

തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കമായി മാറിയ 'പ്രകമ്പനം'ചിത്രം ഒടിടിയിലേക്ക്. മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിലൊന്നായ മീശമാധവന്‍ ഉള്‍പ്പെടെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവ് എസ്. സുധീഷ്, ശ്രീജിത്ത് കെ.എസ്, കാര്‍ത്തികേയന്‍ എന്നിവര്‍ ചേര്‍ന്നുനിര്‍മിച്ച ഹൊറര്‍ കോമഡി ചിത്രം സീ5-ല്‍ ഉടന്‍ സ്‌ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. യുവതാരങ്ങളായ ഗണപതി,സാഗർ സൂര്യ,അമീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രകമ്പനം ബോക്‌സ്ഓഫീസില്‍ കോടികളാണ് നേടിയത്.
തെന്നിന്ത്യന്‍ ഹിറ്റ് മേക്കര്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. 'നദികളില്‍ സുന്ദരി' എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത ചിത്രമാണിത്.
കൊച്ചിയിലെ ഒരു മെന്‍സ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലങ്ങള്‍. നവാഗതനായ ശ്രീഹരി വടക്കന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഹോസ്റ്റല്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും അതിനിടയില്‍ കടന്നുവരുന്ന ഭീതിയുണര്‍ത്തുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ജോസഫ്, രാജേഷ് മാധവന്‍, മല്ലികാ സുകുമാരന്‍, കലാഭവന്‍ നവാസ്, അസീസ് നെടുമങ്ങാട്, അമീന്‍, പി.പി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും ദിവസങ്ങളില്‍ ഉണ്ടാകും.