരംഭിക്കുന്നു.
ഓം ശാന്തി ശാന്തി ശാന്തി
മലയാളത്തില്‍ തരംഗമായ 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണിത്. തരുണ്‍ ഭാസ്‌കറും ഈഷ റെബയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ ചിത്രം, പുരുഷാധിപത്യ കുടുംബ സാഹചര്യങ്ങളില്‍ പതറാതെ പോരാടുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. എഎച്ച്എയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
ധീരം
ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്രകഥാപാത്രമാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് 'ധീരം'. ദുരൂഹമായ കൊലപാതക പരമ്പരകള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സസ്‌പെന്‍സ് ഇഷ്ടപ്പെടുന്നവരെ ചിത്രം നിരാശപ്പെടുത്തില്ല. സണ്‍നെക്സ്റ്റില്‍ മാര്‍ച്ച് ആറു മുതല്‍ ചിത്രം കാണാം.
ഗാന്ധി ടോക്‌സ്
ഈ വാരത്തെ ഏറ്റവും കൗതുകമുണര്‍ത്തുന്ന റിലീസുകളില്‍ ഒന്നാണ് ഗാന്ധി ടോക്‌സ്. സംഭാഷണങ്ങളില്ലാത്ത സൈലന്റ് ഡ്രാമയുമായാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തുന്നത്. തൊഴിലില്ലാത്ത യുവാവും ജീവിതപ്രാരാബ്ധങ്ങളുള്ള ബിസിനസുകാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. അദിതി റാവു ഹൈദരി, അരവിന്ദ് സ്വാമി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മാര്‍ച്ച് ആറു മുതല്‍ സീ5-ല്‍ കാണാം.
ജോക്കി
മധുരയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയാണിത്. ആടുകളെ ഉപയോഗിച്ചുള്ള പോരാട്ടവും അതുമായി ബന്ധപ്പെട്ട കുടിപ്പകയുമാണ് തമിഴ് സിനിമയുടെ കാതല്‍. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് ചിത്രം. പ്രൈം വീഡിയോയില്‍ മാര്‍ച്ച് ആറിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
വിത്ത് ലവ്
മലയാളി താരം അനശ്വര രാജനും അഭിഷന്‍ ജീവിന്തും ഒന്നിക്കുന്ന ടീന്‍ റൊമാന്റിക് കോമഡിയാണിത്. പഴയ സ്‌കൂള്‍ സഹപാഠികള്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന ഹൃദയസ്പര്‍ശിയായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും നൊസ്റ്റാള്‍ജിയയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചിത്രം മികച്ച അനുഭവമായിരിക്കും. നെറ്റ്ഫ്ലിക്‌സില്‍ മാര്‍ച്ച് ആറു മുതല്‍ കാണാം.